Image

ഡബിൾ ഫലൂദ ( കഥ : പുഷ്പമ്മ ചാണ്ടി )

Published on 11 July, 2022
ഡബിൾ ഫലൂദ ( കഥ : പുഷ്പമ്മ ചാണ്ടി )

ഉച്ചക്കിറുക്കിന്റെ പരമോന്നതയിൽ ആയിരുന്നു ഞാൻ . എന്തൊക്കെയോ ചിന്തകൾ ഇടംവലം വിടാതെ പിടികൂടി .

ഈയിടെ ആയി  പലഹാരം ആണ് സ്വപനത്തിൽ വരുന്നത് .

അതും ഇവിടെ മദിരാശിയിൽ ഒന്നും കിട്ടുന്ന തരം അല്ല.

അങ്ങ് കോട്ടയത്ത് , മാമി ചേടത്തിയുടെ കടയിലെ ചുരുട്ട് , കൊഴലപ്പം, പിന്നെ ബെസ്ററ് ബേക്കറിയിൽ മുൻപ് കിട്ടിയിരുന്ന കറുത്ത ഹൽവ .


എന്നാൽ എന്നെങ്കിലും കോട്ടയത്തിനു പോയാലോ , വെറുതെ നോക്കി നില്കുന്നതല്ലാതെ ഒന്നും വാങ്ങില്ല . ഇതൊക്കെ കഴിച്ചാൽ അസിഡിറ്റി വരും ... ചുമ്മാ ഓരോ മോഹങ്ങൾ .

അപ്പോളാണ്   പണ്ട് വീടിന്റെ അടുത്ത് താമസിച്ചിരുന്ന ജാനകിയുടെ ഫോൺ .

ഇടക്കൊക്കെ അവൾ വിളിച്ചു വിവരം അന്വേഷിക്കാറുണ്ട് .

കരച്ചിലിന്റെ വക്കോളം എത്തിയ  അവളുടെ ചോദ്യം 
"ചേച്ചി ഒരു അൻപതിനായിരം രൂപ എടുക്കാൻ കാണുമോ ?"
ഇല്ലെന്നു പറഞ്ഞാൽ അവൾ വിശ്വസിക്കില്ല , ഇത്ര വലിയ വീട് , പെൻഷൻ എന്നിട്ടും ...
സത്യമായിരുന്നു , ബാങ്കിൽ മിനിമം ബാലൻസ് മാത്രം , പെൻഷൻ കിട്ടാൻ ഇനിയും രണ്ടാഴ്ച.
മക്കളോട് ചോദിച്ചാൽ തരും , എന്തോ അതിനു തോന്നിയില്ല ,

ഇങ്ങനെ പല കാരണത്തിനും , ആവശ്യത്തിനും അവരെ കുറെ ആയി ബുദ്ധിമുട്ടിക്കുന്നു . 

ജാനകി ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും മാറണം , അതും ആടി മാസത്തിനു മുൻപേ , വീടിനു അഡ്വാൻസ് കൊടുക്കാൻ ആണ് പണം .
അവൾ തന്നെ പറയും 
" ഞാൻ ഒരു കഷ്ടകാലം പിടിച്ചവൾ ആണ് ചേച്ചി  , അമ്പതു പവനും , അഞ്ചു ലക്ഷം രൂപയും കൊടുത്തു കല്യാണം കഴിപ്പിച്ചു വിട്ടതാ ...പറഞ്ഞിട്ടെന്താ കാര്യം "
അതെ , കല്യാണം കഴിഞ്ഞു രണ്ടു കുട്ടികൾ ജനിച്ചുകഴിഞ്ഞപ്പോൾ ഭർത്താവിന്റെ അച്ഛന്റെ വൃക്ക തകരാറിൽ ആയി , ചികിത്സ കഴിഞ്ഞു അദ്ദേഹം മരിച്ചപ്പോൾ , വീട് പോലും പണയത്തിലായി. കുട്ടികൾ വലുതായപ്പോൾ , ചിലവുകൾ , അവസാനം വാടക വീട്ടിൽ താമസം . അവളെ സഹായിക്കാൻ ആഗ്രഹം ഉണ്ട് .


അലമാര വെറുതെ തുറന്നു , എപ്പോഴെങ്കിലും മറന്നുവെച്ച പണം കാണുമോ ? ആയിരംരൂപ കിട്ടി , അത് പോരല്ലോ ....


ഒരു ചെപ്പിനുള്ളിൽ ഇരുന്ന വള, നിസ്സഹായതയോടെ നോക്കി ... അദ്ദേഹം ഒരു വിവാഹ വാർഷികത്തിന് സമ്മാനിച്ചതാണ് . കുറെ നാൾ അത് കൈയിൽ കിടന്നു , പിന്നെ എപ്പോഴോ അലമാരിയിൽ ഇരിപ്പായി .

ഈ മിടിപ്പു നിൽക്കാൻ എത്ര നാൾ , കണ്ണടയാൻ എത്ര നാൾ ,

ഈ വള ഉറപ്പായും ആരും എന്നെ  ഇനിയും അണിയിക്കില്ല .

മകൾ ഇത് ഉപയോഗിക്കുമോ എന്നും ഉറപ്പില്ല .  അവരുടെ ലോക്കറിൽ , അല്ലെങ്കിൽ വിറ്റു കാശാക്കും .
പിന്നെ ഒട്ടും ആലോച്ചില്ല , പൈസ തരപെടുത്താം എന്ന് പറഞ്ഞു ജാനകിക്കു മെസ്സേജ് അയച്ചു .


ഒരു ഓട്ടോറിക്ഷയിൽ മാർവാഡികടയിലേക്ക് പുറപ്പെട്ടു , എൻ്റെ രണ്ടു പവൻറെ വള , അതായത് പതിനാറു ഗ്രാം , അയാളുടെ ത്രാസിൽ പതിനാലര ഗ്രാം .
അയാളോട് വാദപ്രതിവാദം ചെയ്യാൻ നിന്നില്ല , കൈയ്യിൽ കിട്ടിയ 65250 രൂപ എണ്ണിവാങ്ങി .

അദ്ദേഹം ഇത് വാങ്ങിയപ്പോൾ ഇത്രയും കൊടുത്തു കാണില്ല .

ഒന്നും നഷ്ടം അല്ല ...

സന്തോഷം തരുന്ന ലാഭം വേറെ .

ഓട്ടോ നോക്കി നിൽകുമ്പോൾ എതിർവശത്തെ ഐസ്ക്രീം കട ശ്രദ്ധയിൽ പെട്ടു. റോഡ്  മുറിച്ചു കടന്നു , കടയിൽ കയറി മെനു കാർഡിൽ നോക്കി ഒരു ഫലൂദ പറഞ്ഞു 
ഗ്ലാസ്സിൽ ജെല്ലിക്കു  മുകളിലായി കുറച്ച് കസ്കസും സേമിയയും റോസ് സിറപ്പും ...പിന്നെ ഐസ്ക്രീമും അതിന്റെയും  മുകളിലായി പിസ്തയും ബദാമും വച്ച് അലങ്കരിച്ച ഫലൂദ .

അത് പതുക്കെ നുണയുമ്പോൾ മനസ്സും ശരീരവും ഒരുപോലെ തണുത്തു ,

വളവിറ്റു ഫലൂഡ കഴിക്കുന്ന ലോകത്തിലെ ആദ്യത്തെ ആൾ ...

സ്വയമൊന്നു ചിരിച്ചുകൊണ്ട് , ജാനകിയെ വിളിച്ചു.

അങ്ങോട്ട് വന്നു പൈസ വാങ്ങാൻ പറഞ്ഞു ,

വരുമ്പോൾ അവളോടൊപ്പം പിന്നെയും ഒരു ഫലൂദ കഴിക്കണമെന്ന് തീരുമാനിച്ചു.

ജാനകിയിപ്പോൾ ആശ്വസിക്കുന്നുണ്ടാവും..


കണ്ണാടിക്കുമുന്നിൽനിന്ന് ചിരിച്ചുസന്തോഷത്തോടെ സാരിയുടുത്ത് തിരിഞ്ഞുംമറിഞ്ഞും  അഴക് നോക്കുന്ന അവളെയോർത്ത് പുറത്തേയ്ക്കുള്ള വാതിലിലൂടെത്തുന്ന വെയിൽചീളും നോക്കി ഞാനിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക