Image

അട്ടപ്പാടി ; നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം

ജോബിന്‍സ് Published on 07 December, 2021
അട്ടപ്പാടി ; നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം
അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ ആരംഭിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം മന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന ആരോപണം ഉന്നയിച്ച ആശുപത്രി സൂപ്രണ്ടും നോഡല്‍ ഓഫീസറുമായ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. 

കോട്ടത്തറ ആശുപത്രി മാനെജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചെന്ന ഡോ. പ്രഭുദാസിന്റെ ആരോപണത്തിന് പിന്നാലെയാണ് സിപിഎമ്മിന്റെ പ്രത്യാരോപണം. ആശുപത്രിയിലെ വിവിധ വിഷയങ്ങളില്‍ പ്രഭുദാസ് അഴിമതി നടത്തിയെന്നും എല്ലാം സിപിഎം നേതാക്കളുടെ തലയില്‍ കെട്ടിവച്ച്
രക്ഷപെടാന്‍ അനുവദിക്കില്ലെന്നും പ്രാദേശിക നേതാക്കള്‍ പറഞ്ഞു. 

സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗവും പുതൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ രാജേഷ് എന്നിവരാണ് പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയര്‍ത്തി രംഗത്തെത്തിയത്. കാന്റീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടര്‍ വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം രാജേഷിന്റെ ആരോപണം.

ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂപ്രണ്ട് ബിനാമിയെവച്ചാണ് ചെയ്യിക്കുന്നതെന്നും  സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവ് വരുന്നതിന് മുമ്പെത്താനുള്ള വ്യഗ്രതയായിരുന്നു മന്ത്രിക്കെന്നായിരുന്നു പ്രഭുദാസിന്റെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക