America

അഞ്ചാം പാതിര (കഥ: ഷാജന്‍ ആനിത്തോട്ടം)

Published

on

വാര്‍ഡ്‌റോബില്‍ നിരനിരയായി അടുക്കിവച്ചിരിക്കുന്ന വിലകൂടിയ വസ്ത്രശേഖരങ്ങള്‍ക്കു മുമ്പില്‍ അന്ന ഒരുനിമിഷം നിശബ്ദയായി നിന്നു. ഒന്നരവര്‍ഷത്തിലധികമായി കാറ്റും വെളിച്ചവും അനുഭവിക്കാതെ അടച്ചിടപ്പെട്ട ഷെല്‍ഫുകളില്‍ കിടന്ന് അവ വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് അവള്‍ക്ക് തോന്നി. ഓരോ സമ്മറിലും നാട്ടില്‍ പോകുമ്പോള്‍ വാങ്ങിയിരുന്നത് അന്‍പതില്‍പരം സാരികളാണ്; അവയ്ക്ക് ചേരുന്ന ബ്ലൗസ്പീസുകളും. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുമ്പോള്‍ വ്യത്യസ്ത സാരികളണിയുക എന്നത് മറ്റ് പലരെയുമെന്നതുപോലെ അന്നയുടെയും ശീലമായിരുന്നു. ക്രിസ്മസിനും മറ്റ് വിശേഷാവസരങ്ങളിലേക്കും വേണ്ടി വാങ്ങുന്ന വിശിഷ്ട വസ്ത്രങ്ങളുടെ ഒരു കലവറതന്നെയായിരുന്നു അന്നയുടെ അലമാരകള്‍.

""എല്ലാ ഞായറാഴ്ചയും ഇങ്ങനെ പുതിയ പുതിയ സാരികള്‍ അണിയണമെന്ന് എന്താ അനൂ നിനക്കിത്ര നിര്‍ബന്ധം? പുതിയൊരു സാരി വാങ്ങിയാല്‍ ആകെ നീ ഉടുക്കുന്നത് ഒറ്റത്തവണ മാത്രം; പിന്നെയത് അലമാരയുടെ ഏതെങ്കിലും മൂലയിലേക്കൊതുങ്ങും. നാട്ടിലായിരുന്നെങ്കില്‍ ഏതെങ്കിലും ബന്ധുക്കള്‍ക്കോ സാധുസ്ത്രീകള്‍ക്കോ കൊടുക്കാമായിരുന്നു. ഇവിടെ സാല്‍വേഷന്‍ ആര്‍മിക്കാരു പോലും സംഭാവനയായി സാരി വാങ്ങില്ല. എല്ലാ വര്‍ഷവും ഇങ്ങനെ കെട്ടുകണക്കിന് സാരികള്‍ വാങ്ങിച്ച് കൂട്ടിയിട്ട് എന്ത് ചെയ്യാനാണ്? മരിക്കുമ്പോള്‍ എന്തായാലും ഒരു സാരി മാത്രം അണിഞ്ഞേ നിനക്ക് കിടക്കാന്‍ പറ്റുകയുള്ളൂ, ഒന്നും കൊണ്ടുപോവാനും പറ്റില്ല. അതോര്‍മ്മ വേണം.'' മുമ്പൊരിക്കല്‍ തമാശമട്ടില്‍ പോളച്ചന്‍ പറഞ്ഞത് അന്നയുടെ ചെവിയില്‍ ഒരു ഇടിമുഴക്കം പോലെ മുഴങ്ങി.

""അതേ, ഞങ്ങള്‍ പെണ്ണുങ്ങളുടെ സൈക്കോളജി എന്റെ കെട്ടിയോന്‍സിന് അറിയാന്‍ വയ്യാഞ്ഞിട്ടാ. നിങ്ങള്‍ ആണുങ്ങള്‍ക്ക് ഒരേ പാന്റും ഷര്‍ട്ടുമിട്ട് എത്ര തവണ വേണേലും പള്ളിയില്‍ പോകാം, വരാം. ആരുമത് ശ്രദ്ധിക്കത്തില്ല. ഞങ്ങള്‍ പെണ്ണുങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. ഞങ്ങള്‍ ആറു മാസം മുമ്പെങ്ങാനും ഉടുത്തിരുന്ന ഒരു സാരിയുമണിഞ്ഞ് പോയാല്‍ എത്ര അവളുമാരാണ്, "ഇത് നീ കഴിഞ്ഞ മാസം ഉടുത്തതല്ലേടീ, അന്നിത് കണ്ടപ്പോള്‍ ഇതിലും ഭംഗിയായിരുന്നു, ഇപ്പോഴെന്തോ നിറം മങ്ങിയതുപോലെ' എന്നൊക്കെ ഭള്ള് പറയുന്നതെന്നറിയാമോ? പോളച്ചനതൊന്നും മനസ്സിലാവില്ല. പിന്നെ, മരിച്ചുകിടക്കുമ്പോള്‍ എനിക്കുടുക്കാന്‍ നമ്മുടെ കല്യാണത്തിന് ഞാന്‍ അണിഞ്ഞിരുന്ന മന്ത്രകോടി ഇവിടെ ഭദ്രമായിരിപ്പുണ്ട്. അതുടുപ്പിച്ച്, ഈ കവിളില്‍ ഒരു ഉമ്മേം തന്നുവേണം പോളച്ചന്‍ എന്നെ യാത്രയാക്കാന്‍.'' ഭര്‍ത്താവിനെ ഇറുകെ കെട്ടിപ്പിടിച്ച് അന്ന് നല്കിയ ചുംബനത്തിന്റെ സുഖം അപ്പോള്‍ വീണ്ടുമനുഭവിക്കുന്നതുപോലെ അന്നയ്ക്കു തോന്നി.

അസോസിയേഷന്റെ ഓണപ്പരിപാടികള്‍ക്കുടുക്കുവാനുള്ള സെറ്റ് സാരി തിരയുകയായിരുന്നു അന്ന. അത്തരം സാരികളുടെ ഒരു കളക്ഷന്‍ തന്നെയുണ്ട് അവള്‍ക്ക്. കോവിഡ് എന്ന കുഞ്ഞന്‍ ഭീകരന്‍ നാടായ നാടു മുഴുവനും ഭീതിപരത്തിയതുകൊണ്ട് കഴിഞ്ഞ തവണ പേരിനുപോലും ഓണമാഘോഷിക്കുവാനോ സാരികള്‍ പ്രദര്‍ശിപ്പിക്കുവാനോ പറ്റിയില്ല. ഇത്തവണ ചെറിയ തോതിലെങ്കിലും ആഘോഷമുള്ളതാണ് ഒരാശ്വാസം. ഓരോ സാരികളുമെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നതിനിടയിലാണ് ചിത്രപ്പണികളുള്ള ഒരു മഞ്ഞ കാഞ്ചീപുരം സാരി അവളുടെ കൈകളിലേക്ക് ചാടി വീഴുന്നത്. അന്ന ആവേശത്തോടെ അതെടുത്ത് അരുമയോടെ അതില്‍ മുഖമമര്‍ത്തി ചുംബിച്ചു. മമ്മയുടെ മണം, അവള്‍ അറിയാതെ പറഞ്ഞു. പെട്ടെന്നവള്‍ക്ക് തന്റെ അമ്മയെ കാണണമെന്ന് തോന്നി. ഓടിച്ചെന്ന് ഡെസ്ക്ക്‌ടോപ്പിനടുത്ത് ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണെടുത്ത് അവള്‍ അമ്മയെ നോക്കി. കട്ടിലിന്റെ ഇടതുവശത്തേയ്ക്ക് ചരിഞ്ഞു കിടന്ന് ശാന്തമായി ഉറങ്ങുന്ന അമ്മയെ അവള്‍ ഏറെ നേരം നോക്കിനിന്നു. ഉവ്വ്, തൊട്ടടുത്ത കട്ടിലില്‍ "കെയര്‍ ഗിവറും' കിടന്നുറങ്ങുന്നുണ്ട്; കണ്ടാലറിയാം, കൂര്‍ക്കം വലിച്ച് തന്നെയാണ് അവള്‍ ഉറങ്ങുന്നത്. നൈറ്റ് വിഷന്‍ സി.സി.ടി.വി. കാമറ അമ്മയുടെ ഓരോ അനക്കങ്ങളും തെളിമയോടെ അവളുടെ ഐഫോണ്‍ സ്ക്രീനില്‍ ഇടവിടാതെ എത്തിക്കുന്നുണ്ട്. അതാണ് ആകെയുള്ളൊരു ആശ്വാസം. പക്ഷേ അതും താമസിയാതെ അവസാനിപ്പിക്കേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ അന്നയുടെ മനസ്സില്‍ വ്യാകുലചിന്തകളുണര്‍ന്നു.

""പോളച്ചാ, ഈ സാരി കണ്ടോ. ഓര്‍ക്കുന്നില്ലേ, മമ്മയുടെ എഴുപത്തഞ്ചാം പിറന്നാളിന് നാട്ടില്‍ പോയപ്പോള്‍ നമ്മള്‍ ശീമാട്ടിയില്‍ നിന്നും വാങ്ങിക്കൊടുത്തതാണിത്. ഇതുടുത്തുകൊണ്ടാണ് മമ്മ നമ്മളോടൊപ്പം അത്തവണ അമേരിക്കയിലേക്ക് വന്നത്. തിരിച്ചുപോകുമ്പോള്‍ "ഇതിവിടെ എന്റെ ഓര്‍മ്മയ്ക്കായിട്ട് ഇരിയ്ക്കട്ടെ കൊച്ചേ' എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. പലതവണ ഇവിടെ വന്നുപോയിട്ടുണ്ടെങ്കിലും ആ തിരിച്ചുപോക്ക് അവസാനത്തേതായിരിക്കുമെന്ന് മമ്മ അന്നേ മനസ്സിലാക്കിയതുപോലുണ്ടായിരുന്നു. വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും ആ സാരിക്ക് ഇപ്പോഴും മമ്മയുടെ മണമുണ്ട്. ഒരിക്കല്‍കൂടി മമ്മ അതൊന്നുടുത്ത് കാണണമെന്ന് മോഹം തോന്നുന്നു. മമ്മയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ . . .'' ഒഴിവുദിവസത്തിന്റെ ആലസ്യത്തില്‍ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുമ്പില്‍ ചടഞ്ഞിരുന്ന് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളോട് ചാറ്റ് ചെയ്തുകൊണ്ടിരുന്ന പോളച്ചന്റെ മുമ്പില്‍ അന്ന തന്റെ സങ്കടക്കെട്ടഴിച്ചു.

""ഒരു കണക്കിന് നീയിങ്ങനെ മമ്മയെ ലൈവായി കാണുന്നതാണ് കൂടുതല്‍ ടെന്‍ഷനുണ്ടാക്കുന്നത് അനൂ. മമ്മയ്ക്ക് നീ ഒറ്റ മകളാണ്, പപ്പ പോയിക്കഴിഞ്ഞ് മമ്മ ശരിക്കും ഏകാന്തത അനുഭവിക്കുന്നു എന്നുള്ളതൊക്കെ ശരിതന്നെ. പക്ഷേ നീയിങ്ങനെ വറീഡാവുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ? അല്ലെങ്കില്‍പ്പിന്നെ ഒരു ലോംഗ് ലീവെടുത്ത് നാട്ടില്‍ പോയി കുറേനാള്‍ മമ്മയുടെ അടുത്ത് നില്‍ക്കണം. എന്റെ കാര്യം പോട്ടെ, മക്കളെ കാണാതെ എത്ര നാളാണ് നിനക്കവിടെ നില്ക്കാന്‍ പറ്റുന്നത്? ഒരു കാര്യം ചെയ്യൂ, ഇവിടെയും കുറെ കാമറകള്‍ ഫിറ്റ് ചെയ്തിട്ട് നീ പോയ്‌ക്കോളൂ, അപ്പോള്‍പ്പിന്നെ ഞങ്ങളെ തീരെ മിസ്സ് ചെയ്യില്ല'' ഒരു ചെറുപുഞ്ചിരിയോടെ പോളച്ചന്‍ ഭാര്യയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത് അവളെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. ഭര്‍ത്താവ് തന്നെ പരിഹസിക്കുകയാണെന്ന് അന്ന പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.

""കാമറ വയ്പ്പിച്ചത് പോളച്ചന് തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ മമ്മയെ എപ്പോഴും കാണണമെന്നുള്ള  എന്റെ ആഗ്രഹമെന്താണ് പോളച്ചന്‍ മനസ്സിലാക്കാത്തത്? നമുക്കും പ്രായമാവുകയാണ് എന്നോര്‍മ്മ വേണം. കാലം കുറെ കഴിഞ്ഞ് വല്ല നഴ്‌സിംഗ് ഹോമിലും കിടന്ന് നരകിക്കുമ്പോള്‍ മക്കളെ കാണണമെന്ന് നമുക്കും തോന്നും. അന്ന് ഒരു പൂച്ചെണ്ടുമായി ക്രിസ്തുമസിനും മദേഴ്‌സ് ഡേയ്ക്കും മാത്രം വരുന്ന മക്കളെയോര്‍ത്ത് നമ്മള്‍ കരയുന്നത് നഴ്‌സിംഗ് ഹോമിലെ കാമറകളും തല്‍സമയം ഒപ്പിയെടുക്കുന്നുണ്ടാവും. ഓര്‍ത്തുവച്ചോളൂ പോളച്ചാ!''

""അക്കാലത്തെപ്പറ്റിയോര്‍ത്ത് നമ്മള്‍ ഇപ്പോഴെ തല പുകയ്‌ക്കേണ്ട മോളേ. നഴ്‌സിംഗ് ഹോമിലെ കാമറയെപ്പറ്റിയൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല അന്ന് നമ്മള്‍. മക്കള്‍ക്കൊന്നും അത് കാണാനുള്ള താല്‍പര്യവുമുണ്ടാവില്ല. പറഞ്ഞാല്‍ നിനക്കിഷ്ടപ്പെടില്ല, നീയിപ്പോള്‍ ചെയ്തുവച്ചതാണ് കൂടുതല്‍ കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. അല്ലെങ്കില്‍പ്പിന്നെ ആരെങ്കിലും അടുക്കളയിലും കിടപ്പുമുറിയിലും  സി.സി.ടി.വി. കാമറ പിടിപ്പിക്കുമോ? വെറുതെയല്ല ആ പെണ്ണ് സ്ഥലംവിടാനൊരുങ്ങുന്നത്.''

ഭര്‍ത്താവ് പറയുന്നതില്‍ ഒരുപാട് സത്യമുണ്ടെന്ന് അന്ന തിരിച്ചറിയുകയായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും അമ്മ കൂടുതല്‍ അവശയാകുന്നതും ശയ്യാവലംബിയായിത്തീരുന്നതുമറിഞ്ഞപ്പോള്‍ തോന്നിയ ആശയമായിരുന്നു വീടിനകത്ത് കാമറ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്. വീടിനു ചുറ്റും മുമ്പേ ഉണ്ടായിരുന്ന കാമറകള്‍ വഴി വീടിന്റെ സുരക്ഷിതത്വം കൂടെക്കൂടെ ഉറപ്പാക്കിയതില്‍ അവള്‍ അഭിമാനിച്ചിരുന്നു. ആയിടയ്ക്കാണ് അടുക്കളയില്‍ തെന്നിവീണ അമ്മ ഏറെനേരം പരസഹായമില്ലാതെ കിടക്കേണ്ടിവന്ന കാര്യം അവളറിയുന്നത്. ലിവിംഗ് റൂമില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ജോലിക്കാരി അമ്മയുടെ നിലവിളി കേട്ടില്ലത്രെ. അക്കാര്യം പറഞ്ഞ് ഫോണിലൂടെ അവളെ ഒരുപാട് ശാസിച്ചതിന്റെ പിറ്റേന്നു തന്നെ സേവനം മതിയാക്കി അവള്‍ സ്ഥലംവിടുകയും ചെയ്തു. പിന്നെ ഏജന്‍സിക്കാരോട് ഒരുപാടിരന്നപ്പോഴാണ് അമ്മയെ നോക്കാന്‍ പുതിയൊരാളെ അനുവദിച്ച് കിട്ടിയത്. അപ്പോഴേയ്ക്കും അടുക്കളയിലും അമ്മയുടെ കിടപ്പുമുറിയിലും പുതിയതായി സ്ഥാപിച്ച കാമറക്കണ്ണുകള്‍ ചാരപ്പണി തുടങ്ങിയിരുന്നു. വന്നയുടനെതന്നെ പുതിയ "സംരക്ഷക' അത് കണ്ടുപിടിക്കുകയും ചെയ്തു. ഇത്തവണ ഫോണിലൂടെ പൊട്ടിത്തെറിച്ചത് അവളായിരുന്നു:

""ലുലുമാളില്‍ പോലും കാണില്ലല്ലോ ഇത്രമാത്രം സെക്യൂരിറ്റി! ഇതെന്താ പാക്കിസ്ഥാന്‍ അതിര്‍ത്തിയോ? പല വീടുകളിലും ഞാന്‍ പണിക്ക് നിന്നിട്ടുണ്ട്, ഒരിടത്തുമുണ്ടായിരുന്നില്ല ഈ കോമാളിത്തരം. പണവും പത്രാസും കാണിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക് വേറെയെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട് . . . ഇങ്ങനെയാണെങ്കില്‍ സമാധാനമായിട്ടൊന്ന് വെളിയ്ക്കിറങ്ങാനും പറ്റുമെന്ന് തോന്നുന്നില്ല. ബാത്‌റൂമിലും കാണില്ലേ നിങ്ങടെ ഈ പണ്ടാരം?''

അങ്ങനെയുള്ള അനാവശ്യഭയമൊന്നും വേണ്ടെന്ന് പറഞ്ഞ് അന്ന അവളെ ആശ്വസിപ്പിക്കുവാന്‍ ഏറെ ശ്രമിച്ചതാണ്. പക്ഷേ ഒന്നും നഷ്ടപ്പെടുവാനില്ലാത്ത അവള്‍ വഴങ്ങിയില്ല. ഇതല്ലെങ്കില്‍ മറ്റൊരു സ്ഥലം എന്ന ധൈര്യവും ധാര്‍ഷ്ട്യവും അവളുടെ വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നു. നഷ്ടപ്പെടാന്‍ തനിക്കാണുള്ളത്, ഇക്കാലത്ത് മറ്റൊരു സഹായിയെ കിട്ടാനുള്ള ബുദ്ധിമുട്ട് വളരെ വലുതാണ് എന്നൊക്കെയുള്ള തിരിച്ചറിവോടെ അന്ന നയത്തില്‍ പറഞ്ഞുവച്ചു:

""മോളിക്കുട്ടി ഞങ്ങള്‍ക്ക് ഒരാഴ്ചത്തെ സമയം തരൂ. അതിനുമുമ്പ് വീടിനകത്തെ കാമറകള്‍ മുഴുവനും എടുത്തുമാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം. ഒരു സെര്‍വന്റ് ആയിട്ടല്ല, അമ്മയുടെ കാര്യങ്ങള്‍ അറിഞ്ഞ് നോക്കുന്ന ഒരാളായിട്ടാണ് ഞങ്ങള്‍ നിന്നെ കാണുന്നത്. സമ്മറില്‍ ഞങ്ങള്‍ നാട്ടില്‍ വരുന്നുണ്ട്. അപ്പോള്‍ കാര്യമായൊരു സമ്മാനവും നിനക്ക് പ്രതീക്ഷിക്കാം.''
""അങ്ങനെ പ്രത്യേകിച്ചൊരു സമ്മാനമൊന്നും തരേണ്ട; ഏജന്‍സിക്കാരോട് പറഞ്ഞു സമ്മതിച്ച പതിനയ്യായിരം കൃത്യമായി തന്നാല്‍ മാത്രം മതി. പിന്നെ ഈ "നീ' വിളിയും സെര്‍വന്റ് സ്ഥാനവുമൊന്നും എനിക്കിഷ്ടമല്ല. ഞാന്‍ "കെയര്‍ഗിവര്‍' ആയിട്ടാണ് വന്നിരിക്കുന്നത്. ആ രീതിയിലേ നിങ്ങള്‍ എന്നോടു പെരുമാറാന്‍ പറ്റുകയുള്ളൂ. ഒരാഴ്ചയ്ക്കുള്ളില്‍ കാമറയൊക്കെ മാറ്റാമെന്നുള്ളത് വാക്കായിരിക്കണം. അല്ലെങ്കില്‍ ഞാനെന്റെ പാട്ടിന് പോകും.''
ആ ഭിഷണി ചെവിയില്‍ മുഴങ്ങിത്തുടങ്ങിയിട്ട് ദിവസം രണ്ട് കഴിഞ്ഞിരിക്കുന്നു. അടുത്ത അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ വാക്ക് പാലിക്കാനായില്ലെങ്കിലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി അന്ന തീര്‍ത്തും ബോധവതിയാണ്. വീക്കെന്‍ഡിലെ ചടങ്ങുകളും പാര്‍ട്ടികളുമൊക്കെ ആവേശത്തോടെ കാത്തിരുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു എന്നവള്‍ക്ക് തോന്നി.

ഭയപ്പെട്ടതിനെക്കാള്‍ വേഗത്തിലാണ് പിന്നത്തെ അഞ്ച് ദിവസങ്ങള്‍ കടന്നുപോയത്. കാമറകളൊക്കെ നീക്കം ചെയ്യണമെന്ന് കമ്പനിക്കാരോട് പോളച്ചന്‍ പലവട്ടം വിളിച്ചുപറഞ്ഞിട്ടും, "നാളെയാവട്ടെ', "മറ്റന്നാള്‍ ഉറപ്പായിട്ടും വരാം', "പണി ഏല്പ്പിച്ചിരുന്ന പയ്യന് കോവിഡായിപ്പോയി, അടുത്തയാഴ്ചയാവട്ടെ' എന്നൊക്കെ പറഞ്ഞ് അവര്‍ വാക്ക് തെറ്റിച്ചുകൊണ്ടിരുന്നു; അന്നയുടെ കണ്ണുകളില്‍ ആകുലതയുടെ നീര്‍ത്തുള്ളികള്‍ നിറഞ്ഞുകവിഞ്ഞും. "മമ്മയങ്ങ് മരിച്ചുപോയിരുന്നെങ്കില്‍ എന്റെ കുഞ്ഞിന്റെ കണ്ണിത്രയും നിറയില്ലായിരുന്നു, അല്ലേ മോളേ' എന്ന് അമ്മ തന്നോട് തമാശ പറയുന്നതുപോലെ ഇടയ്‌ക്കൊക്കെ അവള്‍ക്കനുഭവപ്പെട്ടു.

രാത്രി. ഉറക്കം വഴിമാറിയ മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. അന്ന തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം തള്ളിനീക്കുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. പോളച്ചന്റെ ഇടവിട്ടുള്ള കൂര്‍ക്കംവലികള്‍ വല്ലാതെ അലോസരപ്പെടുത്തിയപ്പോള്‍ അന്ന കട്ടിലില്‍ എഴുന്നേറ്റിരുന്നു. ബെഡ്‌ലാമ്പിനടുത്തുവച്ചിരുന്ന മൊബൈല്‍ ഫോണെടുത്ത് അവള്‍ അമ്മയെ നോക്കി. തുറന്നിട്ട ജനലിലൂടെ പുറത്തേയ്ക്ക് നോക്കി കട്ടിലില്‍ത്തന്നെ കിടക്കുകയായിരുന്നു അപ്പോഴും അന്നയുടെ അമ്മ. അവരുടെ അനാഥത്വം വെളിപ്പെടുത്തുന്നതുപോലെ തൊട്ടടുത്ത കട്ടിലില്‍ മോളിക്കുട്ടി കിടന്നിരുന്ന മെത്ത മടക്കിവച്ചിരിക്കുന്നു. പകല്‍വെളിച്ചത്തില്‍ മുറിയിലെ കാഴ്ചകള്‍ നന്നായി ദൃശ്യമാവുന്നുണ്ട്.
നെഞ്ചില്‍ നൊമ്പരങ്ങള്‍ ഉരുണ്ടുകൂടിയപ്പോള്‍ അന്ന തെല്ലുറക്കെത്തന്നെ വിളിച്ചുകരഞ്ഞു: ""മമ്മാ . . . മമ്മാ . . .''

അവളുടെ വിളി കേട്ടതുപോലെ അമ്മ തിരിഞ്ഞുകിടന്ന് മുകളിലെ കാമറക്കണ്ണുകളിലേക്ക് നോക്കി. പിന്നെ ഒരായുസ്സ് മുഴുവനും ഓര്‍മ്മിക്കുവാനാവുന്ന മനോഹരമായൊരു പുഞ്ചിരി അവള്‍ക്ക് സമ്മാനിച്ചു. കാണെക്കാണെ ആ ചിരി മായുന്നതും മിഴികള്‍ മെല്ലെ അടയുന്നതും അന്ന കണ്ടു.
വാര്‍ഡ്‌റോബില്‍ ഭദ്രമായി വച്ചിരുന്ന അമ്മയുടെ പഴയ പട്ട് സാരിയെടുത്ത് ഒരിക്കല്‍കൂടി അന്ന അതില്‍ ഉമ്മവച്ചു. ആ മഞ്ഞവസ്ത്രത്തിന് പക്ഷേ, അപ്പോള്‍ മരണത്തിന്റെ ഗന്ധമായിരുന്നു; ചിത്രപ്പണികള്‍ക്കാകെ നിറം മങ്ങിയതുപോലെ അന്നയ്ക്കു തോന്നി.    $

Facebook Comments

Comments

  1. Raju Thomas

    2021-10-01 13:04:10

    മൂന്നാം, അഞ്ചാം, അറാം എന്നൊക്കെ titles ക!ണ്ടിട്ടുണ്ടെങ്കിലും ആ techinique ഇവിടെ ശരിക്കും ചേരുന്നുണ്ട്. എങ്ങനെ ഇങ്ങനൊക്കെ ഭാവനിക്കുന്നു, എഴുതുന്നു! അഭിനന്ദനങ്ങൾ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

ലോലമാം ക്ഷണമേ വേണ്ടു... (കഥ രണ്ടാം ഭാഗം: ജോസഫ്‌ എബ്രഹാം)

ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)

കർഷകൻ (ദീപ ബിബീഷ് നായർ)

മെസ്സഞ്ചറിലെ മെസേജുകൾ (കഥ: രമണി അമ്മാൾ)

ഇന്നും ലഭിക്കുന്ന ഊരുവിലക്ക് ( കവിത:ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)

മുത്തി: കവിത, പെരുങ്കടവിള വിൻസൻറ്

Besant Nagar (Silicon castles novel : Chapter-7-Prof: Sreedevi Krishnan)

ഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

കാലികം..(കഥ: നൈന മണ്ണഞ്ചേരി)

വേരുകൾ പച്ച ( കവിത : സിന്ധു സതീഷ്)

ലോലമാം ക്ഷണമേ വേണ്ടു... (കഥ : ജോസഫ്‌ എബ്രഹാം)

മഹാമാരികാലത്ത് സാബു കഥ എഴുതുമ്പോൾ ( കഥയിടങ്ങൾ: ഡോ. അജയ് നാരായണൻ)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ പൂർണ്ണമാകുന്നു ...)

*പ്രതിഷേധിക്കുന്നവര്‍* *സമരം ചെയ്യുന്നവര്‍* *കര്‍ഷകരെ കണ്ടു* *പഠിക്കേണ്ടതുണ്ട്..!* (കവിത: ഇയാസ് ചൂരല്‍മല)

ചെറിയ ലോകവും നീണ്ട വഴിയും (ചെറുകഥ: സാംജീവ്)

പുസ്തകപരിചയം: പാര്‍ശ്വവീഥികള്‍ പറയുന്നത് (ഡോ. അജയ് നാരായണന്‍)

മീൻകറി (കവിത: ദത്തു)

വാര്‍ദ്ധക്യ മൗനം (കവിത: രേഖ ഷാജി)

പ്രാണ സഖി (കവിത: വിനീത് വിശ്വദേവ് )

View More