Image

നഴ്സുമാര്‍ക്ക് മുന്‍പില്‍ ഊരാക്കുടുക്കായ യോഗ്യതാ മാനദണ്ഡങ്ങള്‍: ജീവന്റെ കാവലാളായ മാലാഖമാര്‍-2 (ആഷാ  മാത്യു)

Published on 05 February, 2023
നഴ്സുമാര്‍ക്ക് മുന്‍പില്‍ ഊരാക്കുടുക്കായ യോഗ്യതാ മാനദണ്ഡങ്ങള്‍: ജീവന്റെ കാവലാളായ മാലാഖമാര്‍-2 (ആഷാ  മാത്യു)

ലോകമൊട്ടാകെ വന്‍ ഡിമാന്‍ഡുള്ള പ്രൊഫഷനാണെങ്കിലും കേരളത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് ഇപ്പോഴും തങ്ങളാഗ്രഹിക്കുന്ന ജീവിതം നയിക്കാനുള്ള വരുമാനം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറഞ്ഞ വേതനം കാരണമാണ് നഴ്സുമാര്‍ കൂടുതല്‍ സാധ്യതകള്‍ തേടി വിദേശത്തേക്ക് പോകുന്നതെങ്കില്‍ ഒരു പതിറ്റാണ്ടിനു മുന്‍പ് വരെ വേതനത്തിനു പുറമേ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കീറാമുട്ടിയായ മറ്റനേകം പ്രശ്നങ്ങള്‍ കൂടി നേരിടേണ്ടി വന്നിരുന്നു. നഴ്സിംഗിനുള്ള യോഗ്യതാ മാനദണ്ഡങ്ങളായിരുന്നു അതില്‍ പ്രധാനം.

പഠിതാക്കള്‍ക്ക് 1.47 മീറ്റര്‍ ഉയരം വേണമെന്നതായിരുന്നു അന്നത്തെ യോഗ്യതകളിലൊന്ന്. 48 കിലോ ഭാരം വേണമെന്നും നിബന്ധനയിലുണ്ടായിരുന്നു. ഇതു രണ്ടും ശരിയായ അളവിലല്ലെങ്കില്‍ നഴ്സിംഗ് പഠനത്തിന് പ്രവേശനം ലഭിക്കില്ല. അതിനു പുറമേ പഠിതാക്കള്‍ വിവാഹിതരായിരിക്കരുത് എന്നും നിയമം നിഷ്‌കര്‍ഷിച്ചു. ഒന്നുകില്‍ അവിവാഹിതയായിരിക്കണം അല്ലെങ്കില്‍ വിധവകളായിരിക്കണം. ഈ യോഗ്യതാ മാനദണ്ഡങ്ങളുടെ കര്‍ശന നടത്തിപ്പിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തങ്ങളാഗ്രഹിച്ച തൊഴില്‍ മേഖല വേണ്ടെന്നു വെച്ചിട്ടുള്ളത്.

ഇതൊരു നിസ്സാര വിഷയമേ ആയിരുന്നില്ല. ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും പഠിക്കാനും ഗ്രഹിക്കാനുമുള്ള കഴിവും മാത്രം അളവുകോലാക്കേണ്ട മേഖലയില്‍ ഇത്തരം മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്ന അല്‍പ്പത്തരം ചൂണ്ടിക്കാട്ടി മുന്നിട്ടിറങ്ങാന്‍ അന്ന് നിരവധിയാളുകള്‍ മുന്നോട്ടു വന്നു. അതില്‍ പ്രധാനിയായിരുന്നു ഫിലാഡഫിയയിൽ നിന്ന്  വിന്‍സെന്റ് ഇമ്മാനുവല്‍. കോതമംഗലം സ്വദേശിയായ വിന്‍സെന്റ് ഇമ്മാനുവല്‍, ഭാര്യ ബ്രിജിറ്റ് വിന്‍സെന്റ്, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളി, അദ്ദേഹത്തിന്റെ ഭാര്യ ഭാര്യ ലതാ പോള്‍, ഫോമാ പ്രസിഡന്റായിരുന്ന അനിയന്‍ ജോര്‍ജ്, ലീലാ മാരേട്ട്, മറിയാമ്മ പിള്ള, ഫിലാഡല്‍ഫിയയിലെ നഴ്‌സിംഗ് സംഘടനയായ പിയാനോ, ജോര്‍ജ് നടവയല്‍, ബ്രിജിറ്റ് പാറപ്പുറത്ത് തുടങ്ങി പ്രവാസികളായ നിരവധി പ്രമുഖര്‍ തങ്ങളുടെ ജന്മദേശത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും അവരെ സഹായിക്കാനും തയ്യാറായി മുന്നോട്ടു വന്നു.

ഇ-മലയാളി പോലെയുള്ള അമേരിക്കയില്‍ നിന്നുള്ള മലയാള മാധ്യമങ്ങളും നഴ്‌സിംഗ് സമരത്തിന് പിന്തുണ നല്‍കി. ദീര്‍ഘവര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനായിരുന്നിട്ടും വിന്‍സെന്റ് ഇമ്മാനുവല്‍ ഇന്ത്യയിലെ നഴ്സിംഗ് മേഖല വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയെക്കുറിച്ച് സംസാരിക്കാന്‍ മുന്നിട്ടിറങ്ങി. ഈ വിഷയം അദ്ദേഹം പല തവണ അന്നത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ പിന്നീട് നഴ്സിംഗ് അസോസിയേഷന്‍ മുഖേനെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ആ ഹര്‍ജി പരിഗണിക്കപ്പെട്ടു. ഇത്തരം നിയമങ്ങള്‍ ഇപ്പോഴും  നടപ്പിലാക്കുന്നുണ്ടോ എന്ന അമ്പരപ്പ് പ്രകടിപ്പിച്ച കോടതി നിയമങ്ങള്‍ ഉടന്‍ സുതാര്യമാക്കാന്‍ ഉത്തരവിടുകയായിരുന്നു. അഡ്വ. സുരേഷ് ഉണ്ണിക്കൃഷ്ണനാണ് വിന്‍സെന്റ് ഇമ്മാനുവലിനു വേണ്ടി അന്ന് കോടതിയില്‍ ഹാജരായത്. എംപി പ്രേമചന്ദ്രന്‍ രാജ്യസഭയില്‍ ഈ വിഷയം അവതരിപ്പിക്കുകയും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മറ്റൊരനീതി ബോണ്ട് എന്ന ഊരാക്കുടുക്കായിരുന്നു. ബോണ്ട് എന്ന പേരില്‍ ആശുപത്രി മാനേജ്മെന്റുകള്‍ നടപ്പിലാക്കി വന്നിരുന്നത് അതിഭീകരമായ ചൂഷണമായിരുന്നു. നഴ്സിംഗ് പഠിക്കാന്‍ ചേരുമ്പോള്‍ പഠന ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത സേവനത്തിന് തയ്യാറാകണമെന്ന വ്യവസ്ഥയാണ് ബോണ്ട്. ഈ കരാറില്‍ ഒപ്പിട്ടാല്‍ മാത്രമേ തുടര്‍ പഠനത്തിന് സാധ്യമാകൂ. എന്നാല്‍ പഠനം കഴിയുമ്പോള്‍ പലയിടത്തും ബോണ്ടിന്റെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയാകും. വളരെ ചെറിയ തുക സ്റ്റൈഫന്റായി ലഭിക്കുന്ന ഈ കാലയളവില്‍ ലോണെടുത്ത് കോഴ്സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്നത് ഭീകരാവസ്ഥയാണ്.

തുക തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതോടെ പലരും മാനസിക സംഘര്‍ഷത്തിലാകും. ബോണ്ടെഴുതി വാങ്ങുന്ന സമയത്ത് സര്‍ട്ടിഫിക്കറ്റുകളും ആശുപത്രി മാനേജ്മെന്റുകള്‍ വാങ്ങി വെക്കുന്നതോടെയാണ് കുരുക്കിന്റെ കെട്ട് മുറുകുന്നത്. കാലാവധി പൂര്‍ത്തിയാക്കാതെ പോകുകയാണെങ്കില്‍ അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കണമെന്നും വ്യവസ്ഥയിലുണ്ട്. ഇതോടെ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയിലാകും വിദ്യാര്‍ത്ഥികള്‍. ഇത്ര വലിയ തുക കെട്ടി വെക്കാനില്ലാത്തതിനാല്‍ ആര്‍ക്കും ബോണ്ട് പൂര്‍ത്തിയാക്കാതെ പിന്മാറാന്‍ പറ്റില്ല. ഫലമോ അടിമകളെപ്പോലെ പണിയും തുച്ഛമായ പ്രതിഫലവും. ആയിരത്തഞ്ഞൂറോ, രണ്ടായിരമോ രൂപ മാത്രമാണ് ഇവര്‍ക്ക് അന്ന് ലഭിച്ചിരുന്നത്.

ഡൽഹിയിൽ രാജ്യം കണ്ട ഏറ്റവും വലിയ സമരത്തിന് നഴ്സുമാര്‍ ഇറങ്ങിത്തിരിച്ചത് ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടായിരുന്നു. കുറഞ്ഞ ശമ്പളവും ബോണ്ട് വ്യവസ്ഥയും മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റ് വര്‍ക്കും മോശം താമസ സൗകര്യങ്ങളുമെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആഴ്ചകള്‍ നീണ്ട സമരത്തിന് നഴ്സുമാര്‍ അന്ന് തെരുവിലിറങ്ങിയത്. നഴ്സ് വെല്‍ഫയര്‍ അസോസിയേഷനെന്ന സംഘടനയ്ക്ക് കീഴിലാണ് നഴ്സുമാര്‍ അന്ന് അണി നിരന്നത്. രണ്ടായിരത്തിലധികം മലയാളി നഴ്സുമാരാണ് സംഘടനയില്‍ അംഗങ്ങളായുണ്ടായിരുന്നത്. സംഘടനയുടെ രൂപീകരണത്തോടെ അതുവരെ തങ്ങള്‍ അനുഭവിച്ചു വന്ന നീറുന്ന പ്രശ്നങ്ങള്‍ മുഴുവന്‍ നഴ്സുമാര്‍ വിളിച്ചു പറഞ്ഞു. പറയാനൊരു വേദിയില്ലാതെ ഒറ്റപ്പെട്ട ഒരു വിഭാഗത്തെ ഒരുമിച്ചു ചേര്‍ത്തപ്പോള്‍ അത് പലതിന്റേയും തുടക്കമാവുകയായിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് ഉഷാ കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ലൈലാ പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചപ്പോള്‍ തിരുവനന്തപുരം സ്വദേശി ഷാജി തോമസും ഇടുക്കി സ്വദേശിയായ കെജെ പീറ്ററും സംഘടനയ്ക്ക് വളരാനാവശ്യമായ വെള്ളവും വളവുമായി. പിന്നീട് രാജ്യം കണ്ടത് ഏറ്റവും ശക്തമായ ഒരു സമര മുറയായിരുന്നു. ആയുധം കയ്യിലെടുക്കാതെ ആക്രോശങ്ങളുയര്‍ത്താതെ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പോരാടി. സഹൃദയരായ മനുഷ്യര്‍ നാനാ ഭാഗത്ത് നിന്നും സഹായ ഹസ്തവുമായി എത്തിയപ്പോള്‍ സമരം ആവേശമായി. നഴ്സുമാര്‍ ആവശ്യപ്പെട്ട ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചുകൊണ്ടാണ് അധികൃതര്‍ ഒത്തു തീര്‍പ്പിനെത്തിയത്. കേന്ദ്ര തലത്തില്‍ നഴ്സുമാര്‍ക്ക് തൊഴില്‍ നിയമം കൊണ്ടു വരിക, മിനിമം ശമ്പള വ്യവസ്ഥ നടപ്പിലാക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, അധിക ജോലിക്ക് അധിക ശമ്പളം നല്‍കുക, പിഎഫ്, ഗ്രാറ്റിവിറ്റി, പ്രസവാവധി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, നിലവാരമുള്ള താമസ സൗകര്യം തുടങ്ങിയവ അനുവദിക്കുക എന്നിവയായിരുന്നു അന്ന് സംഘടന ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍.

തുടരും...

Nursing Article by Asha Mathew

see also:

ചിറകുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ നഴ്സുമാർ: ജീവന്റെ കാവലാളായ മാലാഖമാര്‍-3 (ആഷാ  മാത്യു)

ജീവന്റെ കാവലാളായ മാലാഖമാര്‍ (The Struggles to Break the Cages of Nurses): പരമ്പര ഇ-മലയാളിയിൽ (ആഷാ മാത്യു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക