Image

വ്യർത്ഥമല്ലൊന്നും (കവിത: ദര്‍ശന)

Published on 24 March, 2023
വ്യർത്ഥമല്ലൊന്നും (കവിത: ദര്‍ശന)

ഒന്നുമേ എഴുതിയില്ലെന്നോർക്കേ , വ്യർത്ഥമായ് തീർന്നുവോ?
കടന്നുപോയൊരു ദിനം, 
കവിതകൾക്കായി കുറിച്ചതല്ലീ ലോകം.

വാക്കുകൾ പിണങ്ങിയും ചിണുങ്ങിയും മൗനത്തിൻ കൂട്ടിലൊളിച്ചിരുന്നെത്രനാൾ,  
ഉള്ളിലുറയുന്നു ഗ്രീഷ്മം, വരണ്ട നിള പോലെ വറുതിതൻ മണൽത്തിട്ടിലിഴയുന്നു ജീവിതം.

കൂട്ടിക്കിഴിക്കും തോറും നഷ്ടക്കണക്കെന്നോതി
നെട്ടോട്ടമോടുന്നൊരീ മാർച്ചിന്റെയന്ത്യപാദം. 

വറ്റിച്ചെടുക്കുന്നെന്റെ ചിന്തകൾ , കൈവിട്ടേപോയ്, പൊട്ടിയപട്ടംപോലെ
ഇല്ലാത്ത ചരടിന്റെ തുമ്പത്ത്, വട്ടംചുറ്റിപ്പറക്കുന്നാകാശത്തിൽ , പാറും പതംഗം പോൽ. 

ചിന്തകൾ ചുറ്റിത്തിരിഞ്ഞു ഴറുന്നനേരത്ത്, 
നീട്ടുന്നിതാരെൻ മുന്നിൽ ഒരു കുമ്പിൾ ഞാവൽപഴം.
പാതയോരത്തൊരു കൊച്ചു വട്ടിയും മുന്നിൽവെച്ച് , വാങ്ങൂ, വെന്നൊരു ദൈന്യം കൺകളിലൊളിപ്പിച്ചു
ചിരിക്കാൻ മറന്നേപോയ് കരിഞ്ഞൊരിളം ബാല്യം. 

കുമ്പിളിൽ നിന്നൊരെണ്ണം വായിലേക്കിട്ടു ഞാനും നുണയും നേരത്തതാ 
പാതയോരത്താകെ ജക്കരാന്തപ്പൂക്കൾ. 

നീലിച്ച നാക്കു നീട്ടി നിൽക്കവേ അറിയാതെയൊരു ചിരിപടർന്നതാ കുഞ്ഞിക്കണ്ണിൽ. 
പൊഴിയുന്നു വെയിൽപൂക്കൾ, തുടുക്കുന്നു കുഞ്ഞിൻമുഖം. .

എത്ര ഞാവൽചവർപ്പുകൾ
ബാല്യം തൊട്ടു തീണ്ടിക്കടന്നേ പോയ്, ഇന്നു വീണ്ടും ഓർമ്മകൾ തൊടുന്നേരം , 
എന്തുമേ കരുതട്ടെ ലോകം, എല്ലാം മറന്നു ഞാൻ വീണ്ടുമാ ബാല്യത്തിലേയ്ക്ക്. 
എൻ കയ്യിൽ നീലച്ച പുള്ളികുത്തി , ചിരിക്കുന്നു ഞാവൽപഴം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക