EMALAYALEE SPECIAL

പിന്നിട്ട കടമ്പകൾ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -3: ഷാജു ജോൺ)

Published

on

അമേരിക്കൻ കുടിയേറ്റ കഥ തുടരുന്നു....
മുംബെ  എന്നു പേര് മാറ്റിയ ബോംബെ  ആയിരുന്നു ഒരു കാലത്ത്, വിദേശങ്ങളിലേക്ക് പോകുവാനുള്ള പ്രധാന കടത്തുവാതിൽ അഥവാ  എക്സിറ്റ് പോയിന്റ് .. .. അതുകൊണ്ട് തന്നെ  മനുഷ്യശക്തി വിദേശത്തേക്ക്  കയറ്റി അയക്കുന്ന നിരവധി  റിക്രൂട്മെന്റ് സെന്ററുകൾ അവിടെ നിലനിന്നിരുന്നു  ' ബോംബേക്കു പോയാൽ രക്ഷപെടാം '  എന്നൊരു വായ്മൊഴി  യുവാക്കളുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന  ആ സമയം ,. ഗൾഫ് എന്ന സ്വപ്നഭൂമിയിൽ    എത്തിപ്പെടുവാൻ നിരവധി തൊഴിൽരഹിതരായ യൗവ്വനങ്ങൾ ബോംബെയിലേക്ക് വണ്ടി കയറിയിരുന്നു, ലക്ഷ്യസ്ഥാനത്ത് പലരും  എത്തിയിരുന്നുവെങ്കിലും, കൂടുതലും   ധാരാവിയിലെ  ചേരിയിൽ അടിഞ്ഞുകൂടി പോവുകയാണുണ്ടായത്. ഇത്തരം  ഏജൻസികളുടെ എണ്ണം പെരുകുകയും അതിനനുസരിച്ചു  റിക്രൂട്മെന്റ് തട്ടിപ്പുകൾ കൂടുകയും ചെയ്തു,   പ്രതിഫലനമെന്നോണം,  പോലീസ് കേസുകളിലും  ഔദ്യോഗിക  അന്വേഷണങ്ങളിലും അകപ്പെട്ട് പല  ഏജൻസികളും അന്ന് ബോംബെയിൽ നിന്ന് കെട്ടുകെട്ടി. അവരിൽ ചിലരാണ്  രൂപവും ഭാവവും മാറി പുത്തനുടുപ്പിട്ട്  കൊച്ചിയിൽ പ്രത്യക്ഷപ്പെട്ടത്.

ഇത്തിൾകണ്ണി പോലെ പടർന്നു കയറിയ  ഇത്തരം ഏജൻസികളുടെ മുൻപിൽ  ഓസ്‌ട്രേലിയ , ന്യൂസിലാൻഡ്, കാനഡ  ഇമിഗ്രേഷൻ എന്നും അമേരിക്ക കാൾസ് യു എന്ന് തുടങ്ങിയ ബോർഡുകൾ ആകർഷകമായി തന്നെ പ്രദർശിപ്പിരുന്നത് ഇപ്പോഴും ഓർക്കുന്നു .  ഇമിഗ്രേഷന് വേണ്ടി കനത്ത ഫീസ് അഡ്വാൻസ് ആയും  അവർ ഈടാക്കിയിരുന്നു, പലതും തട്ടിപ്പു പ്രസ്ഥാനങ്ങൾ  ആയിരുന്നതിനാൽ , റിക്രൂട്ട്മെൻറ് തട്ടിപ്പുകൾ എന്നത് അന്ന് പത്രത്താളുകളിലെ സ്ഥിരം തുടർക്കഥകൾ  ആയിരുന്നു. അതിരാവിലെ, പത്രത്തിലെ ഇത്തരം കഥകൾ  വായിക്കുന്ന  അതെ കണ്ണുകൾ കൊണ്ടാണ് ഞാൻ PPR ഇന്റർനാഷണൽ എന്ന ഞങ്ങളുടെ റിക്രൂട്ട്മെന്റ്  കമ്പനിയെയും ആദ്യം കണ്ടത്, പക്ഷെ അവർ ഫീസ്  ഈടാക്കാതെയാണ് കൊണ്ടുപോകുന്നത് എന്ന വാഗ്ദാനം കമ്പനി CEO  ആയ സായിപ്പിന്റെ  മുഖത്തു നിന്ന് തന്നെ  കേട്ടപ്പോൾ, ചെറിയ മതിപ്പു അവരോടു തോന്നി, പിന്നീടുണ്ടായിരുന്ന  അവരുടെ പ്രവർത്തനങ്ങൾ മുഴുവൻ വിശ്വാസയോഗ്യവും ആയിരുന്നു.  

നോട്ടുകെട്ടുകൾ എണ്ണിക്കൊടുക്കാതെ അമേരിക്കക്കു പോകാം,  പ്രവേശന ടെസ്റ്റ് പാസ്സായും ഇരിക്കുന്നു, ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം...............   എന്ന ആ  'ഇമ്മിണി ബല്ല്യ  '  സന്തോഷത്തിലാണ് കൊച്ചിയിലെ ലെ മെറിഡിയൻ  ഹോട്ടലിൽ നിന്ന്  ഞാനും ഭാര്യയും വീട്ടിലെത്തിയത്, ഒരു പകലിന്റെ ക്ഷീണം മുഴുവൻ ഉണ്ടായിരുന്നതിനാൽ, നേരെ കുളിമുറിയിലേക്കാണ് പോയത് . "സുരലോക ജലധാര ഒഴുകി ഒഴുകി .." .എന്ന പാട്ട് തലയിൽ നിന്ന്  പോകുന്നില്ലായിരുന്നു.  പൈപ്പിൽ നിന്ന് വീഴുന്ന  തണുത്ത വെള്ളത്തിൽ  സന്തോഷവും ഉത്സാഹവും നുരഞ്ഞു പൊന്തുന്നതിനൊപ്പം ആ പാട്ടും പുറത്തുചാടി , കുളിമുറിയുടെ നാലു ചുവരുകൾക്കിടയിൽ അത് ചുറ്റിയടിക്കും എന്ന് കരുതിയെങ്കിലും തെറ്റിപ്പോയി എന്ന് ഭാര്യയുടെ ഭീഷണി കേട്ടപ്പോൾ മനസിലായി.

" ഇനി ഈ പാട്ടു പാടിയാൽ ഇന്ന് അത്താഴമുണ്ടാകില്ല പറഞ്ഞേക്കാം ... " ഭാര്യയുടെ  വാക്കുകൾ  വിശന്നിരുന്ന വയറ്റിലേക്ക് എരിയുന്ന  തീക്കനലുകൾ  കോരിയിട്ടതിനു തുല്യമായി.

" നിർത്തി ....ഇനി ഈ പാട്ടു നയാഗ്രയിൽ ചെല്ലാതെ പാടില്ല ...... ഇത് സത്യം  " കുളിമുറിയുടെ ചെറിയ  ജനലിലൂടെ അകത്തേക്ക്  ഒളിഞ്ഞു  നോക്കുന്ന ആകാശത്തെ  നക്ഷത്രങ്ങളെ കണ്ണിറുക്കി  കാണിച്ചു ഞാൻ പറഞ്ഞു

 " ഇപ്പോഴേ അമേരിക്കയിൽ എത്തി എന്നാ വിചാരം  ? " ഭാര്യ പറഞ്ഞു.

പക്ഷെ,  ആവേശം വിടാതെ തന്നെ  ഞാൻ പറഞ്ഞു  " പിന്നില്ലേ ...ഇനിപ്പെന്താ പ്രോബ്ലം  ടെസ്റ്റ് ജയിച്ചു ,,,,അപ്പോയിന്റ് ലെറ്റർ കിട്ടുക ....കോട്ട് തയ്പ്പിക്കുക  ...... പിന്നെ അങ്ങ്ട്ട്  പറക്വാ  ". ഒരു വി കെ എൻ സ്റ്റൈലിൽ ഞാൻ പറഞ്ഞു.

ഒറ്റ ശ്വാസത്തിൽ  ഇത് പറഞ്ഞു കുളിമുറിയിൽ നിന്ന് പുറത്ത്  വന്നപ്പോഴാണ്  ഭാര്യയുടെ മുഖത്തു  'ഇത്രയും  ആനമണ്ടനാണല്ലൊ ഇങ്ങേര് '  എന്ന പുച്ഛം നിറഞ്ഞ നോട്ടം എന്നിൽ പതിഞ്ഞത്.
 
"ഹോ ..അതിനു ഇനിയും എത്രയോ കടമ്പകൾ ....സി ജി എഫ് എൻ എസ്  പാസാകണം ടോഫിൽ പാസ്സാകണം ...."  ഭാര്യ ഒന്ന് നിർത്തിയപ്പോൾ ചെവിയിലൂടെ കടന്നു പോയ ആ പുതിയ  വാക്കുകൾ കേട്ട് ഞാൻ അല്പം പരുങ്ങി .

" എന്താത്  CGFNS,TOFL .....? " ഇതേ വരെ   ഇങ്ങിനെ ചില പരീക്ഷണങ്ങളെ കുറിച്ച്  കേട്ടിരുന്നില്ലല്ലോ,ആകാംഷ മുറ്റി  നിന്ന മുഖത്തോടെ ഞാൻ  ചോദിച്ചു .

" എന്നാൽ കേട്ടോളു, CGFNS,TOFL  എന്നീ രണ്ടു പരീക്ഷകളും ആദ്യം പാസ്സാകണം,അത്  അമേരിക്കയിൽ എത്തുവാൻ വേണ്ടി മാത്രം ..... ,പിന്നെ അവിടെ നേഴ്‌സ് ആയി  ജോലി ചെയ്യണമെങ്കിൽ RN  എന്ന് പറയുന്ന മറ്റൊരു പരീക്ഷ കുടി പാസാക്കണം......." എനിക്ക് പുതിയ അറിവുകൾ പകർന്നു  തന്നിട്ട് ഭാര്യ  ചിരിച്ചു കൊണ്ട് മുറി വിട്ടുപോയി.

ഇപ്പോഴത്തെ കാലമാണെങ്കിൽ,  കമ്പ്യൂട്ടർ സ്‌ക്രീനിലോ , അല്ലെങ്കിൽ സ്മാർട്ട് ഫോണിലോ വിരലോടിച്ചു നോക്കിയാൽ   CGFNS,TOFL തുടങ്ങിയ ടെസ്റ്റുകളുടെ സകലമാന വിവരങ്ങളും  വിശദമായി തന്നെ  മിനിറ്റുകൾ കൊണ്ട് സ്വന്തമാക്കാം.  പക്ഷെ ഒരു ഇരുപത്- ഇരുപത്തഞ്ചു  വര്ഷങ്ങൾക്ക്  മുൻപ്, അങ്ങനെ ആയിരുന്നില്ലല്ലോ ......റിക്രൂട്ട്മെന്റ് ഏജൻസികൾ തരുന്ന വളരെ പരിമിതമായ വിവരങ്ങളെ ഉണ്ടായിരുന്നുള്ളു, അതിൽ പലതും ശരിയുമായിരുന്നില്ല   പത്രങ്ങളുടെയോ ,ആനുകാലിക പ്രസിദ്ധീകരങ്ങളുടെയോ പുറകെ  പോയാൽ പോലും നമുക്കാവശ്യമായ വിവരങ്ങൾ കിട്ടുക സാധ്യമായിരുന്നില്ല.

പുതിയ  അറിവുകൾ   പുതിയ പരീക്ഷണങ്ങൾ ആണെന്ന് തോന്നി. CGFNS  പിന്നെ TOFEL ഈ  ടെസ്റ്റുകളുടെ ആഴങ്ങളിൽ  മുങ്ങി തപ്പാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ  ഒരു പ്രധാന കാര്യം മനസ്സിലാക്കിയത്, ഈ പരീക്ഷകൾക്കു ഇന്ത്യയിൽ കേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ല എന്ന കടുപ്പമേറിയ യാഥാർഥ്യം. ഏറ്റവും  അടുത്ത പരീക്ഷ കേന്ദ്രം സിംഗപ്പൂർ അല്ലെങ്കിൽ ഫിലിപ്പൈൻസ്   ആയിരുന്നു. മടിയിൽ കനമുണ്ടെങ്കിലേ കാര്യങ്ങൾ നടക്കൂ , പരീക്ഷാ ഫീസ് ഇനത്തിൽ  തന്നെ അന്നത്തെ കാലത്ത് ഒന്നര ലക്ഷം ഇന്ത്യൻ രൂപക്ക് മേൽ  വരുമായിരുന്നു. കൂടാതെ അവിടെ  പോകുവാനുള്ള  വിമാനക്കൂലി,  മറ്റു ചിലവുകൾ  വേറെയും, താങ്ങുവാൻ കഴിയാതെ  താടക്കു കൈ കൊടുത്ത് ഞാനിരുന്നു.

"വെറുതെ അല്ല ഗൾഫിൽ ധാരാളം ഇന്ത്യൻ നഴ്സുമാർ ജോലി ചെയ്തിരുന്നുവെങ്കിലും അമേരിക്കക്കു ഇവരെ ആരെയും കിട്ടാത്തത്....... . പോകുന്നവർ കുടുംബപരമായി ഫയൽ ചെയ്ത  ഫാമിലി വിസയിൽ പോകുന്നവർ മാത്രമല്ലേ ഉള്ളു ...ഞാൻ  കുറച്ചു കുശുമ്പ് വെറുതെ  ആലോചിച്ചിരുന്നു മനഃസമാധാനിക്കാൻ തീരുമാനിച്ചു. ഞങ്ങൾ  കോൺട്രാക്ട് വച്ച  പി പി ആറ് ഇന്റർനാഷണൽ എന്ന അമേരിക്കൻ കമ്പനിക്കു ഒരു  പ്ലാൻ ബി ഉണ്ടായിരുന്നു എന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് മനസിലായത് . CGFNS,  TOFEL എന്നീ  രണ്ടു പരീക്ഷകളെയും ബൈപാസ്സ്‌  ചെയ്തു, അമേരിക്കയിൽ വിസിറ്റിംഗ് വിസയിൽ പോയി നേരിട്ട് ആർ എൻ എന്ന പരീക്ഷ എഴുതിക്കുക എന്ന  ചാണക്യ  തന്ത്രം.

 CGFNS എന്നത് നഴ്സിംഗ് ടെസ്റ്റ് ആയിരുന്നെങ്കിൽ TOFEL  എന്നത്  ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷ ആയിരുന്നു, പൊതുവെ വളരെ കടുപ്പമേറിയതായിരുന്നു TOEFL  പരീക്ഷ.  നമ്മുടെ നാട്ടിലെ മലയാളം സ്‌കൂളിൽ പഠിച്ചവർക്ക് (ഭൂരിപക്ഷവും അവരാണല്ലോ .....) പാസാകുവാൻ വളരെ പ്രയാസമുള്ള പരീക്ഷ. നഴ്സുമാരുടെ കഠിനമായ ക്ഷാമം മൂലമുള്ള സമ്മർദ്ദ തന്ത്രങ്ങളാവാം,ആയിടെ അമേരിക്കൻ ഗവണ്മെന്റ്  TOEFL  പരീക്ഷക്ക് പകരം IELTS എന്ന കുറച്ചു കടുപ്പം കുറഞ്ഞ ടെസ്റ്റിന് അംഗീകാരം കൊടുത്തു. എങ്കിൽ പോലും IELTS  ടെസ്റ്റിന് കിട്ടേണ്ടിയിരുന്ന മിനിമം  സ്കോറായ ഏഴ് എന്ന മാജിക് നമ്പറിൽ എത്തുവാൻ പലപ്പോഴും  രണ്ടും മൂന്നും തവണ എഴുതേണ്ടി വരുമായിരുന്നു.

PPR International എറണാകുളത്ത് അവരുടെ സ്വന്തം പരിശീലന കേന്ദ്രം തുടങ്ങി, തിരഞ്ഞെടുത്ത നേഴ്സ് മാർക്ക് ഏതാണ്ട് ഒരു വർഷത്തോളം RN ,IELTS പരിശീലനം നൽകി.നീണ്ട ആ  ഒരുക്കത്തിന് ശേഷം ഒരു സുപ്രഭാതത്തിൽ അമേരിക്കൻ വിസിറ്റിംഗ് വിസയിൽ അവരുടെ നഴ്സുമാർ പരീക്ഷയ്ക്കായി ഫ്ലോറിഡയിലേക്ക് വിമാനം കയറുവാൻ തയ്യാറായി.ഒപ്പം ഭാര്യയും ..........

അങ്ങനെ ആ ദിവസമെത്തി , കൊച്ചി എയർപോർട്ടിൽ  എത്തിയ  നേഴ്‌സുമാരുടെ  മുഖത്ത് പലവിധ   ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും,ഭാര്യയുടെ മുഖത്ത്  യാതൊരു അങ്കലാപ്പും കണ്ടില്ല.  ലെ മെറിഡിയനിലെ ' തോറ്റ ചിരി ' തന്നെ ആയിരുന്നു ആ മുഖത്ത്. RN എന്ന്  വെണ്ടക്ക മുഴുപ്പിൽ എഴുതിവച്ചിരുന്ന തടിച്ച പുസ്തകത്തിന്റെ അകം  പേജുകളിൽ ആയിരുന്നു വെറുതെ ഇരിക്കുമ്പോൾ  മിക്ക നേഴ്‌സുമാരുടേയും കണ്ണുകൾ. പക്ഷെ ,  ആ പുസ്തകത്തിന്റെ പുറംചട്ടയിൽ  അലസമായി കൈ ഓടിച്ചു കളിക്കുന്ന ഭാര്യയോട് ഞാൻ പറഞ്ഞു           
" ഒരല്പം ടെന്ഷനടിച്ചു നിൽക്ക് ....മറ്റുള്ളവർ നിൽക്കണ കണ്ടില്ലേ ? "

 " ഞാൻ എന്തിനു ടെൻഷൻ അടിക്കണം, നമുക്ക്  ഒരു ചിലവും ഇല്ല,അമേരിക്ക കാണാൻ കിട്ടിയ സുവർണ്ണാവസരം  അത്രയേ ഉള്ളു ..! ",   വിടർന്ന ചിരിയുടെ കൂടെ വന്ന ഭാര്യയുടെ  ഉത്തരം, പക്ഷെ എനിക്ക് കൂടുതൽ ടെൻഷൻ  തന്നതേ ഉള്ളൂ. അങ്ങനെ നുഴ്സ്മാരുടെ ഒരു ഗ്രുപ് ,ഫ്ലോറിഡയിലെ ജാക്ക്സൺവില്ലിലേക്കു പറന്നു .

RN അത്ര ചെറിയ ടെസ്റ്റ്  ആയിരുന്നില്ല, ഭാര്യയുടെ ഭാഷയിൽ പറഞ്ഞാൽ - ഒരു പോസ്റ്റുമാർട്ടം  പോലെ ആയിരുന്നു  . മനുഷ്യ ശരീരത്തെ കീറാതെയും മുറിക്കാതെയും തന്നെ അനാട്ടമിയും, ഫിസിയോളജിയും  പരീക്ഷിക്കപെടുന്ന ടെസ്റ്റ് ,കൂടാതെ രോഗങ്ങൾ,കാരണങ്ങൾ  മരുന്നുകൾ, അവയുടെ പ്രവർത്തനങ്ങൾ, അവ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങി, വിവിധ ഇനം തെറാപ്പികളുടെയും ഉൾവഴികളിലൂടെ സഞ്ചരിക്കുന്ന ടെസ്റ്റ് . തന്റെ മുന്നിൽ ഇരിക്കുന്നയാളുടെ  അറിവുകൾ  കമ്പ്യൂട്ടർ പല രീതിയിൽ വിശകലനം ചെയ്യും.  ടെസ്റ്റ്  അവസാനിച്ചു  എന്ന് പറയും വരെ കമ്പ്യൂട്ടറിനു മുൻപിൽ ഇരിക്കണം. 'RN ടെസ്റ്റ് ചെയ്തതിനു നന്ദി '   എന്നെഴുതികാണിച്ചു കഴിഞ്ഞാൽ  ജയമോ ,തോൽവിയോ എന്നറിയാതെ അവിടെ നിന്നെഴുന്നേറ്റു പോകാം. ഏതാണ്ട് അറുപത് ചോദ്യങ്ങളോളം  ചെയ്തു കഴിഞ്ഞു ഉടനെ കംപ്യൂട്ടർ ഓഫായാൽ ജയിക്കും  എന്നായിരുന്നു മറ്റുള്ളവരിൽ നിന്ന് കിട്ടിയ  ഒരു  ഏകദേശ ധാരണ.

കമ്പ്യൂട്ടറിനു ഭാര്യയെ തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി,  അറുപതും ,നൂറും ,നൂറ്റൻപതും  ചോദ്യങ്ങൾ കഴിഞ്ഞു .............കൈകൾ തളർന്നു , കണ്ണ് കുഴഞ്ഞു ,തലച്ചോറിന് ആലോചിക്കുവാനുള്ള ശക്തി ഇല്ലാതായി അവസാനം  നൂറ്റിഅറുപത് ചോദ്യങ്ങൾക്കു ശേഷം കമ്പ്യൂട്ടർ നന്ദി പറഞ്ഞു നിന്നു.  അതോടെ  തോറ്റുപോയി   എന്ന വിശ്വാസവുമായി ഭാര്യ തിരിച്ചു വിമാനം  കയറുവാൻ ഉള്ള ഒരുക്കം തുടങ്ങി. ഈ  ഗ്രുപ്പിൽ പോയ പലർക്കും അറുപതിൽ താഴെ ചോദ്യങ്ങളെ കിട്ടിയിരുന്നുള്ളു. റിസൾട്ട് വരുവാൻ മുന്ന് നാലു ദിവസ്സം എടുക്കും. നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്  അവസാനിച്ച രാത്രിയിലെ സ്ഥാനാർത്ഥിയുടെ മനസ്സുമായി എല്ലാവരും തിരിച്ചു പറന്നു  ......

വിമാനത്തിൽ ചിരിച്ചുകൊണ്ട് കയറിപ്പോയ  പോയ ഭാര്യ ആയിരുന്നില്ല തിരിച്ചിറങ്ങി വന്നത്. ചിരി  എല്ലാം ഫ്‌ലോറിഡയിൽ ഉപേക്ഷിച്ചിട്ടാണ് ഭാര്യ അടക്കമുള്ള നഴ്സുമാർ കൊച്ചിയിൽ വിമാനമിറങ്ങിയത്  മുഖം നിറയെ ടെൻഷൻ, പ്രയാസം ,പരവേശം ....അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമങ്ങൾ ....... അറുപത് ചോദ്യങ്ങൾക്കു താഴെ കിട്ടിയവരുടെ മുഖം അല്പം പ്രസന്നമായിരുന്നു വെങ്കിലും ,മറ്റുള്ളവർ തീർത്തും അവശരായിരുന്നു. ആ ഗ്രുപ്പിൽ പോയ എല്ലാവരും സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് ,PPR  International കമ്പനി റിസൾട്ട് പുറത്തു വിടുന്നത്.

അമേരിക്കയിലുള്ള എന്റെ  സഹോദരൻ  മുഖേനെ, ഭാര്യയുടെ റിസൾട്ട് ഞാൻ  നേരത്തെ അറിഞ്ഞിരുന്നു, പക്ഷെ എയർപോർട്ടിൽ വച്ചു പറയുവാൻ തോന്നിയില്ല , അത്രമാത്രം ശ്വാസം പിടിച്ചാണ് എല്ലാവരും  നിന്നിരുന്നത് . വോട്ടെണ്ണൽ ദിനത്തിലെ തോൽക്കുമോ എന്ന സംശയമുള്ള  സ്ഥാനാർത്ഥിയുടെ അതെ  മുഖം.   ......എയർപോർട്ടിൽ നിന്ന് തിരിച്ച് കാറിൽ കയറി ഞങ്ങൾ രണ്ടു പേർ മാത്രമുള്ളപ്പോൾ  ഞാൻ പറഞ്ഞു ,"വിഷമിക്കേണ്ട ..നീ ജയിച്ചു ,ചേട്ടൻ റിസൾട്ട് ചെക്ക്  ചെയ്തിരുന്നു  "

അവിശ്വസനീയമായ ഒരു വിവരം കേട്ടപോലെ ഭാര്യ  എന്റെ നേരെ നോക്കി ," ശരിക്കും ...."

" ആന്നേ ..." ഞാനുത്തരം പറഞ്ഞു .

പക്ഷെ ഭാര്യ അപ്പോഴും  വിശുദ്ധ തോമാശ്ലീഹായെ  പോലെ ആയിരുന്നു. 'അവനെ കാണാതെയും, അവന്റെ വിലാവിൽ എന്റെ കൈവിരൽ  സ്പർശിക്കാതെയും ഞാൻ വിശ്വസിക്കുകയില്ല  ..' എന്ന ഭാവം .  വീട്ടിലെത്തിയതും കമ്പനി ഫോൺ ചെയ്തു "  ..നീ ജയിച്ചിരിക്കുന്നു ". ഭാര്യയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു ..ഒരു വലിയ ദൗത്യം ശുഭകരമായി പര്യവസാനിച്ചതിലെ സന്തോഷം കണ്ണുനീരായി  ആ മുഖത്ത് പടർന്നിറങ്ങി.

(തുടരും .......)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

നക്ഷത്രങ്ങൾക്കരികിലൂടെ ... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 11: ഷാജു ജോൺ)

കണ്ണീരുണങ്ങാത്ത 20 വർഷങ്ങൾ; 9/11 സ്‌മരണ

9/11 ഓർമ്മ: ഈ മഹാനഗരം ഉറങ്ങാറില്ല.(സിബി ഡേവിഡ്, ന്യൂയോര്‍ക്ക്)

കാലം തൊടാൻ മടിച്ചു നിൽക്കുന്ന താരം (ഫിലിപ്പ് ചെറിയാൻ)

View More