Image

ലാന (കവിത) - പീറ്റര്‍ നീണ്ടൂര്‍

പീറ്റര്‍ നീണ്ടൂര്‍ Published on 08 July, 2012
ലാന (കവിത) - പീറ്റര്‍ നീണ്ടൂര്‍
എന്തു പറഞ്ഞാലും കുറ്റം
നിന്റേതല്ലേ വാവേ
നീ ജനിച്ചന്നത്തെ 'ലാന' യോഗത്തില്‍
എന്നെ ക്കാണാഞ്ഞപ്പോള്‍ ഏവരും ആരാഞ്ഞു.
കണ്ടവരോടെല്ലാമുത്തരം നല്‍കി ഞാന്‍
കൊച്ചുമോളുണ്ടായി ലാന ന്നു പേരിട്ടു
(എന്തു പറഞ്ഞാലും….)

ചോറിനു വേവല്പം കൂടിപ്പോയാലും,
കറികള്‍ക്കുപ്പു ചേര്‍ക്കാന്‍ മറന്നുപോയാലും,
വേണ്ടാത്ത ദീപങ്ങളണക്കാന്‍ വിട്ടാലും,
അടുക്കളത്തോട്ടത്തില്‍ വെള്ളമൊഴിക്കാഞ്ഞാല്‍
(എന്തു പറഞ്ഞാലും….)

സന്തോഷമായാലും സന്താപമായാലും,
ചിന്തയിലാദ്യം ഉയരുന്നു നിന്‍ രൂപം,
പങ്കിലമല്ലാത്ത നിന്‍ ചിരികാണുമ്പോള്‍,
ചങ്കിലെ ദുഃഖങ്ങള്‍ എല്ലാം മറക്കും ഞാന്‍
(എന്തു പറഞ്ഞാലും….)

ആദ്യമായ് നിന്നെ ഞാന്‍ കോരിയെടുത്തപ്പോള്‍
പഥ്യമായ് നയനങ്ങള്‍ അന്യോന്യംതഴുകി.
പല്ലില്ലാമോണകാട്ടി പുഞ്ചിരിതൂകിയതും,
ചെല്ലപ്പേരോതീട്ടൊരു മുത്തം തന്നില്ലേ.
എന്തു പറഞ്ഞാലും എല്ലാം
നിന്നെപറ്റിമാത്രം.

കൊഴിഞ്ഞുപോം ദിനങ്ങളും
പിറന്നിടും പുലരിയും
മിഴിതുറക്കും വേളയും
മിഴികള്‍ പൂട്ടും വേളയും
വഴുവഴുത്ത ഭാഷയാല്‍
കുഴഞ്ഞുകൊഞ്ചും നിന്‍ മൊഴി
തഴുകുമെന്റെ ഹൃത്തടത്തി-
നായിരം കുളിര്‍മ്മകള്‍!!!!
ലാന (കവിത) - പീറ്റര്‍ നീണ്ടൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക