
വിധവയല്ലേയിവളന്നുമിന്നും...?
കഴുത്തിൽ താലിയും
സീമന്ത
സിന്ദൂരവുമണിയുന്ന വിധവ ...!
വെളളയുടുപ്പിച്ച
മോഹങ്ങളെ
പട്ടുടയാടയിൽ
പൊതിയുന്ന വിധവ..!
ഒപ്പമുണ്ടെന്നാലും
നിഴലുപോലെ,
ഒത്തുചേർന്നില്ല
പൊരുത്തമെന്നോ..!
ഒന്നു തൊടാൻപോലും
തോന്നാ മരവിപ്പിൽ
ഒന്നായതില്ലാ
വിധവതന്നെ..!
അഭിനയമറിയാതെ
ഈ രംഗവേദിയിൽ
ആടിത്തിമിർക്കുന്നു വേഷങ്ങളെത്രയോ..
അണിയറയിലും
നീതി നിഷേധം പെരുകുമ്പോൾ
അപമാനവും പേറി
ഉറയുന്ന വിധവ..!
ചിതയിലോ ചാടാതെ
പുകയുന്നു ദേഹം...
ജനനവും മരണവും
സമശീർഷകം..!
ഒരു വിധവ തന്നിവൾ
അന്നുമിന്നും...!