Image

'ആദ്യത്തെ പേ ചെക്ക്‌  നൽകിയത് മറിയാമ്മ ചേച്ചി,' ഓർമ്മകളിൽ മറിയാമ്മ പിള്ള 

Published on 25 May, 2022
'ആദ്യത്തെ പേ ചെക്ക്‌  നൽകിയത് മറിയാമ്മ ചേച്ചി,' ഓർമ്മകളിൽ മറിയാമ്മ പിള്ള 

'ആദ്യത്തെ പേ ചെക്ക്‌ മറിയാമ്മ ചേച്ചിയാണ്‌ തന്നത്,' ചിക്കാഗോയിലെ പല പ്രമുഖരും ഇപ്പോഴും നന്ദിപൂര്‍വ്വം പറയാറുണ്ട്‌. കേള്‍ക്കുമ്പോള്‍ സന്തോഷം, മറിയാമ്മ പിള്ള പറയുമായിരുന്നു. പക്ഷെ അത്‌ ജോലിയുടെ ഭാഗം. അതിനുമപ്പുറത്ത്‌ മറിയാമ്മ പിള്ളയുടെ സഹായ ഹസ്‌തങ്ങള്‍ ഒട്ടേറെപ്പേരിലേക്ക്‌ നീണ്ടത്‌ നാലു പതിറ്റാണ്ടിന്റെ ചരിത്രം. ഒരുപക്ഷെ നിശബ്‌ദമായി ഒട്ടേറെപ്പേര്‍ക്ക്‌ ഉപകാരിയായി നിന്ന മലയാളി വനിതകള്‍ വേറേ ഉണ്ടാകില്ല. 

മറിയാമ്മ പിള്ളയും ഭർത്താവ് ചന്ദ്രൻ പിള്ളയും (ഇടത്) ടെക്‌സാസിൽ നിന്ന് വന്ന ബന്ധുക്കളുമൊത്ത്. ഒരാഴ്ച മുൻപത്തെ ഫോട്ടോ.

എണ്‍പതുകളിലെ കാര്യമാണ്‌. 1976-ല്‍ അമേരിക്കയിലെത്തിയ മറിയാമ്മ പിള്ള അപ്പോഴേക്കും ഉപരിപഠനത്തിനുശേഷം നഴ്‌സിംഗ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പദവിയിലെത്തിയിരുന്നു. ഒരവസരത്തില്‍ പത്ത്‌ ഹോസ്‌പിറ്റലുകളുടെ ചാര്‍ജ്‌. ഒരുപാട്‌ നഴ്‌സുമാര്‍ ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമൊക്കെ അവരുടെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെത്തി. വരുന്നവര്‍ പലരും ഭാഷയില്‍ പരിജ്ഞാനമില്ലാത്തവര്‍. അമേരിക്കന്‍ ചര്യകള്‍ അറിയാത്തവര്‍. അവര്‍ക്കൊക്കെ ഭാഷാ പരിജ്ഞാനം നല്‍കാനും നഴ്‌സിംഗ്‌ സംബന്ധിച്ച കൂടുതല്‍ അറിവ്‌ പകരുവാനും അവര്‍ ശ്രമിച്ചു. മേലുദ്യോഗസ്ഥര്‍ പുതിയ ആളുകളെ അകറ്റി നിര്‍ത്തുന്ന പതിവിനു  പകരം അവര്‍ക്കൊരു തുണയായി മറിയാമ്മ പിള്ള മാറി . 

ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഈ റാന്നിക്കാരി എന്നും അഭിമാനം കൊണ്ടിരുന്നു  

വാഷിംഗ്‌ടണില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ നടക്കുന്ന  90-കൾ  മുതലാണ്‌ അവര്‍ സംഘടനാ രംഗത്ത്‌ സജീവമായത്‌. നിശബ്‌ദമായ പ്രവര്‍ത്തനത്തിലൂടെ സംഘടനയിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അധികാരസ്ഥാനങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ മുഖവുമായി അവര്‍ കര്‍മ്മനിരതയായി. 

ഡോ. എം. അനിരുദ്ധന്‍ പ്രസിഡന്റായി ചിക്കാഗോയില്‍ 2002-ല്‍ കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ അവര്‍ ഫൊക്കാന ട്രഷററായിരുന്നു. പോള്‍ കറുകപ്പള്ളി പ്രസിഡന്റായപ്പോള്‍ വൈസ്‌ പ്രസിഡന്റായി. പിന്നീട്  അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍. അതിനു ശേഷമാണ് പ്രസിഡന്റായത്.

റോച്ചസ്റ്ററില്‍ ജെ. മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ചിക്കാഗോയില്‍ നിന്ന്‌ ഒട്ടേറെ യുവാക്കളെ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്‌ അവരാണ്‌. 

മുഖ്യധാരയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച അവര്‍ മികച്ച നഴ്‌സിംഗ്‌ ഹോം നടത്തുന്നതിനുള്ള സ്റ്റേറ്റിന്റെ ആറ്‌ അവാര്‍ഡുകള്‍ നേടി. 

അമേരിക്കൻ  ഇലക്ഷന്‍ കാലത്ത്‌ മലയാളികളെക്കൊണ്ട്‌ ഇലക്ഷനില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും വോട്ട്‌ ചെയ്യിക്കാനും അവര്‍ നടത്തിയ ശ്രമം വലിയ വിജയം കണ്ടിരുന്നു . അതിന്റെ അംഗീകാരമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബുഷ്‌ അവാര്‍ഡ്‌ നല്‍കി അവരെ ആദരിക്കുകയുണ്ടായി. നോര്‍ത്ത്‌ ഇന്ത്യന്‍സ്‌ ഇപ്പോള്‍ത്തന്നെ മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ സജീവമാണെന്നവര്‍ ചൂണ്ടിക്കാട്ടുമായിരുന്നു. വളരെ കഴിവുള്ളവര്‍ മലയാളികള്‍ക്കിടയില്‍ ഉണ്ടെങ്കിലും അവര്‍ പിന്മാറുകയാണ്‌. രാഷ്‌ട്രീയ രംഗത്തേക്ക്‌ കൂടുതല്‍ പേരെ കൊണ്ടുവരാനും അവര്‍ക്ക്‌ സഹായമെത്തിക്കാനും  എന്നും അവർ  പ്രതിജ്ഞാബദ്ധമായിരുന്നു. 

കൗണ്‍സിലിംഗ്‌   രംഗത്ത്‌ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ട്‌. മാര്‍ത്തോമാ പള്ളിയിലും മറ്റ്‌ പള്ളികളിലും സംഘടനകളിലും യുവജനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവര്‍ മുമ്പന്തിയിലുണ്ടായിരുന്നു. 

ഫൊക്കാന ഇലക്ഷനില്‍ ഒരു പാനലുമില്ലാതെയാണ് അവർ മത്സരിച്ചത് . തെരഞ്ഞെടുക്കപ്പെട്ട്‌ വരുന്ന ആരുമായും ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ തനിക്ക്‌ കഴിയുമെന്നായിരുന്നു അവർ പറഞ്ഞത്. അന്ന്  ജനറൽ  സെക്രട്ടറിയായ ടെറൻസൻ തോമസ് അടക്കമുള്ളവരോടൊപ്പം പ്രവർത്തിച്ച് അവർ അത് തെളിയിക്കുകയും ചെയ്തു.

മതിയായ രേഖകളില്ലാതെ ഇവിടെ കഴിയുന്ന മലയാളികളുടെ പ്രശ്‌നങ്ങളും അവർ മറന്നില്ല. അത്തരമൊരാള്‍ എയ്‌ഡ്‌സ്‌ വന്ന്‌ മരിച്ചപ്പോള്‍ മൃതദേഹം ഏറ്റെടുക്കാന്‍ പോലും ആരുമില്ലായിരുന്നു. അന്ന്‌  സഹായമെത്തിക്കാൻ  അവർ മുന്നിലുണ്ടായിരുന്നു.

ഇവിടെ വന്ന്‌ മലയാളികള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ അവരെ തുണയ്‌ക്കാന്‍ ഇവിടുത്തെ സംഘടനകള്‍ക്ക്‌ ബാധ്യതയുണ്ടെന്നവർ വിശ്വസിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു.

ജനങ്ങളില്‍ നിന്ന്‌ മാറിനില്‍ക്കുന്ന വ്യക്തിയല്ല. ജനങ്ങളോടൊപ്പം നിന്ന്‌ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌ താന്‍- അവര്‍ പറയുമായിരുന്നു  

വെല്‍നസ്‌ ഹെല്‍ത്ത്‌ കെയര്‍ പാര്‍ട്ട്‌നേഴ്‌സ്‌ എന്ന ഹെല്‍ത്ത്‌ കെയര്‍  സ്ഥാപനത്തിനു അവർ നേതൃത്വം നൽകി. പുത്രന്‍ രാജും അതിന്‌ സഹായിക്കുന്നു. ഭര്‍ത്താവ്‌ ചന്ദ്രന്‍ പിള്ള വെച്ചൂച്ചിറ കുന്നം സ്വദേശി. മകള്‍ റോഷ്‌നി  ബാങ്കില്‍ സീനിയര്‍ ഉദ്യോഗസ്ഥ . 

Join WhatsApp News
Just a suggestion 2022-05-25 23:59:18
ആദ്യ ശമ്പളം എന്ന് പറയുന്നതാണ് നല്ലത് . പേചെക്ക് ഇംഗ്ലീഷിൽ എഴുതിയാൽ വ്യക്തമാണ് . അല്ലെങ്കിൽ ‘പേപ്പട്ടി’ എന്ന് എഴുതുന്നപോലെ ഇരിക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക