Image

ഒരുസ്ത്രീയും ഒരു (പര) പുരുഷനും (അനിൽ നാരായണ, കഥാ മത്സരം)

Published on 25 May, 2021
ഒരുസ്ത്രീയും ഒരു (പര) പുരുഷനും (അനിൽ നാരായണ, കഥാ മത്സരം)

ലിഫ്റ്റിലേക്കു കയറുമ്പോൾ ആദ്യം കണ്ടത് ആ പാദസരങ്ങളാണ്. ചുവന്ന്, മൈലാഞ്ചിയിട്ട ഭംഗിയുള്ള കാലുകളിൽ പറ്റിച്ചേർന്നു കിടക്കുന്ന മുത്തുമണികൾ പിടിപ്പിച്ച പാദസരം. സാധാരണയിൽ കൂടുതൽ വീതിയുണ്ടായിരുന്നു അതിന്. പിന്നെ സാരി തെന്നിമാറിയ വയറിന്റെ വശത്തായി ഒരു കറുത്ത മറുക്... നീലാകാശത്തേക്കു കടന്നുവന്ന ഒരു കാർമേഘത്തുണ്ടു പോലെ! ലിഫ്റ്റിലെ ചെറിയ ഫാനിന്റെ കാറ്റിൽ സാരി അനുസരണക്കേടു കാണിക്കുമ്പോൾ അതിനെ മറയ്ക്കുന്ന നീണ്ടവിരലുകളുള്ള കൈയ്യുകൾ. കണ്ണുകൾ മുഖത്തേക്കെത്തിയപ്പോൾ മനസ്സിലായി മലയാളിയാണെന്ന്. ആ കണ്ണുകളുടെ തീഷ്‌ണതയെ നേരിടാൻ ആകാതെ, ചമ്മൽ മറയ്ക്കാൻ ലിഫ്റ്റിലെ കണ്ണാടിയിലേക്ക്. അവിടെയും ആ കറുത്ത മേഘകീറ് അയാളുടെ കാഴ്ചയിലേക്ക് വന്നും പോയുമിരുന്നു. ലിഫ്റ്റ് ഒരു കുലുക്കത്തോടെ താഴത്തെ നിലയിൽ വന്ന് നിന്നു.

നഗരത്തിലെ ആ പഴയ കെട്ടിടത്തിൽ മലയാളികൾ നന്നേ കുറവാണ്. ഇടയ്ക്ക് ഒരു ചെറിയ കുട്ടിയുടെ നിലവിളി അല്ലെങ്കിൽ അമ്മയുടെ ശകാരം, അതുമല്ലെങ്കിൽ മലയാളം ചാനലുകളുടെ സ്ഥിരം ശബ്ദങ്ങൾ... ഇതെല്ലാമാണ് ആ കെട്ടിടത്തിൽ വല്ലപ്പോഴും ഉണ്ടാകുന്ന മലയാളി സാന്നിധ്യങ്ങൾ. ഒരുപാട് നിലകളുള്ള കെട്ടിടമാണ് അതെങ്കിലും മിക്കവാറും ഫ്ലാറ്റുകൾ പല സ്വകാര്യസ്ഥാപനങ്ങളുടേയും മറ്റും ഓഫീസായിരുന്നു.

പിറ്റേ ദിവസവും ലിഫ്റ്റിൽ വച്ചുതന്നെ അവർ കണ്ടുമുട്ടി. കണ്മഷി കറുപ്പിച്ച കണ്ണുകൾ. ചെറുതായി ചായം പുരട്ടിയ ചുണ്ടുകളിക്കിടയിൽ തിളങ്ങുന്ന ഭംഗിയുള്ള പല്ലുകൾ. മൂക്കിൻ തുമ്പിൽ പൊടിയുന്ന വിയർപ്പ്. അവളുടെ കയ്യിൽ തൂങ്ങി സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടി.അപ്പോൾ ലിഫ്റ്റിൽ അവരെ കൂടാതെ ഒന്നു രണ്ടുപേരെ ഉണ്ടായിരുന്നുള്ളു.

തലേന്നത്തെ ചമ്മൽ മറയ്ക്കാൻ അയാൾ അവളോടൊരു ''നമസ്‌തേ'' പറഞ്ഞു. അതു പ്രതീക്ഷിച്ചപോലെ അവൾ അയാളുടെ അടുത്തേക്ക് നീങ്ങിനിന്നു. ''സാറിനെ എനിക്കറിയാം.. ചാനലിലല്ലേ? ഒരുപാടു തവണ ടീവിയിൽ കണ്ടിട്ടുണ്ട്''. അയാൾ ആ ചാനലിലെ ചെറിയൊരു വാർത്താപരിപാടിയുടെ അവതാരകനാണ്. അതിന്റെ പ്രൊഡ്യൂസറും. ''ഞാനൊരു സംഗീത പരിപാടിക്ക് ഒരിക്കൽ ആ സ്റ്റുഡിയോയിൽ വന്നിട്ടുണ്ട്. അന്ന് സാറിനെ അവിടെവെച്ച് കണ്ടിരുന്നു''. 

അയാൾ പുഞ്ചിരിച്ചു.

ലിഫ്റ്റ് താഴെയെത്തി. കെട്ടിടം പോലെ ലിഫ്റ്റും പഴയതാണ്. വർഷങ്ങളായി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോയി... ഓരോ നിലയിലും നിങ്ങി നിരങ്ങി കിതച്ച്‌ നില്ക്കുന്നു. അതും വല്ലാത്തൊരു ശബ്ദത്തോടെ... അരനാഴിക നേരത്തിലെ വൃദ്ധനെയാണ് എന്നും ഈ ലിഫ്റ്റ് ഓർമ്മിപ്പിക്കാറ്.

അവൾ സ്കൂൾ ബസ്സിൽ മകളെ കയറ്റിവിടുന്നത് അയാൾ കാറിലിരുന്ന് കണ്ടു. ഓഫീസിൽ എത്തിയിട്ടും... ആ മറുകിന്റെ കാഴ്ച അയാളെ വിട്ടു പോയില്ല.

പിന്നീട് മിക്കവാറും ദിവസങ്ങളിൽ അവർ കണ്ടുമുട്ടി. ലിഫ്റ്റിന്റെ ഒരറ്റത്ത് ഒതുങ്ങിനിന്ന് അവർ സംസാരിച്ചു. കോളേജിൽ പഠിക്കുമ്പോൾ ഒരുപാടു സമ്മാനങ്ങൾ കിട്ടിയ പാട്ടുകാരിയെക്കുറിച്ച്. ഇടയ്‌ക്കെങ്ങോ ഭാഗ്യം പോലെ വന്നുകയറിയ സുന്ദരനായ ഭർത്താവിനെക്കുറിച്ച്, കുസൃതിയായ മകളുടെ വിശേഷങ്ങൾ...
''എനിക്കെന്തിഷ്ടമാണെന്നോ എന്റെ രഘുവേട്ടനെ. സാറ് കണ്ടിട്ടില്ലല്ലോ?" ഇടയ്‌ക്കെപ്പോഴോ അവൾ പറഞ്ഞു.

അയാൾ അപ്പോളവളുടെ ചുണ്ടുകളുടെ ചലനങ്ങൾ നോക്കിയിരിക്കുകയായിരുന്നു. സംസാരിക്കുമ്പോൾ അവളുടെ ഭംഗിയുള്ള ചുണ്ടുകൾ വായുവിൽ അദൃശ്യമായ ചിത്രങ്ങൾ വരക്കുന്നു. ഇടയ്ക്ക് വിയർത്ത മൂക്കിൽ നിന്നുതിർന്നു വീണ തുള്ളികൾ ആ ചിത്രങ്ങൾക്ക് വർണ്ണങ്ങൾ നല്‌കി. അവൾ പറഞ്ഞു കൊണ്ടേയിരുന്നു. തന്റെ ചാനലിലെ ഒരു സംഗീത പരിപാടിയുടെ ഓഡിഷനു വന്നതും പരാജയപെട്ടു മടങ്ങിയതും...

ലിഫ്റ്റ് ശബ്ദത്തോടെ നില്ക്കുമ്പോൾ മറ്റുള്ളവരുടെ തിരക്കിൽ അവരും പുറത്തേക്ക് നടക്കും. അവളുടെ സംസാരം കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പോലെ....

ചിലപ്പോൾ കുട്ടിയെ യാത്രയാക്കി അവൾ വരുന്നതുവരെ കെട്ടിടത്തിന്റെ ലോഞ്ചിൽ അയാൾ കാത്തുനിന്നു. അതു അറിയുന്നപോലെ അവൾ ഓടിയെത്തി. ലോഞ്ചിലെ സോഫയിലിരുന്ന് അവർ വിശേഷങ്ങൾ പറഞ്ഞു അപ്പോൾ തെന്നിമാറിയ സാരിക്കിടയിൽ ആ കാർമേഘത്തുണ്ട് കണ്ണു പൊത്തിക്കളിച്ചു.

അവൾക്കറിയേണ്ടിയിരുന്നത് ചാനലിലെത്തുന്ന പ്രശസ്ത വ്യക്തികളെക്കുറിച്ചായിരുന്നു. നഗരത്തിലെ ആ ടെലിവിഷൻ സ്റ്റുഡിയോയിൽ കുറേക്കാലമായതുകൊണ്ടാകാം.. അയാൾക്കതിൽ താൽപ്പര്യം തോന്നിയില്ല. എത്രയോ പേർ പ്രശസ്തിയിലേക്ക് നടന്നുകയറിയ വഴികൾ.

അയാൾ സംസാരിച്ചത് പുസ്തകങ്ങളെകുറിച്ചാണ്. പിന്നെ തന്റെ പഴയ ഗ്രാമഫോൺ ഡിസ്കുകളുടെ ശേഖരത്തെക്കുറിച്ച്. അതുപറഞ്ഞപ്പോൾ ഒരിക്കലവൾ പറഞ്ഞു. ''രഘുവേട്ടൻ എന്നും ലേറ്റായാണ് വരാറ്. എന്നാലും ഞങ്ങൾ വരുന്നുണ്ട് ആ പാട്ടിന്റെ ശേഖരം കാണാൻ.''

ചാനലിലെ വൈകുന്നേര പരിപാടികളിൽ വല്ലപ്പോഴും അവളെ ഉൾപ്പെടുത്താൻ അയാൾക്ക്‌ കഴിഞ്ഞു. ഇപ്പോൾ പലരും അവളെ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നുയെന്ന് അവൾ തന്നെയാണ് അയാളോട് പറഞ്ഞത്. അതു പറയുമ്പോൾ അവളുടെ കണ്ണിലെ തിളക്കം കൂടി. ''..നാട്ടിൽ നിന്നു ബന്ധുക്കൾ വിളിച്ചിരുന്നു... അവരൊക്കെ ടിവിയിൽ കണ്ടു...''

ലോബിയിലെ സോഫയിൽ അയാൾക്കടുത്തിരുന്ന് അവൾ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു. ''സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..'' അവളുടെ കൈയ്യുടെ തണുപ്പ് നഷ്‌ടമായ ഏതോ പ്രണയത്തിന്റെ ഓർമ്മകൾ അയാളിലുണർത്തി. അവളുടെ സംഗീതത്തേക്കാൾ അയാൾക്കിഷ്ടം അവളിൽനിന്നുയരുന്ന സംഗീതമായിരുന്നു. പ്രകാശത്തിൽ അഗ്നിസ്ഫുലിംഗങ്ങൾ സൃഷ്ടിക്കുന്ന മുടിയും, മൂക്കിന് താഴെ എപ്പോഴുമുള്ള ആ വിയർപ്പു തുള്ളികളും... പിന്നെയാ... ഭ്രമിപ്പിക്കുന്ന ആ കാർമേഘ തുണ്ടും... അത് അയാളുടെ ചങ്കിടിപ്പു കൂട്ടി. ഒരിക്കൽ അയാൾ അതവളോടു തുറന്നു പറഞ്ഞു. അവൾ നിർത്താതെ ചിരിച്ചു. പ്രണയത്തിന്റെ എല്ലാ ഭംഗിയും യോജിച്ച ചിരി.

''അവിടെ മാത്രമല്ല.. ഇനിയുമുണ്ട് ഒരുപാട്.. ദേ... എന്റെ കഴുത്തിലേക്ക് നോക്കിയേ.. ഒരു മറുക് കണ്ടോ.. അങ്ങനെ... അങ്ങനെ.. പലേടത്തും...'' അതു പറയുമ്പോൾ അവളിൽ ഒരു കള്ളച്ചിരി നിറഞ്ഞു. അപ്പോഴും അവളുടെ അടിവയറിലെവിടെയോ ആ കാർമേഘ തുണ്ട് ഒളിച്ചുകളി തുടർന്നുകൊണ്ടേയിരുന്നു.

അയാൾക്ക്‌ പ്രണയത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. പണ്ടെങ്ങോ നഷ്‌ടമായ ഒരു പ്രണയമെന്നോ മറ്റോ വേണമെങ്കിൽ ഉണ്ടാക്കി പറയാം.. രണ്ടുപേർ തമ്മിലുള്ള പ്രണയം. അതവരുടെ മാത്രം സ്വകാര്യതയാണെന്ന് അയാൾക്ക്‌ തോന്നി. അതിലൊരാൾ വിവാഹിതയാണെന്നോ അമ്മയാണെന്നോ ആലോചിക്കേണ്ടതുണ്ടോ? ഒരു പുരുഷന് ഒരു സ്ത്രീ എന്ന് ആരാണ് നിയമങ്ങൾ ഉണ്ടാക്കിയത്? രണ്ടുപേർ തമ്മിലുള്ള പ്രണയം എന്നാൽ.. അതിന്റെ അതിർ വരമ്പുകൾ ഏതൊക്കെ? മറ്റുള്ളവരുടെ കിടപ്പറയിലേക്ക് എത്തിനോക്കാൻ സമൂഹത്തിന് എന്തവകാശം? പ്രണയത്തിന്റെ ഗന്ധത്തിൽ അയാൾക്ക്‌ ഉറക്കം നഷ്ടമായിരുന്നു.

രാത്രി മുഴുവൻ ഏങ്ങി ഏങ്ങിക്കരഞ്ഞു, പിന്നെ തളർന്നുറങ്ങി, വിളറിയ കനമുള്ള മുഖവുമായി ഭൂമി സൂര്യനെ നോക്കിയ ഒരു ദിവസം. കെട്ടിടത്തിന് ചുറ്റും  വെള്ളം കെട്ടിക്കിടക്കുന്നു. ഒരു നിമിഷം മഴയോടയാൾക്കു വെറുപ്പു തോന്നി. ആരുമറിയാതെ...രാത്രിയുടെ നിശബ്ദതയിൽ വന്യമായി പെയ്തു തീർന്നിട്ട് തെളിഞ്ഞ ആകാശത്തിന്റെ കോണിലെവിടെയോ തളർന്നുറങ്ങുന്നു. ഇനി ഈ നിറം മാറിയ വെള്ളം മുഴുവൻ തൊട്ടടുത്ത പുഴയിലേക്ക് ഒഴുകി പോണം.. അയാൾ ബാൽക്കണിയിൽ നിന്ന് കാണാറുള്ളതുപോലെ... പുഴ അപ്പോഴും ശാന്തമായി ഒഴുകുന്നുണ്ടാകും...

താഴെ വെള്ളത്തിലേക്ക് നോക്കി നിന്നപ്പോൾ അയാൾക്ക്‌ ജോലിക്ക് പോകാൻ ഒരു ഉത്സാഹം തോന്നിയില്ല. തിരിച്ചു മുറിയിലേക്ക്... ലിഫ്റ്റ് മുകളിലേക്ക് ഉയരാൻ തുടങ്ങുമ്പോൾ അവൾ ഓടി വന്നാണ് കയറിയത്. ലിഫ്റ്റിലപ്പോൾ മുകളിലെ നിലകളിലേതിലോ ഒന്നിൽ താമസിക്കുന്ന ഒരു തെലുങ്കു സ്ത്രീയും ഏതോ ഓഫീസിലേക്കെത്തിയ ഒരു സർദാർജിയും മാത്രമേ ഉണ്ടായിരുന്നുള്ളു.

തിരക്കില്ലെങ്കിലും അവൾ അയാളോട് ചേർന്ന് നിന്നു. വല്ലാത്ത കിതപ്പോടെ അവൾ പറഞ്ഞു. ''മോളുടെ ബസ് നേരത്തെ വരുമെന്ന് പറഞ്ഞിരുന്നു..''

അവളുടെ ദേഹത്തുനിന്നും സുഖകരമായ ഒരു ഗന്ധം അവിടെമാകെ നിറഞ്ഞു. ചെവികൾക്ക് പിറകിലൂടെ പിൻകഴുത്തിലേക്കിറങ്ങുന്ന വിയർപ്പുതുള്ളികൾ. അലസമായ അവളുടെ മുടിയിഴകൾ ഫാനിന്റെ കാറ്റിൽ അയാളുടെ മുഖത്തേക്ക് ഒഴുകിയെത്തി ഒരു നിമിഷം! അയാളുടെ ചുണ്ടുകൾ അവളുടെ ചെവിയിൽ തൊട്ടു!'' ''വരുന്നോ.. എന്റെ വീട്ടിലേക്ക്?.."

പെട്ടന്നാണവൾ ഞെട്ടി മാറിയത്. ആ മുഖം വലിഞ്ഞു മുറുകുന്നതും കണ്ണുകളിൽ ദേഷ്യം നിറയുന്നതും അയാൾ തിരിച്ചറിഞ്ഞു.

ലിഫ്റ്റിന്റെ ഒരരുകിലേക്ക് മാറി നിന്ന്, അവൾ ഉറക്കെയാണ് സംസാരിച്ചത്.

''നിങ്ങൾ എന്താ കരുതിയത്..? ഞാൻ അങ്ങനത്തെ ഒരു പെണ്ണാണെന്നോ...? നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു എന്നോടിങ്ങനെ പറയാൻ..?'' ദേഷ്യവും സങ്കടവും കൊണ്ട് അവൾ താഴേക്ക് നോക്കി പിറുപിറുത്തു...

''എന്നാലും''..

ഉയർന്ന ശബ്ദത്തിൽ അവൾ സംസാരിക്കുമ്പോൾ അയാൾ നോക്കിയത് ലിഫ്റ്റിലെ മറ്റുള്ളവരെയാണ്. നാണക്കേട് കൊണ്ട് തല കുനിഞ്ഞ നിമിഷങ്ങൾ. തെലുങ്കത്തി അറിയാവുന്ന തമിഴിൽ ചോദിക്കുന്നു, ''എന്നാച്ച്, അമ്മ?? അവൾ ഒന്നും പറഞ്ഞില്ല. താഴേക്ക് നോക്കി പിറുപിറുത്തുകൊണ്ടേയിരുന്നു.

''എന്റെ രഘുവേട്ടനെ എനിക്കെന്തിഷ്ടാണെന്നറിയോ? എന്നിട്ടും നിങ്ങൾ.. ഛെ!''

ലിഫ്റ്റ് തുറന്നതും അടഞ്ഞതും ഒന്നും അയാൾ അറിഞ്ഞില്ല. ആ ചോദ്യം കൊണ്ട്  താൻ എന്താണ് ഉദ്ദേശിച്ചത്..?

പിന്നീടുള്ള ദിവസങ്ങളിൽ അവളിൽ നിന്ന് ഒഴിഞ്ഞുമാറാൻ അയാൾ ശ്രദ്ധിച്ചു... എങ്കിലും ഒരിക്കൽ താഴേക്കിറങ്ങുമ്പോൾ സുന്ദരനായ, ടൈ കെട്ടിയ ഭർത്താവിന്റെ കയ്യിൽ തൂങ്ങി അവൾ. അയാളെ കണ്ടപ്പോൾ അവൾ ഒന്നുകൂടി ഭർത്താവിനോട് ചേർന്നുനിന്നു. ഇടയ്‌ക്കെന്തോ പറഞ്ഞ് അവർ രണ്ടുപേരും ചിരിച്ചു. ലിഫ്റ്റിറങ്ങി അയാൾ പെട്ടന്ന് കാറിനടുത്തേക്ക് നടന്നു. അതിനു ശേഷമുള്ള താഴേക്കുള്ള യാത്രകളിൽ അയാൾ കോണിപ്പടികൾ ഉപയോഗിച്ചു തുടങ്ങി....

അന്നൊരു മഴ ദിവസമായിരുന്നു. രാത്രി മുഴുവൻ നിർത്താതെ പെയ്ത മഴ. അയാൾ ഓഫീസിലേക്കിറങ്ങുമ്പോൾ മഴ വീണ്ടും ചാറി തുടങ്ങി. പുറത്ത് മഴയെ വക വെക്കാതെ ബാന്റുമേളം. കെട്ടിടത്തിൽ താമസിക്കുന്ന ഏതോ വടക്കേ ഇന്ത്യക്കാരന്റെ കല്യാണമാണ്. മഴത്തുള്ളികളോടൊപ്പം ബാന്റിന്റെ താളത്തിൽ നൃത്തം വയ്ക്കുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും.

കല്യാണമെന്തിന് ഇത്ര ആഘോഷമാക്കണം? അതൊരു ഉടമ്പടിയായതുകൊണ്ടോ? ഒരു പുരുഷന് ഒരു സ്ത്രീ എന്ന ഉടമ്പടി. പ്രേമവും, പ്രണയവും, രതിയും, വിരഹവും, ദുഃഖവും ദേഷ്യവും എല്ലാം ചേർന്നുണ്ടാക്കിയ ശരീരങ്ങളെ ഈ ഉടമ്പടിയിൽ കെട്ടിയിടാൻ കഴിഞ്ഞേക്കാം. പരസ്പരം കെട്ടിപ്പിടിച്ചുറങ്ങുന്ന രാത്രികളിൽ പോലും മൂന്നാമനെ സ്വപ്നം കാണുന്ന മനസ്സുകളുണ്ട്. രാത്രിയുടെ ഏതെങ്കിലും യാമങ്ങളിൽ സ്വപ്നം കണ്ടുണരുമ്പോൾ, ഒന്നു കെട്ടിപ്പിടിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതെ ഒരു കൂർക്കം വലിയുടെ അകമ്പടിയോടെ തിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളി! സ്വപ്നങ്ങൾ പോലും പങ്കുവയ്‌ക്കേണ്ടവർ ഈ നാടകത്തിന്റെ തിരക്കഥയിൽ വെറും കഥാപാത്രങ്ങളായി സ്വന്തം സ്വപ്നങ്ങളുമായി ഉറക്കം അഭിനയിക്കുന്നു.

ഇനി ഈ തിരക്കിൽ കാറ് പുറത്തെടുക്കാൻ ബുദ്ധിമുട്ടാണ്. ഈ തണുത്ത മഴയുടെ തലോടൽ വല്ലാതെ മടി തോന്നിപ്പിക്കുന്നു. ലിഫ്റ്റിലേക്ക് തിരിച്ചു കയറുമ്പോൾ പുറത്തു മഴ വീണ്ടും ശക്തിയായി. ..അത് പെയ്യുകയാണ്... വന്യമായി... പുഴയെ പുണരുകയല്ല; വേദനിപ്പിക്കുകയാണത്. പിന്നീടെപ്പോഴോ തുള്ളിത്തുള്ളിയായി നേർത്ത്...

പുഴ പിന്നെയെപ്പോഴോ ആണ് ഉണരാറ്. പെയ്തുതീർന്ന മഴയെ ഗൗനിക്കാതെ തന്റെ തീരങ്ങളെ പുണർന്ന്, സ്വപ്നങ്ങളിലൂടെ കലങ്ങി മറിഞ്ഞുകൊണ്ടുള്ള യാത്ര... കടലിനെ പുണരും വരെ... പിന്നെ പുഴയില്ല. കടൽ മാത്രം. അവസാനിക്കും മുമ്പ് പുഴ ആശിച്ചിരിക്കാം.. എന്നും എന്നെ പുണർന്ന് മഴ മെല്ലെ പെയ്തിരുന്നെങ്കിൽ....

ലിഫ്റ്റിലേക്ക് അവൾ ഓടി വന്നാണ് കയറിയത്. മഴത്തുള്ളികൾ അവളെ പൊതിഞ്ഞിരുന്നു. അവിടെ അപ്പോൾ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

അയാൾ അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു. കൺകോണുകളിൽ ഒരു വല്ലാത്ത ചിരി ഒളിപ്പിച്ച് അവൾ ചോദിച്ചു.

''ഇന്നും പോകുന്നില്ലേ?... അയാൾ മറുപടി പറഞ്ഞില്ല. അവൾ ചോദ്യം ആവർത്തിച്ചു. ''പുറത്തു തിരക്ക് കാരണമാണോ,, ..അതോ മഴയോടുള്ള പഴയ പ്രണയമൊക്കെ അവസാനിച്ചോ?....'' അവളുടെ ശബ്ദത്തിന് ഒരു കളിയാക്കലിന്റെ ലാഞ്ചന ഉണ്ടായിരുന്നോ..?

അയാളവളെ നോക്കുമ്പോൾ.. അവളുടെ മുടിയിഴകളിൽ തങ്ങി നിന്നിരുന്ന വെള്ളത്തുള്ളികൾ ലിഫ്റ്റിലെ വെളിച്ചത്തിൽ മഴവില്ലുകൾ ഉണ്ടാക്കുകയായിരുന്നു...!

''നിനക്കറിയില്ലേ? മഴയ്ക്ക് ആരേയും എന്തിനേയും എപ്പോഴും പ്രണയിക്കാം.. കാടും തൊടിയും പുൽമേടുകളും എന്തിനേറെ പുഴയുടെ നിഗൂഢതകളിലേക്ക് വരെ അവൻ പെയ്തിറങ്ങുന്നു.''...

അയാൾ പറഞ്ഞതെന്താണെന്ന് അവൾക്ക് മനസ്സിലായില്ല.

ലിഫ്റ്റ് നിന്നു. അവളുടെ ചുണ്ടുകളിൽ പറ്റിനിന്ന മഴ തുള്ളികൾ വിറച്ചു... അയാൾ ഇറങ്ങി. റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി. ഇതാ, ഇവിടെ നാലു ചുവരുകൾക്കുള്ളിൽ മഴയെ ഞാൻ കൊട്ടിയടച്ചിരിക്കുന്നു. നിലവിളിച്ചുകൊണ്ട് പുറത്തെങ്ങോ പുഴയൊഴുകുന്നത് അയാൾക്ക് കേൾക്കാമായിരുന്നു. ഒരു ആലസ്യത്തോടെ അയാൾ സോഫയിൽ ചാരി കിടന്നു.

അയാളുടെ ഫ്ലോറിൽ ലിഫ്റ്റ് നിൽക്കുന്ന ശബ്ദം അവിടെ ഇരുന്നാൽ അയാൾക്ക്‌ കേൾക്കാമായിരുന്നു. അടുത്തു വരുന്ന പാദസരത്തിന്റെ കിലുക്കം. അത് ആ മുറിക്ക് മുന്നിൽ നിശബ്ദമായി... കോളിംഗ്ബെൽ ശബ്ദിക്കില്ല...തീർച്ച.. ഒന്നു രണ്ടു നിമിഷം കൂടി അയാൾ കാത്തുനിന്നു. വാതിൽ തുറക്കുമ്പോൾ പരിഭ്രമിച്ച മുഖം. കുറുനിരകളെ തലോടി, കവിളിലൂടെ വിയർപ്പുചാലുകൾ. മഴയുടെ തണുപ്പ് അവളെ ബാധിക്കാത്തപോലെ....

''വരൂ..''

അയാൾ വാതിൽക്കൽനിന്ന് മാറിനിന്നു. അകത്തേക്ക് ഓരോ ചുവടുവയ്ക്കുമ്പോഴും കിലുക്കമില്ലാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. പക്ഷേ അവളെ പറ്റിച്ചുകൊണ്ട് പാദസരങ്ങൾ മുട്ടിയുരുമ്മി ചിരിച്ചു. അയാൾ വാതിൽ കുറ്റിയിട്ടു, ആ ശബ്ദം അവളിൽ ഞെട്ടലുണ്ടാക്കി എന്നറിഞ്ഞിട്ടും അയാളത് ഗൗനിക്കാതെ സോഫയിൽ ഇരുന്നു.

''ഇരിക്കൂ.. താൻ വല്ലാതെ വിയർത്തിരുന്നു...'' സോഫയുടെ ഒരരികുപറ്റി അവളിരുന്നു. വിയർത്ത മുഖം സാരി തുമ്പുകൊണ്ട് അമർത്തി തുടച്ചപ്പോൾ സിന്ദൂരം നെറ്റിയിൽ ആകെ പടർന്നു..മൂക്കിന്റെ തുമ്പിലായി ഒരു തരി ചുവപ്പും തങ്ങി നിൽക്കുന്നു. ഇപ്പോൾ അവളുടെ മുഖത്തിനു അസ്തമയ സൂര്യന്റെ തിളക്കം. അയാൾ ജനാല മെല്ലെ തുറന്നു. പുറത്ത് ആർത്തിരമ്പുന്ന മഴയുടെ ആരവം. ബാന്റുമേളക്കാർ പിരിഞ്ഞുപോയിട്ടില്ല. അയാൾ ജനൽ ചാരിയിട്ടു. ഇപ്പോൾ മഴയില്ല ; മഴയുടെ താളം മാത്രം....

''എനിക്ക് പോണം...'' അവൾ എഴുന്നേറ്റു. അയാൾ അവൾക്കു മുന്നിലെത്തി. കിതപ്പു മാറാതെ തലകുനിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി.

''എനിക്ക്... എനിക്കു പോണം..''

''അപ്പോൾ എന്റെ പുസ്തകങ്ങൾ നിനക്കു കാണണ്ടേ? എന്റെ പഴയ പാട്ടുകളുടെ ശേഖരം...''

പെട്ടന്നയാൾ അവളുടെ കൈപിടിച്ചു. കയ്യിലെ തണുപ്പിലൂടെ അവളുടെ പരിഭ്രമം അയാളറിഞ്ഞു.

''പേടിയുണ്ടോ...?'' അവൾ ഒന്നും പറഞ്ഞില്ല.

അയാൾ ഫ്രിഡ്‌ജിൽനിന്ന് ഒരു ഗ്ലാസ് ജ്യൂസുമായി എത്തി. ഒന്നും പറയാതെ അവൾ അത് വാങ്ങി വലിച്ചു കുടിച്ചു. ജ്യൂസിന്റെ പത അവളുടെ വിയർത്ത ചുണ്ടുകൾക്ക് ചുറ്റും പടർന്നു.

''മുഖത്തൊക്കെ ആക്കിയല്ലോ...?'' അയാൾ ആ പത വിരലുകൾകൊണ്ട് തുടച്ചെടുത്തു. പെട്ടന്നുണ്ടായ സ്പർശനത്തിൽ അവളൊന്നു ഞെട്ടി. ഒരു വിറയലോടെ അവൾ പിറകോട്ട് തിരിഞ്ഞു. ഡ്രസ്സിങ് ടേബിളിൽ കൈ കുത്തിനിന്ന് അവൾ കിതച്ചു.

''മധുരം കുറവാണല്ലേ..?''

കണ്ണാടിയിൽ അയാളുടെ മുഖം...ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന പത..ഒരു വിറയൽ അവളുടെ നെഞ്ചിലൂടെ, അടിവയറ്റിലൂടെ താഴേക്ക് പാഞ്ഞുപോയോ?

പെട്ടന്ന് ജനാല കാറ്റിൽ തുറന്നു. മഴ ഒരു ഇരമ്പലോടെ അകത്തേക്ക് കയറി. ഓടിയെത്തുന്ന മഴത്തുള്ളികളെ വകവെയ്ക്കാതെ അവൾ ജനാലക്കമ്പികളിൽ പിടിച്ചുനിന്നു. അകലെ ഒഴുകുന്ന പുഴ കലങ്ങിത്തുടങ്ങിയിരിക്കുന്നു. അയാളുടെ ചൂടുള്ള നിശ്വാസം അവളുടെ പിൻകഴുത്തിലെ മഴത്തുള്ളികളെ ആട്ടിയകറ്റി.

''ഇവിടുത്തെ മഴ ഇങ്ങനെയാണ്.. ചിലപ്പോൾ അത് വല്ലാതെ കൊതിപ്പിച്ചുകൊണ്ട് നമ്മളെ പുണരാനെത്തും. മറ്റു ചിലപ്പോൾ ഒരു അപരിചിതനെപ്പോലെ അകലെ മാറി..''

അവൾ പെട്ടന്ന് അഭിമുഖമായി തിരിഞ്ഞു. അവളുടെ മുഖത്തെ വിയർപ്പും, മഴത്തുള്ളികളും തിരിച്ചറിയാനാകാത്തവിധം ഒന്നായിരുന്നു.

''എനിക്ക് പോണം..'' അവളുടെ നിശ്വാസത്തിനു വല്ലാത്ത ചൂട്.

''പൊയ്‌ക്കോളൂ..'' അത് പറയുമ്പോൾ അയാളുടെ ചുണ്ടുകൾ അവളുടെ ചെവിയിൽ സ്പർശിച്ചിരുന്നു...

''ഞാൻ ഒരു അമ്മയാണ്..''

അവളുടെ നഖങ്ങൾ അയാളുടെ പുറത്ത് ചുവന്ന പാടുകൾ ഉണ്ടാക്കി. അയാളപ്പോൾ അവളുടെ പിൻകഴുത്തിലെ മറുക് തിരയുകയായിരുന്നു.

''ഞാനൊരു അമ്മയാണ്..'' അവൾ പിന്നെയും പറഞ്ഞു. അവളുടെ മാറിടം അയാളുടെ നെഞ്ചിലമർന്നു. ഇപ്പോൾ അയാളുടെ ശ്വാസം അവളുടെ കവിളുകളിലാണ് വീണത്.

''സിന്ദൂരം മുഖത്താവും.. ഞാൻ തുടച്ചുകളയട്ടെ...''

അവളെ കൈകളിൽനിന്ന് സ്വതന്ത്രയാക്കി അയാൾ ജനാല മെല്ലെ ചാരി.

''പേടിയുണ്ടോ..?'' അവൾ ചിരിച്ചു.

''എനിക്കു പുസ്തകങ്ങൾ കാണണം..''

പുസ്തകങ്ങൾക്കിടയിൽ പണ്ടെങ്ങോ കരുതിവെച്ച മയിൽപ്പീലി അയാൾ അവൾക്കു കാണിച്ചു കൊടുത്തു. അയാൾ ആ മയിൽപ്പീലികൊണ്ട് അവളുടെ പാദങ്ങളിൽ തൊട്ടു. പാദസരങ്ങൾ ഇക്കിളിപൂണ്ടു. ചിരിച്ചു.

''നിന്റെ വിരലുകൾക്ക് എന്ത് തണുപ്പ്..'' അയാളുടെ ചുണ്ടുകൾ ആ തണുപ്പ് ആസ്വദിക്കവേ അവൾ കുതറി. ''വേണ്ട... കാലിലെല്ലാം ചെളിയാ.. മഴയത്ത്ന്ന് വന്നതല്ലേ...''

അവളുടെ കാലിലെ മൈലാഞ്ചിയുടെ ചുവപ്പ് അയാളുടെ മുഖത്തേക്ക് പടർന്നു. കാറ്റിൽ ജനാല തുറന്നപ്പോൾ മഴ അവരിലേക്ക് കടന്നുവന്നു. പല താളങ്ങളിലായിരുന്നു മഴ. ഇടക്ക് ചാറ്റലായി.. പിന്നെ രൗദ്രഭാവത്തിൽ.. ജനാല താനെ അടയുമ്പോൾ ശബ്ദങ്ങൾ മാത്രം. മഴ യാത്രയായി.അവളുടെ ഓരോ കാർമേഘ തുണ്ടുകളും അയാൾക്ക് മുന്നിൽ നാണം മറന്നുനിന്നു. ഒരു ഒളിച്ചുകളിയുടെ ആവേശത്തോടെ അവൾ കിടക്കയിൽ കമഴ്ന്നു കിടന്നു. മഴയുടെ താളത്തിലെ മാറി വരുന്ന ''കാലങ്ങളെ'' കണ്ടുപിടിക്കുകയായിരുന്നു അപ്പോളയാൾ.

പെട്ടന്നൊരു ശബ്ദത്തോടെ ജനാല മുഴുവനായി തുറന്നു. ഇരച്ച് കയറിയ മഴയുടെ തണുപ്പിനെ വക വെക്കാതെ അവളുടെ ശരീരത്തിന്റെ ചൂട് കൂടിക്കൊണ്ടിരുന്നു. അതൊരു അഗ്നിപർവ്വതമായി പൊട്ടിത്തെറിക്കുമോ എന്നയാൾ ഭയപ്പെട്ടു.

കിതപ്പ് മാറ്റാനായി അവൾ കറങ്ങുന്ന ഫാനിനെ നോക്കി കിടന്നു. ജനാലയിലൂടെ പറന്നു വന്ന മഴത്തുള്ളികൾ അവളുടെ ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങി. കടുംകെട്ട് വീണ പാവാട വള്ളിക്ക് അപ്പുറമിപ്പുറവുമായി ഒരു കാർമേഘത്തുണ്ട് ഒളിച്ചുകളിച്ചു. പെയ്യാൻ വെമ്പി നിന്ന ആ കാർമേഘത്തുണ്ട് അയാളുടെ ചുണ്ട് തൊട്ടപ്പോൾ ഒരു വർഷമായി അവളിലേക്ക് തന്നെ ഒഴുകി. ഇടയ്ക്കിടെ ജനാല തുറന്നതും പുറത്ത് മഴയുടെ താളം മാറുന്നതും അവർ അറിഞ്ഞില്ല....

പുതപ്പ് മാറ്റി അവളെഴുന്നേറ്റു. കിടക്കയിൽ ചാരി കിടന്ന് അയാളൊരു സിഗരറ്റിനു തീ കൊളുത്തി.

ജനാലക്കമ്പിയിൽ പിടിച്ച് അവൾ നിന്നു. ബാന്റുമേളം അവസാനിച്ചിരിക്കുന്നു. പുറത്തു മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

''എനിയ്ക്കീ ചാറ്റൽ മഴയാണിഷ്ടം...ഇതിനിത്ര ഭംഗിയുണ്ടാകുമെന്ന് ഞാൻ അറിഞ്ഞതേയില്ല....''

അകലെ പുഴ ഇളകി മറിഞ്ഞ് ഒഴുകുന്നു. ചെറിയ ചെറിയ ഓളങ്ങൾകൊണ്ടുള്ള പുഴയുടെ ചിരി അവൾക്ക് കേൾക്കാമായിരുന്നു. ആകാശത്ത് നിന്ന് അപ്പോഴും പ്രണയനൂലുകൾ നീട്ടി മഴ പുഴയെ പുണർന്നു കൊണ്ടേയിരുന്നു. അവളുടെ നഗ്നമായ മുതുകിലൂടെ ആ മഴത്തുള്ളികൾ താഴേക്ക് ഒഴുകി.

''ശരിയല്ലേ...?"' അവൾ വീണ്ടും പറഞ്ഞു. ''ഇതിനിത്ര ഭംഗിയുണ്ടാകുമെന്ന്...'' അയാൾ ഒന്നും പറഞ്ഞില്ല. അവൾ അവളോട് തന്നെയാണ് സംസാരിക്കുന്നത്. പുറത്ത് ഇരുട്ട് പരക്കുന്നു. മഴ വീണ്ടും വരികയാണ്.

അവൾ മെല്ലെ നടന്ന് അയാൾക്കരികിലിരുന്നു. അയാളുടെ ചുണ്ടിൽ നിന്ന് സിഗരറ്റ് എടുത്ത്, അയാളുടെ മുഖത്തേക്ക് നോക്കി. പിന്നെ അത് ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. അയാളുടെ നെഞ്ചിൽ കൈകുത്തി അവൾ കിടന്നു. അയാളുടെ കണ്ണുകളിലേക്ക് ഒരു വല്ലാത്ത ചിരിയോടെ നോക്കികൊണ്ട്‌...

''ഒന്നറിയാമോ..? ഇപ്പോഴും എനിക്കിഷ്ടം എന്റെ രഘുവേട്ടനെ തന്നെയാ...'' അയാൾ ഒന്നും പറഞ്ഞില്ല.

പിന്നീടവൾ അയാളുടെ നെഞ്ചിൽ മുഖമമർത്തി. അവൾ ചിരിക്കുകയാണെന്ന് അയാൾക്ക് തോന്നി.

------------
അനിൽ നാരായണ ...
കഥാകൃത്ത്  , നാടക രചയിതാവ് ...പ്രവാസി ..കൈരളി -അറ്റ്ലസ് ,ഏഷ്യാനെറ്റ് ലിറ്റററി പുരസ്‌കാരങ്ങൾ ലഭിച്ചു 

Join WhatsApp News
Maneesh Madhavan Nair 2021-05-26 11:47:30
വളരെ നല്ല ഒഴുക്കുള്ള എഴുത്തു. വീണ്ടും ഇതുപോലുള്ള നല്ല കഥകളുമായി വരിക. എല്ലാവിധ ഭാവുകങ്ങളും......
Nazar 2021-05-26 06:18:56
Good
Rohit 2021-05-26 06:27:51
Good Job. Well written!!
Saji 2021-05-26 06:33:57
നന്നായിട്ടുണ്ട് .... ചർച്ച ചെയ്യപ്പെടേണ്ടത് തന്നെ .
Sujith Nambiar 2021-05-26 06:52:05
There’s Fire in Her…… If loved correctly, she will warm your entire home. If abused, she will burn it down….
Mohandas V 2021-05-26 06:55:26
Great read, story depicts the different faces of woman and man's erotic feelings. Like in Thoovanathumbikal movie rainy background adds a punch to the story.
Sherin 2021-05-26 07:11:28
Interesting story
Sunil Kumar 2021-05-26 07:27:36
പ്രവാസ ലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരനായ ശ്രീ അനിൽ നാരായണയുടെ കുറെ കഥകൾ വായിക്കാനിടയായിട്ടുണ്ട്. എങ്കിലും ഒരു സ്ത്രീയും ഒരു (പര) പുരുഷനും എന്ന കഥ അവതരണ രീതികൊണ്ടും, ആഖ്യാന ശൈലികൊണ്ടും മറ്റു കഥകളിൽ നിന്നും വേറിട്ട് നിൽക്കുന്നു. തീർത്തും വ്യത്യസ്തമായ കഥ. ഇനിയും ഇതുപോലുള്ള നല്ല കഥകൾ അനിൽ നാരായണയുടെ തൂലികയിൽ നിന്നും പിറക്കട്ടെ. എല്ലാ ആശംസകളും. സുനിൽ മംഗലശ്ശേരി
മൻസൂർ ആലുവിള 2021-05-26 08:09:20
നല്ല താളമുള്ള മഴപോലെ, ഒഴുകി നീങ്ങുന്ന മനോഹര സന്ത്യാമേഘങ്ങൾ പോലെ, നല്ല താളവും ഒഴുക്കുമുള്ള കഥഖ്യാനം ♥️ കഥാകാരന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എഴുത്ത് ഇനിയും തുടരുക ♥️
Shalu 2021-05-26 10:23:43
Great feel…😍😍😍 മനോഹരമായ ഒരു സിനിമ കണ്ടതുപോലെ❤️❤️❤️❤️👏👏👏👏👏
ജിതേന്ദ്രൻ 2021-05-26 13:24:33
അനിൽ നാരായണയുടെ പല കഥകളും പോലെ വളരെ ഹൃദ്യമായ ഒരു അനുഭവം ആയി ഈ കഥയും. വാക്കുകളുടെ ഭംഗി ഒരു ഒഴുക്കായി..ഒരു ചാറ്റൽ മഴയുടെ കുളിർമ്മയായി തുടങ്ങി.. പെയ്യാൻ വെമ്പിനിന്ന ആ മേഘത്തുണ്ടിലൂടെ തീഷ്ണമായ ആ അനുഭൂതികൾ നിറഞ്ഞ തകർത്തു പെയ്യുന്ന ഒരു മഴ്‌‌യായി മാറി... പിന്നെ പ്രണയ നൂലുകൾ നീട്ടി പുണരുന്ന നിമിഴങ്ങളുടെ ആ ബാൻഡ്മേളം അവസാനിക്കുന്നതും, ഒരു പദ്മരാജൻ തിരക്കഥ വായിച്ച അനുഭവം ആണ് തന്നത്. അതിമനോഹരം....🙏
ജിതേന്ദ്രൻ 2021-05-26 13:33:44
അനിൽ നാരായണയുടെ പല കഥകളും പോലെ വളരെ ഹൃദ്യമായ ഒരു അനുഭവം ആയി ഈ കഥയും. വാക്കുകളുടെ ഭംഗി ഒരു ഒഴുക്കായി..ഒരു ചാറ്റൽ മഴയുടെ കുളിർമ്മയായി തുടങ്ങി.. പെയ്യാൻ വെമ്പിനിന്ന ആ മേഘത്തുണ്ടിലൂടെ തീഷ്ണമായ ആ അനുഭൂതികൾ നിറഞ്ഞ തകർത്തു പെയ്യുന്ന ഒരു മഴ്‌‌യായി മാറി... പിന്നെ പ്രണയ നൂലുകൾ നീട്ടി പുണരുന്ന നിമിഴങ്ങളുടെ ആ ബാൻഡ്മേളം അവസാനിക്കുന്നതും, ഒരു പദ്മരാജൻ തിരക്കഥ വായിച്ച അനുഭവം ആണ് തന്നത്. അതിമനോഹരം....🙏
ജുവി നൗഷി 2021-05-26 15:27:42
ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഒന്നാണ് വിവാഹേതര ബന്ധങ്ങൾ. കഥാകൃത്ത് അതിനെ അതിമനോഹരമായി അവതരിപ്പിച്ചു. തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ.
Rajesh 2021-05-26 15:47:15
വായനയുടെ താളം നഷ്ടപ്പടുത്താത്ത ഒരു കുളിർ മഴയുടെ ഇളം കാറ്റിന്റെ സുഖമുള്ള രചന അനിൽ നാരായണയുടെ കൂടുതൽ രചനകൾക്കായി കാത്തിരിക്കുന്നു ഭാവുകങ്ങൾ
chandru 2021-05-26 17:33:12
അനിൽ അതി മനോഹരം ഇനിയും പോരട്ടെ. ആശംസകൾ
A B Rajan 2021-05-27 14:56:04
Pranayam athu avide eppol undakum annathu apratheekshitamanu. Mazhayum pranayavum thammil entho adrishya bandham ullathupoleyundu.Allam jalathode kootticherthittullathu kondakam. Shrishtikku karanamaya beejavum athupole sukharasangalum jalamkondu thanne. Good writing keep it up. Thanks, AB Rajan, Guwahati
Anoop Devarajan 2021-05-27 15:46:15
അങ്ങനെയും ചില ഇഷ്ടങ്ങളുണ്ട്…പരസ്പരം ഇഷ്ടമാണെന്നു അറിഞ്ഞിട്ടും ആർക്കൊക്കെയോ വേണ്ടി ഇഷ്ടമല്ലെന്നു നടിച്ച ഇഷ്ടങ്ങൾ….എല്ലാ ശരികളും ചിലപ്പോൾ ശരികൾ ആകണമെന്നില്ല എന്നതുപോലെ ചില തെറ്റുകൾ അത് ചില സാഹചര്യങ്ങളിൽ തെറ്റുകൾ ആകണമെന്നും ഇല്ല… മോഹനമായ അവതരണം പ്രശംസനീയം തന്നെ…. ആശംസകൾ…
Govindankutty P V 2021-05-28 03:39:06
പ്രണയം മഴയിൽ ചാലിച്ച് മറുകുള്ള സ്ത്രീയിൽ ചിത്രം വരച്ച കഥാ കൃത്തിന് അഭിനന്ദനങ്ങൾ. മഴയുടെ സംഗീതം കഥ തീരും വരെ കേൾക്കാനായി. കഥയുടെ പേരും അതിനു ചേരും വിധം കൊടുക്കാമായിരുന്നു.
Shibu Thiruvananthapuram 2021-05-28 08:50:39
ഗംഭീരം ആയിട്ടുണ്ട് . Fall in love ❤️❤️
Abu Iringattiri 2021-05-28 16:09:34
വരികളിൽ സുന്ഗന്ധം നിറഞ്ഞു നിൽക്കുന്ന എഴുത്ത്. കഥ തീർന്നിട്ടും വായനക്കാരന്റെ മനസ്സിൽ ചിന്നംപിന്നം മഴപെയ്യുന്നു...കഥ പ്രസരിപ്പിക്കുന്ന അനുഭൂതി അപാരം. സന്തോഷം..അനിൽ...കുറെ കാലത്തിനു ശേഷം ഒരു നല്ല കഥ വായിക്കാനായതിൽ. തുടരുക, എഴുത്ത്..സ്നേഹം ..അഭിനന്ദനങ്ങൾ...
Rishan 2021-05-30 06:31:13
Nice story sir…👏👏👏👏👏
Sunil mangad 2021-05-30 20:38:01
Great feel 💐💐💐💐👏👏👏👏
Abdul Salam 2021-05-30 21:07:32
Most beautiful story sir 😍😍😍
Gokul 2021-05-31 05:34:52
Good one
Sijith 2021-05-31 07:58:17
മനോഹരമായ അവതരണം.....
Saran 2021-05-31 08:02:20
മനോഹരമായ എഴുത്ത് അനിലേട്ടാ.. അത്രമേൽ ആഴത്തിൽ പതിഞ്ഞത്..
Dinesh Balan 2021-05-31 08:11:03
നന്നായിട്ടുണ്ട്
ജോർജ്ജ് വടക്കൻ 2021-06-01 09:36:48
പത്മരാജൻ്റെ ക്ലാരയെയാണ് ഓർമ്മ വന്നത്.  പ്രേമവും രതിയും മഴയുമെല്ലാം ഇഴപിരിച്ചെടുക്കാനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു. പക്ഷേ പ്രേമം രതിയിലേക്കുള്ള മാർഗ്ഗം മാത്രമാകുകയും അതിൽ  അവസാനിക്കുമ്പോഴുമാണ് വ്യർത്ഥത അനുഭവപ്പെടുന്നത്.  രതിക്കുമപ്പുറം പ്രേമം വളരുമ്പോഴായിരിക്കണം അത് ഉദാത്തമാകുന്നത്. വായിച്ചു തുടങ്ങുമ്പോൾ തന്നെ അവസാനമെന്താകും എന്ന ബോധ്യമുണ്ടാകുമെങ്കിലും അനിലിൻ്റ തനത് രചനാ പാടവം അതിനെ ഒരു മികച്ച സാഹിത്യ സൃഷ്ടിയാക്കി. വളരെ മിതത്വമാർന്ന വരികളിലൂടെ, മനോഹരമായ വർണ്ണനകളിലൂടെ,  ബിംബങ്ങളിലൂടെ വായിക്കുന്ന ഏതൊരാൾക്കും കഥാനായകനുമായോ നായികയുമായോ താദാത്മ്യം പ്രാപിക്കുന്നതിനുള്ള അഭിവാഞ്ഛ ഉണർത്തുന്ന ഒരു  ഒരു നല്ല കഥ..
Moothedath Sethu Madhavan 2021-06-01 12:00:25
അനിൽ, നമസ്ക്കാരം..... കഥ വായിച്ചു... ഇപ്പോഴാണ് വായിച്ചത്.... സത്യം പറയാമല്ലോ നല്ലൊരു അനുഭൂതിയാണ് തോന്നിയത്....അനിലിന്റെ കഥ ആഖ്യാനരീതി വളരെ വളരെ മികച്ചതായി തോന്നി. ആകാംക്ഷ നിറഞ്ഞ വായനാനുഭൂതി.... മധുസൂദനൻ നായരുടെ "പ്രണയം" എന്ന കവിതയാണ് എനിക്ക് ഓർമ്മവന്നത്... പ്രണയം.. അനാദിയാം അഗ്നിനാളം.. ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണർന്നപ്പോൾ പ്രണവമായ് പൂവിട്ടോരമൃത ലാവണ്യം ആത്മാവിലാത്മാവ് പകരുന്ന പുണ്യം പ്രണയം.. തമസ്സിനെ തൂനിലാവാക്കും നിരാർദ്രമാം തപസ്സിനെ താരുണ്യമാക്കും തമസ്സിനെ തൂനിലാവാക്കും താരങ്ങളായ് സ്വപ്നരാഗങ്ങളായ് ഋതു താളങ്ങളാൽ ആത്മദാനങ്ങളാൽ അനന്തതയെപ്പോലും മധുമയമാക്കുമ്പോൾ പ്രണയം അമൃതമാകുന്നൂ പ്രപഞ്ചം മനോജ്ഞമാകുന്നു...... (2) ഇന്ദ്രിയ ദാഹങ്ങൾ ഫണമുയർത്തുമ്പോൾ അന്ധമാം മോഹങ്ങൾ നിഴൽ വിരിക്കുമ്പോൾ പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങൾ വേർപിരിയുന്നു വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോൽ പ്രണയം അനാഥമാകുന്നു പ്രപഞ്ചം അശാന്തമാകുന്നു..... കഥയുടെ ഉള്ളിലേക്ക് കടക്കുമ്പോൾ അതിൽ എനിക്ക് "പ്രണയം" കാണാൻ സാധിച്ചില്ല... ഒരു ആഭാസനായ, വിടനായ, കാമവെറി പൂണ്ട ഒരു പുരുഷന്റെ ആളിക്കത്തുന്ന കാമം മാത്രമാണ് എനിക്ക് കാണാൻ സാധിച്ചത്. നിഷ്കളങ്കയായ, സ്വന്തം ഭർത്താവിനെയും മകളേയും പോലെ തന്നെ വായനയേയും പാട്ടിനെയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു പാവം സ്ത്രീയെ പ്രലോഭനങ്ങളിലൂടെ സ്വന്തം കിടപ്പറയിലേക്ക് ക്ഷണിക്കുന്ന ഒരു കാമവെറിയനെയാണ് എനിക്ക് ആ വ്യക്തിയിൽ ദർശിക്കാനായത്. ഇവിടെയാണ് മധുസൂദനൻ നായരുടെ കവിതയുടെ രണ്ടാം ഭാഗം പ്രസക്തമാകുന്നത്..... "വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോൽ പ്രണയം അനാഥമാകുന്നു പ്രപഞ്ചം അശാന്തമാകുന്നു" അവസാനമായി, അനിലിന്റെ തൂലികയുടെ ശക്തി എന്നെ ഇത്തരത്തിൽ ചിന്തിക്കുവാൻ പ്രചോദിപ്പിച്ചതിന് നന്ദി🙏 എല്ലാവിധ ആശംസകളും🌹🌹🌹🌹🌹🌹🌹 എഴുത്ത് തുടരുക👏👏 ❤️❤️❤️❤️ നന്ദി🙏
Jiji John 2021-06-02 01:11:59
പ്രണയം അതിമനോഹരമായ ഒരനുഭൂതി ആണ്.. വളരെ വ്യത്യസ്തമായ രീതിയിൽ അവതരണ രീതികൊണ്ടും, ആഖ്യാന ശൈലികൊണ്ടും പ്രണയത്തിന്റെ നഷ്ടബോധം ഓർമയിലേക്ക്.... അനിൽ നാരായണ എല്ലാ ആശംസകളും നേരുന്നു ❤❤❤ വളരെ മനോഹര മായ അവതരണം ❤❤❤
Prageeth Gopal 2021-06-02 02:04:31
സോറി ഇപ്പോഴാ വായിച്ചേ..നന്നായി..ഗംഭീരം.. എഴുത്തിലെ ആ സൂക്ഷ നിരീക്ഷണം കലക്കി❤️❤️❤️
Jose Mathew 2021-06-03 12:06:09
ഒരു സുഹൃത്തിന്റെ കയ്യിൽ നിന്ന് കൈമറിഞ്ഞു കിട്ടിയ ലിങ്ക് ...വെറുതെ ഒരു ഓടിച്ചു വായിക്കലിന് ശ്രെമിച്ചതാണ് .......പക്ഷെ ഈ കഥ ....ശരീരത്തിൽ ഒരു വിറയൽ പോലെ ....കഥയുടെ ഓരോ വർകൾക്കിടയിൽ ഞാൻ എന്നെ തന്നെ മറന്നു വച്ചു....ഇതാണ് കഥ ....മനോഹരം എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകുമോ ,.....നന്ദി
നാസർ വെളിയംകോട് 2021-06-04 11:25:46
പ്രിയപ്പെട്ട അനിൽ കഥ വായിച്ചു വളരെ മനോഹരം. തുടക്കം മുതൽ അവസാനം വരെ ഒരു പുഴ പോലെ ഒഴുകുകയായിരുന്നു. ജിബ്രാൻ കഥ കളുടെ ഒരു ആഖ്യന ശൈലി.ചിലപ്പോൾ തത്വകമായും, പ്രണയമായും, കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും പെണ്ണിന്റെ ചപാല്യവും എല്ലാം പ്രതിഫലിക്കുന്ന മനോഹരമായ കൃതി. എല്ലാ ഭാവുകങ്ങളും നേരുന്നു
shamnad kaniyapuram 2021-06-04 08:10:33
അനിലേട്ടാ നമസ്കാരം കഥ വായിച്ചു സത്യത്തിൽ നമ്മൾ ഓരോരുത്തരും വിചാരിക്കും ഇതിലെ കഥാപാത്രങ്ങൾ നമ്മൾ ആണോന്ന് അത്രയ്ക്ക് മനോഹരമായി കഥാപാത്രങ്ങളെ വരച്ചിട്ടുണ്ട് ചില പത്മരാജൻ ചിത്രങ്ങളിൽ നമുക്ക് തോന്നുന്നു ഒരു ഫീൽ ...
സാബു മാത്യു 2021-06-04 23:36:57
കഥാ കൃത്തിനെ കുറ്റം പറയാനാവില്ല അദ്ദേഹം തനിക്കു അറിയാവുന്ന ഒരു വിഷയത്തെ നല്ല ഭാഷയിൽ എഴുതിയിട്ടുണ്ട് . ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് ഈ കഥ വായിച്ചിട്ടു ഇതിനെ മഹത്വവൽക്കരിച്ചു എഴുതുന്നവരെയാണ്. ഇതിൽ എന്ത് കഥയാണ് മാന്യ വായനക്കാർ കണ്ടതെന്ന് കഥ രണ്ടുവട്ടം വായിച്ചിട്ടും മനസ്സിലായില്ല. ഒരു ശരാശരി അവിഹിത ബന്ധത്തെ പ്രണയം പോലുമില്ലാത്ത വെറും കാമത്തെ ഉത്തമ സാഹിത്യം എന്ന് വിളിക്കുന്നവരുടെ ആസ്വാദന നിലവാരത്തിൽ എന്തോ കുഴപ്പമുണ്ട് . സാഹിത്യം മാനവികതയിലും സഹജാവബോധത്തിലും ലോകമെങ്ങും മുന്നേറുമ്പോൾ ഒരു ഇക്കിളികഥയിൽ ചുറ്റി പറ്റി നിൽക്കുന്ന വായനക്ക് എന്തോ ഒരു കുഴപ്പം പറ്റിയിട്ടുണ്ട് അല്ലെങ്കിൽ ഇത് എഴുത്തുകാരുടെ കുഴപ്പമെന്നു പറയേണ്ടിവരും ദുർഗ്രഹമായ കഥ പറച്ചിലാണ് വലിയ സാഹിത്യമെന്നമട്ടിൽ അവർ അവതരിപ്പിക്കുമ്പോൾ വായനക്കാർ ഗൗരവമായ വായനയിൽ നിന്നും വിരസത മൂലം അകന്നു മാറുന്നു അവർ ലളിതമായ കഥയില്ലാത്ത ഇമ്മാതിരി കഥകൾക്ക് പിന്നാലെ പായും
LIJIN 2021-06-06 09:02:39
ഒരു വലിയ സാമൂഹിക ക്യാൻവാസിൽ കഥ എഴുതുക എളുപ്പവും അംഗീകാരം കിട്ടുന്നതുമാണ്... എന്നാൽ ഒരു കഥ രണ്ടു വ്യക്തി കൾക്കിടയിലോ അല്ലെങ്കിൽ ഒരു വ്യക്തി യിലോ ഒതുങ്ങുമ്പോൾ.... കഥ തികച്ചും സ്വതന്ത്ര മാകുന്നു... സമൂഹം എഴുതി വച്ച മമൂലുകൾ അവർക്കു അന്യമാകുന്നു... അതാണ് ഈ കഥയുടെ ശക്തി..... അഭിനന്ദനങ്ങൾ
Ramakrishnan Prekasan 2021-06-13 19:36:48
കഥ വായിച്ചു .വളരെ നന്നായിട്ടുണ്ട് .പ്രവാസ നൊമ്പരങ്ങൾക്കിടയിൽ ഇതുപോലെയുള്ള കഥകൾ മനസ്സിന് തുലാവര്ഷത്തിന്റെ പ്രീതീതി പകർന്നു,ഇനിയും ഇതുപോലെയുള്ള നല്ല നല്ല കഥകൾ ആ തൂലികയിൽ നിന്ന് ഉണ്ടാകട്ടെ , അഭിനന്ദനങ്ങൾ
ശ്രീജിത്ത് 2021-06-28 07:29:25
നല്ലെഴുത്ത്, കഥാകാരൻ സാമൂഹിക യഥാർഥ്യങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമിച്ചില്ല ഇനിയുമുണ്ടാകാതെ ഇത്തരം രചനകൾ
ശ്രീജിത്ത് 2021-06-28 08:53:42
അനിൽജി സമകാലിക സാമൂഹിക യഥാർഥ്യങ്ങളെ പച്ചയായി അവതരിപ്പിച്ചു. സമൂഹം തീർച്ചയായും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതും ഇനി ചർച്ച ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയം തന്നെയാണ് കഥതന്തു. നല്ലെഴുത്തിന് അഭിനന്ദനങ്ങൾ 💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക