Image

ഫുട്ബാൾ പഠിപ്പിക്കുന്നത് (കവിത:രാജൻ  കിണറ്റിങ്കര)

Published on 18 December, 2022
ഫുട്ബാൾ പഠിപ്പിക്കുന്നത് (കവിത:രാജൻ  കിണറ്റിങ്കര)

ജീവിതം
അറിയണമെങ്കിൽ
ഫുട്ബാൾ
മൈതാനിയിലേക്ക്
നോക്കണം...

വെറുതെ
ഓടിത്തളരുന്നവനല്ല
വിജയി,
അവസരങ്ങളെ
ഉപയോഗിക്കുന്നവനാണ് ..

പരാജയം
സ്ഥാനം തെറ്റി
നിൽക്കുന്ന
ഗോളിയെപ്പോലെയാണ് ...

നില മറന്ന് നിന്നാൽ
എത്ര വലിയ
ആത്മവിശ്വാസവും
കടപുഴകും ..

ജീവിതം
ഉരുളുന്ന പന്തുപോലെയാണ്
ലക്ഷ്യം തെറ്റിയുള്ള
പ്രഹരങ്ങളാണ്
പ്രശ്നങ്ങളെ
കോർണറും 
പെനാൽട്ടിയുമായി 
സങ്കീർണ്ണമാക്കുന്നത്..

ഓരോ പരാജയത്തിന്
പിന്നിലും
വിദഗ്ധനായ ഒരു
കളിക്കാരന്റെ
കാൽ വിരുതുണ്ട്..
അതിനെ 
ഫൗൾ ചെയ്ത്
തോൽപ്പിക്കുമ്പോഴാണ്
ചുകപ്പ് കാർഡുകൾ
പൊങ്ങുന്നത്..

ജീവിതത്തിലും
പരാജയങ്ങളെ
പ്രതികാരം കൊണ്ടും
പക കൊണ്ടും
നേരിടുമ്പോഴാണ്
സൈഡ് ബഞ്ചിൽ
കാഴ്ചക്കാരനായി
ഇരിക്കേണ്ടി വരുന്നത്..

കൈയും മെയ്യും
മറന്ന് കളിക്കുന്ന
തൊണ്ണൂറ് മിനിട്ടുകൾ
നാല് വർഷം
കാത്തു വയ്ക്കാനുള്ള
ആത്മാഭിമാനത്തിനായാണ്..

ജീവിതത്തിലെ
കളികളും
എപ്പോൾ ഫൈനൽ വിസിൽ
മുഴങ്ങുമെന്നറിയാത്ത
അനിശ്ചിതത്വത്തിൽ
നാളെയുടെ
അഭിമാനമാകാനാണ്..

ആദ്യ തോൽവിയിൽ
തളരാത്ത
മെസ്സിയാവുക..
പരാജിതനെ
ചേർത്ത് പിടിക്കുന്ന
എംബാപ്പെയാവുക..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക