Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14

Published on 18 September, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14
ജോലിത്തിരക്കുകൊണ്ട് മൂന്നു ദിവസങ്ങൾ കടന്നുപോയത് . അറിഞ്ഞില്ല . രാവിലെയും വൈകുന്നേരവും മൗസൂ മുടങ്ങാതെ ഫോൺ വിളിച്ചു . അവൾക്കും അവിടെ മടുത്തു തുടങ്ങി. അമ്മയെ പതുക്കെ മിസ് ചെയ്യുന്നു പോലും . എന്റെ ഉദരത്തിലും  നിന്നെ കാണാത്തതിന്റെ  നൊമ്പരമുണ്ട്..എന്റെ കണ്ണുകൾ അടഞ്ഞാൽ പോലും ..  നീ മാത്രമേ ഉള്ളു . രാത്രിയിൽ നിന്നെ പതുക്കെ തൊട്ടുനോക്കി പിന്നെ മുത്തംതന്നു കിടന്നുറങ്ങാൻ മോഹം .  പകലിന്റെ തിരക്കിൽ ഇടക്കൊക്കെ നിന്നെ ഞാൻ മറക്കുന്നു എന്നത് സത്യം തന്നെ. എന്നാൽ ഒന്നെനിക്കു മനസ്സിലായി.
എന്റെ രാവുകളും , പകലുകളും എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത് നീ മാത്രമാണ് .

അപർണയുടെ അടുത്ത് പോകണം എന്ന് കരുതിയെങ്കിലും ദിനവും ഓഫീസിൽ നിന്നും ഇറങ്ങാൻ താമസിച്ചതിനാൽ  അത് നടന്നില്ല . വ്യാഴാഴ്ച്ച വൈകുനേരം ലേറ്റ് ആയാൽ കൂടെ വരണമെന്ന് അപർണ പറഞ്ഞു.
അപർണ പറഞ്ഞ പോലെ ഞായാഴ്ച അവിടെ ചെന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി .
വർമ്മാജി അവിടെ ഉണ്ടായിരുന്നു . തന്റെ തറവാട്ടു കോവിലിൽ പൂജയുണ്ട്. ഒരു ചെറിയ അമ്പലം . പാലക്കാട് ഒരു ഉൾഗ്രാമത്തിൽ . അപർണയുടെ കച്ചേരിയും ഉണ്ടാകുമെന്നു വർമ്മാജി പറഞ്ഞു.
മൂന്ന് ദിവസം അമ്മയെ വിട്ടുനിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ടും അയാൾ നിർബന്ധിച്ചു കൊണ്ടിരുന്നു .
അടുത്ത മാസം  മൂന്നു ദിവസം അല്ലെ .ഞാൻ അവധി എടുക്കാം . അമ്മയെ ഞാൻ നോക്കാം.
താനത് പറയുമ്പോൾ , അപർണയുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും അവിടെ ഒരു തിളക്കം ആമോദിനി കണ്ടുപിടിച്ചു .
നീ ലീവ് ഒന്നും എടുക്കേണ്ട , രാത്രിയിൽ ഇവിടെ വന്നു കിടന്നാൽ മാത്രം  മതി .
നീ പോയിട്ട് വരൂ, ചെന്നൈ വിട്ട് എങ്ങോട്ടെങ്കിലുമൊക്കെ പോയിട്ട് വളരെ നാളുകൾ ആയില്ലേ . 
പോയി വരൂ, നിനക്ക് ഒരു ചേഞ്ച് ആവശ്യമല്ലെ ?

രാത്രിഭക്ഷണത്തിനു , വർമ്മാജി നിന്നില്ല. അയാൾക്ക് എന്തോ തിരക്കുകൾ ഉണ്ടുപോലും .

ആമോദിനിക്ക് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല .
അപർണ ,
നീയും വർമ്മാജിയും  തമ്മിൽ ഇത്ര പെട്ടെന്ന് എങ്ങനെ  ഒരു കെമിസ്ട്രി വർക്ക് ആയി .
കുറ്റബോധത്തോടെ അവൾ പറഞ്ഞു 
എന്താണെന്ന് അറിയില്ല , നീ പറഞ്ഞതും  തമ്മിൽകണ്ടതും ഒക്കെവെച്ച് , ഞാൻ ധൈര്യമായി അദ്ദേഹത്തെ വിളിച്ചു . എന്തൊക്കെയോ സംസാരിച്ചു . സത്യത്തിൽ സമയം പോയത് അറിഞ്ഞില്ല . എനിക്ക് തോന്നുന്നത് രാവിലെ മൂന്ന് മണി വരെ ഞങ്ങൾ പലതും പറഞ്ഞുവെന്നാണ്. രണ്ടുപേരുടെയും ഒറ്റപ്പാലും ഏകാന്തതയും , പാട്ടിനോടുള്ള ഇഷ്ടം , അച്ഛനോടും , അമ്മയോടും ഞാൻ കാണിക്കുന്ന സ്നേഹം .
എന്നെ കൂടുതൽ അറിയാൻ വർമ്മാജി ആഗ്രഹം പ്രകടിപ്പിച്ചു . അങ്ങനെയാണ് ഈ പാട്ടുകച്ചേരി അദ്ദേഹം ഏര്‍പ്പെടുത്തിയത്.നിന്നോടും കൂടി ചോദിച്ചിട്ടു പോകാം എന്ന് കരുതി .
ഞാൻ അന്നേ പറഞ്ഞില്ലേ നിങ്ങൾ തമ്മിലാണ് ചേരേണ്ടതെന്ന് ..
അതൊന്നും എനിക്ക് അറിയില്ല . എനിക്ക് അയാളെ ഇഷ്ടം ആണ് . തിരിച്ച് എന്നോട് എന്താണ് എന്ന്  സത്യത്തിൽ ഞാൻ ചോദിച്ചില്ല .
സന്തോഷം കൊണ്ട് ആമോദിനിയുടെ കണ്ണുകൾ നിറഞ്ഞു . അപർണയെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരു മുത്തം കൊടുത്തു .

തന്റെ പതിവ് വിഷാദങ്ങളെ ആമോദിനി അപർണയ്ക്കു മുൻപിൽ തുറക്കാതെ വീട്ടിലേക്കു നടന്നു പോകുമ്പോൾ , അവളുടെ മനസ്സിന് വല്ലാത്ത ഒരു ലാഘവം കൈവന്നു.
അതിനെ  എന്ത് വികാരമെന്നു വിളിക്കണമെന്ന് അറിയില്ല . നാഡി   ഞരമ്പുകളിലൂടെ ഡോപോമിൻ പ്രവഹിക്കുന്ന പോലെ .
അപർണ്ണയും , വർമ്മാജിയും രണ്ട് ആത്മാക്കൾ .. ഭൂമിയിൽ എവിടെയോ തനിയെ നടന്നു നീങ്ങുകയായിരുന്ന അവരെ  ദൈവം ഒന്നിച്ചു വരച്ചു ചേർക്കാൻ പോകുന്നു. അവരിനി വേനലിലും , മഴയിലും പരസ്പരം ചൂടുന്ന കുടയാകട്ടെ .

അനിരുദ്ധിനെ ഒഴിവാക്കിയെങ്കിലും പലപ്രാവശ്യം കോറിഡോറിലും , ഫുഡ് കോർട്ടിലും ആമോദിനി അയാളുമായി കണ്ടുമുട്ടി . അനിരുദ്ധ് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവൾ അയാളെ ഒഴിവാക്കി . 
പക്ഷെ ഒരു ദിവസം അയാളോട് പറയണം , അയാൾ തന്നിലേല്പിച്ച മുറിവുകളുടെ പാടുകൾ ഇപ്പോഴും കരിയാതെ അവിടെത്തന്നെ ഉണ്ടെന്ന് .. ഹൃദയത്തിൽ കരുതി വെച്ച ചില ചോദ്യങ്ങൾ ഉണ്ട് .. സ്നേഹിക്കുന്നു എന്ന് തോന്നിപ്പിക്കും പിന്നെ യാത്രാമൊഴിക്കു പോലും സമയം തരാതെ മാഞ്ഞു പോകും .  വേർതിരിച്ചെടുക്കാൻ കഴിയാത്ത നൂലിനാൽ ബന്ധിതമാണ് ഓരോ ഓർമ്മകളും...പക്ഷെ അവിടെ മൃദുല വികാരങ്ങൾ ഒന്നുമില്ല ..വെറും ഓർമ്മകൾ മാത്രം .തിരിച്ചുവിളിക്കാനൊരു പിൻ വിളിയും ബാക്കിയില്ല .

ശനിയാഴ്ച വൈകുനേരത്തെ ഫ്ലൈറ്റിനു മൗസൂ വരുമെന്ന് പറഞ്ഞു . രാത്രിയിൽ ഉറക്കം വന്നില്ല . 
നാളെ എന്റെ മകൾ അടുത്തുണ്ടാകും . ചിന്തയായും , ഓർമ്മയായും രാത്രിയിൽ അവൾ മാത്രം മനസ്സിൽ.

ശനിയാഴ്ച രാവിലെ കുറച്ചു സമയത്തേക്ക് ഓഫീസിൽ പോകണം എന്ന് കരുതിയെങ്കിലും പോയില്ല . അൻപുവല്ലിയോട്‌ പറയാതെ ആമോദിനി തന്നെ മൗസുവിന്റെ മുറി വൃത്തിയാക്കി . ബാൽക്കണിയിലെ ചെടികൾക്കു മുടങ്ങാതെ വെള്ളം ഒഴിച്ചിരുന്നു , എന്നാലും മൗസുവിനോട് പിണങ്ങിയമാതിരി അവയെല്ലാം വാടിയപോലെ .

വൈകുന്നേരം അഞ്ചുമണിക്കാണ് അവളുടെ ഫ്ലൈറ്റ് . എന്നാലും നാലരയോടെ എയർപോർട്ടിൽ എത്തി .
സമയം കാണിക്കുന്ന ബോർഡിൽ മുംബൈ ഫ്ലൈറ്റ് വരുന്ന വിവരം മിന്നി മറഞ്ഞു . കൃത്യ സമയത്തിനാണ് ഫ്ളൈറ്റെത്തുന്നത്.

ഇറങ്ങി വരുമ്പോൾതന്നെ മൗസുവിന്  കാണാൻ കഴിയുന്നപോലെ ആമോദിനി നിന്നു. ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ മൗസു വിളിച്ചു .
അമ്മ , ഫ്ലൈറ്റ് ലാൻഡായി , അമ്മ എത്തിയോ ?
എത്തി , ഞാൻ ഇവിടെത്തന്നെയുണ്ട്.
 
പണ്ടുള്ളോരു പറയുംപോലെ , വേവുംവരെ ഇരിക്കാം , ആറുന്നവരെ കാക്കാൻ കഴിയുന്നില്ല . 
അത് പോലെതന്നെ തോന്നി. 
ഓരോ സെക്കന്റും വലിയമണിക്കൂറുകൾ പോലെ അനുഭവപ്പെട്ടു .

ദൂരെ നിന്നും അവൾ നടന്നു വരുന്നു .അവളുടെ പിറകിലായി മാധവല്ലേ വരുന്നത് ..! 
ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചിട്ടു മൗസു പറഞ്ഞു.
അമ്മാ സർപ്രൈസ് .... ദേ ...
അച്ഛനെ ചൂണ്ടി മകൾ പറയുന്നതു കേട്ട് ആമോദിനി പരിഭ്രമപ്പെട്ടുപോയി.
മാധവിന്റെ ആ വരവ് അവളിൽ സംഭ്രമം നിറയ്ക്കുകയാണ് ചെയ്തത്. പതർച്ചയോടെ ആമോദിനി, മാധവിന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു.
          തുടരും ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക