Image

സംക്രാന്തിയും രാമായണ മാസവും (ഗിരിജ ഉദയൻ)

Published on 17 July, 2021
സംക്രാന്തിയും രാമായണ മാസവും (ഗിരിജ ഉദയൻ)
ജൂലൈ 17 ശനിയാഴ്ച കർക്കിടകം ഒന്ന്. മഴ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഇന്ന്  സംക്രാന്തി. വള്ളുവനാട്ടുകാർ ശങ്കരാന്തി  എന്നു പറയും. കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് അറിയാതെ മനസ്സ് ഊളിയിട്ടു പോകുന്നു.

ഇടവപാതിയിലെ അവസാന മഴയ്ക്കുള്ള കാർമേഘങ്ങൾ ഇരുണ്ടു കൂടുന്ന സന്ധ്യയിൽ വീട്ടിലെല്ലാവരും തിരക്കിലായിരിക്കും. വീട് വൃത്തിയാക്കുന്ന ജോലികൾ തകൃതിയായി നടക്കും. "കുഞ്ഞേ, ഉമ്മറത്തും, മച്ചിലും, തെക്കിനിയിലും, പടിഞ്ഞാറ്റിൻമോളിലും, വട്ക്കിനിയിലും തെക്കെ അറയിലും മുഴുവനും പൊടി തട്ടി വൃത്തിയാക്കണം. സഹായത്തിന് കുട്യോളെ വിളിച്ചോ " വെള്ളോലി പത്മാവതിയമ്മ എന്റെ അമ്മമ്മ പണിക്കാരി കുഞ്ഞയോട് പറയും. ഞങ്ങൾ കുട്ടികളും കുഞ്ഞമ്മായിക്കൊപ്പം കൂടും.
പൊട്ടിയതും ഉപയോഗ ശൂന്യമായതുമായ ഉപകരണങ്ങളൊക്കെപുറത്തുപോകുംഅടിച്ചു വൃത്തിയാക്കിയ അടുക്കളപുറത്തും, നെടുമ്പരയിലും  മുറ്റത്തും ചാണക വെള്ളത്തിൽ മുക്കിയ ചൂലുമായി കുഞ്ഞമ്മായി നടക്കും.
"ചേട്ട പുറത്ത്. ശീവോതി അകത്ത്." ചാണകവെള്ളം തളിക്കുന്ന തിനിടയിൽ ഒരു മന്ത്രോച്ഛാരണം പോലെ ഞങ്ങൾ ഏറ്റുചൊല്ലും.

"നാപ്പാ പള്ളിയാലും, തൊടിയും വൃത്തിയാക്കണം. അടുക്കള പുറത്തുള്ള ചാല് കീറിക്കോളൂ. വെള്ളം ഒരു പാട് കെട്ടി കിടക്കണ്ട. പാളത്തൊപ്പിയും വെച്ച് കൈകോട്ടെടുത്ത് പോകുന്ന നാപ്പനെ നോക്കി നിൽക്കുന്ന മുത്തച്ഛൻ.

രാത്രിയാകാൻ കാത്തിരിക്കും ഞങ്ങൾ കുട്ടികൾ.  രാത്രി കോഴിയിറച്ചിക്കറിയുണ്ടാകും. വീട്ടിൽ അധികം പേരും പച്ചക്കറികൾ മാത്രം കഴിക്കുന്നവരാണ്. ഞങ്ങൾ കുട്ടികൾക്കും അമ്മാമൻ മാർക്കും ഏട്ടന്മാർക്കും , പിന്നെ പണിക്കാർക്കും വേണ്ടിയാണ് ഇറച്ചിക്കറിയുണ്ടാക്കുന്നത്. പച്ചക്കറി മാത്രം പാചകം ചെയ്യുന്ന അടുക്കളയിലല്ല നെടുമ്പരയിലാണ് കോഴിയെ പാചകം ചെയ്യുക. കോഴിയെ കൊല്ലുന്നത് കാണാനുള്ള പേടി അതുകൊണ്ടു തന്നെ കോഴിക്കറി വക്കുന്നതുവരെ  ഞാൻ അടുക്കള വശത്തേക്ക് പോകാറില്ല. ആ ദിവസം നമശ്ശിവായം ചൊല്ലുമ്പോൾ ഉറക്കെ ഞങ്ങൾ കുട്ടികൾ ചൊല്ലും. നമശിവായ , നാരായണായനമാ , അങ്ങിനെ വിഷ്ണുവേ ഹരി കഴിഞ്ഞ് അശ്വതി, ഭരണി  നാളുകൾ ചൊല്ലി, മാസവും പക്കവും , ആഴ്ചയും , പെരുക്ക പട്ടികയും ചൊല്ലി കഴിയുമ്പോഴേക്കും വറുത്തരച്ച മസാല പുരട്ടിയ കോഴിക്കറിയുടെ മണമടിക്കും. അതിൽ തേങ്ങാപ്പാൽ ഒഴിച്ച് വെളിച്ചെണ്ണ താളിച്ച് കറിവേപ്പില ഇട്ട് ഇറക്കി വെക്കുമ്പോഴേക്കും 16 X 16= 256 ചോറ് എന്ന് പറഞ്ഞ് ഞങ്ങൾ അടുക്കളയിലേക്ക് ഒരു ഓട്ടമുണ്ട്.

പിറ്റേദിവസം കർക്കിടകം പുലരുകയാണ്. ലക്ഷ്മീദേവി എഴുന്നെള്ളിയെത്തുമ്പോൾ വീടും പരിസരവും ശുദ്ധമായിരിക്കണം. പഞ്ഞ കർക്കിടകത്തിലെ കഷ്ടപ്പാടുകൾ കുറച്ച് ഒരു വർഷം മുഴുവൻ ഐശ്വര്യം ലഭിക്കണമെങ്കിൽ കർക്കിടക പുലരിയിൽ ഗൃഹത്തിലെത്തുന്ന ലക്ഷ്മീ ദേവിയെ സ്വീകരിച്ചാനയിക്കണം. നിലവിളക്കിനു മുൻപിൽ ദശപുഷ്പങ്ങളും ശുദ്ധജലം നിറച്ച കിണ്ടിയും, ചന്ദനത്തിരി കത്തിച്ചതും  ഉണ്ടാകണം.

ക്ഷേത്രങ്ങളിലും ഹിന്ദു ഭവനങ്ങളിലും  കർക്കിടക മാസക്കാലത്ത് രാമായണത്തിന്റെ ശീലുകള്‍ ഉയര്‍ന്നു കേള്‍ക്കുവാന്‍ തുടങ്ങും. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധ ഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.
രാമന്‍ എക്കാലത്തെയും മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമാണ്.
രാമായണം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ആണ് കേരളത്തിലെ ഹിന്ദു ഭവനങ്ങളില്‍ പ്രധാനമായും വായിക്കുന്നത്....

 മഴ ശക്തിയായി പെയ്യുമ്പോൾ  പാടത്തും പറമ്പിലും  പണിയൊന്നുമുണ്ടാവില്ല.കഴിഞ്ഞ ഒരു വർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ക്ഷീണം മാറ്റുവാനും, ഇനി ഒരുവർഷത്തേക്ക് ശരീരത്തെ അരോഗ്യത്തോടെ സംരക്ഷിക്കുവാനുമുള്ള സുഖ ചികിത്സകൾ ആരംഭിക്കും. അതും ഏറ്റവും  കുടുതൽ .ആയുർവേദത്തിന്റെ അടിസ്ഥാനമായ പച്ചമരുന്നുകൾ കഴിക്കുന്നത് പ്രായമായവരാണ്. ഏറെ അദ്ധ്വാനിക്കാതെ സുഖ ചികിത്സയിൽ കഴിയുമ്പോൾ ഭക്ഷണം ദഹിക്കുവാനും അല്പം വിഷമമാണ്. എന്നാൽ ശരിയായി ഭക്ഷണം കഴിച്ചില്ലെങ്കിൽ പോഷകകുറവുണ്ടാകും.അതുകൊണ്ട് തന്നെ പത്തിലകൊണ്ടുള്ള തോരൻ കഴിക്കും. കർക്കിടകത്തിൽ ഇലക്കറികൾ കഴിക്കും. എന്നാൽ മുരിങ്ങയില കഴിക്കാറില്ല. പോഷകഗുണമുള്ള ,  ദഹിക്കുവാൻ എളുപ്പമുള്ള കർക്കിടക കഞ്ഞി തയ്യാറാക്കി കഴിക്കും .ഇങ്ങനെ വെറുതെ തിന്നും തിരുമ്മിയും ഇരിക്കുമ്പോൾ മനസ്സിൽ ചീത്ത വിചാരങ്ങൾ മുളയ്ക്കുക സ്വാഭാവികമാണ്. അത്തരം അനാവശ്യ ചിന്തകളൊഴിവാക്കുവാനും രാമകഥാപഠനം നല്ലതാണത്രെ. മനസ്സിലെ രജത മോഗുണങ്ങളെ അടക്കി സത്വ ഗുണം വളർത്താൻ രാമായണം പോലെയുള്ള ഭക്തി പ്രദാനങ്ങളായ പുസ്തകങ്ങൾ പാരായണം ചെയ്യുന്നത് ഉത്തമമാണെന്ന് കണ്ടതിലാണത്രെ കർക്കിടകം രാമായണ മാസമായതിന് പിന്നിലുള്ള കഥ.
 
അങ്ങിനെ  ഇന്ന്‌ മറ്റൊരു കർക്കിടകമാസം കൂടി എത്തുന്നു. കിളിപ്പാട്ടിന്റെ ശീലുകളിലും മന്ത്രങ്ങളിലും വിശ്വാസത്തിന്റെ ശക്തി മാത്രമല്ല, കാൽപ്പനികതയുടെ സൗന്ദര്യവുമുണ്ട്. അതാണ് നമ്മുടെ സംസ്ക്കാരത്തിന്റെ പൈതൃകത്തിന്റെ  മഹത്വം.കർക്കിടക മഴക്കാറുകൾ ഉരുണ്ടുകൂടുന്നു. നമുക്കും  രാമായണമാസത്തെ വരവേൽക്കാൻ തയ്യാറാകാം.


Join WhatsApp News
Shankar Ottapalam 2021-07-17 08:00:26
Covid ന്റെ കോലാഹകങ്ങൾക്കിടയിക്കും ഞാൻ ഇപ്പോൾ വള്ളുവനാട്ടിലെത്തിയിട്ട് മാസങ്ങളായി.. കാലത്ത് നിളയുടെ കുറുകെ തിരുവില്ലാമല വഴി ഒഴുകിവരുന്ന കുളിര്കാറ്റേട്ടുമായന്നൂർ പാലത്തിലൂടെയുള്ള നടത്തം ഒരു അനുഭൂതി തന്നെ.. ശങ്കരാന്തിയെക്കുറിചുള്ള ഓർമ്മകളി ലിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു ലേഖനം കണ്ടത്.. നന്നായിട്ടുണ്ട്.. ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി..
Sudhir Panikkaveetil 2021-07-18 02:30:28
ഇന്ന് മിക്കവാറും അന്യം നിന്നുപോയ ആചാരങ്ങളെക്കുറിച്ച് വായിച്ചപ്പോൾ ഓർമകളിൽ മുങ്ങാംകുഴിയിട്ട കുളിർമ്മ. (കോഴിക്കറിയുടെ ഭാഗം ഒഴികെ, പച്ചക്കറി വിഭവങ്ങളായിരുന്നു) ചേട്ട (ജേഷ്ഠ എന്ന് ചില സ്ഥലങ്ങളിൽ) പുറത്ത് എന്ന സങ്കല്പം ഇപ്പോഴും കൂടെയുണ്ട്. കുളികഴിഞ്ഞാൽ ആദ്യം തോർത്തെണ്ടത് പുറത്താണെന്ന് മുത്തശ്ശി പറഞ്ഞത് ഇന്നും അനുസരിക്കുന്നു. ചേട്ടക്കാണ് മൂപ്പ്. മുഖം തോർത്തിയാൽ ചേട്ട അവിടെ കൂടിയിരിക്കും. സുഖമാണ് പണ്ടുള്ളവരുടെ വിശ്വാസങ്ങളിലേക്ക് എത്തിനോക്കുന്നത് അത് ആചരിക്കുന്നത്. കർക്കിടകം മഴക്കാലമെങ്കിലും കുറെ ആചാരങ്ങൾ ഉണ്ട്, ഇല്ലം നിറ, പിള്ളേരോണം, ആവണി അവിട്ടം, ആനയൂട്ട്, സുഖചികിത്സ, നാലമ്പല ദര്ശനം അങ്ങനെ പോകുന്നു.. ശ്രീമതി ഗിരിജ ഉദയൻ അതേക്കുറിച്ചോക്കെ എഴുതുമെന്ന് പ്രതീക്ഷിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക