Image

ഹൃദയങ്ങളിലൂടെ ഫ്രാൻസിസ് തടത്തിൽ ജീവിക്കും 

ഉമാ സജി Published on 23 October, 2022
ഹൃദയങ്ങളിലൂടെ ഫ്രാൻസിസ് തടത്തിൽ ജീവിക്കും 
 
മാധ്യമരംഗത്തെ അതികായകൻമാരിലൊരാളായ ഫ്രാൻസിസ് തടത്തിൽ ആഗോളമലയാളികൾക്കിടയിൽ അഭിമതനായിരുന്നു.
ഫൊക്കാനാ സാഹിത്യ അവാർഡ് ജേതാവും, സാഹിത്യഗ്രൂപ്പായ വട്ടമേശയുടെ നെടും തൂണുകളിൽ ഒരാളും ആയിരുന്ന ഫ്രാൻസിസിന്റെ അവിചാരിതമായ ദേഹവിയോഗത്തിൽ വട്ടമേശയിലെ അംഗങ്ങൾ സൂം മീറ്റിലൂടെ ഒത്തുകൂടി അനുസ്മരിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.  ഇന്നും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ് ഫ്രാൻസിസിന്റെ വിയോഗമെന്ന് അംഗങ്ങളെല്ലാം ഒരേസ്വരത്തിൽ പറഞ്ഞു. ഫ്രാൻസിസിന്റെ നാലാം തൂണിനപ്പുറം (ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ പുരസ്ക്കാരം ലഭിച്ച രചന) എന്ന പുസ്തകം മാധ്യമപ്രവർത്തകർ മാത്രമല്ല, വാർത്തകൾ വരുന്ന വഴിയും അതിന്റെ സത്യസന്ധതയും അറിയാനാഗ്രഹിക്കുന്ന ഓരോ ആളും വായിച്ചിരിക്കേണ്ടതാണ്.
14 ഒക്ടോബർ, 22 ന് നടന്ന വട്ടമേശഗ്രൂപ്പിന്റെ മീറ്റിംഗിലും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ യൂസഫലി കേച്ചേരിയുടെ ഗാനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ഡോക്ടർ മാത്യു ജോയ്സിന്റെ ലേഖനത്തെക്കുറിച്ച് വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തി നിറസാന്നിദ്ധ്യം കൊണ്ട് ധന്യമാക്കിയ ഫ്രാൻസിസിന്റെ അപ്രതീക്ഷിത വിയോഗം വട്ടമേശകുടുംബത്തിലെ അംഗങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

വ്യക്തിബന്ധങ്ങൾക്കും സൗഹൃദത്തിനും വളരെയേറെ പ്രാധാന്യം നല്കിയ വ്യക്തിയായിരുന്നു ഫ്രാൻസിസ്. ജീവിതം സമാധാനപൂർണ്ണവും സന്തോഷം നിറഞ്ഞതുമായി മുന്നോട്ടു പോകുന്ന അവസരത്തിലാണ് ക്യാൻസർ എന്ന രോഗം അദ്ദേഹത്തെ കീഴ്പ്പെടുത്തിയത്. ഫ്രാൻസിസ് രോഗമുക്തിനേടി ഊർജ്ജസ്വലനായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അദ്ദേഹത്തിന്റെ കുടുംബത്തിനും  സുഹൃത്തുക്കൾക്കും ആശ്വാസമേകിയിരുന്നു.
പലതവണ മരണം മുഖാമുഖം കണ്ടിട്ടും ഒരിക്കലും ഒരു രോഗത്തിനും തന്നെ കീഴ്പ്പെടുത്താനാവില്ലെന്ന് തെളിയിച്ചുകൊണ്ട് കർമ്മപാതയിൽ ഉത്സാഹത്തോടെ മുന്നേറുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്.
ഫ്രാൻസിസ് ഒരു മികച്ച പത്രപ്രവർത്തകൻ മാത്രമല്ല ഒരു നല്ല സുഹൃത്തും, അനുജനും പകരം വയ്ക്കാനില്ലാത്ത വ്യക്തിത്തത്തിന് ഉടമയുമായിരുന്നെന്ന് ഗ്രൂപ്പ് അഡ്മിൻ ബന്നി കുര്യൻ തന്റെ സന്ദേശത്തിൽ രേഖപ്പെടുത്തി.
മുത്തങ്ങാ വെടിവെയ്പ്പിന്റെയും മാറാട് കലാപത്തിന്റെയും വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്‌ത ഫ്രാൻസിസ് അന്നേ മികവുറ്റ പത്രപ്രവർത്തകൻ ആയിരുന്നു. 1999 ലെ പാർലമെന്റ് ഇലക്ഷൻ കാലത്ത് കലാപമുഖരിതമായ ഒഡീഷ, യൂ  പി, മധ്യപ്രദേശ്, ബീഹാർ തുടങ്ങിയ സ്റ്റേറ്റുകളിൽ നേരിട്ട്‌ പോയി ഫ്രാൻസിസ് ചെയ്‌ത റിപ്പോർട്ടുകൾ വളരേ ശ്രദ്ധേയമായിരുന്നു. ജീവിതത്തിൽ ഉടനീളം പ്രവർത്തനമണ്ഡലത്തിലും സ്വന്തം ജീവിതത്തോടും പൊരുതി ജീവിച്ചു മറഞ്ഞു പോയ ഫ്രാൻസിസ് തടത്തിൽ ഈ കാലഘട്ടത്തിലെ മാധ്യമകുലപതി തന്നെ ആയിരുന്നു. ജ്വലിക്കുന്ന ഓർമ്മകളാണ് നമുക്ക് നൽകിയത്. എന്നും നമ്മുടെ ഓർമ്മയിൽ ജീവിക്കും,  നമ്മുടെ സുഹൃത്തും വഴികാട്ടിയുമായി ഫ്രാൻസിസ് തടത്തിൽ. ഡോക്ടർ മാത്യു ജോയ്സ് അനുസ്മരിച്ചു.

ജീവിതം കൈവിട്ടു എന്നു തോന്നിയ നിമിഷങ്ങളിലെല്ലാം ഭാര്യ നെസ്സിയുടെയും മക്കളായ ഐറിൻ തടത്തിലിന്റെയും, മകൻ ഐസക് തടത്തിലിന്റെയും, സുഹൃത്തുക്കളുടെയും ശക്തവും നിസ്വാർത്ഥവുമായ പിൻതുണയോടെ ജീവിതത്തെ പുഞ്ചിരിയോടെ നോക്കിക്കാണാൻ കഴിഞ്ഞിരുന്നതായി ഫ്രാൻസിസ് പറഞ്ഞിരുന്നത്  കോരസൺ വർഗ്ഗീസ് അനുസ്മരിച്ചു.
ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടുകയും ജീവിതത്തിലെ ബാലിശമായ ചിന്തകളെ തള്ളിക്കളഞ്ഞ് ഉയർന്ന ചിന്താഗതിയിൽ ജീവിതം നോക്കിക്കാണുകയും, ഓരോ വ്യക്തിത്വങ്ങളെയും വിശകലനം ചെയ്ത് അവരുടെ കഴിവും, നന്മയും, ഉണ്മയും തിരിച്ചറിയാൻ ഫ്രാൻസിസിനു കഴിഞ്ഞിരുന്നു എന്നും ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും മാധ്യമരംഗത്ത് വച്ചുപുലർത്തിയിരുന്ന സുഹൃത്തായിരുന്നു ഫ്രാൻസിസ് എന്ന് മുരളി ജെ നായർ അനുസ്മരിച്ചു.
കുറഞ്ഞ നാളുകൾകൊണ്ട് വട്ടമേശയെന്ന സാഹിത്യഗ്രൂപ്പിലെ ഓരോ അംഗങ്ങളുടെയും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ ഫ്രാൻസിസിന് കഴിഞ്ഞിരുന്നു. സ്വന്തം കുടുംബത്തിലെ ഒരംഗമായിരുന്നു ഫ്രാൻസിസ്.
ഫ്രാൻസിസ് മരിക്കുന്നില്ലെന്നും ഓരോ ഹൃദയങ്ങളുലൂടെയും അദ്ദേഹം ഇനിയും കൂടെയുണ്ടാവുമെന്നും എം എൻ നമ്പൂതിരി പറഞ്ഞു.

ഫ്രാൻസിസ് ഒരു മനുഷ്യസ്നേഹിയും ജീവിതപ്രതിസന്ധികളിൽ തളരാതെ എല്ലായ്പോഴും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ജീവിതത്തെ  ആത്മവിശ്വാസത്തോടെ നേരിട്ടിരുന്നു എന്ന് അബ്ദുൾ പുന്നയൂർക്കുളം അനുസ്മരിച്ചു.
എം പി ഷീല, നിർമ്മല തോമസ്, ലക്ഷമി നായർ, സിനി പണിക്കർ, ജെസിജെ, വിധു ഫിലിപ്പ്,  ഉമ സജി, ഡോക്ടർ പി വി ബൈജു, മനു ഓ ഫിലിപ്പ് എന്നിവരും അദ്ദേഹത്തിന്റെ ഓരോ വ്യക്തിയോടുമുള്ള അടുപ്പത്തേക്കുറിച്ചും, സാഹിത്യത്തിനുവേണ്ടി എന്തു ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള വീക്ഷണത്തെക്കുറിച്ചും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും അനുസ്മരിച്ചുകൊണ്ട് കുടുംബത്തിനോടൊപ്പം ദുഖത്തിൽ പങ്കു ചേർന്ന് വട്ടമേശയിലെ ഓരോ അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
ഗ്രൂപ്പ്അംഗങ്ങളും സുഹൃത്തുക്കളുമായ ജേക്കബ് (JCJ) , ഉമസജി, എംപി.ഷീല എന്നിവർ നേരിട്ടെത്തി തങ്ങളുടെപ്രിയ സുഹൃത്തിന് അന്തിമോപചാരമർപ്പിച്ചു.

ഉമ സജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക