Image

ബൊഹീമിയൻ ഡയറി- പ്രാഗിന്റയും വിയന്നയുടെയുടെയും ചരിത്ര വഴികളിലൂടെ(ഡോ. സലീമ ഹമീദ് )

ഡോ. സലീമ ഹമീദ് Published on 17 July, 2021
ബൊഹീമിയൻ ഡയറി- പ്രാഗിന്റയും വിയന്നയുടെയുടെയും ചരിത്ര വഴികളിലൂടെ(ഡോ. സലീമ ഹമീദ് )

ചെക്ക് റിപ്പബ്ലിക്കിന്റെ  തലസ്ഥാനമായ പ്രാഗ്  സന്ദർശിക്കാൻ  തീരുമാനിക്കുമ്പോൾ പ്രാഗിനെപ്പറ്റി കാര്യമായി ഒന്നും   അറിയില്ലായിരുന്നത് കൊണ്ടു് ക്ലീൻ സ്ളേററു പോലെയുള്ള മനസ്സുമായാണ് യാത്ര പുറപ്പെട്ടത്. കാനഡയിലെ  ടൊറോണ്ടോയിൽ നിന്നും ലണ്ടനിൽ എത്തിയ ശേഷം അവിടെ നിന്ന് പ്രാഗിലേക്ക്  പറക്കാനായിരുന്നു പരിപാടി. ലണ്ടനിൽ നിന്ന് വരുന്ന മകളെ പ്രാഗ് എയർപോർട്ടിൽ വച്ച് സന്ധിക്കാം എന്നായിരുന്നു തീരുമാനം. ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ നിന്നുള്ള യാത്ര ഒരു മണിക്കൂർ വൈകിയതുകൊണ്ട്, എന്നെക്കാളും താമസിച്ചെത്തുകയേ ഉള്ളു എന്ന് കരുതിയ മകൾ ഞാൻ എത്തുന്നതിനു മുമ്പു തന്നെ എമിഗ്രേഷൻ ഫോർമാലിറ്റികൾ ഒക്കെ കഴിഞ്ഞു് എയർപോർട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ക്യൂവിന് നല്ല നീളം! ഒരു പക്ഷേ ഇത്രത്തോളം ആളുകളെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതു കൊണ്ടാണോ എന്തോ ക്യൂ പലയിടത്തും  ഇരട്ടയായും ഒറ്റയായും മുന്നോട്ട് നീങ്ങി. ഈ രീതി പരിചയമുള്ളതായതു കൊണ്ട് അതിനെപ്പറ്റി  ആവലാതിപ്പെട്ടില്ല.

         പുറത്തിറങ്ങുമ്പോഴേക്കും മൂന്ന് മണി ആയിരുന്നു. പെട്ടെന്ന്  തന്നെ മകളെ കണ്ടുപിടിക്കാൻ സാധിച്ചു. ഒരു ടെർമിനൽ മാത്രമുള്ള ചെറിയ എയർപോർട്ടാണ്. ഇവരുടെ പ്രിയ നേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ  ആദ്യ പ്രസിഡണ്ട്  വക്ലവാക് ഹാവലിന്റെ പേരിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവീസുണ്ട്. ലഗേജും മറ്റും അകത്തേക്ക് കയറ്റാൻ സൗകര്യമുള്ള വലിയ വാതിലുകൾ ഉള്ള ബസ്സുകളാണ്. ചെറിയ തുകയ്കുള്ള ടിക്കറ്റ് എടുത്ത് എയർപോർട്ടിൽ നിന്നുള്ള ബസ്സിൽ കയറിയാൽ പ്രാഗിലെ മെയിൻ റെയിൽവേ സ്റ്റേഷനിൽ എത്താം. റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ഹോട്ടലിലാണ് താമസം ബുക്ക് ചെയ്തിയിരിക്കുന്നത്. ഫാൾ സീസൺ(ഇല പൊഴിയും കാലം) അതിൻറെ ഏറ്റവും ഭംഗിയുള്ള നിറച്ചാർത്തുകൾ അണിഞ്ഞു നിൽക്കുന്ന സമയമാണ്. പച്ചയ്ക്കും ബ്രൗണിനും ഇടയ്ക്ക് എന്തെല്ലാം നിറഭേദങ്ങൾ സാധ്യമാണോ ആ നിറങ്ങളെല്ലാം ഈ കാലത്ത് പ്രകൃതിയിൽ കാണാം. മഞ്ഞ കലർന്ന പച്ച, ഇളംമഞ്ഞ, സ്വർണ്ണ മഞ്ഞ, ഓറഞ്ച് കലർന്ന മഞ്ഞ, ഓറഞ്ച്, ചുവപ്പ്, ബ്രൗൺ എന്നിങ്ങനെ എത്ര വേണമെങ്കിലും!

എയർപോർട്ടിലെ കോഫീ ഷോപ്പിൽ നിന്നും സാൻഡ്‌വിച്ചും കോഫിയും വാങ്ങി കഴിച്ചു. ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നിന്ന് കുറച്ചു ബ്രോഷറുകൾ സംഘടിപ്പിച്ചു പോകാമെന്നായിരുന്നു ഉദ്ദേശം. ഇവിടെ മിക്കയിടങ്ങളിലും ക്രോണ അല്ലെങ്കിൽ ക്രൗൺ എന്ന് പേരുള്ള ചെക്ക് കറൻസി മാത്രമേ സ്വീകരിക്കുകയുള്ളൂ. യൂറോ ചിലയിടത്ത് സ്വീകരിക്കും എന്നാൽ ബാക്കി ക്രൗൺ ആയി മാത്രമേ മടക്കി തരികയുള്ളു.

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് ചെക്ക് ഭാഷയിൽ പ്രാഹ എന്ന് വിളിക്കപ്പെടുന്ന പ്രാഗ്. മദ്ധ്യ കാലത്ത് ഇതു് ബൊഹീമിയ(ഈ നാടിൻറെ മദ്ധ്യകാലത്തെപേര്)  സാമ്രാജ്യത്തിന് തലസ്ഥാനമായി പേരെടുത്തിട്ടുണ്ട്. യൂറോപ്പിന്റെ  ഒത്ത നടുക്ക്,   ബാൾട്ടിക്ക് കടലിന്റേയും മെഡിറ്ററേനിയൻ കടലിൻറെയും ഇടയ്ക്കായി, പ്രാഗ് സ്ഥിതി ചെയ്യുന്നു. ജർമ്മനി, പോളണ്ട്, ആസ്ത്രിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ ചെക്ക് റിപ്പബ്ലിക്കിനെ  അതിരിടുന്നു.   യൂറോപ്പിന്റെ  ഒത്ത മദ്ധ്യത്തിൽ  സ്ഥിതി ചെയ്യുന്നത് കൊണ്ട് ‘യൂറോപ്പിൻറെ ഹൃദയം’ എന്നും വിളിക്കാറുണ്ട്. സ്ലോവാക്, റഷ്യൻ, പോളിഷ്, എന്നീ  ഭാഷകളുടെ സങ്കരമായ ‘ചെക്ക്’  ആണ്  ഇവിടുത്തെ  ഔദ്യോഗിക ഭാഷ.    ആസ്ട്രോ ഹങ്കേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചെക്കോസ്ലോവാക്യ രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ കീഴിലായി. 1938 മുതൽ റഷ്യ എന്ന വല്യേട്ടന്റെ  തണലിൽ ആയിരുന്ന ഭരണം 1945 മുതൽ കമ്മ്യൂണിസ്റ് ഭരണത്തിൻ കീഴിലായി. അക്കാലത്ത് എല്ലാ സ്കൂളുകളിലും നിർബന്ധമായി റഷ്യൻ ഭാഷ പഠിപ്പിച്ചിരുന്നു. അന്ന് കോടിക്കണക്കിന് ഡോളറുകൾ ചിലവാക്കി നിർമ്മിച്ച ഭീമാകാരമായ സ്റ്റാലിൻ പ്രതിമ പിൽക്കാല കമ്യൂണിസ്റ്റ് ഭരണത്തിന്റെ  അവസാന കാലത്ത് ഇടിച്ചു നിരത്തപ്പെട്ടു. പകരം അവിടെ സ്ഥാപിച്ചിരിക്കുന്ന ക്ലോക്കിന്റെ  സൂചിയുടെ ആകൃതിയിലുള്ള സ്മാരകം, കാലം മാറുമ്പോൾ സംഭവിക്കുന്ന ഭരണവ്യവസ്ഥകളുടെ മാറ്റത്തെ സൂചിപ്പിക്കുന്നു. ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണത്തെ മഹത്വവൽക്കരിക്കുന്ന ഒന്നും ഇവിടെ അവശേഷിച്ചിട്ടില്ല. അവരുടെ ഭരണകാലത്ത് മുറിവേറ്റ മനസ്സുകളും ശരീരങ്ങളും,അവരുടെ സന്തതി പരമ്പരകളും മാത്രമേ ബാക്കിയുള്ളൂ. 1993 ജനുവരി 1ന്  ചെക്കോസ്ലാവാക്കിയ എന്ന രാജ്യം സമാധാനപരമായി  രണ്ടായി പിരിഞ്ഞു;ചെക്ക് റിപ്പബ്ലിക്ക് , സ്ലോവാക്യ എന്നീ  രണ്ടു രാജ്യങ്ങളായി.

പട്ടണത്തിലെ പുതിയ കാലത്തെ കെട്ടിടനിർമ്മാണ രീതി ഈ ബസ് യാത്രയ്ക്കിടയിൽ കുറെയൊക്കെ കാണാൻ സാധിച്ചു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ നയതന്ത്രകാര്യാലയങ്ങളുടെ ഇടമായ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ കൂടിയാണ് ബസ് സഞ്ചരിച്ചത്. സൗദി അറേബ്യ ഉൾപ്പെടെ ചില എംബസികളുടെ കൊടി കണ്ടു. ബസ്സിൽ ഞങ്ങൾ ഉൾപ്പെടെ 5 ഇന്ത്യക്കാരും കുറെ ചൈനക്കാരും; ബാക്കിയുള്ളവർ എല്ലാം  വെള്ളക്കാർ.

       റെയിൽവേ സ്റ്റേഷന് അടുത്തുള്ള സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ലിഫ്റ്റിൽ കയറി   മൂന്നു നില താഴേക്ക് പോയാൽ ഏറ്റവും താഴത്തെ നിലയിൽ എത്തും. അത്രത്തോളം വലിപ്പമുണ്ട്, 1871ൽ നിർമ്മിക്കപ്പെട്ട പ്രാഗ് റെയിൽവേ സ്റ്റേഷന്. 1890-1910 വരെ യൂറോപ്പിൽ നില നിന്നിരുന്ന  ഒരു പ്രത്യേക കെട്ടിടനിർമ്മാണ ശൈലിയാണ് ആർട്ട് നൂവോ . പ്രകൃതിയിൽ നിന്നെടുത്ത  ചെടികളും പൂക്കളും ഇട കലർന്ന ഡിസൈനുകൾ ആണ് ഇതിന്റെ പ്രത്യേകത.യൂറോപ്പിലെ  ഏറ്റവും വലിയ സ്റ്റേഷനുകളിലൊന്നായ ഇത് ഈ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെനിന്നും യൂറോപ്പിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലേക്കും പോകാനുള്ള കണക്ഷൻ ട്രെയിനുകൾ ലഭിക്കും. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഓഫീസ് സമയം  അവസാനിക്കുന്ന നേരമായിരുന്നു, അതു കൊണ്ടാവാം റോഡുകളിൽ നല്ല  തിരക്കുണ്ടായിരുന്നു.  

      എയർപോർട്ടിന് പുറത്ത് ചെറിയ പാർക്ക് ഉണ്ട്. അവിടെ  പ്രായമുള്ളവർ കൂടിയിരുന്നു  പുകവലിക്കുന്നു.  പൊതു ഇടങ്ങളിൽ പുകവലിക്കുന്നതിനു നിരോധനം  ഇല്ലാത്ത ഇവിടെ സ്ത്രീകൾ ഉൾപ്പടെയുള്ള  പുകവലിക്കാരുടെ  എണ്ണം വളരെ കൂടുതലായി തോന്നി. പൊതു ഇടങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്ന കാനഡയിൽ നിന്ന് വന്നത് കൊണ്ടായിരിക്കാം ഇത് അസാധാരണമായി തോന്നിയത്. റെയിൽവേ സ്റ്റേഷന്റെ പിറകിലെ പാർക്കിൽനിന്നും 10 മിനിറ്റ് നടന്നപ്പോൾ ഞങ്ങൾ താമസിക്കുന്ന ഗ്രാൻഡിയം ഹോട്ടലിലെത്തി. ടൈൽസ് പാകിയ നട വഴി ആയതുകൊണ്ട് സൂട്ട് കേസുകൾ വലിച്ചു കൊണ്ട് നടക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. റൂം നമ്പർ 232  ആയിരുന്നു  ഞങ്ങൾക്കുവേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. യൂറോപ്യൻ ഹോട്ടലുകളിലെ മുറികൾ  വടക്കൻ അമേരിക്കയിലെ പോലെ വിസ്താരവും സൗകര്യങ്ങളും ഉള്ളതല്ല.  പ്രതീക്ഷിച്ച പോലെ അധികം വലിപ്പമില്ലാത്ത മുറിയാണ്; പക്ഷെ സൗകര്യങ്ങളെല്ലാമുണ്ട്. അല്പനേരം വിശ്രമിച്ചശേഷം, ചുറ്റുപാട് ആകപ്പാടെ ഒന്നു  കാണാം എന്നുദ്ദേശിച്ച് പുറത്തേക്കിറങ്ങി.


വെൻസസ്ലാവ്  ചത്വരത്തിൽ  ജാൻ പാലക്  സ്വയം തീ കൊളുത്തി  മരിച്ച  ഇടം

വെൻസെസ്ലാസ് ചത്വരം(Wenceslas square)പഴയ പട്ടണത്തിന്റെ   ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രാഗിലെ രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമാണ് ഇത്. പ്രാഗിന്റെ പേട്രൺ സെയിന്റായ വെൻസസ്ലാസിന്റെ പേരിലാണ് വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ട ഈ നഗര ചത്വരം. ഇദ്ദേഹം കുതിരപ്പുറത്ത് ഇരിക്കുന്ന വളരെ വലിയ ഒരു പ്രതിമ ഇവിടെയുണ്ട്.  AD 921ൽ ബൊഹിമിയയിലെ ഡ്യൂക്ക് ആയിരുന്ന ഇദ്ദേഹം പതിമൂന്ന് വർഷങ്ങൾക്ക്   ശേഷം സഹോദരനാൽ വധിക്കപ്പെട്ടു. ഇതിന് ശേഷം അദ്ദേഹത്തിൻറെ ജനപ്രിയത വർദ്ധിക്കുകയും രക്തസാക്ഷിത്വം അദ്ദേഹത്തെ പുണ്യാളൻ എന്ന പദവിയിലേക്ക് എത്തിക്കുകയും ചെയ്തു. ഇന്നും പല കാരണങ്ങൾ കൊണ്ട് ഇന്നാട്ടിലെ ആളുകൾ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ പ്രചാരത്തിലുള്ള ഒരു ഐതിഹ്യം ഇങ്ങനെ; ഈ രാജ്യത്തിൻറെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളുടെ  സമയത്ത് ഇദ്ദേഹവും കുതിരയും ഉയർത്തെഴുന്നേൽക്കും. ബ്ലാനിക്ക്(Blanik) എന്ന കുന്നിൽ ഉറങ്ങിക്കിടക്കുന്ന യോദ്ധാക്കളെ ഉണർത്തി ഈ നാടിനു വേണ്ടി പട നയിക്കും. കുതിരപ്പുറത്ത് യാത്ര ചെയ്തുകൊണ്ട് ചാൾസ് ബ്രിഡ്ജ്(പ്രാഗിലെ പുരാതന പാലം) കടന്ന് ശത്രുക്കളെ വധിച്ച് ഈ നാട്ടിൽ സമാധാനവും ഐശ്വര്യവും തിരികെ കൊണ്ടുവരും. ഈ ചത്വരത്തിലേക്കാണ് ആദ്യം പോയത്. ഇവരുടെ ചരിത്രത്തിലെ പല പ്രധാന സംഭവങ്ങൾക്കും സാക്ഷിയാണ് ഈ ചത്വരം. പലതരം ഭരണ മാറ്റങ്ങളും തീരുമാനങ്ങളും  കീഴടങ്ങലുകളും കീഴടക്കലുകളും  ഒക്കെ ഇവിടെ നടന്നിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഇടമെന്നതിലുപരി പ്രാഗ് നിവാസികൾക്ക് പരസ്പരം കണ്ടുമുട്ടാനുള്ള ഒരു പ്രിയപ്പെട്ട ഇടമാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഈ ചത്വരത്തിനകത്തു കൂടി ട്രാമുകൾ കടന്ന് പോകുമായിരുന്നു. ഇവയിൽപ്പെട്ട രണ്ടെണ്ണം സ്ക്വയറിന്റെ ഒരു ഭാഗത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. വീണ്ടും ഈ റൂട്ട് പുനരുദ്ധരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു. 

  ജാൻ പലക് (Jan Palach)എന്ന വിദ്യാർത്ഥി വാഴ്സാ ഉടമ്പടിയിൽ പെട്ട രാജ്യങ്ങളുടെ സൈന്യം പ്രാഗിനെ കീഴടക്കിയതിൽ പ്രതിഷേധിച്ച് സ്വയം തീ കൊളുത്തി  മരിച്ചത് ഇവിടെ വച്ചാണ്. 1969ൽ ഇത് നടക്കുമ്പോൾ ഇയാൾക്ക് 21 വയസ്സായിരുന്നു. ഒരു മാസം കഴിഞ്ഞ് വീണ്ടും ഒരു വിദ്യാർത്ഥി കൂടി ഇതുപോലെ സ്വയം തീ കൊളുത്തി മരിച്ചു. ഇവരുടെ രണ്ടു പേരുടെയും ചിത്രങ്ങളോടു കൂടിയ ഒരു ചെറിയ സ്മാരകം വെൻസസ്ലാസ് സ്ക്വയറിൽ ഒരിടത്ത് കാണാം. മദ്ധ്യകാലത്ത് കുതിരയെ വിൽക്കുന്ന ചന്തയായിരുന്ന ഇവിടം ഇന്ന് അക്ഷരാർത്ഥത്തിൽത്തന്നെ നഗരത്തിന്റെ തുടിക്കുന്ന ഹൃദയമാണ്. ഇതിനെ അതിരിടുന്ന കെട്ടിടങ്ങൾ പലതും പല കാലങ്ങളിൽ പ്രി യപ്പെട്ടതായിരുന്ന പലതരം കെട്ടിട നിർമാണശൈലികളുടെ ഉത്തമ മാതൃകകളാണ്. ചത്വരം എന്ന് പേരുണ്ടെങ്കിലും ഒരു കിലോമീറ്ററോളം നീളമുള്ള ദീർഘചതുരമാണിത്. ഇതിനിടയിൽ പാട്ടും നൃത്തവുമായി ഹരേ രാമ ഹരേ കൃഷ്ണക്കാരുടെ ഒരു സംഘം കടന്നു  പോയി. ഇവിടത്തെ താമസത്തിനിടയിൽ ഇവരെ പല പ്രാവശ്യം  അവിടവിടെ കണ്ടു. കുടുമയും കുർത്തയും വെള്ളമുണ്ടുമായി പുരുഷൻമാർ മൃദംഗത്തിൽ താളമിട്ടു കൊണ്ട് മുൻപേയും സാരിയുടുത്ത കുറെ സ്ത്രീകൾ നൃത്തം ചെയ്തു കൊണ്ട് പുറകേയും സംഘമായി റോഡിലൂടെ നീങ്ങുന്നു. ഈ സംഘത്തിൽ പല നിറത്തിലും തരത്തിലും ഉള്ളവരെ കണ്ടു! ചത്വരത്തിലെ സന്ദർശകർക്കായുള്ള ബഞ്ചുകളിൽ പല മഹാന്മാരുടെയും സുന്ദരങ്ങളായ ഉദ്ധരണികൾ എഴുതി വച്ചിട്ടുണ്ട്. 

രാത്രിയായിട്ടും ജനം ഒഴുകിക്കൊണ്ടിരിക്കുകയാണ്. പ്രാഗിൻറെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ഒരാഴ്ച മുമ്പാണ് ഞങ്ങൾ അവിടെ എത്തിച്ചേരുന്നത് ഒരുപക്ഷേ അതു കൊണ്ടാവും എല്ലാ തെരുവുകളിലും നല്ല തിരക്കുണ്ടായിരുന്നു. ഇടയ്ക്ക് 1-2ഇന്ത്യൻ റസ്റ്റോറന്റുകളും കണ്ടു. ചത്വരത്തിനടുത്തു തന്നെയുള്ള ലൂസേർണ പാലസിനടുത്ത്, സിറ്റി ഹാളിന് പുറകിൽ കൗതുകകരമായ ഒരു  കാഴ്ച കണ്ടു. വാതിലുകളില്ലാത്ത  ഒരു ലിഫ്റ്റ് തുടർച്ചയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു! തടി കൊണ്ട് നിർമ്മിച്ച ഇത്തരം ലിഫ്റ്റുകൾ 1860 പീറ്റർ എല്ലിസ് എന്നയാളാണ് ആദ്യമായി കണ്ടു പിടിച്ചത്. ആദ്യകാലത്ത് യൂറോപ്പിൽ ഇത് വളരെ സാധാരണയായിരുന്നു. 1970 ആയപ്പോൾ  സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത് നിമിത്തം ഇത്തരം ലിഫ്റ്റുകളുടെ നിർമ്മാണം ഉപേക്ഷിച്ചു. എന്നാലും ഒരു കൗതുകത്തിനായി ഇവിടെ ഇത് പോലെ ഒരെണ്ണം ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 12 ക്യാബിനുകൾ അടങ്ങിയ ഒരു മാല, കയ്യിലെ ജപമാല പോലെ താഴോട്ടും മുകളിലേക്കും ചലിച്ചുകൊണ്ടിരിക്കുന്നു, ഒരുവശം താഴേക്ക് പോകുമ്പോൾ മറുവശം മുകളിലേക്ക് സഞ്ചരിക്കുമല്ലോ. പാറ്റെർണോസ്റ്റർ(Paternoster) എന്നാൽ ലാറ്റിൻ ഭാഷയിൽ പരിശുദ്ധ പിതാവ് എന്നർത്ഥം; പാറ്റെർണോസ്റ്റർ ലിഫ്റ്റ് എന്ന പേര് ഇതിൽ നിന്നുണ്ടായതാണ്. ഇത് വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്; നിൽക്കുകയില്ല, ഇതു മൂലം കയറലും ഇറങ്ങലും വേഗത്തിൽ  കഴിക്കണം, അതു മാത്രമേ ഒരു പ്രശ്നമുള്ളു. അതുകൊണ്ട് പ്രായമുള്ളവർക്കും അംഗവൈകല്യമുള്ളവർക്കും ഇതിൽ കയറിപ്പറ്റാനും ഇറങ്ങാനും ബുദ്ധിമുട്ടായിരിക്കും. എന്നാലും കാഴ്ചയ്ക്ക് നല്ല കൗതുകം തോന്നി. ധാരാളം ആളുകൾ ഫോട്ടോയും വീഡിയോയും എടുക്കുന്നുണ്ടായിരുന്നു.

ഈ ചത്വരത്തിന് അടുത്തു തന്നെയാണ് ലുസേർണ പാലസ്. ഇത് നിർമ്മിച്ച കാലത്ത്, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽപ്പെട്ട ആളുകളുടെയും ബുദ്ധിജീവികളുടെയും  സംഗമ സ്ഥാനം ആയിരുന്നു ആർട്ട് നൂവോ സ്റ്റൈലിൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടം. ആദ്യ പ്രസിഡന്റായ വക്ലവാക്ക് ഹാവലിൻറെ മുതുമുത്തച്ഛൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തു് നിർമ്മിച്ച ഈ കെട്ടിടം ഇന്നും ഭാഗികമായി ഈ കുടുംബത്തിന് അവകാശപ്പെട്ടതാണ്. ലോബിയിൽ ഒരു കാഴ്ച കാണാം. തലതിരിഞ്ഞു തൂങ്ങിക്കിടക്കുന്ന ചത്ത കുതിരയുടെ വയറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന വെൻസസ്ലാസിൻറെപ്രതിമയാണ് ഇത്. ഈ പഴയ കൊട്ടാരത്തിന് പ്രവേശന ഹാളിന്റെ മേൽത്തട്ടിൽ നിന്നും തൂങ്ങിക്കിടക്കുകയാണ്. ചത്ത കുതിര(Dead horse) എന്നു പേരുള്ള ഈ പ്രതിമ ഡേവിഡ് സെർണി (David Cerny)എന്ന കലാകാരന്റെ സൃഷ്ടിയാണ്. രാജ ഭരണത്തിന്റെ അപദാനങ്ങളെ പുകഴ്ത്തുന്നവർക്കുള്ള ഒരു മറുപടി കൂടിയാണ് ചത്ത കുതിരയുടെ പുറത്തേറി  സഞ്ചരിക്കുന്ന ഈ ചക്രവർത്തിയുടെ പ്രതിമ. എന്നെങ്കിലും പ്രാഗ് രാജ ഭരണത്തിൻ കീഴിൽ ആകുമ്പോൾ മാത്രമേ ഈ പ്രതിമ നീക്കം ചെയ്യാൻ പാടുള്ളുവെന്ന് ശില്പി പ്രാഗിലെ മേയറുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ടത്രേ! ഇതിനകത്ത് ധാരാളം കടകളും തീയേറ്ററും സിനിമകളും റോക്ക് ക്ലബ്ബുകളും കഫേകളും റസ്റ്റോറൻറ്കളും ഉണ്ട്.

പിന്നീട് ഞങ്ങൾ പ്രാഗിന്റെ പഴയ ഭാഗത്തേക്ക് നടന്നു. പൗഡർ ടവർ എന്ന ഗോപുരം പഴയ കാലത്ത് പട്ടണത്തിനു ചുറ്റും ഉണ്ടായിരുന്ന മതിലിന്റെ  അവശിഷ്ടമാണ്. നഗരത്തിലേക്കുള്ള പ്രവേശന ദ്വാരമായിരുന്ന ഇവിടം  വെടിമരുന്ന് സൂക്ഷിക്കുന്ന ഭാഗമായും മദ്ധ്യകാലത്ത് ഉപയോഗിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട പ്രാഗിൻറെ ഏറ്റവും പുരാതനവും സുന്ദരവുമായ ഭാഗമാണ് ‘ഓൾഡ് ടൗൺ സ്ക്വയർ’. ചരിത്ര പ്രാധാന്യമുള്ള ധാരാളം സംഭവങ്ങൾ നടന്ന  ഈ സ്ഥലത്തിനു ചുറ്റും ചരിത്രമുറങ്ങുന്ന  ധാരാളം മന്ദിരങ്ങളും കാണാം. വളരെയധികംപള്ളികളുള്ളത്‌  കൊണ്ട് 100 ദേവാലയ ഗോപുരങ്ങളുടെ നഗരം(City of 100 spires) എന്ന് പ്രാഗിന് മറ്റൊരു പേരുമുണ്ട്.

പ്രത്യേക  തരം  ലൈറ്റിംഗ്  കാരണം ഈ ചത്വരത്തിന്റെ രാത്രി കാല കാഴ്ച വളരെ മനോഹരമാണ്. കൂടാതെ ഞങ്ങൾ പോയ ദിവസങ്ങളിൽ പൂർണ ചന്ദ്രനും ആകാശത്തു സ്വന്തമായി ചില അലങ്കാരങ്ങൾ ഒരുക്കിയിരുന്നു.  കുറെ നേരം ഓൾഡ്  ടൗൺ സ്ക്വയറിൽ കറങ്ങി നടന്ന ശേഷം ഞങ്ങൾ രാത്രി ഭക്ഷണം കഴിഞ്ഞു ഹോട്ടലിലേക്ക് മടങ്ങി .( തുടരും)
ബൊഹീമിയൻ ഡയറി- പ്രാഗിന്റയും വിയന്നയുടെയുടെയും ചരിത്ര വഴികളിലൂടെ(ഡോ. സലീമ ഹമീദ് )ബൊഹീമിയൻ ഡയറി- പ്രാഗിന്റയും വിയന്നയുടെയുടെയും ചരിത്ര വഴികളിലൂടെ(ഡോ. സലീമ ഹമീദ് )ബൊഹീമിയൻ ഡയറി- പ്രാഗിന്റയും വിയന്നയുടെയുടെയും ചരിത്ര വഴികളിലൂടെ(ഡോ. സലീമ ഹമീദ് )ബൊഹീമിയൻ ഡയറി- പ്രാഗിന്റയും വിയന്നയുടെയുടെയും ചരിത്ര വഴികളിലൂടെ(ഡോ. സലീമ ഹമീദ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക