Image

2022 വിടവാങ്ങുമ്പോള്‍ : (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 30 December, 2022
2022 വിടവാങ്ങുമ്പോള്‍ : (രാജന്‍ കിണറ്റിങ്കര)

ഓര്‍മ്മകളുടെ ജലരേഖയിലേക്ക് പടര്‍ന്നു കയറുന്ന മറ്റൊരു നിശ്ശബ്ദ തിരമാലയായി 2022 പടിയിറങ്ങുന്നു.  2020 ഉം 2021 ഉം നല്‍കിയ നോവിന്റെ ബാക്കിപത്രങ്ങള്‍ 2022 ന്റെ നെഞ്ചിലിപ്പോഴും വിതുമ്പുന്നുണ്ട്.  ഡിസംബറിന്റെ കുളിരില്‍ വര്‍ഷത്തിന്റെ അവസാന പ്രഭാതങ്ങളിലൂടെ പുറത്തേക്ക് കണ്ണുകള്‍ പായിക്കുമ്പോള്‍ മേഘാവൃതമായ ആകാശത്ത് ഒരു ഗരുഡന്‍ വട്ടമിട്ട് പറക്കുന്നു.  താഴെ നഗരത്തിന്റെ ഓട്ടപാച്ചിലുകള്‍ തുടങ്ങിയിട്ടേയുളളു.  നിന്ന് കഴിക്കുന്ന ബ്രേക്ഫാസ്റ്റ് , ട്രെയിന്‍ കാത്ത് നില്‍ക്കുന്ന പ്ലാറ്റ്‌ഫോം , ഒറ്റക്കാലിലെ അഭ്യാസവുമായി ട്രെയിനിനുള്ളില്‍.  ഇരിക്കാന്‍ വിധിച്ചിട്ടില്ലാത്ത പ്രവാസത്തിന്റെ നിസ്സംഗതയ്ക്ക് ഒരു പുതുവര്‍ഷവും മാറ്റത്തിന്റെ മേലാപ്പ് അണിയിക്കുന്നില്ല.

ജീവിതം ഒരു കാത്തു നില്‍പ്പാണെന്ന് നഗര ജീവിതം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നു.  ആളൊഴിയാന്‍ കാത്ത് നില്‍ക്കുന്ന കുളിമുറി മുതല്‍ തുടങ്ങുന്ന കാത്ത് നില്‍പ്പ് ക്ഷേത്രത്തിലും ടിക്കറ്റ് കൗണ്ടറിന് മുന്നിലും മെട്രോ ലൈനിലും അവസാനം ഓഫീസ്  കെട്ടിടത്തിന്റെ ലിഫ്റ്റിലും  ചെന്ന് അവസാനിക്കുന്നു.  അതിനിടയില്‍ ബാങ്കിലും മോബൈല്‍ ഗ്യാലറിയിലും വാക്‌സിന്‍ സെന്ററിലും എല്ലാം ഊഴം കാത്ത് എത്രയെത്രെ കാത്ത് നില്‍പ്പുകള്‍.

ശീലങ്ങളെ ആചാരമാക്കിയ നഗര ജീവിതത്തിന്റെ വേനല്‍ പാടങളില്‍ പ്രാരാബ്ധങ്ങളുടെ , ഉത്തരവാദിത്തങ്ങളുടെ ഉഷ്ണ കാറ്റേറ്റ് വാടിതളരുന്ന പ്രവാസി.   വണ്ടി അര മണിക്കൂര്‍ ലേറ്റാണെന്ന് അറിയിപ്പ് കിട്ടിയാലും ഓരോ രണ്ട് മിനിട്ടിലും ട്രാക്കിലേക്ക് എത്തിനോക്കുന്ന മുംബൈ യാത്രികര്‍ പ്രതീക്ഷകള്‍ അസ്തമിക്കാത്ത കാലത്തിന്റെ പ്രതീകങ്ങളാണ്. 

കമ്പിളി വാരി പുതച്ച് അതിനിടയിലൂടെ ബീഡിച്ചുരുളുകള്‍ ഉയര്‍ത്തി ഊതി തണുപ്പിനെ അകറ്റുന്ന നഗരത്തിലെ ജ്വല്ലറികള്‍ക്കു മുന്നില്‍ കൈയില്‍ ഒരു മുളവടി പോലുമില്ലാതെ ഉറങ്ങാതെ കാവലിരിക്കുന്ന വാച്ച്മാനും നഗര ജീവിതത്തിലെ വിശ്വാസത്തിന്റെ ജീവന മന്ത്രമാണ്.  

ആളും ആരവവുമില്ലാതെ  2022 ന്റെ പടിയിറക്കം നഷ്ടങ്ങളുടെ പുസ്തകത്തില്‍ ചുകപ്പു മഷി പടര്‍ത്തിയിരിക്കുന്നു.  ഒന്നിച്ച് ജോലി ചെയ്തവര്‍, ഒന്നിച്ച് യാത്ര ചെയ്തവര്‍, വിശേഷങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചവര്‍... ബന്ധങ്ങളുടേയും സൗഹൃദങ്ങളുടേയും ഇടനാഴികയില്‍ മതിലുകള്‍ പണിത കൊവിഡ് കവര്‍ന്നത് ആളുകളുടെ ജീവന്‍ മാത്രമല്ല ജീവിതം കൂടിയാണ്. 

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉമ്മറച്ചുമരിലെ കലണ്ടറിന്റെ പേജുകള്‍ മറയാന്‍ . 365 ദിവസങ്ങളെ നിഷ്‌കരുണം അരിഞ്ഞു തള്ളിയ ശൗര്യത്തോടെയും അഹന്തയോടെയും 2023 ജനുവരി 1,  ഒരവധി ദിനത്തിന്റെ ആലസ്യത്തില്‍ ചുവന്ന അക്ഷരങ്ങളില്‍ ചുമരില്‍ തെളിയും.  നഗരം പിന്നെയും ഒഴുകും, അതിജീവനത്തിന്റെ കുരുക്ഷേത്ര ഭൂമിയില്‍ അനുഭവങ്ങള്‍ അവന് ഗീതോപദേശം നല്‍കും 'സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്' ..  അകലെ കാറ്റില്‍ ഉയര്‍ന്നുതാഴുന്ന ഒരു ശബ്ദം ..അത് പാഞ്ചജന്യമാണോ  വൈകിയോടുന്ന ലോക്കല്‍ ട്രെയിനിന്റെതാണോ... നിശ്ചയമില്ല.

 രാജന്‍ കിണറ്റിങ്കര

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക