Image

ഇള പറഞ്ഞ കഥകള്‍ (ആറ്): താമരച്ചേരിലെ ശൗചാലയങ്ങള്‍ (ജിഷ യു.സി)

ജിഷ യു.സി Published on 03 September, 2021
 ഇള പറഞ്ഞ കഥകള്‍ (ആറ്): താമരച്ചേരിലെ ശൗചാലയങ്ങള്‍ (ജിഷ യു.സി)
പാല്‍ക്കാരന്‍ പുളവയെ അന്വേഷിച്ച് ആരെങ്കിലും വന്നാല്‍ കുഞ്ചാ ണന് വിഷമമാവും. അത് അസൂയ കൊണ്ടൊന്നുമല്ല മറിച്ച് വൈദ്യന്‍ കുഞ്ചാണന്റെ മകന്‍ പാല്‍ക്കാരന്‍ പുളവയായതിലെ വിഷമം.

 അത് കുഞ്ചാണന്‍  മറച്ചു വച്ചില്ല . ഇടക്കിടെ കുഞ്ചീരിയോട് പരിഭവം പറഞ്ഞു .

'ഓന് പ്പൊ ഈ ആടുമാടോളെ കച്ചോടം ചെയ്ത്, പാലു വിറ്റ് നടക്കണ്ട വല്ല ആവി ശോം ണ്ടോ ?'

'ബടെ  ന്റടുത്ത് വൈദ്യം നോക്കി നിന്നാ പോരെ ?'

'ഈ വയസാംകാലത്ത് നാ ഒരു സഗായം ആയി നീം'

സന്തത സഹചാരി വറീതിനോടും ആത്മ സുഹൃത്ത് ചെറുങ്ങോരനോടും ഇതു തന്നെ  പറഞ്ഞ് കുഞ്ചാണന്‍ കണ്ണുനിറക്കും.

'എടാ ..'
'ഇജ്ജ് പ്പൊ അന്റെ വൈദ്യം കൊണ്ട് ണ്ടാക്കീത് എന്താ ?'
'ഓന്‍ കച്ചോടം കൊണ്ട് കിട്ടിയ കായി കൊണ്ട്  പ്പൊ ന്തൊക്കെ ചെയ്തു?'

'ജ്ജ് അത് ആലോയിക്ക് ചങ്ങായേ '

ചെറുങ്ങോരന്‍ സമാധാനിപ്പിക്കും

'കായി  ആണോ  വല്ത് ഒരു പാരമ്പര്യം ള്ള കുടുമ്മം .'
'അത് നെല നിര്‍ത്താനിനി ആരാള്ളത് ? അത് പറയ് ജ്ജ് ചെറ്‌ങ്ങോരാ'
കുഞ്ചാണന്‍ കരുതുന്നത് അതാണ്. പണ്ടുമുതലേയുള്ള വൈദ്യ പാരമ്പര്യം തുടരാന്‍ ആളില്ലാതായല്ലോ എന്ന്കുഞ്ചീരി പുറമെ വിഷമം നടിച്ചെങ്കിലും ഉള്ളാലെ സന്തോഷിച്ചു.

കയ്യില്‍ കാശു വരുമ്പോഴേ സൗകര്യങ്ങള്‍ വേണമെന്നു തോന്നു .
അവര്‍ക്ക് പുതിയ സൗകര്യങ്ങള്‍ മകന്‍ ചെയ്തു കൊടുക്കുമ്പോള്‍ ആ അമ്മക്ക് അത് പ്രകടിപ്പിക്കാതെ വയ്യെന്നാവും.

എങ്കിലും ഭര്‍ത്താവിന്റെ വിഷമം കണ്ടില്ലെന്നു നടിക്കാനും വയ്യ.

പുളവ വീടു പുതുക്കിപ്പണിതു.
ഉന്തും മുഴയുമായി നിന്നിരുന്ന ചാണകം മെഴുകിയ നിലം തിളങ്ങുന്ന സിമന്റ് തറയാക്കി .
ജനാലകള്‍ നിറം പൂശി.
പൂക്കള്‍ തുന്നിയ ജനാലകര്‍ട്ടനുകള്‍ വച്ചു.
താമരക്കായലിലേക്ക് തുറക്കുന്ന ജനലിലൂടെ ഒഴുകി വരുന്ന കാറ്റില്‍ അവ നൃത്തം വച്ചു.

അതിലുമപ്പുറം താമരച്ചേരില്‍ ഒരു വിപ്ലവത്തിന് അയാള്‍ തിരിയിട്ടു.

എന്താണെന്നോ ?

വീട്ടിനുള്ളില്‍ വൃത്തിയുള്ള ഒരു കക്കൂസും, കുളിമുറിയും  ഉണ്ടാക്കി.

വെള്ള നിറത്തില്‍ തിളങ്ങുന്ന, ഉള്ളില്‍ വെള്ളം നിറഞ്ഞ ,അടച്ച മുറിക്കുള്ളിലെ  ഈ സൗകര്യം   താമരച്ചേര് ആദ്യം കാണുകയാണ്. അത് അവരെ അത്ഭുതപ്പെടുത്തി.

ഏറെ അത്ഭുതത്തോടെ അത് കാണാന്‍ താമരച്ചേര് മുഴുക്കെ കുഞ്ചാണഭവനത്തിലേക്ക്  ഒഴുകി  എത്തി.

കായല്‍ക്കരയില്‍ ഓല മറച്ചുകെട്ടിയ  ,കക്കൂസ് സ്വന്തമായുള്ളവര്‍  പരിഷ്‌ക്കാരത്തിന് മോഹിച്ചു .

കായലില്‍ തുറന്ന സ്ഥലത്ത് തമ്മില്‍ത്തമ്മില്‍ പുറംതേച്ചു കൊടുത്തും താളിയുരച്ചും കുളിച്ചിരുന്ന പെണ്ണുങ്ങള്‍ക്ക് പിന്നെപ്പിന്നെ അത് ഒരു കുറച്ചിലായി   തോന്നിത്തുടങ്ങി.

പെണ്ണുങ്ങള്‍ ആണുങ്ങളെ പുളവയുമായി താരതമ്യം ചെയ്തു പറഞ്ഞു തുടങ്ങി.
അവരോരുത്തരും വീട്ടില്‍ സൗകര്യങ്ങള്‍ക്കായി കൊതിച്ചു.

 വയസ്സായവര്‍ പക്ഷേ

'അകത്ത് തൂറണ മുറി'

ഐശ്വര്യക്കേടായി വിലയിരുത്തി.

'കലികാലവൈഭവം'
എന്ന് പിറുപിറുത്തു.

കാര്യമെന്തായാലും താമരച്ചേര് മാറുകയായിരുന്നു.

പതിയെപ്പതിയെ വീടിനുള്ളിലോ വീടിനോട് ചേര്‍ന്നോ അടച്ചുറപ്പുള്ള ശൗചാലയങ്ങള്‍ താമരച്ചേരില്‍ പൊങ്ങിത്തുടങ്ങി..

 പൊതുവെ പരിഷ്‌ക്കാരങ്ങള്‍ എത്തിനോക്കാന്‍ മടിച്ചതാമരച്ചേരില്‍
ഒരു പരിഷ്‌ക്കാരമായി ഈ ശൗചാലയങ്ങള്‍ സ്ഥാനം പിടിച്ചു
--------------------------------------------

കഴിഞ്ഞ ഭാഗങ്ങള്‍ വായിക്കുവാന്‍ 
------------------------------

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക