Image

പത്രധര്‍മ്മം എന്താണ് ? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 06 June, 2021
പത്രധര്‍മ്മം  എന്താണ് ? (ലേഖനം: സാം നിലമ്പള്ളില്‍)

വായനക്കാരെ ബോധവല്‍കരിക്കുക, അജഞതയില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും അവരെ മോചിതരാക്കുക, സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തരാക്കുക ഇതൊക്കെയാണ് പത്രങ്ങളും ഇതരമാധ്യമങ്ങളും ചെയ്യേണ്ടത്. പണ്ടത്തെ പത്രങ്ങള്‍ ഇങ്ങനെയുള്ള മൂല്യങ്ങള്‍ക്ക് വിലകല്‍പിച്ചിരുന്നു.ധീരമായ നിലപാടുകള്‍ എടുത്തതിന്റെപേരില്‍, സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെപേരില്‍, ചിലപത്രങ്ങള്‍ പൂട്ടിക്കെട്ടേണ്ട അവസരങ്ങളും ഉണ്ടായിട്ടുണ്ട്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സീ പി യുടെ ധിക്കാരപരമായ നിലപാടുകളെ വിമര്‍ശ്ശിച്ചതിനാണ് മലയാള മനോരമ പത്രത്തിന് പ്രസിദ്ധീകരണം നിറുത്തേണ്ടതായിവന്നത്.. അന്ന് മാമ്മന്‍ മാപ്പിളയായിരുന്നു പത്രത്തിന്റെ എഡിറ്റര്‍. കോഴിക്കോട്ട് മാതൃഭൂമി പത്രത്തിന്റെ പത്രാധിപര്‍ കെ പി കേശവമേനോനും. ഇവര്‍ രണ്ടുപേരും പത്രധര്‍മ്മം എന്താണെന്ന് ബോധമുളളവരും അതിനുവേണ്ടി ത്യാഗങ്ങള്‍ ചെയ്യാന്‍ മനസുള്ളവരും ആയിരുന്നു. പത്രത്തിന്റെ കോപ്പികളുടെ എണ്ണം കൂട്ടുന്നതായിരുന്നില്ല അവരുടെ ഉദ്ദേശം. തങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനായിരുന്നു.

വായനക്കാരുടെ ചിന്താശക്തി വളര്‍ത്തുന്നതിനുപകരം അവരുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് എങ്ങനെ കൂടുതല്‍ കോപ്പികള്‍ ചിലവാക്കാമെന്നാണ് ഇന്നത്തെ പത്രങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്. സമൂഹത്തില്‍ നിലനില്‍കുന്ന അനീതികളെ ചോദ്യംചെയ്യാന്‍ അവര്‍ക്ക് ഭയമാണ്. എല്ലാമതവിഭാഗക്കാരെയും പ്രീണിപ്പിച്ച് അവരുടെ വീടുകളില്‍ പത്രത്തിന്റെ കോപ്പികള്‍ എത്തിക്കുക മാത്രമാണ് ലക്ഷ്യം. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളമിപ്പോള്‍ ശരിക്കുമൊരു ഭ്രാന്താലയമാണ്, മതതീവ്രവാദം കത്തിപ്പടരുന്ന ഭ്രാന്താലയം. ചെറുപ്പത്തില്‍ ഞാന്‍ വിചാരിക്കുമായിരുന്നു ജനങ്ങള്‍ വിദ്യാഭ്യാസം കൈവരിച്ചുകഴിയുമ്പോള്‍ പരസ്പരം വെറുക്കാത്ത, മതവിദ്വേഷം ഇല്ലാത്ത പുതിയൊരു തലമുറ ഉടലെടുക്കുമെന്ന്. പക്ഷേ, എന്താണ് സംഭവിച്ചത്? മതതീവ്രതയും പരസ്പര വിദ്വേഷവും നൂറ്റൊന്ന് ഡിഗ്രിയിലെത്തി നില്‍കുകയാണ്.

(കഴിഞ്ഞ പ്രവശ്യം നാട്ടില്‍പോയപ്പോള്‍ ആരാധനാലയങ്ങളില്‍ നിന്നുള്ള ശബ്ദമലിനീകരണംമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപറ്റി ഒരുലഖനം ഞാന്‍ മനോരമക്ക് അയച്ചുകൊടുത്തു., പ്രസിദ്ധീകരികരിക്കുമെന്ന് വിശവാസം ഇല്ലാതിരുന്നിട്ടും. എന്റെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് മനോരമ ലേഖനം ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞു. നന്ദി, എന്റെ പ്രതീക്ഷ സഫലീകരിച്ചതിന്. ലേഖനത്തിന്റെ ഒരുകോപ്പി ഞാന്‍ മുഖ്യമന്ത്രിക്കും അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അവരത് പി ഡബ്‌ളിയു ഡി ചീഫ് എഞ്ചിനായറുടെ ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്തു. എന്തൊരു കാര്യക്ഷമത? അതിനൊരു മറുപടി തരാന്‍ ചീഫ് എഞ്ചിനീയര്‍ മഹാമനസ്കത കാട്ടി. ശബദമലിനീകരണം തന്റെ വകുപ്പില്‍പെട്ട കാര്യമല്ലെന്നും റോഡുകളെ പറ്റി പരാതിവല്ലതുമുണ്ടെങ്കില്‍ പരിഹരിക്കാമെന്നുമായിരുന്നു അതിലെ ഉള്ളടക്കം. കേരളത്തില്‍ അധികംനാള്‍ താമസിക്കാന്‍ ഉദ്ദേശമില്ലാതിരുന്നതിനാല്‍ പെട്ടന്നുതന്നെ അമേരിക്കയിലേക്ക് വണ്ടികയറി.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. സൗദി അറേബ്യയില്‍ മൈക്കില്‍കൂടിയുള്ള വാങ്കുവിളി നിരോധിച്ചിരിക്കുന്നു. മറ്റുപല അറേബ്യന്‍രാജ്യങ്ങളിലും നേരത്തെതന്നെ ഇത് നടപ്പിലാക്കിയിരുന്നു. ഇന്‍ഡ്യയിലും കേരളത്തിലും ഇത് എന്നാണോ നടപ്പാക്കാന്‍ പോകുന്നത്? വാങ്ങുവിളി നിരോധിച്ചാല്‍ ക്ഷേത്രങ്ങളില്‍നിന്നുള്ള പാരായണവും സിനിമാപ്പാട്ടും നിരോധിക്കേണ്ടിവരുമല്ലോ. അപ്പോള്‍ ഉടനെയൊന്നും ഇത് നടപ്പിലാകുമെന്ന് പ്രതീക്ഷിക്കേണ്ട. ഹൈക്കോടതിപറഞ്ഞിട്ടും അതിനൊന്നും പുല്ലുവില കല്‍പിക്കാത്തവരാണോ ഈ ജനദ്രോഹം അവസാനിപ്പിക്കാന്‍ പോകുന്നത്. )

സോഷ്യല്‍ മീഡിയയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. കള്ളപ്രചണങ്ങളിലൂടെ സ്രോതാക്കളെ വഴിതെറ്റാക്കാനാണ് ചിലകുബുദ്ധികള്‍ ശ്രമിക്കുന്നത്. വര്‍ക്ഷീയവിഷം കുത്തിവച്ച് അവര്‍ സമൂഹത്തെ അശുദ്ധമാക്കുകയാണ്. വര്‍ക്ഷീയവിദ്വേഷം വളര്‍ത്താനും കള്ളപ്രചരണങ്ങള്‍ നടത്തുനുമുള്ളതാണ് സോഷ്യല്‍ മീഡിയ എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

അമേരിക്കയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. സി എന്‍ എന്‍ പോലുള്ള ന്യൂസ് ചാനലുകളും ന്യുയോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങളും നുണപ്രചരണത്തിന്റെ കാര്യത്തില്‍ നാട്ടിലെ പത്രങ്ങളില്‍നിന്നും ഒട്ടുംപിന്നിലല്ല. ജനങ്ങളെല്ലാം വെറും പന്നികളാണെന്നാണ് അവരുടെ വിചാരം. ഇവരൊക്കെ പറയുന്നതാണ് നാട്ടിലെ പത്രങ്ങള്‍ക്ക് വേദവാക്യം. പത്രങ്ങള്‍ വായിച്ചിട്ട് സ്വയം വലയിരുത്തലുകള്‍ നടത്താനാണ് വായനക്കാരന്‍ ശ്രമിക്കേണ്ടത്. മനോരമയോ മാതൃഭൂമിയോ പറയുന്നത് സത്യമായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് അവരുടേതായ രാഷ്ട്രീയ സാമുദായിക വീക്ഷണങ്ങളുണ്ട.് അത് നിങ്ങളുടെയോ എന്റെയോ അഭിപ്രായം ആയിരിക്കണമെന്നില്ല.

വായനക്കാരോട്

എഴുത്തുകാരന്‍ അവന്റെ ചിന്തകളും ആശയങ്ങളുമാണ് തന്റെ കൃതികളിലൂടെ പ്രചരിപ്പിക്കുന്നത്. അതിനോട് യോജിക്കാനും വിയോജിക്കാനും വായനക്കാര്‍ക്ക് അവകാശമുണ്ട്. വായക്കാര്‍ ഉള്ളതുകൊണ്ടാണല്ലോ എഴുത്തുകാരന്‍ നിലനില്‍കുന്നത്. നിങ്ങളുടെ വിപരീത അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. എന്നാല്‍ ചിലര്‍ എഴുത്തുകാരനെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് വേദി ഉപയോഗിക്കുന്നത്. അപക്വമായ മനസിന്റെ ഉടമകളായ അവരുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ വിലകല്‍പിക്കാറില്ല. മാസ്റ്റേര്‍സും ഡോക്ട്ടറേറ്റും കൈവരിച്ചാലും മാനസികവളര്‍ച്ച പ്രാപിക്കത്തവരായിട്ട് അപൂര്‍വ്വം ചിലരുണ്ട്്. അവരോട് സഹതപിക്കാനല്ലേ സാധിക്കൂ.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക