Image

ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)

Published on 05 March, 2020
ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)

ഇ-മലയാളി അവാര്‍ഡ്-സമഗ്ര സംഭാവന

1. അവാര്‍ഡ് ജേതാവിനു അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം.

പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ല. പുരസ്‌കാരം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.

2. ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ.

ഇപ്പോള്‍ തന്നെ ഇ-മലയാളി മെച്ചമായ രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുക

3. അമേരിക്കന്‍ മലയാളസാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു. നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെഎങ്ങനെ സഹായിക്കും.

അമേരിക്കന്‍ മലയാള സാഹിത്യത്തില്‍വായനക്കാരുടെ കുറവുണ്ട്. ശരാശരി മലയാളിക്ക് ഇതിലൊന്നും ഒരു താല്‍പ്പര്യവുമില്ല. കുറച്ചു പേര്‍ മാത്രം സാഹിത്യത്തെ ഇഷ്ടപ്പെടുന്നു. വായിക്കുന്നവര്‍ അവര്‍ മാത്രം. സാഹിത്യ സമ്മേളനങ്ങളില്‍ അവര്‍ മാത്രം പങ്കെടുക്കുന്നു

4. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ? ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നോ? ഇ-മലയാളിയുടെ താളുകള്‍ അതിനു നിങ്ങള്‍ക്ക് സഹായകമായോ? അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നതാണോ നിങ്ങളുടെ സ്വപ്നം? എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു?

ഒരെഴുത്തുകാരനാകണമെന്ന് ബാല്യത്തില്‍ ചിന്തിച്ചിരുന്നില്ല. നല്ലവണ്ണം വായിക്കുമായിരുന്നു. മാധ്യമങ്ങള്‍ സഹായിച്ചിട്ടുണ്ട്. നാദം, അശ്വമേധം, കൈരളി, രജനി, ജനനി, ഇ - മലയാളി, മലയാളം പത്രം ഒക്കെ എന്റെ എഴുത്തിനെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. മനസ്സില്‍ ഉരുത്തിരിയുന്ന വികാരവിചാരങ്ങളും ഒരവസരത്തില്‍ പുറത്ത് വന്നേ പറ്റൂ എന്ന അവസ്ഥ വരും. അപ്പോള്‍ എഴുതിയേ തീരൂ എന്ന അവസ്ഥ ഉണ്ടാകും.

5. എഴുത്തുകാര്‍ക്ക് അവാര്‍ഡ്/അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ? അതേക്കുറിച്ച് എന്ത് പറയുന്നു? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടോ?

അംഗീകാരം ലഭിക്കാത്തവര്‍ക്ക് അസൂയ തോന്നിയേക്കാം, അംഗീകാരത്തെ മാനിച്ചു കൊണ്ട് അത് സ്വീകരിക്കുക. നിരസിക്കുന്നത് നല്ലതല്ല.

6. ഒരെഴുത്തുകാരന്‍/കാരിയാകണമെന്ന് സ്വയം തോന്നിയതെപ്പോള്‍? ആദ്യത്തെ രചന എപ്പോള്‍ നടത്തി, എവിടെ പ്രസിദ്ധീകരിച്ചു ?

എഴുതിയത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നു എന്നു തോന്നിയതിനാലാണ് എഴുതി തുടങ്ങിയത്. ആദ്യ രചന ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍. സ്‌കൂള്‍ ആനിവേഴ്‌സറിക്ക് ഒരു ഏകാങ്കനാടകം എഴുതി അഭിനയിച്ചു. ആദ്യത്തെ കൃതി എങ്ങും പബ്ലിഷ് ചെയ്തില്ല.

7. നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യകൃതി? ഏതു എഴുത്തുകാരന്‍? നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാളസാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ട്. അവയില്‍ നിങ്ങള്‍ക്കിഷ്ടമായവ. ഒരു ദിവസത്തെ ആയുസ്സില്‍ അവയെല്ലാം വിസ്മരിക്കപ്പെട്ടുപോകാതെ എങ്ങനെ അവയെ അമേരിക്കന്‍ മലയാള സാഹിത്യ ഭണ്ടാരത്തില്‍ സൂക്ഷിക്കാം.

ഇഷ്ടമുള്ള ഒരു പാട് കൃതികളും എഴുത്തുകാരുമുണ്ട്. എന്റെ അഭിപ്രായത്തില്‍ സാഹിത്യം എവിടെയിരുന്ന് എഴുതിയാലും സാഹിത്യം തന്നെ. അമേരിക്കന്‍ സാഹിത്യം എന്നും കേരള സാഹിത്യം എന്നും വേര്‍തിരിച്ചു കാണേണ്ട കാര്യമില്ല.

8. നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍. എന്തുകൊണ്ട് ആ സ്വാധീനംനിങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ ആ സ്വാധീനത്തില്‍ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ.

പല എഴുത്തുകാരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ ഒരെഴുത്തുകാരന്റെ പേര്‍ പറയുക അസാധ്യമാണ്. എനിക്ക് എന്റേതായ ഒരു ശൈലിയുണ്ട്. എല്ലാ എഴുത്തുകാര്‍ക്കും അവരവരുടേതായ ശൈലി ഉണ്ടെന്നാണ് എന്റെ അഭിപ്രായം

9. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ?അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

വായനക്കാരുടെ അഭിപ്രായം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കൂടുതലും നല്ല അഭിപ്രായങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. വളരെ ചുരുക്കം ചില അവസരങ്ങളില്‍ പ്രതികൂല അഭിപ്രായം ഉണ്ടായിട്ടുണ്ട്. ഒരിക്കലും അത് എന്നെ ബാധിച്ചിട്ടില്ല

10. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതണം, എങ്കില്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കുവെന്നചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നോ .

എഴുത്തുകാരനെ നാട്ടിലുള്ളവര്‍ അറിയണമെങ്കില്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടണം. അമേരിക്കയിലെ പ്രസിദ്ധീകരണങ്ങളില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ നാട്ടുകാര്‍ എങ്ങനെ അറിയും ഇങ്ങനെ ഒരെഴുത്തുകാരനുണ്ടെന്ന്. യോജിക്കുന്നു.

11. ഇതുവരെ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണസമയ എഴുത്തുകാരനോ/എഴുത്തുകാരിയോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിത്തിരക്കില്‍ നിന്നും വീണുകിട്ടുന്ന സമയം സാഹിത്യത്തിനുപയോഗിക്കാമെന്ന ചിന്തയാണോ?

രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.''അളിയന്റെ പടവലങ്ങ''എന്ന ഹാസ്യകൃതിയും ''കാവ്യനര്‍ത്തകി'' എന്ന കവിതാ സമാഹാരവും. ഞാന്‍ ഒരു പൂര്‍ണ്ണസമയ എഴുത്തുകാരനല്ല സമയവും സാഹചര്യവും മൂഡും ഒക്കെയാണ് എന്റെ എഴുത്തിന്റെ ആധാരം.

12 .പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍ ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സര്‍ഗ്ഗപ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും.

പ്രായം സര്‍ഗ്ഗപ്രതിഭയുടെ മാനദണ്ഡമല്ല. അവരുടെ ഒക്കെ മനസ്സില്‍ കലയുണ്ടാകാം സാഹിത്യമുണ്ടാകാം. ഇപ്പോഴായിരിക്കും അവസരം ഒത്തുവന്നത് ദുഷിച്ച സാഹിത്യംഎല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. തരംതാണ കൃതികളെയാണ് ദുഷിച്ച സാഹിത്യം എന്ന് വിശേഷിപ്പിക്കയാണെങ്കില്‍.

13. നിങ്ങള്‍ ഒരു നല്ല വായനക്കാരനാണോ? ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നിങ്ങള്‍ വായിച്ച കൃതിയേത്? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം നിങ്ങളെ സ്വാധീനിക്കാറുണ്ടോ? അതോ നിങ്ങള്‍ നിങ്ങളുടേതായ അഭിപ്രായം രൂപീകരിക്കാറുണ്ടോ?

ഞാന്‍ ഒരു നല്ല വായനക്കാരനായിരുന്നു. ഇപ്പോള്‍ വായന അല്‍പം കുറഞ്ഞു. പല പുസ്തകങ്ങളും ഞാന്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. നിരൂപകരും വായനക്കാരും അവരവരുടെ അഭിപ്രായം പറയും. എനിക്ക് എന്റേതായ അഭിപ്രായവുമുണ്ട്. എന്താണ് എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നതെന്ന് ചിലപ്പോള്‍ പലര്‍ക്കും പല വിധത്തിലാണ് മനസിലാകുന്നത്

14. അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ ഇവ നേടിയവരെ മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു. അതവര്‍ അര്‍ഹിക്കുന്നില്ല, അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാര്‍ഡ്.

