
ചെന്നൈ: 2023 ല്‍ തമിഴ് സിനിമ ലോകത്തെ ആദ്യം ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അജിത്ത് കുമാറിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഘ്‌നേശ് ശിവനെ മാറ്റിയത്. നേരത്തെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ വിഘ്‌നേശ് ശിവന്‍ അടുത്ത അജിത്ത് ചിത്രം സംവിധാനം ചെയ്യും എന്ന് പറഞ്ഞ് ഔദ്യോഗിക വാര്‍ത്ത കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഈ പിന്‍മാറ്റം. വിഘ്‌നേശ് എകെ 62 ല്‍ നിന്നും പുറത്തായതോടെ അനിരുദ്ധ് സംഗീത സംവിധായക സ്ഥാനത്ത് നിന്നും മാറി.
എന്തായാലും എന്താണ് വിഘ്‌നേശിനെ എകെ62ല്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്ത് എന്നത് ഇപ്പോഴും വ്യക്തമല്ല. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വിഘ്‌നേശ് പറഞ്ഞ വണ്‍ ലൈന്‍ ഇഷ്ടപ്പെട്ട അജിത്ത് ഡേറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് ഫുള്‍ സ്‌ക്രിപ്റ്റ് ആയപ്പോള്‍ അജിത്ത് പ്രതീക്ഷിച്ച നിലവാരത്തില്‍ ഇത് വന്നില്ല. ഇതോടെ തിരുത്തലുകള്‍ നിര്‍ദേശിച്ചെങ്കിലും വരുത്തിയ തിരുത്തലുകളും സ്‌ക്രിപ്റ്റിനെ മികച്ചതാക്കുന്നില്ല എന്നതോടെ അജിത്ത് വിഘ്‌നേശ് ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ്.