
അടുപ്പമുള്ളവർ നിസ എന്നു വിളിയ്ക്കുന്ന നിസരി മേനോൻ സദാ യാത്രയിലാണ്. ഒരു സ്കൂട്ടിയാണ് അവരുടെ കൂട്ടുകാരി. മുഖ്യധാരാ വാർത്താ മാധ്യമങ്ങൾ കാണാതെ പോകുന്ന കാര്യങ്ങളെല്ലാം നിസ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു. പച്ചക്കറി കച്ചവടത്തിനിടയിൽ കവിതകൾ എഴുതുകയും കടയിൽ വരുന്നവർക്ക് അവ ചൊല്ലി കേൾപ്പിക്കുകയും ചെയ്യുന്ന ഒതളൂരിലെ ഉണ്ണികൃഷ്ണനും, കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ലെങ്കിലും കാണുന്നവരോടെല്ലാം പ്രചോദന പ്രഭാഷണം നടത്തുന്ന വളാഞ്ചേരിക്കാരൻ സ്വാലിഹും, പുറത്തൂരിൽ പാമ്പിനെ പിടിയ്ക്കുന്ന ഉഷയും മുതൽ എടപ്പാളിലെ സ്വിച്ചിട്ടാൽ എത്തുന്ന ഓട്ടോറിക്ഷ വരെയുള്ള വേറിട്ട വ്യക്തിത്വങ്ങളും സംഭവങ്ങളുമെല്ലാം നിസയുടെ വിഷയങ്ങൾ. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ആപ്പീസിലെ ജോലി കഴിഞ്ഞു ബാക്കി വരുന്ന സമയത്തെല്ലാം നിസ കൗതുക വൃത്താന്തങ്ങൾ തിരക്കിയുള്ള ഓട്ടത്തിലാണ്. Nisari's World എന്ന യുട്യൂബ് ചാനലിന് എന്നും വേണ്ടേ എന്തെങ്കിലും പുതിയത്!

ന്യൂസ് റിപ്പോർട്ടിങ്ങിനായി പത്തുനാൽപതു വർഷം സംസ്ഥാനത്തൊട്ടാകെ ഓടിനടന്ന്, എം.ടി വേണു എന്ന പേരല്ലാതെ, മറ്റൊന്നും നേടാനാവാതെ മണ്ണോടു മണ്ണടിഞ്ഞ ഒരു മനുഷ്യൻ്റെ മകൾ ഇങ്ങനെയല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ആകുക!
"ഇന്നത്തെ എപ്പിസോഡിലേയ്ക്ക് എല്ലാ പ്രിയ കൂട്ടുകാർക്കും സ്വാഗതം. ഞാൻ ഇപ്പോൾ നിൽക്കുന്നത് ചങ്ങരംകുളത്തുള്ള പന്താവൂരിലെ കുഞ്ഞിപ്പ ഇക്കയുടെ വീട്ടിലാണ്. ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന പരിപാടികളെല്ലാം വിലയിരുത്തി, അഭിപ്രായം കത്തുകൾ വഴി പ്രക്ഷേപകരെ അറിയിച്ചുകൊണ്ടിരിയ്ക്കുകയാണ് അദ്ദേഹം. ഇതുവരെ പതിനായിരത്തിൽ പരം കത്തുകൾ റേഡിയോ നിലയങ്ങളിലേയ്ക്ക് അയച്ചിട്ടുള്ള ഇക്കയോട് നമുക്കിന്ന് സംവദിയ്ക്കാം," നിസ പറഞ്ഞു തുടങ്ങി...

🟥 കോവിഡ് കാലത്തെ ഉദ്യമം
കോവിഡ് മഹാമാരി മനുഷ്യരെ കൊണ്ടുചെന്നെത്തിച്ച ചില തലങ്ങളുണ്ട്. അടച്ചുപൂട്ടിയിരുന്നു നാം ഓരോരുത്തരും പാടി, ആടി, എഴുതി, വരച്ചു, ഉള്ള സാധനങ്ങൾ ഉപയോഗിച്ചു ഭക്ഷണം ഉണ്ടാക്കി കഴിച്ചു, കഴിപ്പിച്ചു. പിന്നീട് അതെല്ലാം നാലു പേരെ അറിയിച്ചു. അതിന് നമ്മെ സഹായിച്ചത് സമൂഹമാധ്യമങ്ങളാണ്. വിഡിയോ ഫൂട്ടേജുകളുടെ പ്രചാരണത്തിന് കൂടുതൽ സൗഹൃദമായത് യൂട്യൂബ് ചാനലുകളാണെന്ന് ലോകം തിരിച്ചറിഞ്ഞു. ആർക്കു വേണമെങ്കിലും തുടങ്ങാം. അങ്ങനെയിരിക്കെ സഹോദരിയുടെ മകളുടെ ഒരു ചോദ്യം, എന്തുകൊണ്ട് ഒരു ചാനൽ ആരംഭിച്ചുകൂടാ? സ്വന്തം സൃഷ്ടികളൊക്കെ അതിൽ പോസ്റ്റു ചെയ്തു സമാധാനിക്കാലോയെന്ന്. ചാനൽ തുടങ്ങി, കുറെ കവിതകളെഴുതി, അതു ചൊല്ലി, കൊച്ചു വിഡിയോകളാക്കി അപ്പ്ലോഡ് ചെയ്യാൻ തുടങ്ങി. അതിനിടെ, കൈരളി ന്യൂസ് ചാനൽ, 'ജീവിതം മനോഹരം, എത്ര സുന്ദരം...' എന്നു തുടങ്ങുന്ന എൻ്റെ ഒരു കവിത ഏറ്റെടുത്തു. അശ്വതി ആലങ്ങാട് ആലപിച്ച വിഡിയോ രൂപം. താമസിയാതെ, കോവിഡ് അവബോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായതെന്നു രേഖപ്പടുത്തി അഭിനന്ദിച്ചുകൊണ്ട്, ആരോഗ്യ വകുപ്പു മന്ത്രിയായിരുന്ന ശൈലജ ടീച്ചറിൽ നിന്ന് ഒരു കത്തും ലഭിച്ചു. അതൊരു നിമിത്തമായിരുന്നു! അടച്ചുപൂട്ടലിൽ ശ്വാസംമുട്ടി കഴിയുന്ന കുറെ ശ്രോതാക്കളെ എനിയ്ക്കു കിട്ടി. അവരെല്ലാം Nisari's World സബ്സ്ക്രൈബ് ചെയ്തു, അഭിപ്രായങ്ങൾ പറഞ്ഞു. എനിയ്ക്കും കേൾവിക്കാരുണ്ടെന്നൊരു സംതൃപ്തി. എന്നാൽ പിന്നെ എൻ്റെ കവിതകൾ മാത്രമാക്കേണ്ട, പ്രതിഭാശാലികൾ നാട്ടിൽ ധാരാളമുണ്ടല്ലൊ, അവരെക്കൂടി കൂടെ കൂട്ടാമല്ലോയെന്നു ചിന്തിച്ചു. കെട്ട കോവിഡ് കാലം വകവെയ്ക്കാതെ ഞാൻ ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിൽ അഞ്ഞൂറിലേറെ വിഡിയോകൾ ചെയ്തുകൊണ്ട് 'എൻ്റെ ലോകം' മുന്നോട്ടു കറങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. ഈ കൊച്ചു ഭൂമികയിലേയ്ക്ക് ഇന്ന് ഇരമ്പിയെത്തുന്നുണ്ട് വരിക്കാർ!

🟥 മറക്കാനാവാത്ത കണ്ടുമുട്ടലുകൾ
പഞ്ചായത്താപ്പീസിലെ സന്ദർശകരും, അവർ മുഖേന അറിയുന്നവരും ചേരുമ്പോൾ, സുഹൃദ് ശൃംഖലകളുടെ ബഹുലീകരണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിയ്ക്കുന്നു. മനസ്സിൽ നിന്ന് കുടിയിറങ്ങാത്ത പല വ്യക്തികളെയും കണ്ടുമുട്ടാൻ ഇടയാകുന്നു. അങ്ങനെ പരിചയപ്പെട്ടതാണ് എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ഗണേശ് കാണാപള്ളി എന്ന അപൂർവ മനുഷ്യനെ. കവിയും, ഗായകനും, നാടക കലാകാരനും കൂടിയാണ് അദ്ദേഹം. മദ്യത്തിനും, മയക്കുമരുന്നിനും, അവ വരുത്തിവെയ്ക്കുന്ന ഭീകരതയ്ക്കുമെതിരെ നാടുനീളെ സഞ്ചരിച്ചു പാടിയും, പറഞ്ഞും, കരഞ്ഞും, കാലു പിടിച്ചും, അനുഭവങ്ങൾ പങ്കുവെച്ചും, മനുഷ്യരെ ബോധവൽക്കരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു കാക്കിയുടുപ്പുകാരൻ! ലഹരിയുടെ കാണാക്കയങ്ങളെ സമൂഹത്തിനു മുന്നിൽ വരച്ചു കാട്ടാൻ, പുതിയ തലമുറയെ ചതിക്കുഴികളിൽ വീഴാതെ സംരക്ഷിയ്ക്കാൻ, അദ്ദേഹം ഒരിടത്തുനിന്നു മറ്റൊരു ഇടത്തേയ്ക്ക് ഓടിക്കൊണ്ടിരിയ്ക്കുകയാണ്. Nisari World-ലേയ്ക്ക് ഇടയ്ക്കു മാത്രം കയറിവരാറുള്ള വിശിഷ്ടാതിഥികളാണ് ഗണേശിനെപ്പോലെയുള്ള വ്യക്തിത്വങ്ങൾ. അവരുടെ സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിൽ ഒരു ചെറിയ കണ്ണിയെങ്കിലുമാകാൻ കഴിഞ്ഞാൽ, എൻ്റെ ഉദ്യമം കാണിയ്ക്കുന്നത് വിജയ സൂചനകളാണ്. ഒരു സമൂഹത്തെ ഒരുമിച്ചു നന്നാക്കാൻ നമുക്കു കഴിഞ്ഞില്ലെങ്കിലും, ഒരാളെയെങ്കിലും നന്മയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞാൽ അതു തന്നെ മഹാഭാഗ്യമല്ലേ!

🟥 ജനസമ്പർക്കങ്ങൾ ആവേശകരം
ഒരു ദിവസം ഒരു കവറേജു കഴിഞ്ഞു മടങ്ങുമ്പോൾ, അടുത്ത വീട്ടിൽ നിന്ന് ഒരു പാട്ട് കേട്ടു. കൗതുകം തോന്നിയ ഞാൻ ആ വീട്ടിലേയ്ക്കു കയറിച്ചെന്നു. വീടിൻ്റെ ചുമരിൽ ഒരാൾ വരച്ചു കൊണ്ടിരിയ്ക്കുന്നു. ചിന്തോദ്ദീപകമായൊരു അമൂർത്തചിത്രം! ചിത്രകാരൻ തന്നെയാണ് പാട്ടുകാരൻ. മനോഹരമായി ചിത്രം വരയ്ക്കുന്നതിനിടയിൽ അതിലേറെ മനോഹരമായി ഗാനമാലപിയ്ക്കുന്ന ഒരു സുഭാഷ്. കലാകാരനോട് കുറേനേരം സംസാരിച്ചു. സുഭാഷ് പാട്ടു പഠിക്കാതെ പാട്ടു പാടുന്നു; ചിത്രരചന പഠിക്കാതെ ചിത്രം വരയ്ക്കുന്നു. ദാരിദ്ര്യം മൂലം കുട്ടിക്കാലത്ത് ഒന്നും പഠിയ്ക്കാൻ സുഭാഷിനു കഴിഞ്ഞില്ല. ഇപ്പോൾ ഉപജീവനത്തിനു വേണ്ടി വരയ്ക്കുന്നു, സന്തോഷത്തിനു വേണ്ടി പാടുന്നു. സുഭാഷിൻ്റെ കഥ എനിയ്ക്കു തന്ന ആവേശവും പ്രചോദനവും ചെറുതൊന്നുമല്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായി, ഒന്നാന്തരമൊരു ഉദ്‌ബോധന ഐറ്റം Nisari World-ന് ലഭിച്ചു!

🟥 മാതൃകയാക്കാൻ മോഹം
കവിതകളും കഥകളുമൊക്കെ കേൾക്കാൻ നമുക്ക് ഇഷ്ടമാണ്. സമയം കിട്ടുമ്പോഴെല്ലാം നമ്മൾ അതെല്ലാം ആസ്വദിക്കാറുമുണ്ട്. പക്ഷേ, കവിതകളും കഥകളും കേൾക്കുന്ന അതേ സുഖത്തിൽ പ്രസംഗങ്ങൾ കേൾക്കാൻ നമുക്കു കഴിയുമോ? അല്പനേരം കേട്ടു കഴിയുമ്പോഴേയ്ക്കും അസ്വസ്ഥത തുടങ്ങും. എന്നാൽ, ആലങ്കോട് ലീലാകൃഷ്ണൻ്റെ പ്രഭാഷണം കേൾക്കുമ്പോൾ അദ്ദേഹം പ്രസംഗിക്കുകയാണെന്നോ, വിഷയം ഗൗരവതരമാണെന്നോ അറിയാറേയില്ല! അച്ഛൻ്റെ അടുത്ത സുഹൃത്തായ അദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ അവതരണം എനിയ്ക്ക് വളരെ ഇഷ്ടമാണ്. അങ്ക്ൾ സംസാരിക്കുന്നതു പോലെ സംസാരിക്കാൻ എനിയ്ക്ക് 'കട്ട' മോഹവുമാണ്! ധാരാളം പാട്ടുകൾ പാടി, കവിതകൾ ചൊല്ലി, കഥകൾ പറഞ്ഞു, അനുഭവങ്ങൾ പങ്കിട്ട് ആ കഥാപ്രസംഗക്കാരൻ നമ്മുടെ മണിക്കൂറുകളാണ് കവർന്നെടുക്കുന്നത്. പക്ഷേ, നമ്മളത് തിരിച്ചറിയുന്നേയില്ല. അദ്ദേഹം ചിരിയ്ക്കുന്നു, നമ്മൾ കൂടെ ചിരിയ്ക്കുന്നു; അദ്ദേഹം പാടുന്നു, നമ്മൾ കൂടെ പാടുന്നു... സാഹിത്യ ലോകത്ത് അങ്ക്ൾ അര നൂറ്റാണ്ട് പിന്നിടുന്ന സന്ദർഭത്തിൽ, അദ്ദേഹവുമായി അല്പസമയം ചിലവഴിയ്ക്കാൻ അവസരം ലഭിച്ചു. ഇത്രയും കാലത്തെ കലാജീവിതത്തിലെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. അത് കേട്ടപ്പോൾ എനിയ്ക്ക് മനസ്സിലായി അങ്ക്ളിൻ്റെ വാക്ധോരണിയുടെ ഉറവിടം അദ്ദേഹത്തിൻ്റെ അനുഭവങ്ങളാണെണ്. വീട് ഒരു ഗ്രന്ഥശാലയായി സൂക്ഷിക്കുന്നൊരു സാഹിത്യകാരൻ ഇത്ര മനോഹരമായി സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ! നന്നായി സംസാരിക്കാനും, നല്ല കേൾവിക്കാരെ ലഭിയ്ക്കാനും നല്ല വായന സഹായിക്കുന്നുവെന്ന് അദ്ദേഹത്തോട് അല്പം സംസാരിച്ചപ്പോൾ തന്നെ എനിയ്ക്ക് ബോധ്യപ്പെട്ടിരുന്നു. Nisari's World-ന് അഭിമുഖം ചെയ്ത് പഠിയ്ക്കാൻ അങ്ക്ൾ ഇരുന്നു തരികയായിരുന്നുവെന്നതാണ് വാസ്തവം!

🟥 ചരിത്ര-വൈജ്ഞാനിക സങ്കേതങ്ങൾ
അച്ഛൻ എന്നെ ഏൽപിച്ചുപോയ അലമാറയിലെ കനമുള്ള പുസ്തകങ്ങളുടെ സ്വാധീനം കൊണ്ടായിരിയ്ക്കാം സാംസ്കാരിക കേരളത്തിൻ്റെ ഭാഗമായ മനകളും, ഇല്ലങ്ങളും, പുരാതന ഗൃഹങ്ങളും വിഡിയോ വിഷയങ്ങളായി കടന്നുവരുന്നത്. മലയാളക്കരയുടെ രാഷ്ട്രിയ-സാമൂഹിക ഭൂപടം മാറ്റി വരച്ച വിപ്ലവ നക്ഷത്രം ഇ.എം.എസ്-ൻ്റെയും, മഹാകവി ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മനകളിലെ സന്ദർശനങ്ങൾ അവയിൽ വേറിട്ടു നിൽക്കുന്നു. പെരിന്തൽമണ്ണയിലുള്ള ഏലംകുളം മനയുടെ മുക്കിലും മൂലയിലും നിറഞ്ഞ പുഞ്ചിരിയോടെ നമ്മെ സ്വീകരിക്കാൻ സംസ്ഥാനത്തിൻ്റെ പ്രഥമ മുഖ്യമന്ത്രി നിൽക്കുന്നതായി എനിയ്ക്ക് അനുഭവപ്പെട്ടു. മനയിലുള്ളവർ ചരിത്രം പങ്കുവെച്ചപ്പോൾ അഭിമാനത്തോടെ കേട്ടുനിന്നു. വെള്ളിനേഴിയിലെ വിജ്ഞാനികളെ പെറ്റുവളർത്തിയ ഒളപ്പമണ്ണ മനയുടെ ഇടനാഴികളിലും, നടുമുറ്റത്തും, വിശാലമായ ഗ്രന്ഥശാലയിലും ചരിത്രം ഉറങ്ങുകയല്ല, അവ സന്ദർശകരോട് എല്ലാം ഉറക്കെ പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്! ചെമ്പൈ വൈദ്യനാഥ ഭാഗവതർ വന്നു താമസിച്ച മുറി കണ്ടപ്പോൾ എൻ്റെ മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടി! Nisari World-നു വേണ്ടി എല്ലാം കേമറയിൽ പകർത്തി. വിഡിയോ കവറേജ് സാധിക്കാതെ തിരിച്ചുവന്ന അനുഭവമാണ് കീഴാറ്റൂരിലെ പൂന്താനം ഇല്ലത്തു പോയപ്പോഴുണ്ടായത്. ഗൃഹാതുരത്വം ഉണർത്തുന്ന കെട്ടിടവും, മനോഹരമായ പ്രകൃതിയും. കുട്ടിക്കാലത്തു പഠിച്ച ശ്ലോകങ്ങളും കീർത്തനങ്ങളുമെല്ലാം ചിന്തയിലെത്തി. ദൃശ്യ ചിത്രീകരണത്തിന് ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ മുൻകൂർ അനുമതി വേണം. അപേക്ഷ കൊടുത്തു, മാസങ്ങളായി കാത്തിരിയ്ക്കുന്നു.
🟥 വെയിലും, മഴയും, മഞ്ഞും സുഖം
മുന്നെ ജീവിച്ചിരുന്നത് ഒരു പുറന്തോടിനുള്ളിലാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഇതുവരെ ജീവിച്ചതല്ല ജീവിതമെന്നും, ഇപ്പോഴാണ് ജീവിതങ്ങൾ കാണുന്നതെന്നും, ഇനിയും നിരവധി ജീവിതങ്ങൾ കാണേണ്ടതുണ്ടെന്നും, അവയൊക്കെ ആളുകളിലേയ്ക്ക് എത്തിയ്ക്കാൻ പുതിയ ലോകത്തെ സാങ്കേതിക വിദ്യകൾ അനിവാര്യമാണെന്നും അറിഞ്ഞുകൊണ്ടിരിയ്ക്കുന്നു. പ്രതിസന്ധികളെയും വിഷമഘട്ടങ്ങളെയും തരണം ചെയ്തു മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് മനുഷ്യൻ്റെ ഏറ്റവും വലിയ വിജയമന്ത്രം എന്ന തിരിച്ചറിവാണ് ചാനൽ പ്രവർത്തനത്തിനിടയിൽ ബോധ്യപ്പെട്ട മറ്റൊരു കാര്യം. അതിനാൽ എൻ്റെ അദ്ധ്യാപകരാണ് ഞാൻ നിർമ്മിയ്ക്കുന്ന ഓരോ വിഡിയോവിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ. വിവിധ മേഖലകളിൽ പോയി വിഡിയോകൾ ചെയ്യുമ്പോൾ അവിടെ ഒരു പുതിയ സൗഹൃദം തുടങ്ങുകയാണ്. ആ സൗഹൃദത്തിൻ്റെ ബലത്തിൽ കൂടുതൽ വിഡിയോകൾ ചെയ്യാനുള്ള സാധ്യതകൾ തെളിഞ്ഞു വരുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തോടെ വളർന്നതുകൊണ്ടും, ഇപ്പോഴും അങ്ങനെ പുലരുന്നതു കൊണ്ടും സമൂഹത്തിൻ്റെ ഭാഗമായി ജീവിക്കാനും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനും പരമാവധി ശ്രമിക്കാറുണ്ട്. അടച്ചിട്ട ചില്ലുകൂട്ടിലിരുന്ന് പുറംലോകത്തെ കാണുന്നതിനേക്കാളും സുഖം, പുറത്തെ വെയിലും, മഴയും, മഞ്ഞും, ആസ്വദിച്ചുകൊണ്ട് ഒരു വലിയ ജനതയുടെ ഭാഗമാകുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ എൻ്റെ ഒഴിവു സമയങ്ങൾ ആഘോഷപൂർണമാകുന്നത് ചാനലിന് വേണ്ടിയുള്ള നിരന്തര യാത്രകളിലൂടെയാണ്.
🟥 എല്ലാം എൻ്റെ വിശ്രമ സമയത്ത്
പ്രചാരലുപ്‌തമായിക്കൊണ്ടിരിയ്ക്കുന്ന ഗ്രാമീണ കായികമത്സരം കാളപൂട്ടും, തത്ത കൊത്തിയെടുക്കുന്ന ചീട്ടിലെ ഭാവിയും ഭൂതവും മുതൽ കോവിഡാനന്തര ചിത്രരചനയും, ആധുനികാനന്തര കവിതകളും വരെ എൻ്റെ വിഷയങ്ങൾ. തിരക്കൊഴിയുന്നില്ല. എന്നാൽ, സർക്കാർ ആപ്പീസിലെ ഒരു മിനിറ്റു പോലും ചാനൽ പ്രവർത്തനത്തിനു വേണ്ടി ഉപയോഗിക്കുന്നില്ല. അതിനോടു സംബന്ധിച്ചെത്തുന്നു ഫോൺ കാളുകൾ വരെ ഡ്യൂട്ടി സമയത്ത് അറ്റൻഡ് ചെയ്യാറില്ല. ഔദ്യോഗിക ജീവിതത്തിന് ഒട്ടും അലോസരം സൃഷ്ടിക്കാതെ കാലസാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് എൻ്റെ രീതി. പ്രത്യേകതകൾ തേടിയുള്ള ഈ ഓട്ടം എൻ്റെ വിശ്രമ സമയത്താകട്ടെ. വിഡിയോ എടുത്തു വന്നാൽ എഡിറ്റിംഗ്, ശബ്ദമിശ്രണം, അടുത്ത വിഡിയോയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പ്, വായന, എന്നിങ്ങനെ. ഭർത്താവ്, ആതവനാട്ടുകാരൻ രാജേന്ദ്രൻ. വിവാഹത്തിനു മുമ്പ് രാജേട്ടൻ ഒരു വാക്കു തന്നിരുന്നു. വ്യക്തിപരമായ എൻ്റെ സ്വാതന്ത്ര്യങ്ങളിൽ അതിരു കവിഞ്ഞ് ഇടപെടില്ലെന്ന്. യഥാർത്ഥത്തിൽ എൻ്റെ ചാനൽ പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിന്തുണയാണ് രാജേട്ടൻ നൽകുന്നത്. മകൾ നളന്ദ പത്താം ക്ലാസ്സ് കഴിഞ്ഞു; മകൻ ലെനിൻ മൂന്നാം ക്ലാസ്സിൽ. 'മഴ' എന്ന വീട്ടിൽ കുറ്റിപ്പുറത്താണ് താമസം. അച്ഛൻ്റെ വേർപാടിനു ശേഷം എടപ്പാളിലെ തറവാട്ടിൽ താമസിക്കുന്ന അമ്മയും (രാധാലക്ഷ്മി) ചേച്ചിയും (പ്രിയ) സർഗവഴിയിൽ എനിയ്ക്കു തരുന്ന പിന്തുണ ബഹുമുഖമാണ്. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ബിഎഡും ഉള്ള ഞാ൯ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു; രണ്ട് ഷോർട്ട് ഫിലിമുകളും തയ്യാറാക്കി. ഇപ്പോൾ നിസരിയുടെ ലോകത്താണ് കറക്കം. അതെൻ്റെ മാസ്മരികമായ മനോവ്യാപാരം. വിഡിയോ കവറേജുകൾക്കായി ഓടിനടക്കുന്നതിനിടയിൽ, പുതിയ ലോകം അത്ര അറിയാത്തൊരു കാരണവർ എന്നോട് ചോദിച്ചു, "കുട്ടി ഇമ്മടെ വേണൂൻ്റെ മോളല്ലേ?" അതേ, ഞാൻ മറുപടി പറഞ്ഞു. "കുട്ടിയ്ക്ക് കുറി പിരിവാണോ പണി?" അല്ല, ന്തേയ്? "ഒന്നൂല്യ, ഒരു സ്കൂട്ടറും ഓടിച്ചിങ്ങനെ എപ്പഴും കറങ്ങി നടക്കുണോണ്ട് ചോയ്ച്ചതാ..."