ചിലപ്പോഴൊക്കെ അവാര്‍ഡുകള്‍ മേന്മ നോക്കാതെയും കൊടുക്കാറുണ്ട്. രാഷ്ട്രീയമായ സമ്മര്‍ദ്ദത്താലോ, സുഹൃത്ബന്ധങ്ങള്‍ മൂലമോ ജൂറിയെ സ്വാധീനിച്ച് വിരളമായി സംഭവിക്കാറുണ്ട്. അര്‍ഹിക്കുന്നവര്‍ക്ക് കിട്ടാതെയും വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും വേണ്ടേ കൊട്ടി ഘോഷിക്കാന്‍ ..

15. ഇവിടത്തെ വെള്ളക്കാരുടെയും, കറുത്തവരുടെയും, സ്പാനിഷ്‌കാരുടെയും ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന ഒരു ധാരണ മലയാളികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അതേക്കുറിച്ച് പൊടിപ്പും, തൊങ്ങലും, വച്ച് എഴുതുന്നതാണോ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതുന്ന കഥകള്‍. സംസ്‌കാര സംഘര്‍ഷമനുഭവിക്കുന്ന പുതിയ തലമുറയുടെ ധര്‍മ്മസങ്കടങ്ങള്‍ ഒരു എഴുത്തുകാരനോ അല്ലെങ്കില്‍ ഒരു ചിത്രകാരനോ അവരുടെ ഭാവനയില്‍ പകര്‍ത്താന്‍ മാത്രമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

നമ്മുടെ സംസ്‌കാരമാണ് മെച്ചപ്പെട്ടത് എന്ന് എല്ലാവരും കരുതുന്നു. എല്ലാ സംസ്‌കാരത്തിലും നല്ലതും ചീത്തയുമുണ്ട്. മലയാളികളുടെ എല്ലാവരുടെയും ജീവിതം മെച്ചപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നില്ല. അതുപോലെ ,കറുത്തവരുടെയും സ്പാനിഷ്‌കാരുടെയും. നമ്മുടെ കുട്ടികള്‍ ധാരാളം മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്നുണ്ട്. വീട്ടില്‍ വരുമ്പോള്‍ ഒരു സംസ്‌കാരം, പുറത്ത് പോകുമ്പോള്‍ മറ്റൊരു സംസ്‌കാരം. നാട്ടിലാകുമ്പോള്‍ അകത്തും പുറത്തും ഒരേ സംസ്‌കാരമാണല്ലോ.

16. നിങ്ങള്‍ആദ്യമെഴുതിയ രചനഏതു, എപ്പോള്‍?. അതേക്കുറിച്ച് ചുരുക്കമായി പറയുക.ഒരു എഴുത്തുകാരനാകാന്‍നിങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക.

നേരത്തെ സൂചിപ്പിച്ചതു പോലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ഏകാങ്ക നാടകമെഴുതിയിരുന്നു. അത് നന്നായി ഞാനും കൂട്ടുകാരും ചേര്‍ന്ന് അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്നൊന്നും കൂടുതല്‍ എഴുതണമെന്ന് തോന്നിയില്ല. ആദ്യമായി അച്ചടിച്ചുവന്നത് കണ്ടപ്പോഴുള്ള ആനന്ദം വര്‍ണ്ണനാതീതമാണ്. പണ്ട് ഇവിടെ കാത്തലിക് അസോസിയേഷന് മാസത്തില്‍ ഒരു മാസിക ഉണ്ടായിരുന്നു. അതില്‍ ഞാനെഴുതിയ ഒരു കവിത, കൈയെഴുത്ത് പ്രതിയായിരുന്നു. 1980 കളുടെ അവസാനമായിരുന്നു എന്നു തോന്നുന്നു.

17. ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനില്‍ക്കണമെന്നു പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?

കുടുംബവും സമൂഹവും കൂട്ടു നിന്നാല്‍ നല്ലത്. എഴുതാന്‍ കുറച്ച് ഉത്തേജനം ലഭിക്കുമായിരിക്കും. ഒരു എഴുത്തുകാരന് എഴുതിയേ തീരൂ എന്ന അവസ്ഥ വരും. അപ്പോള്‍ അറിയാതെ സൃഷ്ടി നടക്കും. ആര് പുച്ഛിച്ചാലും എഴുത്തുകാരന്‍ അതില്‍ തളരരുത്.

18. എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു.

ഒരേ സമയം വിവിധ മാധ്യമങ്ങളില്‍ കൊടുക്കുന്ന പ്രവണത നല്ലതല്ല. കാരണം, വിയിച്ചത് തന്നെ പിന്നെയും വായിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുകയില്ല. ഒരു പക്ഷേ, തന്റെ പടവും പേരും വിവിധ മാധ്യമങ്ങളില്‍ കണ്ട് സംതൃപ്തി നേടാനായിരിക്കും അങ്ങനെ ചെയ്യുന്നത്.

19. അംഗീകാരങ്ങള്‍/വിമര്‍ശനങ്ങള്‍/നിരൂപണങ്ങള്‍/പരാതികള്‍/അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണു നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരന് പ്രോത്സാഹനമാകുക. എന്തുകൊണ്ട്?

രണ്ടും ഒരേ പോലെ കാണുക. കഴമ്പുള്ള നിരൂപണങ്ങള്‍ ശ്രദ്ധിക്കുക. വായിക്കാതെ നിരൂപണം നടത്തുന്നവരെ ശ്രദ്ധിക്കേണ്ട കാര്യമില്ല.

20. അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം. അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

മനുഷ്യന് ഓര്‍മ്മകളുണ്ടെങ്കില്‍ ഗൃഹാതുരത്വമുണ്ടാകും. അത് എല്ലാവര്‍ക്കുമുണ്ട്. നമ്മള്‍ പഠിച്ച സ്‌കൂള്‍, ജനിച്ച വീട്, നാട് ഇതെല്ലാം മാറ്റി നിര്‍ത്തിയിട്ട് നമുക്ക് ഒരു ജീവിതമില്ല. നമ്മുടെയൊക്കെ കൃതികളില്‍ അവ അറിയാതെ കടന്നു വരും. ഇവിടുത്തെ കഥകള്‍ എഴുതണമെങ്കില്‍ ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലണം. അത് എത്ര പേര്‍ക്ക് സാധിക്കുന്നു. നാമെല്ലാം നമ്മുടെ സമൂഹത്തില്‍ തളച്ചിടപ്പെട്ടവരാണ്.

ഞാന്‍ അമേരിക്കയിലെത്തുമ്പോള്‍ ഭാര്യയും മൂന്ന് വയസ്സുള്ള ഒരു മകനും ഭാര്യ 6 മാസം ഗര്‍ഭിണിയുമായിരുന്നു. ജീവിതം സ്വരുക്കൂട്ടുന്നതിനിടയില്‍ മറ്റ് സംസ്‌കാരങ്ങളെ തേടിപ്പോകാന്‍ പറ്റിയില്ല. അഥവാ, ഇവിടുത്തെ സംസ്‌കാരത്തെ പറ്റിയോ ജീവിതരീതികളെ പറ്റിയോ എഴുതിയാല്‍ വായനക്കാര്‍ക്ക് മനസിലാകണമെന്നുമില്ല. വായനക്കാരന്‍ അവന്റെ ജീവിത സാഹചര്യവും അനുഭവങ്ങളും വിദ്യാഭ്യാസത്തിന്റെ യോഗ്യതയും വച്ചാണ് കാര്യങ്ങള്‍ മനസിലാക്കുന്നത്. അമേരിക്കന്‍ ജീവിതം എന്താണെന്നറിയാത്ത ഒരു വായനക്കാരന് അത്മനസിലായെന്നു വരില്ല. ഞാന്‍ അപ്പന്‍ എന്നു പറയുമ്പോള്‍ നിങ്ങളുടെ മനസില്‍ വരുന്നത് നിങ്ങളുടെ അപ്പനാണ്. എന്റെ അപ്പന്റെ രൂപമല്ല. അതുപോലെ വീട് എന്ന് പറയുമ്പോള്‍ നിങ്ങളുടെ വീടിന്റെ രൂപമാണ്, എന്റെ വീടിന്റെ രൂപമല്ല മനസ്സില്‍ വരുന്നത്.

read also








ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക