Image

പാമ്പും കോണിയും : നിർമ്മല - നോവൽ - 64

Published on 18 September, 2021
പാമ്പും കോണിയും : നിർമ്മല - നോവൽ - 64
കണ്ണാടിയിലെ മുഖം ഉഷ കണ്ടില്ല. ഛർദ്ദി കഴിഞ്ഞ് കുളിമുറിയിൽ നിന്നും എങ്ങനെയെങ്കിലും കിടക്കവരെ എത്തണം എന്നു മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു.
ഉഷയുടെ കരുവാളിച്ച മുഖത്തേക്കു നോക്കുമ്പോൾ സാലിക്കു വിഷമം തോന്നി. മുടികൊഴിഞ്ഞ തലയിൽ നേർത്ത രോമങ്ങൾ മുളച്ചു വരുന്നുണ്ട്. ഉഷയുടെ കണ്ണുകൾ വല്ലാതെ കുഴിഞ്ഞുപോയിരിക്കുന്നു. ആർക്കെങ്കിലും ഒരു മാജിക് ഉഷയുടെ മുഖത്തു ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് സാലി ആശിച്ചു.
കുളിമുറിയിൽ പലതരം സൗന്ദര്യവർദ്ധക സാധനങ്ങൾ വിറുങ്ങലിച്ചിരുന്നു. ഫെയർ ആന്റ് ലൗലി , വീക്കോ ടെർമറിക് ഫേഷ്യൽ , ഓയിൽ ഓഫ് ഒലേ ക്രീം, ഹെയർ ഡ്രയർ , സ്ട്രെയിറ്റനിങ് അയേൺ, ജെൽ, ഹെയർ സ്പ്രേ, ബ്രഷുകൾ ഒക്കെയും ഉപയോഗമില്ലാതെ ബാത്ത്റൂമിന്റെ കബോർഡിൽ നെടുവീർപ്പിട്ടു കിടന്നു.
ജനലിനു പുറത്തെ മരച്ചില്ല ഉഷയോട് അടക്കം പറഞ്ഞു:
- നോക്ക്, പുറത്തെ തണുപ്പുകൊണ്ട് നിനക്കു കാവലായി ഞാനുണ്ട് , ഫ്രീസിങ് റെയ്നിലും കാറ്റിലും ഉലഞ്ഞുപോകാതെ.
മരത്തിന്റെ ഇല മുഴുവനായ മഞ്ഞകലർന്ന പച്ചനിറമായിരുന്നു. തണുപ്പിൽ മരവിച്ചുപോയ യവ്വനം. പഴുത്തില വീഴുന്നതുകണ്ടു ചിരിക്കാൻ അവസരം കിട്ടാതെ മഞ്ഞിച്ചുപോയ കുരുന്നിലകൾ. വൃക്ഷം ഓരോ വർഷവും ഒരു ജീവിതം ജീവിച്ചുതീർക്കുന്നുണ്ട്. അല്ല , ആറു മാസംകൊണ്ട് പൂർണ്ണമാകുന്ന ജീവിതവൃത്തം. അടുത്ത ആറുമാസം സമാധി. എത്ര ജന്മങ്ങളാണ് ഒരു മരത്തിനുള്ളത്. ഓരോ ജീവിതത്തിലും പ്രത്യേക പാഠമൊന്നും പഠിക്കാതെ പഴയ മട്ടിൽ ജീവിക്കുന്ന മരം തന്നെ എന്താണു പഠിപ്പിക്കുന്നതെന്ന് ഉഷ സ്വയം ചോദിച്ചു.
- ഉള്ളിലുള്ള ജീവൻ കെടാതെ കാക്കുക.
ഒ ഹെൻറിയുടെ 'ദ ലാസ്റ്റ് ലീഫ് ' പോലെ. ഉഷ മരക്കൊമ്പു നോക്കി കഞ്ഞികുടിച്ചു.
മാർച്ച് ഒന്നാംതീയതി പുറത്തൊരു ശബ്ദം കേട്ടാണ് ഉഷ ഉണർന്നത്. മരക്കൊമ്പത്തിരുന്ന് ഒരു കിളി ഒച്ചയുണ്ടാക്കുന്നത് അവൾ അത്ഭുതത്തോടെ കണ്ടു.
- തണുപ്പ് അത്രയ്ക്കു കുറഞ്ഞോ?
അവൾ ജിമ്മിയോടു ചോദിച്ചു നോക്കി. മാനേജുമെന്റ് മീറ്റിങ്ങിൽ അവതരിപ്പിക്കേണ്ട സ്ലൈഡുകൾ ജിമ്മിയുടെ തലയ്ക്കുചുറ്റും വട്ടം കറങ്ങുന്നൊരു പ്രഭാതമായിരുന്നു അത്. പ്രസന്റേഷന്റെ ഒപ്പം ഷർട്ടിന്റെ ചുളിവും ടൈയുടെ നിറവുംവരെ അളക്കപ്പെടുന്നത് മനക്കണ്ണിൽ കണ്ടുകൊണ്ടിരുന്ന അയാൾക്ക് കിളിക്കരച്ചിൽ കേൾക്കാൻ സമയമില്ലായിരുന്നു.
സാലി വന്നപ്പോൾ ഉഷ പുറത്തെ തണുപ്പിനെപ്പറ്റി ചോദിച്ചു. തണുപ്പു കുറവുണ്ടെന്ന് സാലി പറഞ്ഞപ്പോൾ പുറത്ത് ഇലയെന്തെങ്കിലും വന്നിട്ടുണ്ടോന്ന് ഉഷയ്ക്കറിയണം. സാലി അമ്പരപ്പോടെ ഉഷയെ നോക്കി.
- എന്താ ഈ പറയുന്നത്. ഒരടി സ്നോ ഇപ്പഴും പുറത്തുണ്ട്.
- ഇല്ല സാലിച്ചേച്ചീ ബഡ്സ് പൊട്ടാൻ തുടങ്ങിക്കാണും. ദേ ആ മരത്തിൽ രാവിലെ ഒരു കിളി വന്നിരുന്നു. അഞ്ചു മണിക്ക് അതിന്റെ ശബ്ദംകേട്ടാണു ഞാനുണർന്നത്.
ഉഷയുടെ മുഖത്തെ തെളിച്ചം സാലി കണ്ടു. സാലിക്ക് സാധാരണയായി ഉഷയോടെന്തെങ്കിലും പറയാൻ ചെറിയൊരു പേടി ഉണ്ടായിരുന്നു. ഇപ്പോൾ ഉഷയോടവൾക്കു സഹതാപം തോന്നി. പാവം എത്ര ദിവസമായി പുറംലോകം കണ്ടിട്ട്. സ്നോയിലെ ഡ്രൈവിങ്ങിനെ ശപിക്കുമെങ്കിലും ഡ്രൈവുചെയ്യാൻ സാധിക്കുന്നത് ഭാഗ്യമല്ലേ !
സാലി കിടപ്പുമുറിയിലെ കർട്ടൻ രണ്ടു വശത്തേക്കും മാറ്റി. ബ്ലൈൻഡു തുറന്നു. മുറിയിൽ വെളിച്ചം നിറഞ്ഞു. ഉഷ ആർത്തിയോടെ പുറത്തേക്കു നോക്കി.
- സാലിച്ചേച്ചി പോകുമ്പോ കർട്ടൻ ക്ലോസു ചെയ്യാൻ മറക്കല്ലെ. ജിമ്മിക്ക് കർട്ടൻ ഓപ്പൺ ചെയ്തിടുന്നതിഷ്ടമല്ല.
സാലിക്ക് അതു കേട്ടപ്പോൾ അത്ഭുതംതോന്നി. ജിമ്മി അനുസരണയുള്ള ഒരു കുട്ടിയാണ് എന്നായിരുന്നു സാലിയുടെ ധാരണ.
- ഉഷയ്ക്ക് സ്റ്റെപ്പെറങ്ങാമോ? ഞാൻ പിടിക്കാം. നമുക്ക് താഴെപ്പോയി കുറച്ചു നേരമിരിക്കാം.
ഉഷ കുറച്ച് അമ്പരപ്പോടെ സാലിയെ നോക്കി. അവളുടെ കണ്ണിലെ കൊതിയും നിരാശയും സാലിക്കു ധൈര്യം കൊടുത്തു.
- എഴുന്നേൽക്ക്, വാ . ഓരോ പടിയിലും ഇരുന്നു പോയാൽ മതി വാ.
ഉഷ നൈറ്റി നേരെയാക്കാൻ ശ്രമിച്ചു. സാലി ക്ലോസറ്റിൽനിന്നും റോബെടുത്ത് ഉഷയ്ക്കു കൊടുത്തു. സാലി ഇന്നേവരെ ഉഷയുടെ ക്ലോസറ്റു തുറന്നിട്ടില്ല. എവിടെനിന്നോ അവൾക്കാ ധൈര്യംകിട്ടി.
റോബിനു വലിപ്പം വളരെ കൂടുതലായി തോന്നി. അതിൽ തട്ടി ഉഷ വീഴുമെന്നു തോന്നി. സാലി ഒരു സ്വെറ്റർ എടുത്തുകൊടുത്തു. സാലി റോബ് തിരികെ ക്ലോസറ്റിൽ തൂക്കാത്തതിൽ ഉഷയ്ക്കു മുറുമുറുപ്പു തോന്നിയില്ല. സ്വെറ്റർ എത്ര നല്ല ഐഡിയ ആണെന്ന് അവളോർത്തു. ബ്രാ ഇട്ടിട്ടില്ലാത്തത് പുറത്തറിയില്ല.
സാലി ഉഷയെ ചേർത്തുപിടിച്ച് ഇടയ്ക്കു പടികളിലിരുന്ന് അവർ ലിവിങ് റൂമിലെത്തി. കർട്ടനുകൾ മാറ്റിയ ജനലിലൂടെ സൂര്യപ്രകാശം ഉഷയെ തലോടി. ഉഷയുടെ വിളറിയ തൊലിയും കുഴിഞ്ഞകണ്ണുകളും കൊതിയോടെ അത് ഉൾക്കൊണ്ടു.
ഒരാഴ്ചകൊണ്ട് ഉഷ തനിയെ പടികൾ കയറിയിറങ്ങാൻ തുടങ്ങി. സാലിക്ക് ആഹ്ളാദവും അത്ഭുതവും തോന്നി. സാലി ആഹാരം അടുക്കളയിൽ വെച്ചിട്ടു പോകാതെ ചിക്കൻസൂപ്പും ഓട്ട്മീലും ഉഷയെ നിർബന്ധിച്ചു കഴിപ്പിച്ചു. എന്നിട്ടും എപ്പോഴെങ്കിലും ഉഷ പൊട്ടിത്തെറിച്ചേക്കുമോ എന്നൊരു പേടി അവളുടെ ഉള്ളിലുണ്ടായിരുന്നോ?
പുറത്തേക്കിറങ്ങാമെന്നായപ്പോൾ പ്രാർത്ഥനയ്ക്കു പോകാമെന്ന് സാലി ഉഷയെ പറഞ്ഞു സമ്മതിപ്പിച്ചു. സാലിയുടെ കൈപിടിച്ച് ഉഷ പ്രാർത്ഥനാഹാളിലേക്കു കയറി. അവിടെ ഉണ്ടായിരുന്നവരെല്ലാം ഉഷയെ നോക്കി പുഞ്ചിരിച്ചു. സാറാമ്മ തിടുക്കത്തിൽ വന്ന് അവളുടെ തലയിൽ കൈവെച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു.
- സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ കർത്താവേ, നിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും സ്തോത്രം.
അടുത്തു നിന്നിരുന്നവർ ഭക്തിയോടെ ഏറ്റുപറഞ്ഞു:
- സ്തോത്രം ... സ്തോത്രം ... കർത്താവേ സ്തോത്രം.
ഉഷയുടെ നീളംകുറഞ്ഞ മുടിയിലിരുന്ന് സാറാമ്മയുടെ തടിച്ച വിരലുകൾ വിറച്ചു. അവർ വാക്കുകൾ തിടുക്കത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
- നിന്റെ മകൾക്ക് ആശ്വാസവും ആരോഗ്യവും കൊടുക്കേണമേ!
ഇടയ്ക്ക് അവരുടെ തുപ്പൽ പുറത്തേക്കു തെറിച്ചത് ഉഷയെ അലോസരപ്പെടുത്തിയില്ല. കാണാൻ തീരെ ഭംഗിയില്ലാത്ത സാരിയുടുത്ത മെലിഞ്ഞ ഒരു സ്ത്രീ ഉഷയുടെ അടുത്തു വന്നിരുന്നു.
- സാറാമ്മക്കൊച്ചമ്മ ചോദിക്കാതെ വന്നു തലേ കൈവെച്ചു പ്രാർത്ഥിച്ചാൽ അസുഖമെല്ലാം മാറും. വരം കിട്ടിയ ആളാണ്.
ഭിത്തിയിൽ അവരുടെ തലയ്ക്കു മുകളിലായി ഒരു ചിരിയോടെ തെയ്യാമ്മയുടെ പടം നിശ്ചലമായി കിടന്നു. ആ ചിരി ... അനുതാപമോ പുച്ഛമോ എന്നു തിരിച്ചറിയാത്ത ഒരു ചിരി അവരുടെ ചുണ്ടിലുണ്ടായിരുന്നു എന്നതു തീർച്ചയാണ്.
യോഗം കഴിഞ്ഞപ്പോൾ സാലിയുടെ നിഴലുപോലെ ഉഷ പുറത്തേക്കിറങ്ങി.
                  തുടരും ...
പാമ്പും കോണിയും : നിർമ്മല - നോവൽ - 64
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക