
ഇന്ത്യൻ വംശജനായ സോഫ്ട്‍വെയർ-റോബോട്ടിക്‌സ് എൻജിനീയർ അമിത് ക്ഷത്രിയ വാഷിംഗ്‌ടണിൽ നാസ ആസ്ഥാനത്തു പുതിയ 'മൂൺ ടു മാഴ്‌സ്' പരിപാടിയുടെ ആദ്യത്തെ മേധാവിയായി നിയമിക്കപ്പെട്ടു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും നാസയുടെ പര്യവേഷണ പരിപാടികൾ കൈകാര്യം ചെയ്യുന്നത് ഈ ഓഫീസ് ആയിരിക്കും.
"ചൊവ്വയിൽ ആദ്യമായി മനുഷ്യനെ എത്തിക്കുന്ന ധീരമായ യജ്ഞം ഈ ഓഫീസ് കൈകാര്യം ചെയ്യും," നാസ അഡ്‌മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. "ചാന്ദ്ര ദൗത്യങ്ങളും."
അദ്ദേഹം കൂട്ടിച്ചേർത്തു: "പര്യവേഷണത്തിന്റെ സുവർണ കാലം ഇപ്പോൾ സംഭവിക്കയാണ്. ചുവന്ന ഗ്രഹത്തിലേക്കു മാനവരാശിയുടെ അടുത്ത കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കാൻ നാസ ദീർഘകാല സാന്നിധ്യം ചന്ദ്രനിൽ ഒരുക്കുമെന്ന് ഈ ഓഫിസ് ഉറപ്പു വരുത്തും."
മനുഷ്യനെ ചൊവ്വയിൽ എത്തിക്കാനുള്ള ദൗത്യത്തിന്റെ ആസൂത്രണം ഈ ഓഫിസിന്റെ ചുമതലയിൽ വരും.
ഡെപ്യൂട്ടി അസോഷ്യേറ്റ് അഡ്‌മിനിസ്‌ട്രേറ്റർ എന്നതാണ് ക്ഷത്രിയയുടെ തസ്തിക. 2003 ൽ ബഹിരാകാശ പരിപാടികളിൽ എത്തിയ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ ചുമതലകളിൽ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചു വന്നത്. 2014 മുതൽ 2017 വരെ സ്പേസ് സ്റ്റേഷൻ ഫ്ലൈറ്റ് ഡയറക്ടർ ആയിരുന്നു. 2017ൽ ഐ എസ് എസ് വെഹിക്കിൾ ഓഫിസിൽ ഡെപ്യൂട്ടി മാനേജറും പിന്നെ ആക്ടിങ് മാനേജറും ആയി.
യുഎസിൽ കുടിയേറിയ മാതാപിതാക്കളുടെ പുത്രൻ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഗണിത ശാസ്ത്ര ബിരുദം എടുത്തത്. ബിരുദാനന്ത ബിരുദം യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും.
നാസയുടെ നേതൃത്വ മികവിനുള്ള മെഡൽ നേടിയിട്ടുണ്ട്.
Indian software-robotics engineer to head NASA office