Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 20 )

Published on 30 October, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 20 )
മൗസൂ പിന്നീട് അച്ഛൻ വരുന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ല .. സ്കൂൾ തുറക്കുന്നത് പ്രമാണിച്ച് വേണ്ട സാധനങ്ങൾ വാങ്ങുന്നതിന്റെ തിരക്കായിപ്പോയി.. എന്നാലും ദിനവും അവൾ അച്ഛനോട് സംസാരിച്ചിരുന്നു . മാധവ് , മുടങ്ങാതെ  ശുഭദിനവും  ശുഭരാത്രിയും  ആശംസിച്ചു .. ആമോദിനി തിരിച്ചും .  
മാധവ് തന്നിൽ  നട്ടുവളർത്തിയ വാശിയുടെ  തൈകളുടെ വേരുകൾ  കുറച്ചു താഴ്ന്ന് ഇറങ്ങിയിരുന്നു .. അത്രയെങ്കിലും വേണ്ടേ എന്നെ എനിക്ക്  രേഖപ്പെടുത്താൻ .ജയവും  പരാജയവും അല്ല, ചേതോവികാരങ്ങൾ മാത്രം. 

സ്കൂൾ തുറക്കുന്നതിനു തലേന്നാൾ മാധവ് വന്നെങ്കിലും രാത്രിയിൽ വീട്ടിലേക്കു വന്നില്ല. ആമോദിനിക്ക് അയാളെ ക്ഷണിക്കാനും തോന്നിയില്ല .
ബുധാനാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപേ  വീട്ടിലേക്കു വരണം ..പ്രാതൽ ഒന്നിച്ചു കഴിച്ചിട്ട് , മൂന്നുപേർക്കും ചേർന്ന് പോകാം എന്ന് പറഞ്ഞതിനാൽ മാധവ് സമയത്തിന് തന്നെ എത്തിച്ചേർന്നു .
മൗസൂ വല്ലാതെ സമ്മര്‍ദ്ദത്തിൽ ആണെന്ന് കണ്ടാൽ തന്നെ അറിയാം . പുതിയ സ്കൂൾ , ഭാഷ, അധ്യാപകര്‍, കൂട്ടുകാർ.. പുതിയൊരു ലോകത്തേക്കാണ് പോകുന്നത്...
മാധവ് അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .
നീ പെട്ടെന്ന് എല്ലാവരുമായി അടുക്കുന്ന പ്രകൃതമല്ലേ ? യു വിൽ ബി  
ഫൈൻ ..
അച്ഛൻ മകളോട് പറഞ്ഞു.

ഓഫീസ്‌ കാർ സ്വന്തം കാര്യത്തിന് ഉപയോഗിക്കാൻ ഇഷ്ടമില്ലാത്തതിനാൽ യൂബർ ബുക്ക് ചെയ്തു .
നടന്നു പോകാവുന്ന ദൂരമേയുള്ളൂ. എന്നാലും കാലത്തെ തന്നെ വെയിലുയരാൻ  തുടങ്ങിയിരുന്നു .

സ്കൂൾ അങ്കണം നിറഞ്ഞിരിക്കുന്നു . മാതാപിതാക്കളും , കുട്ടികളും , എല്ലാവരും സെൽഫിക്ക് പോസ് ചെയ്യുന്നു .
ഇന്ന് ഒരുമണിക്കൂർ മാത്രമേ ക്ലാസ് ഉള്ളു . അതുകൊണ്ട്  അടുത്തുള്ള കോഫി ഷോപ്പിൽ പോയി ഒരു കാപ്പി കുടിച്ചിട്ട് തിരികെ വരാമെന്നു മാധവ് പറഞ്ഞു .
മൗസൂ , ചിരിച്ചുകൊണ്ട്  ,ക്ലാസ്സിലേക്കു പോയി. അവളുടെ പരിഭ്രമം മാറിയെന്നു തോന്നി .
കോഫി ഷോപ്പിലേക്ക് പതുക്കെ നടക്കുമ്പോൾ , മാധവ് തന്നോട് ചേർന്ന് നടക്കാൻ ശ്രമിക്കുന്നത് പോലെ ആമോദിനിക്ക് തോന്നി .വികാരങ്ങളുടെ വൻ മതിൽ  തകർത്തുകൊണ്ട് വിജയത്തിൽ സന്തോഷിച്ച് ആമോദിനി അകലം പാലിച്ചു നടന്നു.ഇതൊന്നും എന്റെ അടുത്തു വിലപ്പോകില്ല എന്ന മട്ടിൽ .
സ്കൂൾ കുട്ടികളുടെ മാതാപിതാക്കളക്കൊണ്ട് നിറഞ്ഞിരുന്നു അവിടം .ഒരു മൂലയിൽ അവർക്കായി രണ്ടു കസേരകൾ ഒഴിച്ചിട്ടപോലെ .. മാധവ് രണ്ടു കാപ്പി ക്ക് ഓർഡർ കൊടുത്തു . ആമോദിനിക്ക് ഒന്നും പറയാനില്ലാത്ത പോലെ തോന്നി . അവൾ വെറുതെയങ്ങനെ ഇരുന്നു. മാധവ് ,ആമോദിനിയുടെ കാപ്പിയിൽ ഒരു സ്പൂൺ പഞ്ചസാര ഇട്ടു .വിവാഹത്തിന് മുൻപേ രണ്ടുപേരും കോഫി ഷോപ്പിൽ പോയതും മറ്റും ഓർമ്മ വന്നു . അന്നൊക്കെ എത്ര കരുതൽ ആയിരുന്നു .
തൻ്റെ ഇഷ്ടങ്ങൾ , സന്തോഷം അത് മാത്രമായിരുന്നു മാധവിന് മുഖ്യവും . മനുഷ്യർ  എത്രമാത്രം വിചിത്രമാണല്ലേ ? വർഷങ്ങളായി ഒന്നിച്ചുകൂടെ ഉണ്ടാകുമ്പോൾ നാം ഓർക്കും , നമുക്ക് അവരെ മുഴുവനായി അറിയാമെന്ന് , അവർക്കു നമ്മെളെയും ... പെട്ടെന്ന് ഒരു ദിവസം ഇതിനു മുൻപേ കണ്ടിട്ടേയില്ല എന്ന മട്ടിലാണ് ഓരോരോ  ഭാവങ്ങൾ.

മൗസിവിനു സ്കൂൾ ഇഷ്‌ടമാകും , മോദിനി അതോർത്തു ടെൻഷനടിക്കേണ്ട ..
ഉം ... മാധവ് പറയുന്നതു കേട്ട് അവൾ വെറുതെ മൂളി.
ഇന്ന് ലീവ് അല്ലെ ?
നമുക്ക് വൈകിട്ട് വെളിയിൽ ഡിന്നർ കഴിച്ചാലോ ?
ആയിക്കോട്ടെ , അതിനെന്താ ?
മിക്കവാറും സെപ്റ്റംബറിൽ എനിക്ക് ഇങ്ങോട്ടു മാറ്റം കിട്ടും , അമ്മയോട് ഇപ്പോൾ പറയുന്നില്ല , കിട്ടിയിട്ട് പറയാം ..
മാധവ് ഇങ്ങോട്ടു പോന്നാൽ , ചേച്ചി  അമ്മയുടെ കാര്യം അന്വേഷിക്കില്ലേ ?
ചോദിച്ചു കഴിഞ്ഞപ്പോൾ ആണ് ഓർത്തത് , ഇത് തന്റെ വിഷയമല്ലല്ലോ എന്ന് .. 
പിന്നെ എന്തിനാണ് ആ ചോദ്യം ചോദിച്ചത് ... ആമോദിനി തന്നോടു തന്നെ ചോദിച്ചു.
ചേച്ചിയോട് സൂചിപ്പിച്ചു , മൗസുവിന് ആതായിരിക്കും നല്ലതെന്നു ചേച്ചിയും പറഞ്ഞു ..
അവൾ വലിയ കുട്ടിയായി വിവാഹം ഒക്കെ കഴിഞ്ഞാലും ,  ഇന്ന് നഷ്ടപ്പെടുന്നതൊന്നും നമുക്ക് കൊടുക്കാൻ സാധിക്കില്ല എന്നാണ് ചേച്ചി പറഞ്ഞത് ..
മാധവ് പറയുന്നതെല്ലാം
ആമോദിനി വെറുതെ കേട്ടിരുന്നു .
അപർണ സുഖമായിരിക്കുന്നുവൊ?
അവളുടെ വിവാഹമാണ് അടുത്ത മാസം ..
അതൊരു ഗുഡ് ന്യൂസ് ആണല്ലോ , ആരാ വരൻ ..?
ഇവിടെ തന്നെയുള്ള മലയാളി ആണ് , വിഭാര്യൻ ..
അപർണ എന്നെ വിളിക്കില്ലേ വിവാഹത്തിന് .. അതോ ഇപ്പോഴും പിണക്കമാണോ ?
പിണക്കം ഒന്നും ഇല്ല . അവളുടെ നമ്പർ അറിയില്ലേ .. നേരിട്ട് ഫോണിൽ  വിഷ് ചെയ്തോളു ..

മാധവ് തന്നോട് വേറെ എന്തെങ്കിലും ചോദിക്കും എന്ന് ആമോദിനി കരുതി.. പക്ഷെ അതുണ്ടായില്ല .
സ്കൂളിലേക്കു തിരികെ നടക്കുമ്പോൾ , അയാൾ പതുക്കെ അവളുടെ കയ്യിൽ സ്പർശിക്കാൻ ശ്രമിച്ചു . എന്നാൽ അത് അറിയാത്ത ഭാവത്തിൽ ആമോദിനി കുറച്ച് അകലം പാലിച്ചു നടന്നു . 
മാനം നോക്കിനടന്ന നാളുകൾ , മാധവിന്റെ മാത്രം മഴവില്ലാകാൻ ആഗ്രഹിച്ചു .
മഴ പെയ്യുന്നതു പോലും തങ്ങളെ രണ്ടുപേരെയും സ്നേഹത്തിൽ , കുളിപ്പിക്കാനെന്നു കരുതി .പിന്നെ നനഞ്ഞതു മുഴുവൻ മോഹഭംഗങ്ങളിലായി. വിതുമ്പിയ ചുണ്ടുകൾ ...അത്  കൊട്ടിയടച്ചിട്ട് ഏറെനാളായി .
കഴിഞ്ഞ കാര്യങ്ങൾ  , തനിക്ക് ഏറ്റ ഓരോ മുറിവുകൾ പോലും 
ജീവിക്കാൻ തന്നെ പാകപ്പെടുത്തി . ഇതിനും മേലേ തന്നെ വേദനിപ്പിക്കാൻ ആർക്കും സാധിക്കില്ല എന്നത് സത്യമാണ് . വികാരങ്ങൾ ഉറഞ്ഞുപോയി .
ആമോദിനിക്ക് ഉള്ളിൽ ചിന്തകൾ കുരുങ്ങി .
അതിൽ മുഴുകി നിൽക്കുമ്പോൾ ഒരു പൂമ്പാറ്റയെ പോലെ മൗസൂ ഓടി വന്നു. രണ്ടുപേരുടെയും നടുവിലേക്ക് . അവൾ തങ്ങളെ രണ്ടുപേരെയും ചേർത്തുപിടിച്ചപ്പോൾ ആമോദിനിയുടെ മനസ്സിൽ ഒരു വേദന മിന്നിപ്പടർന്നു. എന്നാൽ മാധവ് ആ നിമിഷം ആസ്വദിച്ചതു പോലെ തോന്നി .
അച്ഛനും അമ്മയ്ക്കും നടുവിലായി മൗസു ഉൽസാഹം പൂണ്ട് വീട്ടിലേക്കു തിരികെ നടന്നു.
പെൺകുട്ടികളാണ്  നമ്മുടെ ക്ലാസ്സിൽ കൂടുതലും ..അവൾ പറഞ്ഞു 
ആരെയെങ്കിലും കൂട്ട് കിട്ടിയോ ?
വളരെ കുറച്ചു കുട്ടികളേയുള്ളു ആ സ്കൂളിൽ തന്നെ പഠിച്ചവർ , ബാക്കി എല്ലാവരും മറ്റു സ്കൂളുകളിൽ നിന്നും വന്നവരാണ് .
ടീച്ചർ ചോദിച്ചു , എന്തിനാണ് കോമേഴ്‌സ് എടുത്തതെന്ന് ..
അമ്മയെപ്പോലെ ഒരു ബാങ്കർ ആകാനാണ് ആഗ്രഹമെന്ന് ഞാൻ പറഞ്ഞു .
അടുത്തിരുന്ന കുട്ടി , അവളുടെ അച്ഛനും ബാങ്കിൽ തന്നെയാണ് ജോലി .
പേടിച്ച പോലെ ഒന്നുമില്ല , എനിക്ക് ആ അന്തരീക്ഷം ഇഷ്ടമായി ..
മൗസു പിന്നെയും എന്തൊക്കയോ കലപില സംസാരിച്ചുനടന്നു.

അക്കാ വിശക്കുന്നു എന്നും പറഞ്ഞാണ് അവൾ വീട്ടിലേക്കു കയറിയത് .
ഉച്ച ഭക്ഷണത്തിനു ശേഷം , മാധവ് , മൗസുമിയുടെ മുറിയിലേക്ക് പോയി .
രണ്ടു പേരുടെയും ചിരിയും  വർത്തമാനവും ആമോദിനി കേൾക്കുന്നുണ്ടായിരുന്നു , അവിടേക്കു പോകാൻ അവൾക്കു തോന്നിയില്ല .
ഓഫീസിൽ നിന്നു വന്ന രണ്ടു മൂന്ന് ഫോൺ കോളുകൾക്ക് മറുപടി പറഞ്ഞു.  അതു കഴിഞ്ഞു  കട്ടിലിൽ തലയണ ഉയർത്തി ആ മോദിനി കിടന്നു. അപർണയെ വിളിച്ചു സ്കൂൾ വിവരങ്ങളത്രയും ഒന്നും വിടാതെ പറഞ്ഞു കേൾപ്പിച്ചു .

രാത്രിയിലെ ഡിന്നറിനു ശേഷം മാധവ് വീട്ടിലേക്കു വന്നു .മൗസൂ ഉറങ്ങാൻ പോയപ്പോൾ , അയാൾ പതുക്കെ ആമോദിനിയുടെ കൈപിടിച്ച്  സോഫയിൽ ഇരുത്തി.
വിസമ്മതം പ്രകടിപ്പിക്കുന്നതിന്അവസരം  കൊടുക്കാതെ .. 
വലതുകരം അവളുടെ കരങ്ങളിൽ ചേർത്തു വെച്ച് ചെറിയ ശബ്ദത്തിൽ
അയാൾ പറഞ്ഞു.
മോദിനി എന്നോട് ക്ഷമിക്കണം , നീ തിരികെ എന്റെ ജീവിതത്തിലേക്ക് വരണം .. മൗസുവിനു വേണ്ടി മാത്രമല്ല , എനിക്ക് വേണ്ടിയുംകൂടെ ..
മാധവിന്റെ പെരുമാറ്റത്തിലും വർത്തമാനത്തിലും ആദ്യം ആമോദിനി ഒന്നു പതറിയെങ്കിലും പെട്ടെന്ന് അവൾ അയാളുടെ കൈവിടുവിച്ച് പിടഞ്ഞെണീറ്റു.
എന്നെ എന്തിനാണ് നിങ്ങൾ ഉപേക്ഷിച്ചതെന്ന് ആദ്യം പറഞ്ഞു തരൂ മാധവ് ... 
നിറഞ്ഞു വന്ന കണ്ണുകളടച്ച് പതറാത്ത സ്വരത്തോടെ
ആമോദിനി ചോദിച്ചതു കേട്ട് അപരാധിയെപ്പോലെ തല കുമ്പിട്ടിരുന്നുപോയി മാധവ് ...
        തുടരും ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക