Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 61

Published on 28 August, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 61
താഴെനിന്നും ടി.വി.യുടെ ശബ്ദം കേൾക്കാമായിരുന്നു. തെയ്യാമ്മ ഒരു ഹവായൻ ജ്വാലാമുഖിയായി.
ബ്ഭാ.. നട്ടെല്ലില്ലാത്ത പട്ടിക്കഴുവേറി !
ഈപ്പന്റെ ഉൽസവപ്പറമ്പിലെ പടക്കപ്പുര ഹിരോഷിമയാക്കാൻ അവൾക്കു കലിയിളകി.
വേണ്ടെങ്കിൽ വേണ്ടെന്നുവെച്ചേച്ചു പോകാൻ തന്റേടമില്ലാത്ത ഞാഞ്ഞൂല് ! എന്റെ വെയർപ്പേൽ വേണം പൊങ്ങച്ചം കാണിക്കാൻ.
കിടക്കുന്നതിനുമുമ്പ് പതിവുള്ള പ്രാർത്ഥനയ്ക്കായി അവൾ കട്ടിലിനടുത്ത് മുട്ടുകുത്തി.
'രക്ഷിക്കുന്നവനായ ദൈവമേ, ഇതേവരെയുള്ള നിന്റെ സകല നന്മകൾക്കും സ്തോത്രം' എന്ന പതിവുസ്തുതി അവളുടെ നാവിൻതുമ്പത്തേക്കു വന്നില്ല.
'എന്റെ ദൈവമേ ... എന്റെ ദൈവമേ...'
തെയ്യാമ്മ ചങ്കുപൊട്ടി വിളിച്ചു.
'നിനക്കെന്താണെന്നിൽ നിന്നും വേണ്ടത് ?
തെയ്യാമ്മ ഏങ്ങലടിച്ചു , നിർത്താതെ തുടർന്നൊന്നും പ്രാർത്ഥിക്കാതെ അവൾ ഏങ്ങലടിച്ചുകൊണ്ടേയിരുന്നു.
കണ്ണീരിനിടയിൽ എപ്പോഴോ തെയ്യാമ്മ ഉറങ്ങി. ഒറ്റയ്ക്ക്. എത്ര കാലമായി അവൾ ഒറ്റയ്ക്കുറങ്ങുന്നു. ഉറക്കത്തിൽ രാജഗോപാലൻ വന്ന് അവളെ ഉമ്മവെച്ചു. ഒരു ശരീരത്തിന്റെ ചൂട്  കൈയുടെ ഉറപ്പ് തെയ്യാമ്മയ്ക്കു വേണ്ടിയിരിക്കുന്നു.
എരുത്തിലുകെട്ടാൻ തെയ്യാമ്മയുടെ അപ്പൻ സഹായത്തിനു വിളിച്ച ചോവച്ചെറുക്കൻ. പണിക്കു പോകുന്ന രാജഗോപാലൻ അവളുടെ ക്ലാസ്സിൽ ആയിരുന്നെങ്കിലും കണ്ടാൽ പ്രായത്തിൽ മൂപ്പുതോന്നും. പിൻബെഞ്ചിൽ തോറ്റുതോറ്റിരിക്കുന്ന ചെറുക്കനെ ക്ലാസ്സിൽ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. പിന്നെ തെയ്യാമ്മ അവനെ സ്കൂളിൽ വെച്ചും വഴിക്കു വെച്ചും കണ്ടിരുന്നു. വീട്ടിൽ പണിക്കു വന്നുകഴിഞ്ഞതു മുതൽ രാജഗോപാലൻ അവളെ നോക്കി വിടർന്നുചിരിച്ചു. മൃദുവായി കുശലം ചോദിച്ചു.
ഹൈസ്കൂൾ എത്തിയപ്പോൾ അവർ സ്കൂളുകൾ മാറി. എന്നിട്ടും രാജഗോപാലൻ വഴിയിൽവെച്ചും ബസ്റ്റോപ്പിൽവെച്ചും മനോഹരമായി ചിരിച്ചു. അത്രയും സന്തോഷത്തോടെ തെയ്യാമ്മയെ നോക്കി ആരും ചിരിച്ചിരുന്നില്ല. തെയ്യാമ്മയുടെ വീട്ടിൽ ആരും തമ്മിൽ തമ്മിൽ മുഖം നോക്കാറില്ല. വെറുതെ ചിരിക്കാറില്ല. അമ്മച്ചി കണ്ടാലും മുഖത്തേക്കു രണ്ടാമതൊന്നു നോക്കില്ല. അപ്പച്ചൻ വീട്ടിലുള്ള ആരുടെയും മുഖത്തേക്കു നോക്കാറില്ല.
രാജഗോപാലൻ മാത്രമാണ് വലിയ കണ്ണുകൾ പൂർണ്ണമായും അവളുടെ മുഖത്തുറപ്പിച്ചു സന്തോഷത്തോടെ ചിരിച്ചത്. പ്രീഡിഗ്രി എത്തിയപ്പോൾ അവന് തെയ്യാമ്മയുടെ ഒപ്പമെത്താനായില്ല. പിന്നെ അവൻ പതിവായി പണിക്കുപോകാൻ തുടങ്ങി. എല്ലാവരും അവനെ രാജു എന്നാണു വിളിച്ചിരുന്നത്. അറ്റൻഡൻസ് രജിസ്റ്ററിനും തെയ്യാമ്മയ്ക്കും അവനെന്നും രാജഗോപാലനായിരന്നു.
കരഞ്ഞുവീർത്ത കണ്ണുകളും രാജഗോപാലനെ സ്വപ്നംകണ്ട മനക്കണ്ണുമായി തെയ്യാമ്മ അതിരാവിലെ ഉണർന്നു. പതിവുശീലം പോലെ അവർ വേദപുസ്തകം തുറന്നു. വാക്യങ്ങളും അധ്യായങ്ങളും തെയ്യാമ്മയുടെ മുന്നിൽ മരവിച്ചുകിടന്നു.
അവളുടെ വിരലുകൾ പേജുകളിൽനിന്നും പേജുകളിലേക്കു തിരഞ്ഞു. പലതവണ വായിച്ച വരികൾ ജീവനില്ലാതെ മരവിച്ചുനിന്നു. ഉത്തമഗീതത്തിന്റെ സംഗീതം നിലച്ചുപോയിരുന്നു. പ്രഭാഷകൻ മൗനത്തിൽ മുങ്ങിയിരുന്നു. വെളിപാട് ഇരുളിൽ മറഞ്ഞിരുന്നു.
കണ്ണിൽനിന്നും നീർ ഒഴുകുകയാണ്. കണ്ണീരുകൊണ്ട് വേദപുസ്തകത്തിന്റെ താളുകൾ നനഞ്ഞു. അവൾ പുസ്തകം മടക്കിവെച്ച് കൈകൂപ്പി ചോദിച്ചു.
- ആർക്കും വേണ്ടാത്ത ജീവിതം ... ദുഷ്ടനായ ദൈവമേ, നീ എന്തിനാണെനിക്കിതു തന്നത്. കരുണയുടെ അംശമെങ്കിലും നിന്നിലുണ്ടെങ്കിൽ ഇനിയൊരാൾക്കും ഇങ്ങനെയൊരു ജീവിതം കൊടുക്കരുത്...
ദൈവത്തിനോടു കോപിച്ച് അവൾ കടക്കയിലേയ്ക്കു മടങ്ങി. ഈപ്പൻ ജോലിക്കു പോയിക്കഴിഞ്ഞാണു തെയ്യാമ്മ എഴുന്നേറ്റത്. അവൾ ബോഡിവാഷ് സമൃദ്ധമായി തേച്ചുകുളിച്ചു. കൈ, മുല, വയർ , കാല് ഓരോ അവയവത്തെയും അവൾ സ്നേഹത്തോടെ തേച്ചുകഴുകി.
കുളികഴിഞ്ഞ് ഇളംറോസ് നിറമുള്ള സാരിയുടുത്ത് അവൾ കണ്ണാടിക്കു മുന്നിൽനിന്നു. പൗഡറിട്ട് കണ്ണെഴുതി. തെയ്യാമ്മ ആദ്യം സാരിയുടുത്തത് പ്രീഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു. ഇളം നിറമുള്ള റോസ് സാരി. കോളജു വിട്ടുവരുമ്പോൾ രാജഗോപാലനെ വഴിയിൽ കണ്ടത് തെയ്യാമ്മയോർത്തു. പതിവിലേറെ അത്ഭുതവും ആഹ്ളാദവും അവന്റെ മുഖത്തു നിറയുന്നത് അവൾ വ്യക്തമായി കണ്ടിരുന്നു. തെയ്യാമ്മ അന്ന് അവനോടധികം വർത്തമാനം പറഞ്ഞില്ല.
ചോവച്ചെറുക്കനും ക്രിസ്ത്യാനിപ്പെണ്ണും . ഗ്രാമം ഇളകിമറിയുന്നത് തെയ്യാമ്മയ്ക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്തുകൊണ്ടാണ് ആ ദിവസം മറക്കാതെ ഇപ്പോഴും മനസ്സിൽ കിടക്കുന്നതെന്ന് അവൾക്കറിയില്ല. റോസ് നിറമുള്ള സാരി കാണുമ്പോഴൊക്കെ അവൾ ആ നിമിഷത്തിലേക്കു മടങ്ങിപ്പോവും.
- ആർക്കും വേണ്ടാത്തത്.
ഇടയ്ക്ക് തെയ്യാമ്മ പിറുപിറുത്തു. അവൾ ഒരിക്കൽ കൂടി വേദപുസ്തകം തുറന്നു.
വേദനകളുടെ ആരംഭം എന്ന തലക്കെട്ടിൽ അവളുടെ കണ്ണുകൾ തങ്ങി നിന്നു അവൾ ശക്തിയോടെ വലിച്ചെറിഞ്ഞ വേദപുസ്തകം നടുവുതല്ലി താളുകൾ മടങ്ങി നിലത്ത് കമിഴ്ന്നുകിടന്നു.
രാജഗോപാലൻ വന്ന് അവളുടെ തോളിൽ കൈവെച്ചു. പിന്നെ സാവകാശത്തിൽ തെയ്യാമ്മയുടെ കൈപിടിച്ചു താഴേക്കു കൂട്ടിക്കൊണ്ടുപോയി. കൈക്കോട്ടു പിടിച്ചു തഴമ്പിച്ച കൈകൾ സ്നേഹത്തോടെ അവളെ താങ്ങി. ഈപ്പന്റെ കൈയുടെ മൃദുത്വം ഓർത്തപ്പോൾ അവൾക്കു പുച്ഛം തോന്നി. 
ടി.വി. കാണുമ്പോൾ പുതയ്ക്കാൻ ഉപയോഗിക്കുന്ന ചെറുകമ്പിളി രാജഗോപാലൻ അവൾക്കു നീട്ടി.
- തെയ്യാമ്മയ്ക്കു തണുക്കണ്ട.
മദേഴ്സ് ഡേക്ക് ടിജു അവൾക്കു കൊടുത്ത സമ്മാനമാണ് ആ കമ്പിളി . മക്കളും തന്നെ ഓർത്തു വ്യഥപ്പെടില്ലെന്ന് തെയ്യാമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു.
രാജഗോപാലൻ കാറിന്റെ താക്കോൽ അവൾക്കു നേരേ നീട്ടി .
- നമ്മക്കു പോകാം .
- കാപ്പി വേണോ ?
അവൾ ചോദിച്ചു.
അലിവുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞു:
- വേണ്ട താമസിക്കും. ആരെങ്കിലും വരുന്നതിനു മുമ്പ് നമ്മക്കു പോകാം.
അവിടെ ആകെ വരാവുന്നത് ഈപ്പനാണ്. എന്നാലും ഈപ്പന്റെ പേര് രാജഗോപാലൻ പറയാതിരുന്നത് തെയ്യാമ്മയെ സന്തോഷിപ്പിച്ചു. അവൾ അനുസരണയോടെ രാജഗോപാലനു പിന്നാലെ ഗരാജിലേക്കു നടന്നു. കാർ സ്റ്റാർട്ടു ചെയ്തിട്ട് തെയ്യാമ്മ പിൻസീറ്റിൽ ചരിഞ്ഞു കിടന്നു. ഗരാജിൽ ഹീറ്റിങ് ഇല്ലാത്തതുകൊണ്ട് നേർത്ത തണുപ്പുണ്ടായിരുന്നു.
രാജഗോപാലൻ കമ്പിളികൊണ്ട് തെയ്യാമ്മയെ കഴുത്തോളം പുതിപ്പിച്ചു. അവൾ കമ്പിളിപ്പുതപ്പ് മുഖത്തേക്കു വലിച്ചിട്ടു. അതിന് റ്റിറ്റിയുടെയോ ടിജുവിന്റെയോ മണമുണ്ടോ? രാജഗോപാലൻ മുഖത്തുനിന്നും പുതപ്പുമാറ്റി കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഉമ്മവെക്കാനാഞ്ഞു. ഒരു വലിയ യാത്ര പോകുമ്പോൾ സ്നേഹത്തോടെ പറഞ്ഞയയ്ക്കാൻ ആരെങ്കിലും വേണ്ടേ ?
അവൾ പറഞ്ഞു.
- ഇന്നുവരെ സ്നേഹത്തോടെ ആരും എന്നെ ഉമ്മവെച്ചിട്ടില്ല.
രാജഗോപാലൻ അവളുടെ ചുണ്ടിൽ ഉമ്മവെച്ചു. അയാളുടെ ചുരുണ്ട മുടിയിൽ ചിലത് നരച്ചിരിക്കുന്നതു കണ്ട് അവൾ ചിരിച്ചു.
- വല്യപ്പനായി, മൂത്ത ചോവൻ !
വലതുകൈ കമ്പിളിക്കു പുറത്തെടുത്ത് അവൾ രാജഗോപാലന്റെ നരച്ച ചുരുണ്ട മുടിയിൽ ചുറ്റി. തെയ്യാമ്മ ശാന്തമായി ഒരു ദീർഘശ്വാസം വിട്ടു. തുടങ്ങിയിടത്തു നിന്നും മുന്നോട്ടോ പിന്നോട്ടോ പോകാനാകാതെ അടഞ്ഞ ഗരാജിൽ കാറിന്റെ എൻജിൻ കിതച്ചു. 17  8 വെസ്റ്റേൺ സ്ട്രീറ്റിലെ 23-ാം അപ്പാർട്ടുമെന്റിലെ ഗ്യാസലീൻ മണം തെയ്യാമ്മയെ ഇറുകെപ്പുണർന്നു..
ഗ്യാസലീന്റെ മത്തുപിടിപ്പിക്കുന്ന മണം...!
            തുടരും..
പാമ്പും കോണിയും - നിർമ്മല - നോവൽ - 61
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക