Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

Published on 31 July, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 57
ജോയി നാട്ടിൽ പണിത വീട്ടിൽ പാറ്റയും ചിതലും അരിച്ചു നടന്നു. മുറ്റത്ത് ഇലകൾ കെട്ടിക്കിടന്നു. പെയിന്റ് നരച്ചു പായലുപറ്റി ഭിത്തികൾ പഴഞ്ചനായി. അമ്മച്ചിക്ക് വിഷമംതോന്നി. ജിമ്മിക്കും വിഷമംതോന്നി. ആ വീട്ടിലാണവൻ മഞ്ജുളയോടൊത്തു പാർത്തിട്ടുള്ളത്. അവരുടെ കുട്ടികൾ അച്ചാച്ചനെയും കുടുംബത്തെയും സ്വീകരിക്കാൻ എയർപോർട്ടിൽ പോകാൻ തുള്ളിച്ചാടിയത്. ആ വീട്ടിൽ കിടന്നു മരിക്കണമെന്നു അമ്മച്ചിയും രഹസ്യമായി ആഗ്രഹിച്ചു.
ജിമ്മി വന്നിട്ടു പോകാൻ ഇറങ്ങിയപ്പോഴും അമ്മച്ചി ചോദിച്ചു:
- നിങ്ങളിനി എന്നാടാ നാട്ടിൽ പോകുന്നത്?
- ആ .. ഒടനെയൊന്നും ഇല്ല.
- എനിക്കിനി നാടുകാണാനുള്ള ഭാഗ്യമൊന്നും ഇല്ലായിരിക്കും.
- അതെന്തിനാ അങ്ങനെ പറയുന്നത്. അമ്മച്ചിയുടെ അസുഖം കുറഞ്ഞിട്ട് ഞങ്ങളു പോകുന്ന കൂട്ടത്തിൽ പോകാം.
ഉഷയുടെ ഉള്ളിൽ അതുകേട്ട് ഒരു ചെണ്ടകൊട്ടു നടന്നു. നാട്ടിൽ പോകുന്നതു തന്നെ വലിയൊരു ബദ്ധപ്പാടായിട്ടാണ് ഉഷയ്ക്കു തോന്നാറ് . അമ്മച്ചിയെയും കൂടെ കൊണ്ടുപോവുക എന്നുപറഞ്ഞാൽ ! ആലോചിച്ചപ്പോഴേ ഉഷയ്ക്കു ഭയം തോന്നി.
- നമ്മടെയാ വീടൊക്കെ ഒന്നു തൂത്തുവാരിയെടുത്ത് അതിനകത്തി രണ്ടു ദിവസം താമസിക്കണം കേട്ടോ മോനേ.
- നമ്മക്കു താമസിക്കാം അമ്മച്ചീ.
ജിമ്മി പിന്നേയും പറഞ്ഞു. അവൻ പരിഹസിക്കുകയല്ല, തന്റെ കൊച്ചുകുഞ്ഞ് തന്നെ ആശ്വസിപ്പിക്കുകയാണെന്ന് അമ്മച്ചിക്കു വ്യക്തമായും മനസ്സിലായി. കിടക്കയുടെ തലയ്ക്കൽ കിടന്നിരുന്ന തോർത്തുകൊണ്ട് ജിമ്മി അമ്മച്ചിയുടെ കണ്ണു തുടച്ചു കൊടുത്തു.
- അമ്മ ആവശ്യമില്ലാത്തതൊക്കെ ആലോചിക്കാതെ വേഗം സുഖപ്പെടാൻ നോക്ക് !
പാവം അമ്മ ! ഒന്നും ചോദിച്ചിട്ടില്ല. ആകെ ചോദിച്ചത് നാട്ടിൽ ഒന്നു കൊണ്ടുപോകാമോ എന്നാണ്. ചോദിക്കാതെ താനൊന്നും കൊടുത്തിട്ടില്ല എന്നൊക്കെ ഓർത്ത് ജിമ്മി കൂടുതൽകൂടുതൽ വിമ്മിട്ടപ്പെട്ടുകൊണ്ടിരുന്നു. അമ്മയെ നാട്ടിൽ കൊണ്ടുപോകുന്നതിനെപ്പറ്റി പലപ്പോഴും ജിമ്മി ആലോചിച്ചു. അവൻ ജോയിയോട് അക്കാര്യം പറയുകയും ചെയ്തു.
- നിനക്കു തലയ്ക്കു വെളിവുണ്ടോ , അതോ റെഡ് ലേബലടിച്ചിട്ടാണോ ഈ പറയുന്നത്.
ജിമ്മിക്ക് ജോയിയെ തല്ലണമെന്നു തോന്നി. അച്ചാച്ചനു തന്നെപ്പറ്റി എന്നും പരാതി മാത്രമല്ലേ ഉള്ളൂ എന്ന് ആശ്വസിക്കാനും അയാൾ ശ്രമിച്ചു. തനിക്ക് ഒറ്റയ്ക്കു ചെയ്യാൻപറ്റാത്ത കാര്യമാണ് അതെന്ന് ജിമ്മിക്കറിയാം.
ജോലി ജിമ്മിയുടെ തലയ്ക്കു മേലേ അറ്റുവീഴാവുന്ന വാളുപോലെ തൂങ്ങിനിൽക്കുന്ന സമയമാണ്. അവധിയെടുക്കുക എന്നത് സാദ്ധ്യതയേ ഇല്ലാത്ത കാര്യമാണ്.
സായിപ്പിന്റെ അടിമ !
ജോലിചെയ്യാൻ സമർത്ഥനാണ്. അതുകൊണ്ട് നീ ജോലി ചെയ്യുക. ഭരണം വെളുവെളുത്ത ആർക്കെങ്കിലും.
പലപല വഴികളാലോചിച്ച് ജിമ്മി ടൗണുകളിലൂടെ ഡ്രൈവ്ചെയ്തു. ജോലി പോയി പാക്കേജു കിട്ടിയാൽ നല്ലതു തന്നെ എന്ന് അവനോർത്തു . അമ്മച്ചിയെയുംകൊണ്ട് നാട്ടിൽപ്പോകണം. കുറച്ചുനാൾ നാട്ടിൽ താമസിക്കണം. മടങ്ങിവന്നിട്ട് പുതിയ ജോലി കണ്ടുപിടിച്ചാൽ മതിയാവും. ജിമ്മി പുതിയ കണക്കുകൾ മനസ്സിൽ കൂട്ടാൻതുടങ്ങി.
പക്ഷേ, അതുവരെ കാത്തുനിൽക്കാൻ അമ്മച്ചിക്കു കഴിഞ്ഞില്ല. 
അമ്മച്ചിയുടെ കട്ടിലിനരികിൽനിന്ന് സാലി കരഞ്ഞു. അവൾക്കാകെ അറിയുന്ന അമ്മയാണവർ. വിളക്കെടുത്ത് അവളെ ഒരു വീട്ടിലേക്ക് സന്തോഷത്തോടെ സ്വീകരിച്ച അമ്മച്ചിയാണ്. വേറൊരു വീട്ടിലും അവൾക്കാ സ്വീകരണം കിട്ടിയിട്ടില്ല.
- വീട്ടിക്കേറിവന്ന പെങ്കൊച്ചാ .
അമ്മച്ചി വാൽസല്യത്തോടെ പറഞ്ഞത് അവളോർത്തു. സ്വീകരണമെന്നല്ല ഒരനാവശ്യ വസ്തു പോലെ എത്ര വീടുകളിൽ സാലി ചുറ്റിക്കറങ്ങിയിരിക്കുന്നു. മുഷിഞ്ഞ തുണിയായി മൂലയ്ക്കു ചുരുണ്ടു കിടക്കാനായിരുന്നു വിധി. ശ്രദ്ധിക്കപ്പെടാതിരിക്കാൻ കഴിയുന്നത്ര ശ്രമിച്ച് , കണ്ടാൽ മുഴച്ചിരിക്കുമെന്ന അറിവോടെ സാലി നിഴൽപറ്റി ചുവരോടുചേർന്ന് ഒഴുകിയൊഴുകി...
ആ നിഴലിൽനിന്നും സാലിയെ വെളിച്ചത്തിലേക്ക് ഉയർത്തിയത് അമ്മച്ചി ആയിരുന്നു. കല്യാണനാളിനെക്കുറിച്ച് സാലി വീണ്ടുമോർത്തു. എല്ലാ കണ്ണുകളും തന്നെയാണു ശ്രദ്ധിച്ചത്. അന്നത്തെ നായിക താനായിരുന്നല്ലോ എന്നോർത്തപ്പോൾ അവൾക്ക് അത്ഭുതവും ആനന്ദവും തോന്നി.
- ജോയിയുടെ ഭാഗ്യം കൊണ്ടാ മോളേ അവനു നിന്നെ കിട്ടിയത്, എന്നു പറയാൻ ധൈര്യം കാണിച്ച അമ്മായിയമ്മയാണവർ. സാലിമോളെ എന്നു വിളിച്ചിട്ടുള്ളത് അമ്മച്ചി മാത്രമാണ്. അമ്മാളമ്മച്ചി സാലമ്മോന്നു വിളിക്കുന്നത് അവൾക്കിഷ്ടമില്ലായിരുന്നു . ഒരമ്മയുടെ ഭാരം അവളുടെ പേരിനു നൽകിയത് അവൾക്കിഷ്ടമായില്ല. ജോയിയുടെ അമ്മച്ചിക്ക് സാലിമോൾ, ഉഷമോൾ , ജോയിമോൻ , ജിമ്മിക്കുട്ടൻ .
- കഴിക്കു മോളെ , ജോലിമാത്രം ചെയ്താ ക്ഷീണിക്കത്തില്ലേ?
അങ്ങനെ അവളോടു പറഞ്ഞിട്ടുള്ളത് ആ അമ്മ മാത്രമാണ്. ഒരിക്കൽ എൽസിആന്റിയുടെ കുത്തുവാക്കുകേട്ട്
- ഓരോരുത്തരുടെ സ്വഭാവം അങ്ങനാ മോളെ ,
എന്നവളെ ആശ്വസിപ്പിച്ചിട്ടുള്ളതവരാണ്.
- നമ്മടെ കുഞ്ഞൂഞ്ഞ് ഉപദേശീടെ മോളാ ,
എന്ന് അഭിമാനത്തോടെ അവളെ മറ്റുള്ളവർക്കു പരിചയപ്പെടുത്തി, ജീവിതത്തിൽ ആദ്യമായി തന്റെ പൈതൃകത്തെക്കുറിച്ച് സാലിക്കഭിമാനം തോന്നിയതപ്പോഴാണ് .
അമ്മച്ചിയോട് ഉഷയ്ക്കു വിരോധമൊന്നും ഇല്ല. എന്നാലും ജിമ്മിയുടെ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കാനൊന്നും ഉഷയ്ക്കു പറ്റിയില്ല. പലപ്പോഴും അവൾക്ക് അവരുടെ പെരുമാറ്റത്തിലും സംസാരത്തിലും ഇഷ്ടക്കേടു തോന്നിയിട്ടുണ്ട്. അമ്മച്ചിയെയുംകൊണ്ട് നാട്ടിൽ പോവുക എന്ന ഭീഷണി ഒഴിഞ്ഞു പോയതിൽ അവൾക്ക് ആശ്വാസം തോന്നി. ആ ആശ്വാസത്തിൽ തന്നോടുതന്നെ നീരസം തോന്നി ഉഷയ്ക്ക്.
അമ്മ ആഗ്രഹിച്ചതൊന്നും കൊടുക്കാൻ പറ്റിയിട്ടില്ലല്ലോ എന്നോർത്ത് ജിമ്മിക്ക് കടുത്ത മനസ്താപം തോന്നി ! കുറ്റബോധം ജിമ്മിയെ വേട്ടയാടി.
ഐ ആം യൂസ് ലെസ് !
അമ്മച്ചിക്ക് വേണ്ടതൊക്കെ കൊടുത്തതിൽ, 
സ്വന്തം വീട്ടിൽ കിടന്നു മരിച്ച തൃപ്തിയിൽ ജോയി കല്ലറയുടെ തലക്കല്ലുകൾ തിരഞ്ഞു.
                     തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ - 57
Join WhatsApp News
Renu Sreevatsan 2021-08-06 09:49:04
കൃത്യമായി രേഖപ്പെടുത്തിയ ജീവിതം...superb
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക