Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 12

Published on 04 September, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 12
കണ്ണുനീരിൽ കുതിർന്ന തലയിണയിൽ മുഖം അമർത്തി , എപ്പോഴോ ആമോദിനി ഉറങ്ങിപ്പോയി . രാവിലെ കിടക്ക വിട്ടെഴുന്നേൽക്കാൻ വല്ലാത്ത ഒരു മടി . ഇന്നലെ അങ്ങനെയൊരു ദിവസം ആയിരുന്നല്ലോ. തനിക്ക് ആരുമില്ലെന്നറിയുന്ന നിമിഷം....  സ്നേഹിച്ചവരാൽ താൻ ഉപേക്ഷിക്കപ്പെടുകയാണെന്നു തോന്നിയ നിമിഷം , നാളെ ഒരു പക്ഷെ ഈ തോന്നൽ മാറി മറിയാം . എന്നാൽ ...മനോവികാരം അതിപ്പോൾ വേദന മാത്രം ആണ് .
തനിക്കെന്തോ മനോവിഷമം ആണെന്ന് അൻപുവല്ലിക്കു  മനസ്സിലായി.
കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ പറഞ്ഞു
അമ്മ വിഷമിക്കാതെ പാപ്പാ ഉടനെ വരില്ലേ ? നിസ്സഹായതയോടെ പറയാതിരിക്കാൻ കഴിഞ്ഞില്ല. 
ഇനിയും ഒരാഴ്ച ആകും .
ഒരാഴ്ചയല്ലെ , അത് വേഗം പോകും ..
അങ്ങനെ ആ ആഴ്ച വേഗം പോയിരുന്നെങ്കിൽ എന്നാശിച്ചുപോയി .നെഞ്ചിലെ ഭാരം താഴേക്കിറങ്ങി  അടിവയറ്റിൽ , മൗസൂ അവൾ കിടന്നിരുന്ന ആ ഗർഭപാത്രത്തിൽ കൊളുത്തിപ്പിടിക്കുന്ന പോലെ തോന്നി .
 
മാധവിന്റെ വിളി ഫോണിൽ. 
ഗുഡ് മോർണിംഗ്  മോദിനി , താൻ ഇന്നലെ ഉറങ്ങിയോ ?
ഒരു മൂളലിൽ ഉത്തരം ഒതുക്കി. താൻ ഉറങ്ങിയാൽ എന്താ , ഉണർന്നിരുന്നാൽ എന്താ .. എന്ന് ചോദിയ്ക്കാൻ ആണു തോന്നിയത് .
മോൾ ഇന്നലെ തീരെ ഉറങ്ങിയില്ല , വല്ലാത്ത കരച്ചിൽ ആയിരുന്നു. തനിക്കും ഒരാഴ്ച ലീവ് എടുത്ത് ഇങ്ങോട്ടു വന്നുകൂടെ ? മോളെയും കൂട്ടി തിരികെ പോകാമല്ലോ ?
ഇപ്പോൾ അല്ലെ ജോയിൻ ചെയ്തത് , ലീവ് എടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്..
മൗസൂ ഫോൺ വാങ്ങി 
അമ്മാ , എനിക്കറിയാം അമ്മ അപ്സെറ്റ് ആണെന്ന് , പക്ഷെ അച്ഛൻ ലീവ് എടുത്തു , അത് തന്നെ അല്ല , ഞാൻ അവിടെ വന്നാലും  പകൽ തനിച്ചല്ലേ?

അവൾ പറയുന്നത് സത്യമാണ് . അതുകൊണ്ടാവാം, 
പരസ്പരം കുറ്റം ചാർത്താതെ  എന്തൊക്കെയോ പറഞ്ഞു ഫോൺ വെച്ചു.
ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ വർമാജി വന്നു ..
ഇതിലെ കടന്നുപോയപ്പോൾ ആമോദിനിയെ ഒന്നുകാണാൻ തോന്നി .
സന്തോഷം ..
പെട്ടെന്നാണ് അപർണയെപ്പറ്റി ഓർത്തത് . വർമാജിക്ക് അവൾ നല്ല കൂട്ടാവും. രണ്ടുപേർക്കും പരസ്പരം ഇഷ്ടമായാൽ ...
ആമോദിനി മനസ്സിൽ ചിലതൊക്കെ കൂട്ടിവെച്ചു. ഒരിക്കൽ തമ്മിൽ കാണട്ടെ , എന്നിട്ടു ചോദിക്കാം .
എന്താ മുഖത്തൊരു വിഷമം ?
വിഷമം ഒന്നും ഇല്ല , മോൾ അച്ഛന്റെ അടുത്തേക്ക് പോയിട്ട് ഒരാഴ്ച ആയി .അവളെ കാണാത്തതിൽ ഒരു സങ്കടം .
അത് പറഞ്ഞുകഴിഞ്ഞപ്പോൾ ഓർത്തു .
താൻ എന്തിനാണങ്ങനെ പറഞ്ഞത് . വേണ്ടിയിരുന്നില്ല .
അതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗം അല്ലെ , ഒരു വിധത്തിൽ പറഞ്ഞാൽ നമുക്ക് നമ്മൾ മാത്രം അല്ലെ ഉള്ളു , എത്ര പണം ഉണ്ടായാലും  പദവി ഉണ്ടായാലും  അറ്റ് ദി എൻഡ് ഓഫ് ദി ഡേ , വി ആർ എലോൺ , . അല്ലെ ?
വർമാജി , പെട്ടെന്ന് തത്ത്വജ്ഞാനി ആയി .
ഈ സംഭാഷണത്തിന് വിരാമം ഇടണം . അമേലിയായെ റൂമിലേക്ക് വിളിച്ചു . അവൾക്ക് അദ്ദേഹത്തിന്റെ കമ്പനിയെപ്പറ്റി ഉണ്ടായിരുന്ന സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കി .
ഞായറാഴ്ച ഉച്ച ഭക്ഷണത്തിനു വരുമോ എന്ന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല . അപർണയെക്കൂടെ വിളിക്കണം .
തനിയെ ഒരു ദിവസം മുഴുവൻ വീട്ടിലിരിക്കാൻ തോന്നുന്നില്ല . പാചകം ചെയ്തിട്ടും കുറെ ആയി .
വെജിറ്റേറിയൻ മതി കേട്ടോ ..
വർമാജി  പറഞ്ഞു . അയാളുടെ മുഖം സന്തോഷത്താൽ തിളങ്ങി .
നല്ല ഒരു നാടൻ ഊണ് കഴിച്ചിട്ട് കുറെ ആയി.

അറിയാതെ അയാൾക്ക്‌ താൻ മോഹം കൊടുത്തോ .. കുഴപ്പമില്ല. .ഞായറാഴ്ച കാണുമ്പോൾ വിവരം പറയാം , രണ്ടുപേരും ഇത് എങ്ങനെ എടുക്കും എന്നറിയില്ല .
ഇയാളെ കണ്ടപ്പോൾ മുതൽ ഓർക്കുന്ന ഒരു കാര്യം , നമ്മുടെ സന്തോഷങ്ങൾ  അത് നമ്മൾ സ്നേഹിക്കുന്ന ഒരാളോട് പങ്കുവെക്കാൻ സാധിക്കുന്നില്ലെങ്കിൽ, ആ സന്തോഷം ഒരു സങ്കടമായി ഉള്ളിൽ നിൽക്കും . സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ഉള്ള വ്യഗ്രത - അതിനു പ്രായഭേദം ഇല്ല . സഹയാത്രികരായി ആരെങ്കിലും  ... അതൊരു സംരക്ഷണ കവചം കൂടിയാണ് .

ഓഫീസ് വിട്ടു നേരെ അപർണയെ കാണാൻ പോയി ... കാപ്പികുടിയും അത്താഴവും കഴിഞ്ഞപ്പോൾ , എന്തോ ഒരു ഗ്ലാസ് വൈൻ കുടിക്കാൻ തോന്നി ...
അവളുടെ മട്ടുപ്പാവിലെ ചെടികൾക്കിടയിലെ സിമെന്റ് ബെഞ്ചിൽ ഇരുന്നു . ഒരു കൈ. അവളുടെ തോളിലിട്ട് , മാനത്തു പാതി മറഞ്ഞു നിൽക്കുന്ന ചന്ദ്രനെ നോക്കി , മിന്നുന്ന നക്ഷത്രങ്ങളെ നോക്കി .. ആകാശത്തേക്ക്  വൈൻ ഗ്ലാസ്സുകൾ ഉയർത്തി റ്റോസ്റ്റ് പറയുമ്പോൾ മനസ്സിൽ  
ഹൃദയം തകർത്ത  വിരഹത്തിൽ നിന്നും   ആകാശത്തിന്റെ നീല  നിറമുള്ള സ്വപ്നങ്ങൾ ഒപ്പിയെടുക്കുക്കാൻ നോക്കുകയായിരിന്നു .
ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ച് , കുറേനേരം ഹൃദയധമനികളെ മരവിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .
കൂടെ അപർണ ഉണ്ടെങ്കിൽ എന്തും സാധ്യമാകും . ഒരു ഗ്ളാസ് വൈൻ, അതിൽ നിന്നില്ല .
പിന്നെയും ഗ്ളാസ്സു നിറച്ചുകുടിച്ചു. അപർണ 
എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
ആദ്യം അവൾ ചിരിക്കാൻ തുടങ്ങി . കിണുകിണേന്ന് ചിരിച്ചു കൊണ്ടിരുന്നു അപർണ .
അച്ഛനെയും അമ്മയെയും നോക്കാൻ ജീവിതം മാറ്റി വെച്ചു . 
പക്ഷെ ഇന്ന് ഒറ്റപ്പെടലിന്റെ വേദനകൾ ..
കഴിഞ്ഞ മൂന്ന് വർഷമായി ഒരേ കിടപ്പിൽ കിടക്കുന്ന അമ്മ .
ആ വീട് മുഴുവനും മരുന്നിന്റെയും  ചന്ദനത്തിരിയുടെയും ഗന്ധം.. ചിരിച്ചുചിരിച്ച് അവസാനം അവൾ  കരയാൻ തുടങ്ങി. സങ്കടങ്ങൾ എണ്ണിപ്പറഞ്ഞു .
പതം പറഞ്ഞു .
ഏങ്ങിയേങ്ങിക്കരഞ്ഞു.
 ഉള്ളിൽ കുറെ നാളായി കൊണ്ടുനടന്ന വേദന ..
ഭൂമിയിൽ തിരികെ  വന്നു തന്റെ ശരീരം തേടുന്ന ആത്മാവിനെപ്പോലെ ..
വല്ലപ്പോഴും ഫോൺ വിളിയിൽ മാത്രം വിവരങ്ങൾ തിരക്കുന്ന സഹോദരന്മാരെയും അവരുടെ ഭാര്യമാരെയും കരച്ചിലിന്റെ ഇടയിൽ അവൾ ചീത്ത വിളിച്ചു . പിന്നെ വല്ലാതെ ശപിച്ചു . 
എത്ര ത്യാഗശീലയാണെങ്കിലും ഇടക്ക് , അരിശവും  ദേഷ്യവും പുറത്തു ചാടും .
അങ്ങനെ ചിരിച്ചും കരഞ്ഞും
പരസ്പരം ആശ്വസിപ്പിച്ചും 
അവിടെ ആ മട്ടുപ്പാവിലെ തണുത്ത തറയിൽ ക്കിടന്നു രണ്ടുപേരും എപ്പോഴോ ഉറങ്ങിപ്പോയി..
രാവിലെ സൂര്യൻ ഒളിഞ്ഞിരുന്നു തങ്ങളെ നോക്കുന്നതു കണ്ടാണ് ആമോദിനിയും അപർണയും ഉണർന്നത് .
എല്ലാം മറന്നുറങ്ങിയ ഒരു രാത്രി അങ്ങനെ കടന്നുപോയി.
ഞായറാഴ്ച ഉച്ചക്ക് ഉണ്ണാൻ അപർണയെ  ക്ഷണിച്ചിട്ട് ആമോദിനി വീട്ടിലേക്കുപോയി . രാത്രിയിലെ ആലസ്യം ഇനിയും വിട്ടുമാറിയിട്ടില്ല .
എന്നാലും ആനന്ദത്തിന്റെ ഒരു ചന്ദ്രനിലാവ് ആമോദിനിയുടെയുള്ളിൽ തിളങ്ങിക്കൊണ്ടിരുന്നു.
              തുടരും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക