Image

സാരഥികൾ: ജോർജ് പണിക്കർ, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി

Published on 11 October, 2022
സാരഥികൾ: ജോർജ് പണിക്കർ, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി

അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയ ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ സീനിയർ നേതാവ് ജോർജ് പണിക്കർ  ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് കൂടിയാണ്.  ചിക്കാഗോ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ്  ജോർജ് പണിക്കർ. ഫൊക്കാനയുടെ മുൻ നാഷണൽ കമ്മിറ്റി അംഗം കൂടിയായ ജോർജ് പണിക്കർ മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ള ട്രേഡ് യൂണിയൻ നേതാവുകൂടിയാണ്. 1998 മുതൽ 2007 വരെ തുടർച്ചയായി 9 വർഷം അമേരിക്കൻ പോസ്റ്റൽ വർക്കേഴ്സ് യൂണിയന്റെ പ്രഥമ ഇന്ത്യൻ വംശജനായ യൂണിയൻ സ്റ്റ്യൂവാർഡ് ( യുണിയൻ പ്രതിനിധി) ആയിരുന്ന ജോർജ് പണിക്കർ യൂ എസ് പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യൻ പോസ്റ്റൽ എംപ്ലോയീസ് അസോസിഷൻ പ്രസിഡണ്ട്, മലയാളികളായ ഫെഡർ ഗവർമെന്റ് ജീവനക്കാരുടെ സംഘടനയായ ഫെഡറൽ എംപ്ലോയീസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇല്ലിനോയി ഗവർണർ പാറ്റ് ക്യുനിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ട രണ്ടു മലയാളികളിൽ ഒരാളായിരുന്നു ജോർജ് പണിക്കർ. കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ജോർജ് 37 വർഷമായി അമേരിക്കയിലെത്തിയിട്ട്. യൂ. എസ്. പോസ്റ്റൽ സർവീസിൽ നിന്നു വിരമിച്ച ശേഷം സജീവ സംഘടനാ - രാഷ്ട്രീയ പ്രവർത്തനവും സാമുദായിക സേവനങ്ങളും നടത്തിവരികയാണ്. 

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിലും സോഷ്യോയോളജിയിലും ബിരുദാനന്തര ബിരുദം നേടിയ ശേഷം ബാംഗ്ലൂർ സഞ്ജയ് ഗാന്ധി മെമ്മോറിയൽ കോളേജിൽ ലെക്ച്ചറർ ആയി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് 1985 ൽ അമേരിക്കയിലേക്ക് കുടിയേറുന്നത്. കുണ്ടറ സൈന്റ്റ് തോമസ് ഓര്ത്തഡോക്സ്  വലിയ പള്ളി യൂത്ത് ലീഗ് സെക്രെട്ടറിയായിരുന്ന അദ്ദേഹം 1970 കളുടെ അവസാനം കൊല്ലം ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥിയായിരിക്കെ, അവിടെ മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ക്രിസ്റ്റിയൻ സ്റ്റുഡന്റ് മൂവ്മെന്റ് (MGOCSM) യൂണിറ്റ് സ്ഥാപിച്ചു. അമേരിക്കയിൽ എത്തിയ ശേഷവും സഭ കാര്യങ്ങളിൽ ഇടപെടലുകൾ കൂടുതൽ സജീവമായി. 2007 മുതൽ 2012 വരെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഡയോസീഷൻ കൗൺസിൽ അംഗം, 2007  മുതൽ 2017 വരെ മലങ്കര അസോസിയേഷൻ അംഗം  എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു.  ഇല്ലിനോയി എൽമസ്റ്റ് സെയിന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ ജോർജ് പണിക്കർ പള്ളിയുടെ സെക്രെട്ടറിയായും മാനേജിങ്ങ് കമ്മിറ്റി അംഗമായും നിരവധി വർഷങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ (CEC)മെമ്പർ എന്ന നിലയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോർജ് പണിക്കർ CECയുടെ രജത ജൂബിലി ആഘോഷകമ്മിറ്റിയുടെ ജനറൽ കൺവീനർ ആയിരുന്നു.  2001-2002,  2018 -2020 എന്നീ കാലഘട്ടങ്ങളിൽ  ഇല്ലിനോയി മലയാളി അസോസിഷ(ഐ.എം.എ)ന്റെ പ്രസിഡണ്ട് പദവി അലങ്കരിച്ച ജോർജ് പണിക്കർ ഐ.എം.എയുടെ  സീനിയർ വൈസ് പ്രസിഡണ്ട്, സെക്രെട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -യു.എസ്.എ യുടെ ചിക്കാഗോ മേഖല പ്രഥമ വൈസ് പ്രസിഡണ്ട് കൂടിയാണ്.  ചിക്കാഗോയിലെ അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ ഗായകൻ കൂടിയായ ജോർജ് നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക