Image

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് കിരീടാവകാശിക്ക് ഔദ്യോഗിക രേഖകള്‍ കൈമാറി

Published on 08 March, 2023
 ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് കിരീടാവകാശിക്ക് ഔദ്യോഗിക രേഖകള്‍ കൈമാറി

 

കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിനെ കണ്ട് തന്റെ ഔദ്യോഗിക രേഖകള്‍ സമര്‍പ്പിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക വ്യക്തമാക്കി. എംബസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്.

കുവൈറ്റിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ എന്ന നിലയില്‍, കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അല്‍ നവാഫ് അല്‍ സബാഹ്, കുവൈറ്റ് സര്‍ക്കാര്‍, ജനങ്ങള്‍ എന്നിവരോടെല്ലാം നന്ദി പറഞ്ഞുകൊണ്ട് തന്റെ ഔദ്യോഗിക കാലാവധി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ളത് പരമ്പരാഗതവും ഊഷ്മളവുമായ ബന്ധമാണ്. ചരിത്രപരമായ അടിത്തറയും ആധുനിക കാഴ്ചപ്പാടുകളും ഉള്‍ച്ചേര്‍ന്ന ബന്ധമാണത്. ഭൂമിശാസ്ത്രപരമായി, നമ്മള്‍ സമുദ്ര അയല്‍ക്കാരാണ്, അറബിക്കടല്‍ നമ്മുടെ തീരങ്ങളെ ബന്ധിപ്പിക്കുന്നു. സാംസ്‌കാരികമായി,നമ്മള്‍ പരസ്പരം അടുത്ത് നില്‍ക്കുന്നു. കുവൈത്തിന്റെ ഭക്ഷ്യസുരക്ഷയില്‍ ഇന്ത്യയും ഇന്ത്യയുടെ ഊര്‍ജ സുരക്ഷയില്‍ കുവൈറ്റും നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്. ഏറ്റവും പ്രധാനമായി, ഇരു രാജ്യങ്ങളുടെയും നേതൃത്വം അത്യന്തം പ്രാധാന്യത്തോടെയാണ് ഈ ബന്ധത്തെ കാണുന്നത്.

സഹായത്തിന്റെയും സഹകരണത്തിന്റെയും കോവിഡ് കാലത്ത് ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സമയത്ത് ഇന്ത്യയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ ഏറ്റവും കൂടുതല്‍ എത്തിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു കുവൈറ്റ്. അതുപോലെ, ഇന്ത്യയില്‍ നിന്ന് ഒരു മെഡിക്കല്‍ സംഘത്തെ കുവൈറ്റിലേക്ക് അയച്ചതും 'മെയ്ഡ് ഇന്‍ ഇന്ത്യ' കൊവിഡ് വാക്‌സിനുകള്‍ കുവൈറ്റിന് നല്‍കിയതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.


ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി അടുത്ത കാലത്ത്, കുവൈറ്റ് വിദേശകാര്യ മന്ത്രി 2021 മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ 2021 ജൂണില്‍ കുവൈറ്റ് സന്ദര്‍ശിച്ചു.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 2021-ല്‍ 12.243 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. പാന്‍ഡെമിക്കിന് ശേഷം വ്യാപാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുവൈറ്റിന്റെ എണ്ണ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സിയുടെ നിക്ഷേപങ്ങളിലൂടെ കുവൈറ്റിന് ഇന്ത്യയില്‍ നല്ല നിക്ഷേപമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് ധാരാളം സാധ്യതകളുണ്ട്. ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഇന്ത്യന്‍ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഇറക്കുമതിയുടെ സാധ്യതയും കുവൈറ്റ് ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരം, മെഡിക്കല്‍, വെല്‍നസ് ടൂറിസം എന്നിവയും മറ്റൊരു പ്രതീക്ഷ നല്‍കുന്ന മേഖലയാണ്. അംബാസഡറെന്ന നിലയില്‍ വരും മാസങ്ങളില്‍ ഈ മേഖലകളില്‍ താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുല്ല നാലുപുരയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക