Image

ദ് റിയാലിറ്റി (കവിത : സിംപിള്‍ ചന്ദ്രന്‍)

സിംപിള്‍ ചന്ദ്രന്‍ Published on 23 March, 2023
ദ് റിയാലിറ്റി (കവിത : സിംപിള്‍ ചന്ദ്രന്‍)

ഗുല്‍മോഹര്‍ പൂക്കുന്ന
തണുപ്പുള്ള താഴ് വരയിലൂടെ
അവന്റെ വിരലുകളില്‍ 
വിരല്‍ കൊരുത്ത്
പ്രണയത്തിന്റെ ചൂടുപറ്റി
സ്വസ്ഥതയുടെ ചിറകുകള്‍ വീശി
കവിതയിലവള്‍
ഒഴുകിനടന്നു.
കവിതയെ ചീന്തിയെടുത്ത്
അവനന്നേരം
ഒരു യാത്രയ്ക്കുള്ള
മുതുകുവേദനയുടെയും
ശ്വാസം മുട്ടലിന്റെയും
ഗുളികകള്‍ പൊതിഞ്ഞ്
ഉടുപ്പിന്റെ കീശയിലിട്ടു.
അനന്തരം കൈക്കോട്ടെടുത്ത്
അടവുതെറ്റിയ വായ്പയുടെ,
വാടകക്കുടിശ്ശികയുടെ,
പലചരക്കുകടയിലെ പറ്റിന്റെ,
അടയ്ക്കാത്ത കറന്റു ബില്ലിന്റെ,
കടയ്ക്കല്‍ ആഞ്ഞാഞ്ഞുകൊത്തി.
പണമില്ലാത്ത സ്വപ്നങ്ങള്‍ക്ക്
രണ്ടു പേരുടെ ഭാരം താങ്ങുന്ന
ഒരു കയറിന്റെ വലിപ്പമേയുള്ളെന്ന്
അവന്റെ കിതപ്പുകള്‍
അവനോടു തര്‍ക്കിച്ചു.
സമാധാനവും സ്വസ്ഥതയും
പ്രണയവും പിന്നെ അവളുമപ്പോള്‍
അവന്റെ നെഞ്ചിലെ വിയര്‍പ്പില്‍ 
നനഞ്ഞു കുതിര്‍ന്ന
കവിതയിലിരുന്ന്
പണമുള്ള നാളില്‍ 
പുറത്തു കടക്കാമെന്നൊരു
പുതിയ സ്വപ്നം 
കാണാന്‍ തുടങ്ങിയിരുന്നു!

Join WhatsApp News
American Mollakka 2023-03-23 16:12:57
അസ്സലാമു അലൈക്കും.. ഇങ്ങടെ പേര് പോലെ ഇങ്ങള് അത്ര സിമ്പിൾ അല്ല കേട്ടാ...കബിതയിലൂടെ ജീബിതം അത്ര സിമ്പിൾ അല്ല എന്നാൽ കിനാവ് സുഖം എന്ന് ഞമ്മള് മനസിലാക്കുന്നു. മനുസന്റെ ഭാരം താങ്ങുന്ന കയർ അബനെ ജീവിതത്തിൽ നിന്നും രക്ഷപ്പെടുത്തുന്നു. ഞമ്മക്ക് സിമ്പിൾ ആയി പറയാനേ അറിയൂ. നല്ല കമന്റുകൾ ഇമ്മിണി ബല്യ ബിബരം ഉള്ളവർ എയതും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക