Image

കോവിടന്റെ വഴി (കഥ: ഷാജു ജോൺ)

Published on 22 February, 2022
കോവിടന്റെ വഴി (കഥ: ഷാജു ജോൺ)

ഇ-മലയാളി മാസിക-ഫെബ്രുവരി ലക്കം 

https://cdn.emalayalee.com/magazine/february2022/#page=1

" അമേരിക്കയിൽ ന്യൂ ഇയർ ആഘോഷങ്ങൾ, ദിവസ്സേന മൂന്നു മില്യൺ ആളുകൾക്ക്‌  വീതം വൈറസ് പകർന്നു  നൽകിക്കൊണ്ടിരിക്കുന്നു ......" ഏതോ 'വാട്സാപ്പ് ദ്രോഹി' പടച്ചുവിട്ട വാർത്ത  ഫോൺ സ്‌ക്രീനിലൂടെ വായിക്കുകയായിരുന്നു പയ്യൻസ്.  സമയം...., ഉച്ചഭക്ഷണത്തിന് കോപ്പു കൂട്ടുന്നു. പയ്യത്തി ഉണ്ടാക്കി വച്ചിരുന്ന നാടൻ കുത്തരി കഞ്ഞിയിൽ, പാകത്തിന് എരിവുള്ള തേങ്ങാ ചമ്മന്തി ഒഴിച്ച് ,അച്ചാറും കുട്ടിക്കലർത്തി, പപ്പടത്തിന്റെ ഒരു കഷണവും കയ്യിൽ എടുത്ത് ഭോജനത്തിന് തയ്യാറെടുക്കുമ്പോഴാണ് മുൻ  വാതിലിൽ പതിവിലും  ശക്തമായ  മുട്ടുശബ്ദം കേട്ടത്.  ആമസോൺ ഡെലിവറിബോയി ആയിരിക്കും......  ആ  ധാരണയിൽ ആണ് സർവൈവൽ  ക്യാമറയുടെ  സ്ക്രീനിലേക്ക് നോക്കിയത്  ......  കെട്ടും മട്ടും കണ്ടിട്ട് ഒരു  മെക്സിക്കനാണ്  .........പയ്യൻസ് മനസ്സിൽ പറഞ്ഞു. 

 
'ഓരോരോ  മാരണങ്ങൾ കയറി വന്നോളും...' എന്ന സാദാ മലയാളിയുടെ ടിപ്പിക്കൽ  ഡയലോഗ് ഉരുവിട്ടുകൊണ്ടു  പയ്യൻസ് എഴുന്നേറ്റു ...പെട്ടെന്ന് ,  എവിടെ നിന്നോ വന്ന വെളിപാട് പോലെ   അടുക്കളയുടെ  കൗണ്ടറിലിരുന്ന ഒരു മാസത്തിനു മുകളിൽ  പ്രായമുള്ള  N-95 മാസ്ക് എടുത്തു മുഖത്ത്  ഫിറ്റ് ചെയ്ത്  വാതിൽ തുറന്നു......  ഇമ്മിണി വലിയ രണ്ടു മത്തങ്ങ   കയറ്റിവച്ച കവിളുകളുള്ള  മുഖവുമായി ഒരു മെക്സിക്കൻ, അവന്റെ മഞ്ഞപ്പല്ലുകൾ മുഴുവനും പുറത്ത്  കാണിച്ചു ഇളിച്ചുകൊണ്ടിരിക്കുന്നു ......! 
 
"കിപ്പാസ ..അമിഗോ ?", അറിയാവുന്ന സ്പാനിഷ് ഭാഷയിൽ,  പയ്യൻസ് അവനോടു ചോദിച്ചു 
 
അവൻ കുറച്ചുകൂടി അടുത്തുവരുന്നതിനിടയിൽ, സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുവാൻ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു.  ആംഗ്യഭാഷ ആയതുകൊണ്ട് ആവാം  കാര്യം അവനു പെട്ടെന്ന് പിടി കിട്ടി . ദൂരം പാലിച്ചു,സ്പാനിഷും, ഇംഗ്ലീഷും കൂട്ടികുഴച്ചു സ്പാനിഗ്ലീഷ് ഭാഷയിൽ അവൻ  പറഞ്ഞു, 
 
"ഞാൻ നീ വിളിച്ചിട്ടു വന്നതാണ് .....കാറ്റത്തു മറിഞ്ഞുപോയ നിന്റെ ബാക്ക് യാർഡ്  ഫെൻസ് നന്നാക്കുവാൻ..!"
 
അപ്പോഴാണ് രണ്ടു മുന്ന് ദിവസ്സം മുൻപ് അതി ശക്തനായ ഒരു മാരുതൻ മറിച്ചിട്ട മരവേലി നന്നാക്കുവാൻ ഒരു ഹാൻഡിമാൻ കമ്പനിയെ  വിളിച്ച കാര്യം പയ്യൻസ് ഓർമിച്ചത്.   
 
 "കൊറോണ പടർന്നു പന്തലിച്ചുപൂവിട്ടു  കിടക്കുന്ന ഈ കാലത്ത് ഒരു മാസ്ക് പോലും വയ്ക്കാതെ  ആണോടാ നീ  വന്നിരിക്കുന്നത് ..നിനക്ക് ആ ജോലി തരുന്നില്ല......വേഗം  സ്ഥലം വിട്ടോ ..?"  തന്റെ  ഭാഷ വളരെ പരുഷമാണ്  എന്നറിയിക്കുവാൻ  പാകത്തിന് കണ്ണുകൾ രണ്ടും ശക്തമായി  ഉരുട്ടി പയ്യൻസ് അറിയാവുന്ന ഇംഗ്ലീഷിൽ മെക്സിക്കനോട്  പറഞ്ഞു..  
 
" സാർ ............, " ദയനീയമായി അവൻ ഒന്ന്  നോക്കിയെങ്കിലും, പയ്യൻസിന്റെ  കണ്ണുരുട്ടൽ പ്രയോഗത്തിൽ മെക്സിക്കൻ  സ്പാനിങ്ഗ്ലീഷ്  പോലും മറന്നുവെന്ന് തോന്നി ,  വെറുതെ ഒന്ന് നിന്ന് കറങ്ങി, അവന്റെ ഭാഷയിൽ കാലാകാലങ്ങളായി ഉടലെടുത്തിട്ടുള്ള 'ചുരുളി' പ്രയോഗങ്ങൾ അന്തരീക്ഷത്തിൽ വിതറി  അവൻ  തിരിഞ്ഞു നടന്നു.
 
 വാതിൽ ചേർത്തടക്കാൻ  നേരമാണ് മറ്റൊരു ശബ്ദം പയ്യൻസിന്റെ ചെവിയിൽ പതിഞ്ഞത്, " ഹലോ......ഹലോ .... ,ഞങ്ങളൂടി കേറട്ടെ  ...!"
പയ്യൻസ് തല  ക്ലോക് വൈസിലും , ആന്റിക്ലോക് വൈസിലും തിരിച്ചുനോക്കിയെങ്കിലും അവിടെങ്ങും ആരെയും കണ്ടില്ല. 
 
"ആരാത് ....?" ഒരിടർച്ചയോടെ പ്രേത ഭൂത പിശാചുക്കളെ നേരിടുന്നതുപോലെ  പയ്യൻസ് ചോദിച്ചു 
 
"ഇത് ഞങ്ങളാ ...!" എവിടെ നിന്നോ ഒരു അശരീരി മറുപടി 
 
"ഞങ്ങളെന്നു പറഞ്ഞാ...... ?"  വീണ്ടും ഒന്ന് കറങ്ങി പയ്യൻസ് ചോദിച്ചു 
 
"ഞാൻ കോവിടൻ, എന്റെ കൂടെ രണ്ടു പിള്ളേരും കൂടി ഉണ്ട്.... മൂത്തയാൾ ഡെൽറ്റൻ...അവനു താഴെ  ഒമൈക്രോൺ ...."
 
" എന്ത് പേരടെ ഇത് ....  നിന്നെയൊന്നും  കാണാൻ കൂടി പറ്റണില്ലല്ലോ   ... ആട്ടെ,  നിങ്ങൾക്കിവിടെന്ത് കാര്യം ..?" പയ്യൻസ് മുഖത്തെ മാസ്ക് കുറച്ചുകൂടി മുറുക്കിക്കൊണ്ടു ചോദിച്ചു 
 
"എന്ത് കാര്യന്നോ ..ഇപ്പ പോയ മെക്സിക്കനില്ലേ....? അവന്റെ ദേഹത്തുന്ന്  ഞങ്ങളിറങ്ങി ....ഭയങ്കര ബോറടി ആണന്നെ...! അവന്റെ ടാക്കോയും തമാലയും ഒക്കെ തിന്നു മടുത്തു ....ഇനി കൊറേ ദെവസം... ന്റെകൂടെ  കൂടാന്ന് കരുതി ... ഇന്ത്യൻ ഭക്ഷണത്തിന്റെ രുചി അറിയണമെന്ന് രണ്ടു മക്കൾക്കും  പെരുത്ത്   ആഗ്രഹം ..." കോവിടന്റെ  അശരീരി ശബ്ദം അവിടെ മുഴങ്ങി .
 
"മസാല ദോശ .....തിന്നണം ",   പീപ്പി ഊതുന്ന പോലുള്ള ഒരു  ശബ്ദം പിന്നിൽ നിന്ന് ഉയർന്നു. 
 
" മോനെ, ഒമൈക്രോണെ  ..നീ ഒന്ന് അടങ്ങ് ... ആദ്യം അങ്ങേര്  നമ്മളെ അകത്തു കയറ്റട്ടെ .." കോവിടൻ മകനെ ഉപദേശിച്ചു 
 
"കുഴിമന്തീം ..."   പാറപ്പുറത്ത് ചിരട്ട ഉരയുന്ന മറ്റൊരു  ശബ്ദം തൊട്ടപ്പുറത്തുനിന്നും പിന്നാലെ എത്തി, അത് ഡെൽറ്റൻറെതായിരിക്കും എന്ന് പയ്യൻസ് ഊഹിച്ചു.  
 
" എന്റെ പൊന്നു കോവിഡാ, ഡെൽറ്റാ , മാക്രിക്കോണ  ....  എന്നെ വിട്, ഞാൻ മൊത്തത്തിൽ എന്റെ ഡോക്ടറുടെ പരീക്ഷണ വസ്തുവാണ് ..ഹൃദയം തകർക്കുന്ന രക്തസമ്മർദ്ദ  നിരക്ക്  ......ഞരമ്പുകൾ ബ്ലോക്ക് ചെയ്യുന്ന  കൊളസ്‌ട്രോൾ ലെവൽ .....തുടങ്ങി,  രക്തത്തിൽ അലിയിക്കാവുന്ന   പഞ്ചസാരയുടെ ഏറ്റവും വലിയ അളവു വരെ കണ്ടു പിടിക്കുവാനുള്ള പരീക്ഷണകോലുകൾ ശരീരത്തിൽ കെട്ടി വച്ച് എന്റെ ഡോക്ടർ, എന്നെ  നിരീക്ഷിച്ചുകൊണ്ടിരിക്കുവാ   ..ഇനി നിന്റെ പരീക്ഷണം കുടി വയ്യ ..നീ പോ മോനെ ദിനേശാ .." ലാലേട്ടനെപോലെ  പോലെ ചരിഞ്ഞു നിന്ന്, ഇല്ലാത്ത  മീശ പിരിച്ചു പറഞ്ഞെങ്കിലും, കോവിടൻ വിടാൻ ഭാവമില്ലായിരുന്നു. അവനും മക്കളും പയ്യൻസിന്റെ  മൂക്കിനും വായിനും മുൻപിലൂടെ, പിടിതരാതെ  പറന്നു നടക്കുന്ന ഈച്ചകളെ പോലെ മൂളൽ, മുരങ്ങൽ   ശബ്ദങ്ങളുമായി ചുറ്റി തിരിഞ്ഞു.
 
 പയ്യന്സ് തന്റെ N -95  മാസ്ക് ഒന്നുകൂടി ചേർത്ത് വച്ചു 'ഇമ്മളോടാ കളി...' എന്ന് മനസ്സിൽ പറഞ്ഞു . അകത്തുകയറുവാൻ ചെറിയ സൂത്രങ്ങൾ  പോര, എന്ന് മനസ്സിലാക്കിയ  കോവിടൻ തന്ത്രമൊന്ന് മാറ്റിപിടിച്ചു.
 
"ആട്ടെ , നീ ദൈവ വിശ്വാസി അല്ലെ ...?" കോവിടൻ ചോദിച്ചു 
 
"ഇതൊന്നും നിന്നോട് എനിക്ക് വെളിപ്പെടുത്തേണ്ട കാര്യമില്ല ..നീ ഇവിടെ നിന്ന് സ്ഥലം വിടാൻ നോക്ക് ", N -95 മാസ്‌ക് ഒന്നുകൂടി മുറുക്കുന്നതിനിടയിൽ പയ്യൻസ് പറഞ്ഞു 
 
"ആയിക്കോട്ടെ ....... പക്ഷെ ,എനിക്ക് കുറെ കാര്യങ്ങൾ ശേഖരിക്കേണം  ..അതിനു വേണ്ടിയാണ് ഉടയോൻ  എന്നെ ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നത്. അത് കിട്ടിക്കഴിഞ്ഞാൽ ഞങ്ങൾ പൊയ്ക്കൊള്ളാം  " കോവിടൻ വളരെ പതിഞ്ഞ സ്വരത്തിൽ  പറഞ്ഞു.
 
"ഉടയോൻ .....ആരാത് ..?" പയ്യൻസ് ചോദിച്ചു.
 
"ഉടയോൻ എന്നാൽ ... ഈ ഉലകത്തിന്റെ നാഥൻ ..... ദൈവം   ....!" കോവിടൻ പറഞ്ഞു    
 
"ങേ... അപ്പൊ നിന്നെ ദൈവം അയച്ചതാണോ.....ദൈവം, സ്വർഗ്ഗം, നരകം ഇതൊക്കെ ഉണ്ടോ ..?" പയ്യൻസ് ആശ്ചര്യപ്പെട്ടു 
 
 " ഉണ്ടോന്ന് ....  ദശലക്ഷക്കണക്കിന്  ഏക്കറുകൾ നീണ്ടുപരന്നു കിടക്കുന്ന സ്വർഗ്ഗം  ...നരകത്തിലാണേൽ സ്ഥലോം ഇല്ല ...തിരക്ക് കാരണം അവിടെ  നിന്ന് തിരിയാൻ ഇടമില്ല, സ്വർഗ്ഗത്തിന്റെ മതിൽ ഇടിച്ചു നിരത്തി നരകത്തിനു വലിപ്പം  ഉണ്ടാക്കുവാനുള്ള പ്ലാനും പദ്ധതികളും ആണ്..അതിനുള്ള സർവ്വേ നടക്കുവാ ..അടുത്ത വര്ഷം എത്രപേർ വരും എന്നുള്ള ഒരു കണക്കെടുക്കണം . അവിടെ ഒരു കണക്കെടുപ്പ് വളരെ  ബുദ്ധിമുട്ടാ .........ഇവിടെ നിന്നേ അതെടുക്കുവാൻ വേണ്ടി പറഞ്ഞുവിട്ടതാണ് എന്നെ.., പിന്നെ പുള്ളങ്ങൾ അവർ  എന്റെ കൂടെ കറങ്ങാൻ വന്നതാ .... മനസ്സിലായോ ? " കോവിടന്റെ ചിരി അന്തരീക്ഷത്തിൽ ഉയർന്നു,
 
" ഇവിടെ സ്വർഗത്തെയും,നരകത്തെയും കുറിച്ച് ധാരാളം  പ്രസംഗങ്ങളും പ്രഭാഷണങ്ങളും വാട്സാപ്പിലും  ഫേസ്ബുക്കിലും യു ട്യൂബിലും ഒക്കെ ചുറ്റിത്തിരിയുന്നുണ്ട്  ..അപ്പൊ സംഗതി സത്യാണ് ........!" സംശയമുഖവുമായി പയ്യൻസ് നിന്നു.
 
"ഇതൊന്നും നിനക്കറിയില്ലല്ലേ .....കഷ്ടം, എന്നാൽ കേട്ടോളു ... സ്വർഗ്ഗം തെക്കുവടക്ക്- കിഴക്കുപടിഞ്ഞാറായി കിടക്കുന്നു,അതിൽ നിങ്ങൾ മലയാളികളുടെ   സ്വർഗ്ഗത്തെ പ്രധാനമായും മൂന്നായിട്ട്  തിരിച്ചിരിക്കുന്നു, ഏറ്റവും വടക്കേ  അറ്റത്ത്  പാൽ ഒഴുകുന്ന പാൽപ്പുഴ .." കോവിടൻ സോഷ്യൽ സ്റ്റഡീസ് ടീച്ചറെപ്പോലെ ക്ലസ്സെടുക്കാൻ തുടങ്ങി. 
 
"ഏതു തരം പാലാണ് ....ആട് ,പശു ,എരുമ ,ഒട്ടകം .." ഒരു മണ്ടൻ  വിദ്യാർത്ഥിയുടെ സംശയം പോലെ പയ്യൻസ് ചോദിച്ചു.  
 
"അങ്ങനെ പ്രത്യേകം രുചി എന്ന് പറയാൻ കഴിയില്ല ..... നീ മനസ്സിൽ ഏതു പാല് വേണമെന്ന് വിചാരിക്കുന്നോ, ആ രുചിയും, ഗുണവും, മണവും ആയിരിക്കും ആ പുഴയിൽ നിന്ന് കോരുന്ന പാലിന്....... ",  കോവിടൻ പറഞ്ഞു 
 
"അവ്ടെ ബൂസ്റ്റിന്റെ ഒരു പാറ ഉണ്ട്, അതിനെ ചുറ്റി  പാൽപ്പുഴ ഒഴുകുമ്പോൾ ...ബൂസ്റ്റ് പാലാകും ...." പീപ്പി  ശബ്ദത്തിൽ ഒമൈക്രോൺ പറഞ്ഞു 
 
" കോംപ്ലാൻ പാറയും ഉണ്ട് ...."  ഡെൽറ്റൻറെ ചിരട്ട ശബ്ദവും  ഒപ്പമെത്തി. 
 
" മിണ്ടാതിരിയെടാ ....ഒരു വിധത്തിൽ അടുത്തുവരുകയാണ് .... ഒന്ന് പറഞ്ഞു തീർക്കട്ടെ " കോവിടൻ മക്കളെ ശാസിച്ചു 
 
"പിന്നെ.....?" ,  ഉദ്‌വേഗത്തോടെ പയ്യൻസ് ചോദിച്ചു 
 
" അതിനടുത്തായി തേനൊഴുകുന്ന പുഴ ..." കോവിടാൻ വിവരണം തുടർന്നു.
 
"അവിടെയും ഞാൻ മനസ്സിൽ വിചാരിക്കുന്ന മുറക്ക് ചെറുതേനിന്റെയോ ,വൻതേനിന്റെയോ രുചിയായിരിക്കും അല്ലെ ....?" പയ്യൻസ് ഇടയ്ക്കു കയറി പറഞ്ഞു 
 
"സംശയമെന്ത്.....അപ്പോൾ കാര്യങ്ങൾ നീ മനസിലാക്കിക്കഴിഞ്ഞു ." തെല്ലുത്സാഹത്തോടെ കോവിടൻ പറഞ്ഞു  
 
"പിന്നെ എന്തൊക്കെ ആണ് ....?" പയ്യൻസിന്റെ സംശയം തീർന്നില്ല. 
 
"പിന്നെ......... ബിരിയാണി മല, കുഴിമന്തി കുന്ന്, പപ്പട മരം ,സലാഡ്  തോട് ..അങ്ങനെ പോകുന്നു വടക്കേ  സ്വർഗ്ഗത്തിലെ കാര്യം......" ഉത്സാഹപൂർവ്വം കോവിടൻ പറഞ്ഞു.
 
" അപ്പൊ ,അവിടെ തീറ്റയും കുടിയും മാത്രമേ ഒള്ളോ .....മറ്റ് ആക്ടിവിറ്റീസ് ....?" പയ്യന്സിന്റെ ചോദിച്ചു തീരുന്നതിനു മുൻപ് കോവിടന്റെ മറുപടി വന്നു, " സുഭിക്ഷമായ ഭക്ഷണം കഴിഞ്ഞാൽ പിന്നെ റീലാക്സേഷനു വേണ്ടി എഴുപത്തിരണ്ട്   ഹൂറിമാരുടെ ബെല്ലി ഡാൻസ് ...... ഹപ്പാ ..... അത് കാണേണ്ടത് തന്നെയാ.... !" 
 
വടക്കേ സ്വർഗ്ഗത്തിലെ കാര്യങ്ങൾ, പയ്യൻസ് ഭാവനയിൽ ആസ്വദിക്കുന്നതിനിടയിലാണ് ,തെക്കേ സ്വർഗ്ഗത്തിലെ കാര്യങ്ങൾ കോവിടൻ പറയുവാൻ തുടങ്ങിയത്.  
 
" തെക്കേ സ്വർഗത്തിൽ കാര്യങ്ങൾ വിഭിന്നമാണുട്ടോ  ....... അവിടെ തടാകങ്ങളാണ് ...സാമ്പാറു തടാകം ,രസതടാകം ,അവിയൽ കണ്ടം, തോരൻ കുന്ന്  .. ബിരിയാണി മലക്ക് പകരം ചോറുമല........ഇനി ചോറുമല തന്നെ പലവിധത്തിൽ ഉണ്ട്,  കുത്തരിമല ,വെള്ളരിമല ,പച്ചരിമല ..അങ്ങനെ പോകും അവയുടെ പേരുകൾ. പിന്നെ അവിടെ പപ്പടമരം, വടമരം, തൈര്,ശാദ, പായസ പടവുകൾ .........എന്റെർറ്റൈൻ വിഭാഗത്തിൽ അപ്സരസുകളുടെ പാട്ടും, ഡാൻസും..."   
 
"അപ്പൊ കിഴക്കും പടിഞ്ഞാറും   ..." ധൃതികൂട്ടി പയ്യൻസ് ചോദിച്ചു 
 
" എന്താപ്പാ ഇത് ..തെക്കും വടക്കും ഉണ്ടേൽ പടിഞ്ഞാറും കിഴക്കും കാണും. പക്ഷെ, അവിടം മറ്റു ചിലർക്കുവേണ്ടി മാറ്റി വച്ചിരിക്കുകയാണ്....പക്ഷെ മലയാളികൾക്ക്, തെക്കിനും വടക്കിനുമിടയിൽ  നടുവിലായി മൂന്നാമതൊരു സ്വർഗ്ഗവും കൂടിയുണ്ട്  ..."
 
 " നടുവിശേഷങ്ങൾ കുടി പറ ,കേൾക്കട്ടെ .." പയ്യൻസ് അക്ഷമനായി. 
 
" ഹെന്റെ പൊന്നെ .......എന്നാ പറയാനാ  ....അവിടെ തലങ്ങും വിലങ്ങും ആറുകളാണ് ,വിസ്കി ആറ്, ബ്രാന്ഡി ആറ്, നാടൻ പട്ട ഒഴുകുന്ന അരുവികൾ,  ഇരുപത്തിനാലു മണിക്കൂറും കള്ള് ചുരത്തുന്ന  പനകളും  തെങ്ങുകളും....  അങ്ങനെ പോകുന്നു അവിടുത്തെ വിശേഷങ്ങൾ...... മാത്രമോ, അവിടെ ബിരിയാണി മലയും ചോറുമലയും മാത്രമല്ല വെള്ളേപ്പ കുന്ന് ,പോത്ത് ഫ്രൈ കുന്ന് ,കോഴി കറി കുളം, മപ്പാസ് താറാവ് കിണർ,  മട്ടൻ സ്റ്റ്യൂ കുളം ......  തുടങ്ങി പറഞ്ഞാൽ തീരാത്ത വിശേഷങ്ങളാന്നെ  .."  കോവിടൻ പറഞ്ഞു നിറുത്തി 
 
വായിൽ വെള്ളമൂറി വന്നെങ്കിലും ആരും കാണാതെ സ്വയം ഇറക്കുന്നതിനിടയിൽ  പയ്യൻസ് ചോദിച്ചു, " അപ്പൊ അവിടെ മറ്റ് എന്റെർറ്റൈന്മെന്റ്സ് ....?'
 
"ഓ ..വിസ്കി ആറിലും ,ബ്രാൻഡി ആറിലും ഒന്ന് കുളിച്ചു കയറിയാൽ പിന്നെ വേറെന്ത് എന്റെടൈന്മെന്റ്സ്  ....?" പയ്യന്സിന്റെ മുഖത്തെ ഭാവഭേദങ്ങൾ ശ്രദ്ധിച്ചുകൊണ്ട് കോവിടൻ പറഞ്ഞു 
 
" അപ്പൊ സ്വർഗ്ഗത്തിൽ അകെ കുശാലാണ് .....പിന്നെന്തിനാണ് നീ എന്റെ വീട്ടിൽ വന്നു മസാലദോശയും കുഴിമന്തിയും ചോദിക്കുന്നത് .......ആ മലകളിൽ നിന്ന് എടുത്തങ്ങ് കഴിച്ചാൽ പോരെ ....?" മനസ്സിൽ നിന്നുയർന്ന സന്ദേഹം പയ്യൻസ് ചോദിച്ചു 
 
"അതെ പയ്യൻസ്  ....അതിനു ഞങ്ങൾക്ക് അനുവാദം ഇല്ല ..സ്വർഗ്ഗം  മനുഷ്യർക്ക് വേണ്ടി മാത്രമാണ് ...അവിടുത്തെ വിഭവങ്ങളും....   ഞങ്ങൾ നേരിട്ട് കഴിച്ചാൽ അതിനു രുചിയില്ല, മണമില്ല ,ഗുണവുമില്ല  ...അതുകൊണ്ടാണ്  അവ നിങ്ങൾ മനുഷ്യരുടെ തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ഞങ്ങൾ  അനുഭവിക്കുന്നത്...." കോവിടൻ പറഞ്ഞു  
 
"ഹും ...." പയ്യൻസ് ഒന്നിരുത്തിമൂളി  
 
പയ്യന്സിന്റെ മുഖത്തെ ഭാവഭേദം ശ്രദ്ധിച്ചതുകൊണ്ട് കോവിടൻ പറഞ്ഞു   "പക്ഷെ ,പ്രശ്നം അവിടെയും തീരുന്നില്ല, സ്വർഗ്ഗം ഉണ്ടായ അന്ന് മുതൽ ഇന്ന് വരെ അവിടെ താമസിപ്പിക്കുവാൻ ഉടയോന്  ആരെയും കിട്ടിയിട്ടില്ല..." .  
 
 പയ്യൻസ് ഒന്ന് ഞെട്ടി. അറിയാതെ ഉള്ളിൽ നിന്നും ഒരു സന്ദേഹം ഉയർന്നു , "ങേ .. ..അപ്പോൾ ഇവിടെ നിന്ന് അങ്ങോട്ടേക്കെന്ന് പറഞ്ഞു പോയ മുക്രി,തന്ത്രി, പാതിരിമാർ .."  
 
"അവരൊക്കെ പടി വരെ വരും .. പക്ഷെ,  കൈ വിട്ടുപോകും .... ചെന്ന് വീഴുന്നതെവിടെയാ ....?" ആ ചോദ്യം അവിടെ നിർത്തി കോവിടൻ പയ്യന്സിനെ ഒന്ന് പാളി  നോക്കി, തുടർന്നു ഉറച്ച സ്വരത്തിൽ  പറഞ്ഞു  "നരകത്തിൽ ......  നരകത്തിൽ തന്നെ ചെന്ന്  വീഴും..... ചെകുത്താന്റെ നരകത്തിൽ ..."  
 
"അപ്പോൾ നരകം.....?" അറിയാതെ തന്നെ പയ്യന്സിന്റെ ഉള്ളിൽ നിന്ന് ഈ ചോദ്യം ഉയർന്നു .
 
" കെടാത്ത അഗ്നി, ചാകാത്ത പുഴു, മുള്ളുമുരിക്കുകൾ ,ഹിംസ്ര ജന്തുക്കൾ ..വേണ്ട കൂടുതൽ പറഞ്ഞ് നിന്നെ പേടിപ്പിക്കുന്നില്ല ..... ഒരു കാര്യം പറയാം നരകത്തിലേക്കുള്ള തിരക്ക് കുറക്കുവാനുള്ള ശ്രമത്തിലാണ് ഉടയോനും, ചെകുത്താനും   ... ഞാൻ നേരത്തെ പറഞ്ഞപോലെ രണ്ടു കാര്യങ്ങളാണ് ചെകുത്താൻ  മുന്നോട്ടു വച്ചിരിക്കുന്നത് ഒന്നുകിൽ സ്വർഗ്ഗം പകുതി ഇടിച്ചു നിരത്തി നരകമാക്കുക  ...അല്ലെങ്കിൽ ഗ്രേഡ് കുറഞ്ഞ പാപം ചെയ്തിട്ടുള്ളവരെ കണ്ടുപിടിച്ചു നരകത്തിൽ വിടാതെ നേരെ സ്വർഗത്തിലേക്ക് കയറ്റി അയക്കുക .....ആ സർവ്വേയുടെ ഭാഗമായിട്ടാണ് ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നത്....... "
 
 പയ്യൻസ് എന്തൊക്കെയോ ആലോചിച്ചു നിന്നു , അല്പം കഴിഞ്ഞു പറഞ്ഞു , " ഒരു വിധകണക്ക്  വച്ച് നോക്കിയാൽ  ഞാൻ ചെകുത്താന്റെ നരകത്തിലേക്കാണ് പോകേണ്ടത്....  സ്വർഗ്ഗവാസിയാകാൻ തീർത്തും  യോഗ്യനേ അല്ല ......  നീ വിചാരിച്ചാൽ അവിടെ കടന്നുകൂടാൻ  എന്തെങ്കിലും  ഒരു വഴിയുണ്ടാകും   അല്ലെ  ...?" 
 
കോവിടൻ ഉത്സാഹഭരിതനായി പറഞ്ഞു   "സംശയമെന്ത് ? ..നിന്റെ മുഖം പൂർണമായി ഒന്ന് കാണട്ടെ എന്നാലല്ലേ നിന്നെ അങ്ങ് തള്ളിവിടാൻ പറ്റൂ .. നിന്റെ മാസ്ക് ഒന്നഴിച്ചേ ....കാണട്ടെ  " 
 
" നീ തീർച്ചയായും കയറ്റി വിടുമോ ..?" സംശയം തീരാതെ പയ്യൻസ് ചോദിച്ചു 
 
"ഇത്രയുമായിട്ടും നിനക്കെന്നെ  വിശ്വാസമായില്ല അല്ലെ  ..? സ്വർഗ്ഗത്തിലെ രഹസ്യങ്ങൾ  മുഴുവൻ പറഞ്ഞു തന്നതല്ലേ ?"
 
പയ്യൻസ് ചഞ്ചലചിത്തനായി. സ്വർഗ്ഗത്തിലെ സുഖസൗകര്യങ്ങൾ അറിയാതെ മനസ്സിൽ ഓടിയെത്തി .... N -95 മാസ്ക് മുഖത്ത് നിന്ന് മാറ്റണമോ .....? ആകപ്പാടെ സംശയമായി....സാരമില്ല ഒരു നിമിഷനേരത്തേക്കല്ലെ ....പയ്യൻസ്  മാസ്ക് ഒന്ന് പതുക്കെ ഉയർത്തി.
 'ടക് ...' എന്നൊരൊച്ചയും പൊട്ടിച്ചിരിയും  ആയിരുന്നു പിന്നീടുണ്ടായത്  ....മൂക്കിന്റെ ഉള്ളിൽ പീപ്പിവിളിയുടെ ശബ്ദം.....  തൊണ്ടയിൽ നിന്നും ചിരട്ട ഉരക്കുന്ന ശബ്ദം ....കണ്ണുകളിൽ മുളകുവെള്ളം പോയതുപോലെയുള്ള തോന്നൽ  .. പയ്യൻസ് വിളറി വെളുത്തു. " വഞ്ചകൻ ,ദുഷ്ടൻ, ചൂഷകൻ  ...തുടങ്ങി പല നാമവിശേഷണങ്ങളും കോവിടനെ വിളിച്ചുനോക്കിയെങ്കിലും, അതൊന്നും കേൾക്കാതെ കോവിടനും മക്കളും കുടി പയ്യന്സിന്റെ ശരീരത്തിൽ ഉത്സവമേളം നടത്തുവാൻ തുടങ്ങി. 
 
ആ പടയോട്ടം തുടരുന്നതിനിടയിൽ,  കോവിടൻ  തൊണ്ടയിൽ ഇരുന്നു വിളിച്ചു ചോദിച്ചു, " വിശക്കുന്നു ഇന്നെന്താ കഴിക്കാൻ .......?"
പയ്യൻസ് മറുപടി പറഞ്ഞില്ല. വേപ്പർ വിക്സ് മൂക്കിന്റെ തുമ്പത്ത് പുരട്ടി,നൂറു ഡിഗ്രി ചൂടുള്ള ശക്തമായ ആവി അകത്തേക്ക് കയറ്റി വിട്ടു. ഒരു നിമിഷനേരത്തേക്കു കോവിടാൻ എവിടെയോ മറഞ്ഞുവെന്നു തോന്നി.   
 
സാവധാനം പയ്യൻസ്, ചുടാറുവാൻ തുടങ്ങിയ, പയ്യത്തി ഉണ്ടാക്കിവച്ചിരുന്ന  തന്റെ ഇഷ്ടഭക്ഷണമായ നാടൻ കുത്തരികഞ്ഞിയും, എരിവുള്ള  തേങ്ങാചമ്മന്തിയും, അച്ചാറും,പപ്പടവും കഴിക്കുവാൻ തുടങ്ങി ...പക്ഷെ വായിൽ അല്പം പോലും  രുചിയുണ്ടായിരുന്നില്ല, തേങ്ങാച്ചമ്മന്തിക്ക് എരിവ് ഇല്ല , അച്ചാറിനു മണമോ, പപ്പടത്തിനു ഉപ്പോ ഇല്ല  .....ഇതെന്തു മറിമായം....... ഇന്നലെ വരെ കഴിച്ച  തന്റെ ഇഷ്ടവിഭവങ്ങൾ ....ഇന്ന് അവ  വെറും പിശറുകൾ......! 
 
ശരീരത്തിനുള്ളിൽ കോവിടന്റെയും മക്കളുടെയും ആർത്തലച്ചുള്ള ചിരി, ഇതിനിടയിൽ കോവിടൻ, പയ്യന്സിന്റെ  നാവിൻ  തുമ്പത്തു വന്ന്  ചോദിച്ചു,  " നീ ഇതെന്തു സാധനമാണ് കഴിക്കുന്നത് ...?" 
 
" ഇതാണ് കഞ്ഞി  ..നാട്ടിൽ നിന്ന് കൊണ്ടുവരുന്ന നല്ല നാടൻ കുത്തരി കൊണ്ടുള്ള കഞ്ഞി  .....!"
 
" ഈ കഞ്ഞി .എന്ത് സാധനമാടോ ..... ?" അസഹ്യത പ്രകടിപ്പിച്ചു കൊണ്ട് കോവിടൻ ചോദിച്ചു 
 
 "കൂടെയുള്ള ഈ മഞ്ഞപേസ്റ്റും, ചുവന്ന പേസ്റ്റും ഒത്തിരി ഇഷ്ടായി  ..അതെന്നാ അങ്കിളേ  .....? "  ഡെൽറ്റനും ഒമൈക്രോണും, പയ്യന്സിന്റെ  മൂക്കിന്റെ തുമ്പത്തു വന്നു ചോദിച്ചു.  
 
"മഞ്ഞപേസ്റ്  ചമ്മന്തി, ചുവന്നത് അച്ചാറ്  ....മക്കളെ ഇതും കഴിച്ചിട്ട് വേഗം പോണോട്ടോ "  വാത്സല്യപൂർവ്വം പയ്യൻസ് അവരോടു  മറുപടി പറഞ്ഞു 
 
"അതുള്ളതുകൊണ്ടു രക്ഷപെട്ടു .... കൂടെ കറുമുറെ ഉള്ള പപ്പടവും.... " ഒരു ദീർഘശ്വാസം വിട്ടു കൊണ്ട് കോവിടനും  പറഞ്ഞു 
 
 കഞ്ഞിക്ക്  തീരെ ഉപ്പില്ല എന്ന് തോന്നിയത് കൊണ്ട്, അതെടുക്കാൻ പയ്യൻസ് അടുക്കളയുടെ ക്യാബിനറ്റ് തുറന്നു, പെട്ടെന്നാണ് കാബിനറ്റിന് മുകളിൽ,  വാൾമാർട്ടിൽ നിന്ന് പയ്യത്തി വാങ്ങി വച്ചിരുന്ന  കെട്ടഴിഞ്ഞുപോയ ഗലാ ആപ്പിളിന്റെ  കൂടിൽ നിന്ന് 
ഒരു ആപ്പിൾ അയാളുടെ തലയിൽ  വന്നു പതിച്ചത് , ഒരു നിമിഷം പയ്യന്സിന്റെ  തലയിൽ ഒരു നൂറു വാട്സ്  ബൾബ് കത്തി..... ചില കുരുക്കുകൾ അഴിയുന്നതായി തോന്നി  .....ആൽബർട്ട് അയിൻസ്റ്റീനെ പോലെ പയ്യൻസ് അൽപനേരം ആലോചിച്ചു നിന്നു.... , 
 
പിറ്റേ ദിവസ്സം മുതൽ ചമ്മന്തി കഴിക്കാതെ  ആയി, അച്ചാറ് സിങ്കിൽ ഒഴിച്ചുകളഞ്ഞു, പപ്പടം പൊടിച്ചു കാറ്റിൽ പറത്തി    ... പിന്നീട്  കഞ്ഞി, .....കഞ്ഞി മാത്രം  കുടിക്കുവാൻ  തുടങ്ങി. 
 
ദിവസ്സം രണ്ട്, മുന്ന്,നാല്‌ ..
 
നാലാം ദിവസ്സം കോവിടൻ പറഞ്ഞു, "നിർത്തി..... ഞങ്ങൾ  പോകുവാ ..നിന്റെ കഞ്ഞി ..! ഹോ അസഹനീയം ..! ദേ അപ്പുറത്ത് ഒരു വെളുമ്പൻ ബാർബിക്യു ഉണ്ടാക്കുന്നു ..ഞങ്ങൾ  അങ്ങോട്ട് പോകുവാ.... വാടാ മക്കളെ ...ഇറങ്ങിപോരെ .... !"
 
പയ്യൻസ് ഊറി  ഊറി ചിരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക