പ്രണയദിന സന്ദേശമായി
ഇണ പിരിയാത്ത രണ്ട് ഹൃദയങ്ങളുടെ
ചിത്രം അവൾക്കായി കാത്തു വച്ചിരുന്നു.
പുൽക്കൊടിത്തുമ്പിലെ ഹിമകണം പോലെ
സായാഹ്നകാലത്തറിയാതെയെന്നോ
ആത്മാവിൽ മുട്ടിവിളിച്ചൊരിഷ്ടം
ഇടനെഞ്ചിനുള്ളിൽ മൊട്ടു വിരിയാതെ
ഇതൾ വിരിയാതെകൊഴിഞ്ഞു പോയൊരു
പനിനീർപ്പൂഗന്ധമായിരുന്നതിന്
ഏകാന്തതയുടെ കനൽചൂടേറ്റടർന്നുവീണ
നഷ്ടകൗമാരക്കിനാക്കളുടെ തിളക്കം
വറ്റിയ മരതകക്കല്ലുകളായിരുന്നത്
ഓർമ്മകളുടെ മഴക്കുളിരിൽ നനയാൻ
കൊതിക്കുന്നൊരനുഭൂതിയായിരുന്നു
ജീവിതമാടിത്തളർന്നുപോയൊരുനിസ്സഹായന്റ
കണ്ണീരുപ്പു വറ്റിയ ചുമപ്പുനിറമായിരുന്നതിന്
കടലെടുത്തുപോയ കാല്പാടുകൾ തേടിയലഞ്ഞ
ശ്വാസത്തിന്റെ നിറമില്ലാത്തകിതപ്പുമായിരുന്നു.
പറയുവാനാവാത്ത പ്രണയത്തിൻ
വിരഹാഗ്നിയിലെരിയുമ്പോൾ
ഒരു മൊഴിചൊല്ലാതെ നീലനിറം
മാഞ്ഞ വാനിലെ നക്ഷത്രമായിവീണ്ടും
കാണാമറയത്തെന്തേയെൻ പ്രണയമേ മറഞ്ഞു നീ.