Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 16

Published on 01 October, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 16
മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ആമോദിനി കുറെ നേരം അങ്ങനെ തന്നെ നിന്നു. പിന്നെ, കട്ടിലിൽ തിരിഞ്ഞും , മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല .
മാധവിന്റെ ഈ വരവ് എന്തു ഭാവിച്ചാണ് ?  പറഞ്ഞു  തീർത്ത , ഇനി ആവർത്തിക്കാൻ സാധിക്കാത്ത , സ്നേഹ സല്ലാപങ്ങൾ  പൊളിഞ്ഞടർന്ന മൊഴിമുത്തുകൾ പിന്നെയും കോർത്ത് ഒരു മംഗല്യഹാരം ..
ഇനിയുമത് അയാളിൽ ചാർത്താൻ തനിക്കു സാധിക്കുമോ ? ചിന്താക്കുഴപ്പം ആണെന്നതാണ് സത്യം . 
ആമോദിനി മനസ്സിൽ പറഞ്ഞു.. മാധവ് നിങ്ങൾ എന്തിനാണ് എന്റെ സ്വസ്ഥത കളയാൻ വന്നത് !
ഞാൻ മാത്രമുള്ള ഒരു ലോകം പണിതുയർത്താൻ വളരെ കഷ്ടപ്പെട്ട് അതിൽ  കുറച്ചൊക്കെ വിജയിച്ചു എന്നു തോന്നി തുടങ്ങിയിരുന്നു . അപ്പോൾ  വീണ്ടും വന്നെന്നെ ...
എന്നിട്ട് ആ ലോകമൊന്നാകെ ചുട്ടെരിച്ചിട്ട് ആ തീയിലേക്ക് എടുത്തുചാടാൻ വിളിക്കുകയാണോ നിങ്ങൾ ?
എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല . അടുത്ത മുറിയിൽ നിന്നും മാധവിന്റെ കൂർക്കം വലി കേട്ടത്പോലെ .. ഇല്ല , വെറുതെ തോന്നിയതാണ് . ഒരു പഴയ ഓർമ അത്രേയേയുള്ളൂ .
ഓർത്തു കിടന്ന് വീണ്ടും മയങ്ങിപ്പോയി .. സമയം നോക്കിയപ്പോൾ ആറുമണി, അൻപ് വരാൻ ഇനിയും ഒരു മണിക്കൂർ . എഴുന്നേറ്റ് അടുക്കളയിൽ പോയി ചായ ഇട്ടു . മാധവിന് നാരങ്ങാചേർത്ത കടുംചായ മതി.. അത് കപ്പിലേക്കു പകരുമ്പോൾ പുറകിൽ കാൽപ്പെരുമാറ്റം..
" മോദിനി എഴുന്നേറ്റോ ? "
" ഉറക്കം ശരിയായില്ല , എങ്കിൽ ഒരു ചായ ഇടാം എന്ന് കരുതി "
അയാൾക്കുള്ള കപ്പു കൈയ്യിൽ കൊടുത്തു . ഊണുമുറിയിലേക്ക് നടന്നു .
അവളുടെ പുറകിൽ അയാളും .
"എനിക്കും ഉറക്കം വന്നില്ല , സ്ഥലം മാറിക്കിടന്നതിനാൽ ആയിരിക്കും "
മേശക്കു മുഖാമുഖം ഇരുന്ന് പതുക്കെ ചായ ഊതിക്കുടിക്കുന്ന മാധവ് .
അയാളെ ആമോദിനി നോക്കി .. 
കഴിഞ്ഞ പ്രാവശ്യം കണ്ടതിലും വയസ്സായി. 
ഇത്ര ചെറിയ കാലയളവ് മനുഷ്യരുടെ വയസ്സ് കൂട്ടുമോ ? പക്ഷെ ഒന്നും ചോദിച്ചില്ല
" മുഖവുര ഇല്ലാതെ പറയെട്ടെ ?"
ചോദ്യഭാവത്തിൽ അവൾ അയാളെ നോക്കി
"എനിക്കും മുംബൈ മടുത്തുതുടങ്ങി . മൗസൂ ഇല്ലാത്ത, നീ ഇല്ലാത്ത ആ വലിയ പട്ടണം ..അവിടെ ഞാൻ ഏകനായപോലെ "
"കുറെ നാളുകളായി മാധവ് തനിയെ അല്ലെ താമസം ? പിന്നെയെന്താ പെട്ടെന്ന് അങ്ങനെ തോന്നാൻ.. "
"നേരാണ് , നമ്മൾ പിരിഞ്ഞതിന് ശേഷം തനിയെ  ആയിരുന്നു . എന്നാലും അടുത്ത് നിങ്ങൾ ഉണ്ടെന്നു ഞാൻ കരുതി . എന്തോ അറിയില്ല..
ചെന്നൈയിലേക്ക് ഞാനും ട്രാൻസ്ഫെറിനു ഓപ്ഷൻ കൊടുത്തു . 
മൗസൂ എന്നെ വല്ലാതെ മിസ് ചെയ്യന്നു ,ഞാൻ അവളെയും ."
ആമോദിനി ഒന്നും പറയാതെ അയാളെത്തന്നെ നോക്കിയിരുന്നു .
"മിക്കവാറും മൂന്നു മാസത്തിനകം എനിക്ക് ഇങ്ങോട്ടേക്കു ട്രാൻസ്ഫർ കിട്ടും .."
എന്നിലെ സ്നേഹം തട്ടിക്കളഞ്ഞ് എനിക്ക് നോവ് സമ്മാനിച്ചിട്ട് ...
സ്നേഹത്തിലെ ഒരംശം അതിനെ ആളിക്കത്തിക്കാൻ , കൊല്ലൻ തന്റെ ഉലയിലെ തീ പതുക്കെ ഊതി ക്കത്തിക്കുന്നപോലെ .. ആ ശ്വാസം വീണ്ടും ചാരത്തിൽ പൊതിഞ്ഞ അഗ്നിയെ തപിപ്പിക്കുകയാണോ..?

മാധവിനോട് എന്തൊക്കെയോ ചോദിയ്ക്കാൻ ഉണ്ടായിരുന്നു . പക്ഷെ അയാളെ വെറുതെ നോക്കിയിരിക്കാനാണ് തോന്നിയത് .
"മോദിനി എന്താണ് ആലോചിക്കുന്നത് ?"
" ഒന്നും ഇല്ല "
പക്ഷെ അറിയാതെ ആ ചോദ്യം , താൻ പലപ്പോഴായി തന്നോട് തന്നെ ചോദിച്ച ആ ചോദ്യം 
" സത്യത്തിൽ മാധവ് എന്തിനാണ് എന്നോട് വിവാഹമോചനം ആവശ്യപ്പെട്ടത് ?"
എന്നെയറിഞ്ഞതെന്ന് എൻ്റെ  സ്നേഹമറിഞ്ഞതെന്ന് എനിക്ക് തോന്നിയ ആൾ ഒരിക്കൽ പുറം തിരിഞ്ഞു പോകുമ്പോൾ തോന്നിയ വേദന .. എങ്ങനെയാണത്  വിശദീകരിക്കുക, അറിയില്ല.. "
" എനിക്കറിയാം അത് , മനസ്സിലായിട്ടുണ്ട്  , ഞാൻ പറയാം ഇന്നല്ല , ഒരു ദിവസം , ഇപ്പോൾ ഈ ദിവസത്തിന്റെ ആരംഭം എന്തിനാ വെറുതെ തമ്മിൽ അപ്രിയമായ കാര്യങ്ങൾ സംസാരിക്കുന്നത് : "
ഇയാളുടെ ഈ സ്വഭാവം ഉണ്ടല്ലോ , കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ അതിനെ നേരിടാൻ സാധിക്കാത്ത  നിലപാട് , അതാണ് എനിക്ക് ഇഷ്ടമില്ലാത്തത് ..  പക്ഷെ അത് പറഞ്ഞില്ല , കാരണം ഇത് എൻ്റെ വീടായിപ്പോയി .

രണ്ടുപേരുടെയും ഒഴിഞ്ഞ ചായക്കപ്പുമായി അടുക്കളയിലേക്ക് , ഈ വീട്ടിൽ സ്ഥിരമായി താമസിക്കുന്നവനെപ്പോലെ മാധവ് നടന്നു നീങ്ങി .
അന്നൊരിക്കൽ തമ്മിലകന്ന ദിനങ്ങളൊന്നിൽ അയാൾ നടന്നതു പോലെയല്ല തോന്നിയത് .. ഇപ്പോഴുള്ള അയാളുടെ ചിന്തകൾ ആമോദിനിക്ക് കാണാമായിരിന്നു.

ഉറക്കത്തിൽ നിന്നും മുഴുവനായും ഉണരാതെ മൗസൂ താഴേക്കു വന്നു . അമ്മയുടെ കട്ടിലിൽ കയറി കിടന്നു .. വർഷങ്ങൾക്ക് ശേഷം അവൾ തിരികെ വന്നു കട്ടിലിൽ കിടക്കുന്നപോലെ തോന്നി ആമോദിനിയ്ക്ക് .ഈ രണ്ടാഴ്ച അത്രക്കുമേൽ അവളുടെ അഭാവം തന്നെ വിഷമിപ്പിച്ചു എന്ന് അവളോർത്തു.

പ്രാതലിനു ശേഷം അച്ഛനും  മകളും ചെറിയ ഒരു ഷോപ്പിംഗിനു പോകുന്നു .മൗസൂ നിർബന്ധിച്ചിട്ടും , മാധവ് വിളിച്ചിട്ടും കൂടെപ്പോകാൻ തോന്നിയില്ല . 
ആണിക്കല്ലുകളുടെ അവശിഷ്ടങ്ങൾ തേടി.മനസ്സിന്റെ ഭാരം ഇറക്കാൻ , അപർണയോടു സംസാരിച്ചു ചടഞ്ഞു കൂടാനാണ് തോന്നിയത് .
ഉച്ചയൂണിനു അവർ എത്തുമെന്ന് പറഞ്ഞിട്ടാണ് പോയത് , വൈകുന്നേരം ആറുമണിക്കാണ് മാധവിന്റെ ഫ്ലൈറ്റ് . മൂന്നരയോടെ പോയാൽ മതി .
അടുക്കളയിൽ അൻപിനെ സഹായിച്ചു കൊണ്ടരുന്നപ്പോൾ, അപർണ വന്നു . മാധവിനെ കണ്ടിട്ട് വളരെയായി , ഇവിടെ വന്ന സ്ഥിതിക്ക് എങ്ങനെ തമ്മിൽ കാണാതെയിരിക്കും .
സത്യത്തിൽ , തന്നെക്കാൾ അപർണയാണ് അയാളെ അധികം വെറുത്തത്.
തൻ്റെ പ്രിയ കൂട്ടുകാരിയുടെ , ഹൃദയം തകർത്ത , ഏകാന്ത രാവുകൾ അവൾക്കു സമ്മാനിച്ച , പ്രേമത്തിന്റെ ,  കണ്ണാടിചില്ലുകളാൽ മുറിഞ്ഞു ഒഴുകിയ രക്തം തുടച്ചു നീക്കാൻ പോലും സാധിക്കാതെ പകച്ചു നിന്ന നിമിഷങ്ങൾ .
മൗസൂ തിരികെ വന്നപ്പോൾ അപർണയെ കണ്ടു വളരെ സന്തോഷിച്ചു . കെട്ടിപ്പിടിച്ച് അവൾക്കു ചുറ്റും ഒരു കുഞ്ഞിനെപ്പോലെ ഓടിക്കളിച്ചു .. മുംബൈയിൽ നിന്നും അവൾക്കായി വാങ്ങിയ സമ്മാനങ്ങൾ കാണിച്ചു . 
മാധവ് അപർണയെ തീരെ പ്രതീക്ഷിച്ചില്ല .
അവർ തമ്മിലുണ്ടായ അവസാന കൂടിക്കാഴ്ച അത്ര സുഖകരമായിരുന്നില്ല .അതിന്റെ ജാള്യത രണ്ടുപേരുടെയും മുഖത്തുണ്ടായിരുന്നു , തന്നെക്കാൾ തൻ്റെ കാര്യത്തിൽ മാധവിനോട് വഴക്കിട്ടത് അപർണ ആയിരിന്നു . നടുവിലെ മഞ്ഞുരുക്കാൻ കുറച്ചു സമയം എടുത്തു .
ഉച്ചയൂണിനു ശേഷം , മാധവ് ഒരു സെൽഫി എടുക്കാൻ വിളിച്ചു , എല്ലാവരും ചേർന്നുള്ള ഒരു ഫോട്ടോ , മൂന്ന്പേരെയും ചേർത്ത് അപർണ ഫോട്ടോ എടുക്കാൻ പറഞ്ഞെങ്കിലും ആമോദിനി അത് ഒഴിവാക്കി . അച്ഛനും , മകളും കുറെ ഫോട്ടോകൾ എടുക്കുന്നുണ്ടായിരുന്നു .അവസാനം ആമോദിനിയും  മൗസുവും ചേർന്ന് നില്ക്കുന്ന ഫോട്ടോ മാധവ് എടുത്തു . എതിർപ്പ് കാണിച്ച് നില്ക്കാൻ സാധിച്ചില്ല .ഒരു കപടമായ പുഞ്ചിരി അറിയാതെ വന്നു പോയി .
അച്ഛൻ യാത്ര പറഞ്ഞപ്പോൾ മൗസുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
" മോള് കരയാതെ അച്ഛൻ  ,കഴിയുന്നത്ര വേഗം വരാം "
അവളെ ചേർത്തുപിടിച്ച് അയാൾ പറഞ്ഞു .
അച്ഛൻ ദൂരെ മറയുന്നതു വരെ അവൾ കൈവീശി ഉമ്മറത്ത് നിന്നു.

അപർണ കുറെ നേരം ആമോദിനിയുടെ  കൈയും പിടിച്ചവിടെ ഇരുന്നു.
"എനിക്ക് ഉറപ്പാണ് , അയാൾ നിന്നിലേക്ക്‌ തിരികെ വരും.. മാധവ് അത്ര ശരിയല്ലാത്ത ഒരാളല്ല , എന്തോ കർമഫലം .. നിങ്ങൾ തമ്മിൽ പിരിയേണ്ടി വന്നു . ഇനിയും സമയം ഉണ്ടല്ലോ നമുക്ക് നോക്കാം "
അപ്പോഴേക്കും വർമ്മാജിയുടെ ഫോൺ അപർണയ്ക്കു വന്നു .
എത്ര വേഗമാണ് അവളുടെ മുഖം പ്രകാശപൂരിതമായത് .
നമ്മൾ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളുടെ ഫോൺവിളി പോലും അന്തരീക്ഷത്തെ മാറ്റിമറിക്കും. 
ഈ അൻപതോടടുത്ത പ്രായത്തിലും , കൗമാരക്കാരിയുടെ ഭാവം , അതാണ്  പ്രേമം ... നഷ്ട കൗമാരത്തിൻ്റെ പ്രണയ സങ്കല്പങ്ങൾ പോലെ .....
പ്രണയത്തിന്റെ കൈപിടിച്ചു, വർമ്മാജിയിലേക്ക് അപർണ നടന്നു കയറുന്നത് കൗതുകത്തോടെ ആമോദിനി നോക്കി നിന്നു.

എയർപോർട്ടിൽ എത്തിയതും മാധവ് വിളിച്ചു , കൂടെ വാട്സ് ആപ് മെസേജും 
" കഴിഞ്ഞ രണ്ടു ദിവസങ്ങൾ , ഞാൻ വീണ്ടും പൂർണനായപോലെ"
അയാളുടെ വാട്സ് ആപ് ഡി. പി , അത് ആമോദിനിയും മൗസൂവും ചേർന്നുള്ളതായിരുന്നു .
ആ ചിത്രം തന്നെനോക്കി കൊഞ്ഞനം കുത്തുന്നപോലെയാണ് ആമോദിനിയ്ക്കു തോന്നിയത് . അവൾ അതിലേക്കുതന്നെ വീണ്ടുംവീണ്ടും നോക്കിനിന്നു.
                തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക