Image

ദൈവം തിരക്കിലാ..(കവിത: ഇയാസ് ചൂരല്‍മല)

ഇയാസ് ചൂരല്‍മല Published on 12 November, 2021
ദൈവം തിരക്കിലാ..(കവിത: ഇയാസ് ചൂരല്‍മല)
നിത്യവും കൈകൂപ്പിടാന്‍
കരമുയര്‍ത്തി കേണിടാന്‍
പാപങ്ങള്‍ കുമ്പസരിച്ചിടാന്‍
പള്ളിമേടകള്‍ അമ്പലമുറ്റങ്ങള്‍
തേടിയലയുന്നവരുണ്ട്

എത്ര
പള്ളിമിനാരങ്ങള്‍ കണ്ടിട്ടും
കുങ്കുമം തൊട്ടിട്ടും
കുരിശു വരച്ചിട്ടും
ആവലാതികളൊന്നുമെ
പടിയിറങ്ങിയതില്ല

മുന്നില്‍ കൈ നീട്ടും
അന്യനെ കാണാറില്ല
ഭണ്ഡാരപ്പെട്ടിക്കപ്പുറമിരിക്കും 
ഒട്ടിയ വയറുകള്‍
കണ്ടതായ് നടിക്കാറില്ല

പിന്നെയെങ്ങനെ
വിളികേട്ടീടാനാ ദൈവം
നിന്‍ കണ്ണില്‍ കാണാത്തവരെ
ചേര്‍ത്തു പിടിക്കാനുള്ള
തിരക്കിലാ ദൈവം

പശിയെന്തെന്നറിഞ്ഞ
രുചിയൊട്ടും വറ്റിടാത്ത
ആളും വയറുകള്‍ക്കായന്നം
വിളമ്പുന്ന തിരക്കിലാ

ചുവരെന്തെന്നറിയാത്ത
കയറിയിരിക്കാനായൊരിടം
കാണിക്കാനില്ലാത്ത
പീടികത്തിണ്ണയില്‍ വിറയാര്‍ന്നുറങ്ങും
മനുഷ്യരെ പുതപ്പിക്കുന്ന തിരക്കിലാ

ഇത്തിരി നേരത്തെ
സുഖം തേടി
വയറുന്തി വരുമ്പോള്‍
ചവറ്റുകൊട്ടയിലെറിയപ്പെട്ട കുഞ്ഞിനെ
പുതു ലോകം കാണിക്കുന്ന
തിരക്കിലാ ദൈവം

എല്ലാം നഷ്ട്ടമായ്
ഉറ്റവരുടയവര്‍ കൈ മലര്‍ത്തി
മരണം കൊതിക്കുന്നവന്റെ
തോളില്‍ കൈവെച്ച്
തിരികെ നടത്തുന്ന
തിരക്കിലാ ദൈവം

ഇങ്ങനെ ഇങ്ങനെ
ചവിട്ടി താഴ്ത്തപെടുന്നവന്റെ
കണ്ണീരു വറ്റാത്തവരുടെ
കൈ പിടിച്ചു നടക്കുന്ന
തിരക്കിലാ ദൈവം 

ദൈവത്തെ കാണാന്‍
നീ മറ്റുള്ളവര്‍ക്കുമുന്നില്‍
ദൈവമായ് മാറുക
ദൈവം മറ്റുള്ളവരിലൂടെ
നിന്‍ മുന്നില്‍ പ്രത്യക്ഷമായിടും..!

Join WhatsApp News
Sudhir Panikkaveetil 2021-11-13 00:43:56
ശ്രീ റിയാസ് ചൂരൽമല. വളരെ അർത്ഥവത്തായ കവിത.. ദൈവം റിയാസിന്റെ കൈ പിടിച്ച് ഇങ്ങനെയൊക്കെ എഴുതിയിക്കുന്ന തിരക്കിലുമാവാം. നിങ്ങളുടെ മറ്റേ കവിതയും വായിച്ചു. ഭക്ഷിക്കാൻ കഴിയാത്ത നോട്ടുകെട്ടുകൾ നേടുന്നതിൽ ജനം തിരക്കിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക