Image

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

Published on 13 September, 2021
ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍  ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഒരാള്‍ എത്ര കാലം ജീവിച്ചിരിക്കുന്നു എന്നതിലല്ല കാര്യം, ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തിനു വേണ്ടി എന്തു ചെയ്തു എന്നതിനെ ആസ്പദമാക്കിയാണ് ഒരാളുടെ ജീവിതത്തെ വിലയിരുത്തേണ്ടത്. ഒരു മനുഷ്യായുസ്സ് കലയ്ക്കും സമൂഹത്തിനും വേണ്ടി മാറ്റിവെച്ച മാതാപിതാക്കളുടെ മകളായി ജനിക്കുകയും അച്ഛന്റെയും അമ്മയുടേയും അതേ വഴി പിന്‍തുടരുകയും ചെയത ഒരു മകള്‍, അവളെയാണ് ഞാനിന്ന് പരിചയപ്പെടുത്തുന്നത.്

*അമ്മയുടെ വഴിയില്‍....*
ഡോ. ജയശ്രീ സതീശന്‍ മേനോന്‍, കേരളീയ സമാജം ഡോംബിവലിയുടെ മുന്‍ പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യ സ്‌നേഹിയുമായ, തൃശ്ശൂര്‍ ഇരിങ്ങാലക്കുട പള്ളിച്ചാടത്ത് സുധാകരന്‍ മേനോന്റെയും മുംബൈയിലെ കൈകൊട്ടിക്കളിയെ സ്‌നേഹിക്കുന്ന മലയാളി അംഗനമാരുടെ, വശ്യ ഭാവങ്ങളെ ഗിന്നസ് ബുക്കിന്റെ ഏടുകളിലേക്കെത്തിച്ച, മലയാളി പെണ്‍കൊടികൾ  ഹൃദയത്തില്‍ പ്രതിഷ്ടിച്ച് ആരാധിക്കുന്ന ഗുരു പി. ഹൈമാവതി ടീച്ചറമ്മയുടേയും മകള്‍.
സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനത്തോടൊപ്പംതന്നെ ഒരു സ്ത്രീ സ്വയംപര്യാപ്തയാകണമെന്ന് ഹൈമാവതി ടീച്ചര്‍ ആഗ്രഹിക്കുകയും മകള്‍ക്ക് മാതൃകയാകണമെന്നും നിശ്ചയിച്ചിരുന്നു. 1989 ല്‍, ഡോംബവിലിയില്‍, ഹൈമാവതി ടീച്ചര്‍ 'ജയ് നർസറി' സ്ഥാപിച്ചു. 33 വര്‍ഷം പിന്നിടുന്ന ഹൈമാവതി ടീച്ചറിന്റെ ജയ് നര്‍സറി മകള്‍ ജയശ്രീയുടെ അഭിമാന സ്ഥാപനമാണ്.
ജയശ്രീയുടെ അച്ഛന്‍ സുധാകര മേനോന്റെ മരണശേഷവും സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഹൈമാവതി ടീച്ചര്‍, മരണശേഷം തന്റെ രണ്ടു കണ്ണുകള്‍ ദാനം ചെയ്തിരുന്നു. സേവനം ജീവിത വ്രതമാക്കിയ മാതാപിതാക്കളുടെ വഴി തന്നെയായിരുന്നു തന്റേതുമെന്ന് ജയശ്രീ അഭിമാനത്തോടെ പറയുന്നു. സത്യസന്ധതയും, അര്‍പ്പണബോധവും, എന്തും നേരിടാനും, പ്രതികരിക്കാനുമുള്ള ചങ്കൂറ്റവും ജയശ്രീ ആര്‍ജ്ജിച്ചത് തന്റെ മാതാപിതാക്കളില്‍ നിന്നാണ്.

*പഠിത്തം, ഗവേഷണം, കലാസപര്യകള്‍...*

മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എസ്സിക്കും എം. എസ്. സിക്കും രണ്ടാം റാങ്കു നേടിയ ജയശ്രി സ്കോളർഷിപ്പോടു കൂടിയാണ് പഠിച്ചത്. അതിനു ശേഷം ഒരു പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് പിഎച്ച്ഡിയും നേടി. താനെ ക്രീക്കിലേയും ഉല്ലാസ് നദിയിലേയും മാലിന്യ പ്രശ്‌നത്തെക്കുറിച്ചായിരുന്നു ജയശ്രിയുടെ റിസേര്‍ച്ച്്. മെര്‍ക്കുറിയടക്കം മാരകമായ വിഷാശംങ്ങളടങ്ങിയ ജലാശങ്ങളില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍, അവയെ ഭക്ഷിക്കുന്ന തദ്ദേശവാസികള്‍, അവര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിച്ചെഴുതിയ തീസിസിന് 2010ല്‍ ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായി. താനെ മേഖലയിലെ ആറു സ്ഥലങ്ങളിലെ ജലാശയങ്ങളില്‍ മെര്‍ക്കുറിയുടേയും മറ്റ് മാരകമായ വിഷാംശങ്ങളും കണ്ടെത്തി. ഈ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങളുടെ തലമുടിയും, പ്രസവിച്ച സ്ത്രീകളുടെ മുലപ്പാലും ശേഖരിച്ചായിരുന്നു ജയശ്രീയുടെ ഗവേഷണം. തന്റെ പി.എച്.ഡി. ഗവേഷണത്തിനു ശേഷവും അനുബന്ധ വിഷങ്ങളില്‍ പതിനെട്ടു റിസേര്‍ച്ച് പേപ്പര്‍ ജയശ്രീ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമവാസികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും എടുത്തിരുന്നു. കുട്ടിക്കാലം മുതൽ തന്നെ അധ്യാപികയാവുക എന്നതായിരുന്നു ജയശ്രീയുടെ സ്വപ്നം . ഇരുപത്തിമൂന്നുവര്‍ഷമായി മഹാരാഷ്ട കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്റ് കൊമേഴ്‌സ് കോളേജില്‍ ലക്ചററാണ് ജയശ്രി. ആദ്യകാലത്ത് ഡോംബിവ്‌ലി സൗത്ത് ഇന്ത്യന്‍ സ്‌കൂളിലും, കല്‍സാ കോളേജിലും ജയശ്രീ പഠിപ്പിച്ചിട്ടുണ്ട്.
 

ഡോക്ടര്‍ എന്ന അക്കാദമിക് പദവിയില്‍ ഒതുക്കി നിര്‍ത്താവുന്ന ഒരു വ്യക്തിയല്ല, ജയശ്രീ ഒരു നല്ലൊരു കലാകാരികൂടിയാണ്. പി.കെ.ജി.പിള്ളൈ, ഗുരു ഗോപിനാഥന്‍ എന്നിവരുടെ കീഴില്‍ ഭരതനാട്യവും, മാധുരി ദേശ്മുഖിന്റെ കീഴില്‍ മോഹിനിയാട്ടവും അഭ്യസിച്ച ഈ കലാകാരി ഏഴു വര്‍ഷം സി.സി.ആര്‍.ട്ടി. യുടെ (CCRT) നാഷനല്‍ ഡാന്‍സ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ടായിരുന്നു. കലാമണ്ഡലം ഗോപാലകൃഷ്ണന്‍ കേരളീയ സമാജം ഡോംബിവിലിക്കു വേണ്ടി ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌ക്കാരമായ കരുണയില്‍ ശാന്ത ഭാവമായ ഉപഗുപ്തന്‍, ഗുരു ഗോപിനാഥന്‍ സംവിധാനം ചെയ്തു ചിട്ടപ്പെടുത്തിയ രാമായണത്തിലെ രാമന്‍, പൂതനാമോക്ഷം കഥകളി എന്നിവ ജയശ്രീയുടെ കലാരംഗത്തെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു. മുംബൈയിലും, മഹാരാഷ്ട്രയിലെ പല നൃത്തവേദികളിലും നൃത്തം അവതരിപ്പിക്കുവാനും ജയശ്രിക്ക് കഴിഞ്ഞിട്ടുണ്ട്. നൃത്തം പഠിക്കുന്നത് നല്ലൊരു വ്യായാമമാണെന്നും ഈ കലാകാരി പറയുന്നു. ഒരുപാട് സംഘടനകള്‍ക്ക് വേണ്ടി നൃത്തം അഭ്യസിപ്പിക്കുകയും, കൈകൊട്ടിക്കളിയില്‍ പുതിയ ചലനം സൃഷ്ടിക്കാനും ജയശ്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ സരിഗമ എന്ന പരിപാടിക്കു വേണ്ടി പന്ത്രണ്ടു ഡാന്‍സുകളാണ് ജയശ്രി ചിട്ടപ്പെടുത്തിയത്. 1990 കളില്‍ മുംബൈയില്‍ എത്തിപ്പെടാതിരുന്ന മാര്‍ഗ്ഗം കളിയെ മറുനാട്ടുകാര്‍ക്ക് കാണുവാന്‍ കഴിഞ്ഞതും ജയശ്രിയുടെ നേതൃത്വത്തില്‍ വേദിയില്‍ കളിച്ച ഗ്രൂപ്പുകളില്‍ നിന്നു തന്നെ.

*എഴുത്തിന്റെ വഴി*
സാമൂഹിക സേവനരംഗത്തും ജയശ്രീയുടെ കയ്യൊപ്പുണ്ട്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സില്‍ 'രാഷ്ട്രപതിപുരസ്‌കാരം' ലഭിച്ചിട്ടുണ്ട്. നാലുവര്‍ഷക്കാലമായി ഡോംബിവിലി കേരള സമാജത്തിലെ വനിതാ വിഭാഗം സെക്രട്ടറിയാണ്. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി സ്ത്രീകള്‍ക്കായി തയ്യല്‍ ക്ലാസുകള്‍, എംബ്രോയിഡറി, ഫേബ്രിക്ക് പെയിന്റിങ്ങ്, കുടുംബശ്രീ എന്നീ മേഖലകളിലേക്ക് വനിതകളെ മുന്നിലേക്ക് കൊണ്ടുവരാന്‍ കേരള സമാജം വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതും ജീവിതത്തിലെ വലിയ നേട്ടമായി ജയശ്രീ കരുതുന്നു.
Indian rhymes and osngs for U, Singing lines for U, Funtime book for U, Village life for U എന്നീ പുസ്തകങ്ങള്‍ ജയശ്രീയുടേതായി ഉണ്ട്. കുരുന്നുകള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തിലുള്ള കവിതകളും ആംഗ്യപ്പാട്ടുകളും താശക്കഥകളും, നാട്ടിന്‍പുറത്തു ജീവിക്കുന്ന കുട്ടിളുടെ ജീവിതമെന്തെന്നുമൊക്കെ ഈ പുസ്തകത്തില്‍ കുട്ടികള്‍ക്കായി ജയശ്രി പങ്കുവയ്ക്കുന്നു.
കുരുന്നുകളെ നല്ല സംസ്കാരത്തിലൂടെ ശുദ്ധമായ അറിവുകളിലൂടെ പരിപോഷിപ്പിച്ചെടുത്താല്‍ കുരുന്നുകളെ നല്ല പൗരന്മാരായി സമൂഹത്തിന് സംഭാവന ചെയ്യാമെന്ന ആത്മവിശ്വാസമാണ് അദ്ധ്യാപികകൂടിയായ ജയശ്രീക്കുള്ളത്.

*അടച്ചിരിപ്പിന്റെ കാലം*
ലോക്ക്ഡൗണിന്റെ ഈ കാലത്തില്‍ കിട്ടുന്ന സമയം ജയശ്രീ പാഴാക്കിയില്ല. കോളേജിലെ കുട്ടികള്‍ക്ക് അവധി ദിവസങ്ങളില്‍ ക്ലാസ് എടുത്തും, നിര്‍ദ്ധനരായ, ട്യൂഷന് പോകുവാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്ക് സ്‌പെഷല്‍ ഓണ്‍ലൈന്‍ ക്ലാസുകളെടുത്തും, ജയ് നഴ്‌സറിയിലെ കുഞ്ഞുങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കഥകളും നഴ്‌സറി പാട്ടുകളും പാടിക്കൊടുത്തും അടച്ചുപൂട്ടലിന്റെ വിരസതയെ മറികടന്നു.  പ്രായമായ മനുഷ്യര്‍ക്കു വേണ്ടിയും, വീട്ടമ്മമാര്‍ക്കും വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസുകള്‍ എടുത്തു.
മകള്‍ അഞ്ജലിക്കൊപ്പം നൃത്തം ചെയ്ത് മുഖപുസ്തകത്തിലടക്കം മറ്റ് സാമൂഹ്യ മാധ്യമങ്ങളല്‍ തരംഗമായി, ഇത് പലര്‍ക്കും വലിയ പ്രചോദനമായി. അളവറ്റ പ്രോത്സാഹനം പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു.

*ഭര്‍ത്താവ്, മകള്‍, കുടുംബം*
ജയശ്രീയുടെ ഭര്‍ത്തവ് സതീശന്‍ മേനോന്‍, സമൂഹം ആദരിക്കുന്ന ഒരു ടെക്‌നോക്രാറ്റാണ്. ഓട്ടോമൊബൈല്‍ രംഗത്ത് ശ്രദ്ധേയമായ ഒരുപാട് മുന്നേറ്റങ്ങള്‍ക്ക് ശ്രീ സതീശന്‍ മേനോന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. തന്റെ മേഖലയിലെ ആദ്യത്തെ പേറ്റന്റ്, ''ഓട്ടോമൊബൈല്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റം'' ത്തിന് 2004ലും നൂതനമായ ഗിയര്‍ബോക്‌സിന്റെ കണ്ടുപിടുത്തത്തിന്, 2018 ല്‍ രണ്ടാമത്തെ പേറ്റന്റും, ഓട്ടോമൊബൈല്‍ ബ്രേക്ക് സിസ്റ്റത്തിന്റെ കണ്ടുപിടുത്തത്തിന് 2018 ല്‍ മൂന്നാമത്തെ പേറ്റന്റും സതീശന്‍ മേനോന്‍ സ്വന്തമാക്കിയിരുന്നു.
ഏക മകള്‍ അഞ്ജലി എം.എസ്.സി. ഫിസിക്‌സിനു ശേഷം ബി.എഡ് ബിരുദം കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നു. സംഗീതവും, ക്രിക്കറ്റും ഇഷ്ടപ്പെടുന്ന സഹോദരന്‍ ഹേമചന്ദ്രന്‍ മേനോന്‍ അനിയത്തിയുടെ എല്ലാ കാര്യങ്ങള്‍ക്കും പിന്‍തുണയായി കൂടെയുണ്ട്.

*പ്രത്യാശയുടെ പൂക്കള്‍*
മഹാരാഷ്ട്രയാണ് തന്റെ ജന്മഭൂമി, കര്‍മ്മ ഭൂമിയും. എങ്കിലും മാതാപിതാക്കള്‍ പഠിപ്പിച്ച കേരള സംസ്‌കാരവും, മാതൃഭാഷയായ മലയാളവും നെഞ്ചോട് ചേര്‍ത്തു വെക്കുന്നു എന്നും ജയശ്രീ. ഈ മഹാമാരിക്കാലവും കഴിഞ്ഞു പോകുമെന്നും, പഴയതുപോലെ കലാപ്രവര്‍ത്തനങ്ങളും, അദ്ധ്യാപക ജീവിതവും, തിരക്കുള്ള ട്രൈയിന്‍ യാത്രയും ഇനിയും കുറച്ചു ദിനങ്ങള്‍ക്കുശേഷം തിരിച്ചു വരുമെന്നുമുള്ള പ്രതീക്ഷയില്‍, പഴയ ആംചി മുംബൈക്കായി കാത്തിരിക്കുകയാണ് ഈ ഡോംബിവിലിക്കാരി .

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍  ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക