Image

ഇടവേള ഉണ്ടായില്ല; ഗ്രാൻഡ് ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തി (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 31 March, 2023
ഇടവേള ഉണ്ടായില്ല; ഗ്രാൻഡ് ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തി (ഏബ്രഹാം തോമസ് )

ന്യൂയോര്‍ക്ക് : മന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റേണിയുടെ ഓഫീസില്‍ നടന്നു വന്നിരുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ട് ട്രമ്പിനെതിരായ കേസില്‍ ട്രമ്പ് കുറ്റക്കാരനാണെന്ന് 23 അംഗ ഗ്രാന്റ് ജൂറി കണ്ടെത്തി. ഒരു മുന്‍ പ്രസിഡന്റിനെയോ അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെയോ ആദ്യമായാണ് ഒരു ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത്. തന്റെ മുന്‍ ലോയര്‍ മൈക്കേല്‍ കോഹന്‍ വഴി ഹഷ് മണി 1,30,000 ഡോളര്‍ ഒരു പോണ്‍ താരത്തിന് നല്‍കി എന്ന ആരോപണമാണ് ട്രമ്പിനെതിരായ കേസിന് ആധാരം.

മന്‍ഹാട്ടന്‍ ഡിഎയുടെ ഓഫീസിന് മുമ്പ് പ്രഖ്യാപിച്ചതനുസരിച്ച് രണ്ടാഴ്ചത്തെ ഒഴിവ് ഉണ്ടായിരിക്കും എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാസ്സോവര്‍, ഈസ്റ്റര്‍, സ്പ്രിംഗ് ബേക്ക് എന്നിവ പ്രമാണിച്ച് ന്യൂയോര്‍ക്ക് സിറ്റി പബ്ലിക് സ്‌ക്കൂള്‍ സിസ്റ്റത്തിന് രണ്ടാഴ്ച അവധി ആണെന്നും ഈ ഇടവേള കഴിഞ്ഞേ ഗ്രാന്റ് ജൂറി വീണ്ടും ചേര്‍ന്ന് ട്രമ്പ് കേസില്‍ വോട്ടു ചെയ്യൂ എന്നും മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച തന്നെ ഗ്രാന്റ് ജൂറി തങ്ങളുടെ കണ്ടെത്തല്‍ വെളിപ്പെടുത്തി.

ഗ്രാന്റ് ജൂറിയുടെ കണ്ടെത്തല്‍ പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ വെളിപ്പെടുത്തല്‍ അപ്രതീക്ഷിത സമയത്താണ് സംഭവിച്ചത്. ചില ടെലിവിഷന്‍ ചാനലുകളിലെ അവതാരകര്‍ വാര്‍ത്ത അറിയിച്ചത് സ്വയം ആശ്ചര്യപ്പെട്ടാണ്. മന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റേണിയുടെയും ഗ്രാന്റ് ജൂറി അംഗങ്ങളുടെയും ഡെമോക്രാറ്റിക് പാര്‍ട്ടി ചായ്വ് അറിഞ്ഞിട്ടുള്ളവര്‍ക്ക് ഗ്രാന്റ് ജൂറി കണ്ടെത്തലില്‍ അസ്വാഭാവികമായി ഒന്നും തോന്നാനിടയില്ല. കഴിഞ്ഞ വര്‍ഷം ഡിഎആല്‍വിന്‍ ബ്രാഗ് ട്രമ്പിന്റെ പേര് സ്വീകരിച്ചിട്ടുള്ള ഒരു കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. കമ്പനിയുടെ മുന്‍ ഫിനാന്‍സ് ചീഫ് അലന്‍ വീസല്‍ ബെര്‍ഗ് കുറ്റം സമ്മതിച്ചിരുന്നു. ഈ കേസില്‍ ട്രമ്പും കുറ്റക്കാരനാണെന്ന് കരുതുന്നു. സാധാരണ ഗ്രാന്റ് ജൂറി കണ്ടെത്തല്‍ കോടതിയില്‍ ഫയല്‍ ചെയ്യുമ്പോഴോ പ്രതി കോടതിയില്‍ ഹാജരാകുമ്പോഴോ ആണ് പുറത്താകുക. മുന്‍ പ്രസിഡന്റ് സ്വയം കീഴടങ്ങുമോ എന്ന് മുന്‍ പ്രസിഡന്റിന്റെ അഭിഭാഷകരോട് പ്രോസിക്യൂട്ടറന്മാര്‍ ആരായും. സ്വയം കീഴടങ്ങുകയാണെങ്കില്‍ കൈവിലങ്ങ് അണിയിക്കില്ല. ട്രമ്പ് സ്വയം കീഴടങ്ങിയില്ലെങ്കില്‍ ട്രമ്പ് ഇപ്പോള്‍ വസിക്കുന്ന ഫ്‌ളോറിഡയിലേക്ക് പ്രോസിക്യൂട്ടന്മാര്‍ പോകുകയും ന്യൂയോര്‍ക്കിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും.

ട്രമ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ കോടതി/  പോലീസ് ഓഫീസുകളില്‍ ഹാജരാക്കി നടപടികള്‍ ആരംഭിക്കും. പ്രചരണ ഫണ്ടിലെ തിരിമറികളും ട്രമ്പിനെതിരെ ബ്രാഗിന്റെ ഓഫീസ് അന്വേഷിക്കുന്നുണ്ട്.

ട്രമ്പിന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കഴിയുമോ എന്ന ചോദ്യം വീണ്ടും ഉയരുന്നു. കീഴ് വഴക്കങ്ങള്‍ ഇല്ലെങ്കിലും മത്സരിക്കുവാന്‍ കഴിയും എന്ന ഉത്തരമാണ് നിയമജ്ഞര്‍ നല്‍കുന്നത്. ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണസംഘം ഒരു പുതിയ തന്ത്രമാണ് പരീക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നത്. സാധാരണ മാധ്യമങ്ങളെ ആശ്രയിക്കാതെ ട്രമ്പ് സ്വയം പുറത്തിറക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുക എന്നതാണ് തന്ത്രം. വീഡിയോകളില്‍ ഉക്രെയിന്‍ യുദ്ധം മുതല്‍ നഗരപ്രാന്തങ്ങളെ രക്ഷിക്കുവാന്‍ ട്രമ്പ് നല്‍കുന്ന ഉപദേശങ്ങള്‍ വരെ ഉണ്ടാകും. 2020 ലെ തിരഞ്ഞെടുപ്പില്‍ നടന്നതും തനിക്കെതിരായ കേസുകളും വിധികളും ഉണ്ടാകും. എല്ലാറ്റിനും ഉപരി തന്നെ ജയിപ്പിക്കുവാനുള്ള അഭ്യര്‍ത്ഥനകളും കാണേണ്ടി വരും. ധനാഭ്യര്‍ത്ഥന നടത്തുന്ന ഇമെയിലുകള്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്ന് വന്നു കൊണ്ടേയിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക