Image

കഴുതയുടെ ആത്മഗതങ്ങള്‍ (മാര്‍ഗരറ്റ് ജോസഫ്)

Published on 26 December, 2022
കഴുതയുടെ ആത്മഗതങ്ങള്‍ (മാര്‍ഗരറ്റ് ജോസഫ്)

മൂഢതരൂപമെടുത്തൊരു ജന്മമായ്,
മുകതയെന്മുഖമുദ്രയായി,
ഭാരം ചുമക്കാന്‍ നിയോഗമാം ജീവിയായ്
മാനവര്‍ക്കീഭൂവി, ഞാന്‍ കഴുത.
മേനിപ്പകിട്ടില്ല, ബുദ്ധിയില്ലൊട്ടുമേ,
ശത്രുതയില്ല, പരാതിയില്ല, 
ആരോ നയിക്കവെ, കുമ്പിട്ട് കുമ്പിട്ട്- 
മേലാളന്മാര്‍ക്ക് ചുമടുതാങ്ങി.
ദൈവകൃപയാലനുഗ്രഹപൂരിത,
ഗര്‍ഭിണിയായ 'മറിയമേ' നിന്‍
കൈപിടിച്ചെന്‍ ചുമലിലേറ്റിയ ഭര്‍ത്താവ്-
നീതിമാനായ 'ജോസഫി'നൊത്ത്,
പേരെഴുതിക്കുവാന്‍ 'നസ്രത്തു'വിട്ടതി-
ദൂരത്ത് ബേത്‌ലഹേമിലേക്ക്...
എത്ര മനോഹരമായ നിയോഗം, ഹാ!
കേവലം നാല്‍ക്കാലിയാമെനിക്ക്.
കാലിത്തൊഴുത്തില്‍ പിറന്ന ശിശുവിന്,
'ഹെറോദേസ്' കാലനാമെന്ന വാര്‍ത്ത,
പേടിപ്പെടുത്തും തിരുകുടുംബത്തോട്,
ഓടിയൊളിക്കുവാന്‍ 'ദൂത'നോടോതി,
യേശുവിന്‍ രക്ഷയ്ക്കാ, ജന്മനാട്ടില്‍ നിന്ന് ,
'ഈജിപ്റ്റി'ലേക്കുടന്‍ യാത്ര ചെയ്യാന്‍,
അന്നവര്‍ക്കത്താണിയായി ഭവിച്ചതും,
ഓര്‍ത്തോര്‍ത്ത് കോരിത്തരിക്കുന്നു ഞാന്‍. 
സ്‌നേഹവെളിച്ചം കൊളുത്തിയ നാഥന്, 
രാജോചിതം വരവേല്പിനായി,
പാതയോരങ്ങളലങ്കരിച്ചാളുകള്‍,
ആഹ്ലാദതുന്ദിലരായിടുമ്പോള്‍,
ഒലിവിലച്ചില്ലകളാഞ്ഞുവീശി-
ഓശാന പാടി ഗമിച്ചിടുമ്പോള്‍,
ക്രിസ്തുവിനന്നുമിരിപ്പിടമാകുവാന്‍,
ദിവ്യസ്വരൂപനെ, യാനയിക്കുവാന്‍,
ഭാഗ്യം ലഭിച്ചതീ സാധു മൃഗത്തിന്,
ആഞ്ജാനുവര്‍ത്തിയാമെന്‍ സ്തുതികള്‍
സൃഷ്ടികള്‍, നമ്മളരുമകള്‍ക്കെല്ലാം,
സ്രഷ്ടാവിന്‍ സമ്മാനമാനന്ദമല്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക