Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 11

Published on 27 August, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 11
ഓഫീസിലെ തിരക്കിനിടയിൽ പലപ്രാവശ്യം ആദിനാഥൻ തന്നോട് എന്തോ സംസാരിക്കാൻ ആഗ്രഹിച്ചതു  പോലെ തോന്നി. ഉച്ചക്ക് തന്നോടൊപ്പം ഫുഡ് കോർട്ടിലേക്ക്  അവനും വന്നു .
മാമിനോടൊരു കാര്യം പറയാനുണ്ടായിരുന്നു ..
പറഞ്ഞോളൂ .. ഓഫീസിൽ തിരക്ക് കാരണം ഒരു പ്രൈവസി കിട്ടിയില്ല ..
അതിനെന്താ ഇപ്പോൾ  പറഞ്ഞോളൂ ഇവിടെ ഫ്രീ ആണല്ലോ ..
കുറ്റം പറയുകയാണെന്ന് തോന്നരുത് .ഞാൻ ആണ് മാമിന്റെ പേർസണൽ അസിസ്റ്റന്റ് .
പക്ഷെ അമേലിയ ഒരു കാര്യവും എന്നോട്  പറയാറില്ല .
പല പ്രാവശ്യം റിക്വസ്റ്റ് ചെയ്തിട്ടും കറസ്പോൻഡൻസ് ഒന്നും  എനിക്ക് മാർക്ക് ചെയ്യുന്നില്ല .
മീറ്റിംഗ് വിവരങ്ങൾ ഷെയർ ചെയ്യില്ല ..
ഞാൻ അമേലിയയോട് പറയാം .. 
വേറെ എന്തെങ്കിലും ?
ഒന്നുമില്ല മാം ..

അവൻ തന്റെ ഭക്ഷണം എടുത്ത് അടുത്ത മേശമേൽ  പോയിരുന്നു .
ദൂരെ അനിരുദ്ധിനെ കണ്ടു . അയാൾ പിന്നെയും തന്റെ അടുത്ത് വരുമോ എന്ന ഭയത്താൽ  ആദിനാഥനെ തന്റെ ടേബിളിൽ ഇരിക്കാൻ ക്ഷണിച്ചു . അവന്റെ മുഖം പ്രകാശ പൂർണമാകുന്നത് ശ്രദ്ധിച്ചു .
ചെറിയ ചെറിയ  ഔപചാരികങ്ങൾ .. സ്വന്തം കാര്യത്തിനായെങ്കിലും ...
അവനെ അത് സന്തോഷിപ്പിച്ചു .
ആദിനാഥൻ  അവന്റെ വീട്ടിലെ കാര്യങ്ങൾ പങ്കുവെച്ചു . അച്ഛനും  അമ്മയും ഒരു ചേച്ചിയും അടങ്ങുന്ന കുടംബം . അച്ഛൻ ജോലിയിൽ നിന്നും വിരമിച്ചു .അമ്മ അടുത്തുള്ള സ്കൂളിൽ ടീച്ചർ ആണ് .
ചേച്ചി വിവാഹിതയാണ് . ആദിനാഥന് കല്യാണം നോക്കുന്നുണ്ട്. 
മുൻപ് തോന്നാത്ത ഒരടുപ്പം അവനോടു തോന്നി .
പക്ഷെ അത് പുറത്തു കാണിച്ചില്ല .
എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു .

അമേലിയയുമായി ആദിനാഥൻ പറഞ്ഞ കാര്യം സംസാരിക്കാൻ ആഗ്രഹിച്ചെങ്കിലും അതിനുള്ള സാഹ്യചര്യം ഒത്തു കിട്ടിയില്ല .. 
അവൾ വർമ്മാജിയുടെ പ്രോപ്പർട്ടിയുടെ വിശദാംശങ്ങള്‍ വക്കീലിനോട് ചര്‍ച്ച ചെയ്യുവാൻ പോയിരിക്കുകയായിരുന്നു  ...
ചില സമയത്ത്  പെൺകുട്ടികൾ    കാര്യക്ഷമതയുള്ളവർ  ആകുമ്പോൾ  അത് വേറെ വിധത്തിൽ വ്യാഖ്യാനിക്കപ്പെടും. എന്നാലും അവളോട് ഇതൊന്നു സൂചിപ്പിക്കണം . വെറുതെ എന്തിനു ഒരു ഓഫീസ് രാഷ്ട്രീയം .. അത് സമ്പൂര്‍ണ്ണതയെ ബാധിക്കും .
അസാധാരണമായി തിരക്ക് കുറഞ്ഞ ഒരു അപരാഹ്നം .  കുറച്ചു വേഗം ഓഫീസിൽ നിന്നും ഇറങ്ങി .
ഇന്ന് ഉറപ്പായിട്ടും അപർണയെ കാണണം . കഴിഞ്ഞ കുറെ ദിവസങ്ങൾ ഓരോ കാര്യങ്ങൾ കൊണ്ട് അവളുടെ വീട്ടിൽ പോകാൻ സാധിച്ചില്ല .
ചെല്ലുമ്പോഴേക്കും വടയും കാപ്പിയും ഉണ്ടാക്കി അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
ചില സ്നേഹബന്ധങ്ങൾ, അതൊന്നും വര്‍ണ്ണിക്കുക സാധ്യമല്ല . ഭ്രമങ്ങൾ നിറഞ്ഞ
സ്നേഹത്തിനു വേണ്ടി കലഹിക്കുകയും അതിനുവേണ്ടി മാത്രം പ്രണയിക്കുകയും ചെയ്യുന്ന ഈ ലോകത്ത് ഇതുപോലെ ഉപാധികളില്ലാത്ത നിർവ്യാജ സ്നേഹബന്ധം ഒരു ഭാഗ്യം തന്നെയാണ്. കഴിഞ്ഞ ദിവസങ്ങൾ  തന്റെ ജീവിതത്തിൽ നടന്നെതെല്ലാം ആമോദിനി അപർണയെ പറഞ്ഞു കേൾപ്പിച്ചു . അവളുടെ അഭിപ്രായത്തിൽ ആലോചിക്കാതെ, വർമ്മാജിയുടെ കാര്യം വേണ്ട എന്ന് പറയേണ്ടിയിരുന്നില്ല എന്ന് .
രണ്ടാമത് ഒരു അവസരം ..അതും , നിന്നെ ഇഷ്ടപ്പെടുന്ന ഒരാൾ .പ്രായം ഒരു വിഷയം അല്ലെങ്കിൽ എന്തുകൊണ്ട് അതിനെക്കുറിച്ചു ചിന്തിച്ചുകൂടാ ...
വേണ്ട അപർണ , ഇനി വേദനിക്കാൻ വയ്യാ, ജീവിതം വെച്ച് ഇനിയും  പരീക്ഷണം എനിക്കുവയ്യ , സ്നേഹിച്ചവർ  എല്ലാവരും എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു പിരിഞ്ഞു പോയി .
നീ പാട്ടു പാടുമ്പോൾ മൗനം നിന്നെ പിടിപെട്ടാൽ എന്ത് ചെയ്യും ? 
നീ പറയുന്നത് എനിക്ക് മനസ്സിലാകും .
ശരി നമുക്ക് ഈ സംസാരം ഇവിടെ നിർത്താം . എന്തിനാ വെറുതെ .

ഹൃദയത്തിൽ വേരിറങ്ങിയ എന്റെ നോവുകൾ .. അത് പറിച്ചു നടാൻ സാധിക്കുന്നില്ല .... അള്ളിപ്പിടിച്ചതങ്ങു നിൽക്കുകയാണ് .
ഒറ്റക്ക് ജീവിക്കാൻ ശീലിച്ചു വരികയാണ് . അതിൽ നിന്നും മോചിപ്പിക്കാം എന്ന് പറഞ്ഞുവന്നിട്ട്  വീണ്ടും ഒറ്റയ്ക്കാക്കി പോകുക എന്നതാണ് ഏറ്റവും സഹിക്കാൻ കഴിയാത്തത് . ഏതായാലും ഇനി അത് വേണ്ട ...
എന്റെ വിഷമം ഇപ്പോൾ അതല്ല , മൗസൂ ഇല്ലാതെ ഞാൻ വല്ലാതെ അപ്സെറ്റ് ആകുന്നു . മാനസികമായി തളർന്ന പോലെ ..
ആദ്യം അല്ലെ ഇങ്ങനെ മാറി നിൽക്കുന്നത് അതാണ് .
പിന്നെ അവളോട് അച്ഛനെ കാണാൻ പോകരുതെന്ന് എങ്ങനെ പറയും ?
അതെനിക്ക് അറിയാം ..
നീ ഇന്ന് ഇവിടെനിന്ന് അത്താഴം കഴിച്ചിട്ട് പോകു .തനിയെ അവിടെ ചെന്നിട്ട് എന്ത് ചെയ്യാൻ ?
അപർണ അങ്ങനെ പറഞ്ഞപ്പോൾ
അൻപുവല്ലിയെ വിളിച്ചു .
അത്താഴത്തിന് ഒന്നും തയ്യാറാക്കേണ്ട എന്ന് പറഞ്ഞു .

അപർണ്ണയും  ആമോദിനിയും അവരുടെ പഴയ കാലത്തേക്ക് തിരികെ പോയി. എന്തൊക്കെയോ പറഞ്ഞ് അപർണയവളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു .
ഒരു കാര്യം പറയാൻ മറന്നു . മാധവ് , പിന്നെയും കല്യാണ മോതിരം എടുത്തു കയ്യിൽ ഇട്ടിരിക്കുന്നു ..
സത്യമോ ?
അയാൾ തിരികെ വരാൻ ആഗ്രഹിക്കുണ്ടോ ?
അറിയില്ല ,
അമ്മ വിവാഹത്തിന് നിർബന്ധിക്കുന്നു എന്ന് പറഞ്ഞു ..
മാധവ് എന്നിട്ടെന്തു പറഞ്ഞു ?
സമയം വേണമെന്നു പറഞ്ഞെന്ന് ..
തിരികെ വന്നാൽ .. അങ്ങനെ ചിന്തിച്ചിട്ടുണ്ടോ ?
അറിഞ്ഞുകൂടാ ..
അതിന്റെ അർത്ഥം , നീ ഇന്നും അയാളെ മനസ്സിൽ നിന്നും ഇറക്കി വിട്ടിട്ടില്ല എന്നാണ് ..
അതിനു മറുപടി പറയാതെ ആമോദിനി അപർണയെ നിര്‍വ്വികാരയായി നോക്കിയിരുന്നു .

തിരികെ വീട്ടിലേക്കു നടക്കുമ്പോൾ ഓർത്തു . രാത്രി പതിവിലും നിശ്ശബ്ദമാണോ....?
അതോ രാവിന്റെ നിഗൂഢതകൾ കണ്ടു   പ്രകൃതി ശ്വാസം അടക്കിപിടിച്ചിരിക്കുകയാകുമോ...?

ഒൻപതു മണിയോടെ വീട്ടിൽ എത്തിയതും മൗസൂ വിളിച്ചു .
ഒരു കാര്യം പറഞ്ഞാൽ അമ്മ അപ്സെറ്റ് ആകരുത് .
അച്ഛൻ ഒരാഴ്ച കൂടി ലീവ് നീട്ടി . ഞാൻ ഒരാഴ്ച കഴിഞ്ഞേ വരൂ ..
പൊട്ടിത്തെറിക്കാതിരിക്കാൻ കഴിഞ്ഞില്ലവൾക്ക് .
എന്താ മൗസൂ ഈ പറയുന്നത് !
ഞാൻ ഒന്നും പറയില്ല എന്നുകരുതി എല്ലാം അങ്ങ് തന്നെ തീരുമാനിച്ചോ നിങ്ങൾ രണ്ടാളും ചേർന്ന് ..?
പെട്ടെന്ന് മൗസൂ കരയാൻ തുടങ്ങി.
മാധവ് ഫോൺ വാങ്ങി 
എന്താ മോദിനി ? ഒരാഴ്ച കൂടി അല്ലെ ഉള്ളു .. അതിനിങ്ങനെ ?
നിങ്ങൾക്ക് അത് പറയാം .
എൻ്റെ വിഷമം എനിക്കെ അറിയൂ ..
അപ്പോൾ എൻ്റെ കാര്യമോ ?
ദാറ്റ് വാസ് യുവർ ചോയ്സ് ..
ഞാൻ അല്ല അത് ചോദിച്ചു വാങ്ങിയത് ..
അങ്ങനെ കേട്ടതും മാധവ് ഫോൺ കട്ട് ചെയ്തു .
തിരികെ വിളിക്കാൻ തോന്നിയില്ല .
ആരാണ് ശരി...?
ആരാണ് തെറ്റ്..?
താൻ ഒറ്റപ്പെടുകയാണ്..

നെഞ്ചിന്‍കൂട്തകര്‍ത്ത് പുറത്തുവരാന്‍ വെമ്പുന്ന തേങ്ങല്‍ ഒച്ചയടഞ്ഞ് തൊണ്ടക്കുഴിയില്‍ കനത്ത് കിടക്കുന്നു .. ശ്വാസം നിലച്ചതുപോലെ ..
മടുത്തുവെന്ന് മനസ്സ്
പറഞ്ഞപ്പോൾ ജീവിക്കാൻ പ്രേരിപ്പിച്ചതു മൗസൂ ആണ് ... 
അവളും അച്ഛനോടൊപ്പം കൂടി തന്നെ വീണ്ടും ഒറ്റപ്പെടുത്തുകയാണോ ?
എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക് ...
മൗസുവിന് തന്നെ തീർത്തും വേണ്ടാതാവുകയാണോ...!
ദൈവമേ, ഞാനെന്തു ചെയ്യും..?
ആമോദിനി ഒച്ചവെച്ചു കരഞ്ഞു..
           തുടരും ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക