Image

സാരഥികൾ:  ഡോ. കല ഷഹി, ഫൊക്കാന ജനറൽ സെക്രട്ടറി

Published on 11 October, 2022
സാരഥികൾ:  ഡോ. കല ഷഹി, ഫൊക്കാന ജനറൽ സെക്രട്ടറി

പേരു പോലെ തന്നെ കലയെ ഉപാസിച്ച ഒരു മികച്ച കലാകാരികൂടിയായ ഡോ. കല ഷഹി വാഷിംഗ്‌ടൺ ഡി.സി.യിലെ ഒരുപാടു കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുകയും നിരവധി നൃത്തവേദികളിൽ നിറസാന്നിധ്യമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിൽ ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർപേഴ്സൺ എന്ന നിലയിൽ ഒർലാണ്ടോ കൺവെൻഷൻ ഉൾപ്പെടെ നിരവധി വേദികളിൽ കലാപരിപാടികൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയിട്ടുള്ള ഡോ. കല ഷഹി ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളിലെ കലാവേദികളിൽ നിറസാന്നിധ്യമാണ്. അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരിയായ  ഡോ. കലാ ഷഹി  നര്‍ത്തകി, നൃത്താധ്യാപിക, ഡാൻസ് കൊറിയോഗ്രാഫർ, ഗായിക, സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ വാഷിംഗ്ടൺ ഡി.സി മേഖലയ്ക്കപ്പുറം അമേരിക്കയിലുടനീളം അറിയപ്പെടുന്നകലാകാരിയായി വളർന്നു. നിരവധി വേദികളിൽ പല വിധകലാരൂപങ്ങളിൽ  അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച കല  ഫൊക്കാന ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പിൽ നിന്ന് നയിച്ചിട്ടുണ്ട്. ഫൊക്കാന വിമെൻസ് ഫോറത്തിന്റെ അരങ്ങത്ത് നിന്നുകൊണ്ട് ശ്രദ്ധേയമായ ഒട്ടനവധി പരിപാടികൾ  വിഭാവനം ചെയ്‌തു അവ നടപ്പിൽ വരുത്തിയ കല വിമൻസ് ഫോറത്തിന്  ഒരു പുതിയ ദിശാബോധം തന്നെ നൽകി. സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്ക് പുതിയൊരു പ്രവർത്തന പത്ഥാവ് തുറന്ന കഴിഞ്ഞ ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയിരുന്ന കല ഷഹി  ഫൊക്കാനയ്ക്ക് അതിശക്തമായ വുമൺസ് ഫോറം ഉണ്ടെന്ന് തെളിയിച്ച വ്യക്തമായൊരു കാലം കൂടിയായിയിരുന്നു അത്.  

ഫൊക്കാന നടപ്പാക്കിയ നിരവധി പ്രവർത്തനങ്ങളിൽ  ചില പ്രവർത്തനങ്ങളുടെ ചുക്കാൻ വുമൺസ് ഫോറത്തിന് കൈമാറാൻ സംഘടനാ നേതൃത്വം തയ്യാറായി. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ കലയുടെ നേതൃത്വത്തിനു സാധിച്ചു. വിമൻസ് ഫോറം ചെയർപേഴ്സൺ ആയി ഡോ. കല ഷഹി ചുമതലയേറ്റശേഷം ഫൊക്കാന വിമൻസ് ഫോറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിൽ വരുത്തിയത്. 160ൽപരം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന വിമൻസ് ഫോറം നാഷണൽ കമ്മിറ്റി ഒരു മെഘാ കമ്മിറ്റിയായി വിപുലീകരിച്ചതാണ് മറ്റൊരു ചരിത്ര സംഭവം. വിവിധ റീജിയനുകളിൽ കമ്മിറ്റികൾ രൂപീകരിച്ചതിനു പുറമെ അന്താരാഷ്ട്ര തലത്തിൽ ഫൊക്കാന വിമൻസ് ഫോറത്തെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വനിതാ  നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറവും രൂപീകരിച്ചു. ഫൊക്കാന വുമൺസ് ഫോറം അതിന്റെ പ്രവർത്തനം ഫൊക്കാനയുടെ പ്രവർത്തനോദ്ഘാടനത്തിനു മുൻപ് തന്നെ ആരംഭിച്ചിരുന്നുവെന്നതും ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത കൂടിയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് മജീഷ്യൻ ഗോപിനാഥ്  മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ  100 കുട്ടികളുടെ ഉന്നമനത്തിനായി ആരംഭിച്ച മാജിക്ക് പ്ലാനറ്റിലെ കുട്ടികളുടെ നിർധനരായ നൂറ് അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി തയ്യൽ മെഷീനുകൾ നൽകുകയും അവർക്ക് ഇരുന്നു ജോലി ചെയ്യുന്നതിനുള്ള സെന്റർ പ്രവർത്തിക്കുന്നതിന് ആവശ്യമായ ധനസഹായം നൽകുകയും ചെയ്തു.  കരിസ്മ സെന്റർ എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിയുടെ മുഴുവൻ ചെലവും ഫൊക്കാന വിമൻസ് ഫോറം ഏറ്റെടുത്ത് നടത്തുകയായിരുന്നു. 

കലയെ ജീവിതത്തിൽ അത്രമേൽ പ്രണയിച്ച വനിതയാണ് പേരിനെപ്പോലെ തന്നെ കർമ്മമണ്ഡലമായ കലയെയും അന്യർത്ഥമാക്കിയ ഈ അപൂർവ കലാകാരിയായ ഡോ. കല എന്ന മനുഷ്യ സ്‌നേഹി. ജീവിതത്തിൽ പല പ്രതിസന്ധികളിലൂടെയും കടന്നുപോയ ഡോ. കല അവയെല്ലാം തന്റെ നിശയദാർഢ്യംകൊണ്ട് പൂച്ചെണ്ടുകളാക്കി മാറ്റി. കലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിമൻസ് ഫോറത്തിന്  കേവലമായ ഒരു വനിതാ വേദി എന്നതിനപ്പുറം നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സമൂഹത്തിന് ഗുണകരമായ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സമൂഹത്തിന് മാതൃകയാവാനും കഴിഞ്ഞു. എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിച്ചും കല, സാംസ്‌കാരികം, ആരോഗ്യം, ചാരിറ്റി, ബിസിനസ്, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ വുമൺഫോറം പലവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഈ കാലയളവിൽ സാധിച്ചുവെന്നതും മറ്റൊരു പ്രത്യേകതയാണ്. വാക്കിലും പ്രവർത്തിയിലും പൂർണമായും സത്യസന്ധത പുലർത്തുന്ന കല  സ്വന്തം പേരിനെപ്പോലെ തന്നെ സ്വന്തം ജീവിതത്തിലും കലയുടെ മൂർത്തീഭാവമാണ്.  ഒരു ഡോക്ടർ എന്ന നിലയിൽ തന്റെ കർത്തവ്യങ്ങൾ നൂറു ശതമാനം നിറവേറ്റുമ്പോഴും വിവിധ നൃത്തകലകളുടെ  പ്രോത്സാഹനത്തിനും അവതരണത്തിനും ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ്. ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് മെഡിസിൻ ബിരുദമെടുത്ത ഡോ.കല ഷഹി വാഷിംഗ്ടൺ ഡി.സി , മെരിലാൻഡ് മേഖലകളിൽ ഇന്റെർണൽ മെഡിസിനിൽ  രണ്ടു ക്ലിനിക്കുകൾ നടത്തി വരികയാണ് ഇപ്പോൾ. ഇതിനിടെ പബ്‌ളിക്ക് ഹെൽത്തിലും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലും  ഡോക്ടറേറ്റും കരസ്ഥമാക്കി. കോവിഡ് തുടങ്ങിയ കാലത്ത് രണ്ട് ക്ലിനിക്കുകളും നൂറുകണക്കിന് കോവിഡ് രോഗികളെ ചികിൽസിക്കാൻ രാത്രി വൈകി വരെ സമയം ചെലവഴിച്ച ഡോ. കലയ്ക്ക് കോവിഡ് വന്നു ദീർഘകാലം ചിൽകിത്സയിൽ കഴിയേണ്ടി വന്നു. ഇതിൽനിന്നുമെല്ലാം കല കരകയറിയത് കലയും ദൈവവും തമ്മിലുള്ള ഇഴപിരിഞ്ഞ ബന്ധംകൊണ്ട് മാത്രമാണെന്ന്  ഡോ. കല വിശ്വസിക്കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക