Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

Published on 17 April, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 42
- മമ്മി പാൻകേക്കുണ്ടാക്കാമോ?
പിന്നെ പാൻകേക്ക് ! എനിക്കിപ്പം അതല്ലേ പണി. നീയീ ചോറുണ്ടിട്ടു പോ മനൂ .
മമ്മി ജോലി കഴിഞ്ഞു വന്നാൽ അടുക്കളയിലെ തിരക്കിലാണ്. മനുവിന്റെ മമ്മി ചോറുണ്ടാക്കും. നല്ല മണമുള്ള കറികളുണ്ടാക്കും. മമ്മിയുണ്ടാക്കുന്ന കറികളിൽ പലതും മനുവിന് ഇഷ്ടമാണ്. പക്ഷേ, മമ്മിക്ക് മഫിനും പാൻകേക്കും ഉണ്ടാക്കാൻ അറിയില്ല. ഡാഡിക്ക് അതൊന്നും ഇഷ്ടമല്ല.
അമ്മച്ചിക്കും ഇഷ്ടമല്ല. അതുകൊണ്ടായിരിക്കും എന്ന് മനു അനുമാനിച്ചു. എന്നാലും സ്ക്കൂളിലെ പാൻകേക്ക് റ്റ്യൂസ്ഡേ മനുവിനെ കൊതിപ്പിച്ചു. നൊയമ്പു തുടങ്ങുന്ന ചൊവ്വാഴ്ച അമേരിക്കക്കാർ പാലും മുട്ടയും പഞ്ചസാരയും വെണ്ണയും ചേർത്ത പാൻകേക്ക് കഴിക്കുന്നു. റയന്റെയും ഡിലന്റെയും അമ്മമാരുണ്ടാക്കുന്ന പാൻകേക്കും ലസാനിയയും മനു സ്വപ്നം കണ്ടു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും
തുടരുന്നു..
             .....     .....       ....

ശനിയാഴ്ച രാവിലെയാണ് ഉഷ നാട്ടിലുള്ള ആന്റിയെ വിളിച്ചത്. ഫോൺ സംസാരത്തിന്റെ തുണ്ടുകൾ ജിമ്മിയുടെ ചെവിയിലേക്ക് ഊളിയിട്ടു. ഉഷ ,ആന്റിക്കു കർശനമായ നിർദ്ദേശം കൊടുക്കുന്നു.
- നല്ല ഫാമിലിയിൽനിന്നു വേണം ചെറുക്കൻ ആന്റീ മിഡിലീസ്റ്റുകാരൊന്നുമില്ലേ? ഡോൺഡ് ഗെറ്റ് എ പന്ന ചിറ്റ ലൈക്ക് പപ്പ സേയ്സ്
- ഹ .. ഹ .. ചെറ്റ ചിറ്റ പെരട്ട ഓർ ചിരട്ട . യൂ നോ വാട്ട് ഐ മീൻ.
ഒഫ്കോഴ്സ്. ജിമ്മിക്കു മനസ്സിലായി ഉഷയെന്താണു മീൻ ചെയ്തതെന്ന്. ജിമ്മിയെപ്പോലെ ഒരു പരട്ട ചെറ്റയെ അവരുടെ അമ്മായിയുടെ മകൾക്കു വേണ്ടി ആലോചിക്കരുത്. സംവൺ വിത്ത് ക്ലാസ് ആൻഡ് പ്രിൻസിപ്പൾ. വരൻ അഭിജാതനും ആദർശവാനും ആയിരിക്കണം !
ജിമ്മിക്കു മടുപ്പുതോന്നി. ഉഷയോടൊപ്പം കഴിക്കാനിരിക്കുന്നത് മഹാബോറാണ്. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് ഉഷയുടെ പുസ്തകത്തിൽ തെറ്റാണ്. എന്തും വായയ്ക്കകത്തേക്കു നീക്കിവെച്ച് ചുണ്ടുകൂട്ടിപ്പിടിച്ചാണ് ഉഷ ചവയ്ക്കുന്നത്. കഴിക്കുന്നത് എന്തോ വലിയ ജോലിയാണെന്നു മുഖഭാവം കണ്ടാൽ തോന്നിപ്പോകും. വർത്തമാനം പറയിപ്പിക്കാൻ ആദ്യമൊക്കെ ജിമ്മി ശ്രമിച്ചിരുന്നു. കുത്തിക്കുത്തി ചോദിച്ചാൽ ങാന്നോ ങൂന്നോ . കഴിഞ്ഞു. ഊണുമേശയ്ക്കു മുകളിലെ കൊഴുത്ത നിശ്ശബ്ദത അയാളെ അസ്വസ്ഥനാക്കും.
പനി വരുമ്പോൾ അടുത്തിരുന്ന് നെറ്റിയിൽ കൈ വച്ചു നോക്കുന്ന ശീലം ഇഷയ്ക്കില്ല.
- ആ ഡ്രോയിൽ തെർമ്മോമീറ്ററുണ്ട്. എടുത്ത് ചെക്ക് ചെയ്യൂ.
- നൂറിൽ കൂടുതലുണ്ടോ?
- ആസ്പ്രിൻ കഴിക്കൂ. അല്ലെങ്കിൽ ടൈല നോൾ കഴിക്കൂ.
നിർദേശങ്ങളേയുള്ളു. ബോർഡിങ്ങിൽ വളർന്ന ഉഷയ്ക്ക് അതേ അറിയു. സ്വയം തീരുമാനിക്കുക. കിട്ടാത്തത് എങ്ങനെയാണു കൊടുക്കുന്നത് ? അവൾക്കറിയില്ല സ്നേഹം, കാത്തിരിപ്പ് ഒന്നും. അതൊന്നും അവൾ അനുഭവിച്ചറിഞ്ഞിട്ടില്ല. വേണമെന്നു തോന്നുന്നത് തോന്നുമ്പോൾ ചെയ്യുക എന്ന ശീലമാണ് ചെറുപ്പം മുതൽ . വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക. അതിന് ജിമ്മി വരുന്നതുവരെ കാത്തിരിക്കുന്നതെന്തിനാണ് ?
റെസ്റ്റോറന്റിൽ എത്തിയാലുടനേ ഉഷ ഇഷ്ടപ്പെട്ടതു കണ്ടുപിടിച്ചു പറയും. ജിമ്മിയോട് അന്വേഷിക്കാറില്ല. ജിമ്മിയ്ക്കിഷ്ടമുള്ളത് ഉഷ കഴിക്കുന്നത് എന്തിനാണ് ? കാറ് നിന്നുപോയാൽ അവൾ ടോ - ട്രക്കിനെ വിളിച്ച് ഗരാജിൽ കൊണ്ടുപോകും. ഗരാജുകാരൻ പറയുന്നതനുസരിച്ച് അയാളോടു നന്നാക്കാൻ പറയും. തയ്യാറാകുന്നതുവരെ ഇൻഷുറൻസ് കമ്പനി അനുവദിച്ചിട്ടുള്ള വാടകവണ്ടിയെടുത്ത് വീട്ടിൽ വരും.
കാറ് നന്നാക്കുക എന്നത് ആവശ്യമാണ്. അതേവരെ മറ്റൊരു കാറു വേണമെന്നതും ആവശ്യമാണ്. ജിമ്മിയോടു ചോദിക്കുന്നതിന്റെ ആവശ്യമെന്താണ്?
സാലിയാണെങ്കിൽ തനിയെ ഒരു ടാക്സിപോലും എടുക്കുകയില്ല. വഴിയിൽ കിടന്നുപോയാൽ ജിമ്മിയോ ജോയിയോ ചെന്നു കൂട്ടിക്കൊണ്ടുവരണം.
ഒരിക്കൽ സാലി ഓടിച്ചിരുന്ന കാറിന്റെ കാറ്റുപോയ ടയറും ചുളുങ്ങിയ റിമ്മും കണ്ട് ജോയി ജ്വലിച്ചു പോയി. ടയറു കേടായി ഞാനിങ്ങ് ഓടിച്ചുകൊണ്ടു പോന്നു എന്ന് സാലി പറഞ്ഞപ്പോൾ ജോയി അത്രയും പ്രതീക്ഷിച്ചില്ല .
- വീലിന്റെ റിമ്മെങ്ങനെയാണ് ഇങ്ങനെയായത് സാലീ?
അയാൾ അലറി. വീൽ ... റിം... ഹെഡ് ലൈറ്റിന്റെ മുന്നിൽ വന്നുപെട്ട മാനിനെപ്പോലെ സാലി കണ്ണുമിഴിച്ചു. പറഞ്ഞ കഥ തന്നെ അവൾ ഒന്നുകൂടി പറയാൻ ശ്രമിച്ചു.
- യോർക്ക് പാത്ത്വേയിൽ വെച്ച് ചെറിയൊരു കുടുക്കംപോലെ തോന്നി. അതിന്റെ സൈഡി നിർത്തണ്ടാന്നു വിചാരിച്ച് ഞാനിങ്ങ് ഓടിച്ചോണ്ടു പോന്നു. അല്ലാതെ എങ്ങും ഇടിച്ചൊന്നുമില്ല.
ഇടിച്ചില്ല. എന്നാപ്പിന്നെ അതുംകൂടങ്ങു ചെയ്യാമ്മേലാരുന്നോ. ബോഡിവർക്കും കൂടെയാകുമ്പോ ഒരു അയ്യായിരോംകൂടെ ചെലവാക്കാമാരുന്നു. നിനക്കു സുഖമായിട്ടു കെടന്നുറങ്ങാമല്ലോ.
സാലിക്കു പറയാൻ ഉത്തരമുണ്ടായില്ല.
- ഒരു ടയറു മാറുന്നതിന് എത്ര രൂപായാകും? പക്ഷേ, ആ റിമ്മേലിട്ടോണ്ടു വണ്ടി ഓടിച്ച് അതു നശിപ്പിച്ചു. എത്ര കാശാ വെറുതെ കൊണ്ടു കളയുന്നത്.
അയാൾ ആക്രോശിച്ചു. ഡോളറിനു പകരം രൂപയെന്നു പറയുന്നതു കേൾക്കുമ്പോൾ മനുവിന് അറപ്പും വെറുപ്പം തോന്നും.
- വെൻ ആർ ദെ ഗോയിങ് ലേൺ ദ് ബേസിക്സ് !!
പിന്നെ കാറിൽ നിന്നും കേൾക്കുന്ന ഓരോ ശബ്ദവും ഓരോ കുലുക്കവും സാലിയെ ഭയപ്പെടുത്തി. റേഡിയോ ഓഫ് ചെയ്ത് അവൾ കാതുകൂർപ്പിച്ചിരുന്നു കാറോടിച്ചു. ക്ഷമയില്ലാതെ തൊട്ടു പിറകിൽ നിൽക്കുന്ന ട്രക്കുകളെ സാലി ഭയപ്പെട്ടു.
അക്ഷരങ്ങൾ മനുവിനെ പുച്ഛിച്ചു ചിരിച്ചു. അവനു ചുറ്റും ടി.വിയിലെ കഥാപാത്രങ്ങൾ നിരന്നുനിന്നു. ചുറ്റും ശത്രുക്കൾ പതുങ്ങി നിൽക്കുന്നു. വെടിവെക്കണം. പെൻസിൽ തോക്ക് അവൻ അലമാരിക്കു പിന്നിൽ നിൽക്കുന്ന പോരാളിക്കു നേരേ നീട്ടി
ച്ച്മും ... ച്ച്മും ...
യന്ത്രത്തോക്കിന് എന്തൊരു ശക്തിയാണ്. പുസ്തകം തള്ളിമാറ്റി മനു കിടക്കയിലേക്കു ചാടിക്കയറി. ജനലിനു പിന്നിൽ പതുങ്ങി നിൽക്കുന്ന ശത്രുക്കളെ അവൻ കോപത്തോടെ തുരത്തി.
- മമ്മി അടുക്കളയിലാണ്. അവനു വിശന്നു.
- മമ്മി പാൻകേക്കുണ്ടാക്കാമോ?
പിന്നെ പാൻകേക്ക് ! എനിക്കിപ്പം അതല്ലേ പണി. നീയീ ചോറുണ്ടിട്ടു പോ മനൂ .
മമ്മി ജോലി കഴിഞ്ഞു വന്നാൽ അടുക്കളയിലെ തിരക്കിലാണ്. മനുവിന്റെ മമ്മി ചോറുണ്ടാക്കും. നല്ല മണമുള്ള കറികളുണ്ടാക്കും. മമ്മിയുണ്ടാക്കുന്ന കറികളിൽ പലതും മനുവിന് ഇഷ്ടമാണ്. പക്ഷേ, മമ്മിക്ക് മഫിനും പാൻകേക്കും ഉണ്ടാക്കാൻ അറിയില്ല. ഡാഡിക്ക് അതൊന്നും ഇഷ്ടമല്ല.
അമ്മച്ചിക്കും ഇഷ്ടമല്ല. അതുകൊണ്ടായിരിക്കും എന്ന് മനു അനുമാനിച്ചു. എന്നാലും സ്ക്കൂളിലെ പാൻകേക്ക് റ്റ്യൂസ്ഡേ മനുവിനെ കൊതിപ്പിച്ചു. നൊയമ്പു തുടങ്ങുന്ന ചൊവ്വാഴ്ച അമേരിക്കക്കാർ പാലും മുട്ടയും പഞ്ചസാരയും വെണ്ണയും ചേർത്ത പാൻകേക്ക് കഴിക്കുന്നു. റയന്റെയും ഡിലന്റെയും അമ്മമാരുണ്ടാക്കുന്ന പാൻകേക്കും ലസാനിയയും മനു സ്വപ്നം കണ്ടു.
മനുവിന്റെ അവധിക്കാലങ്ങൾ വീടിനുള്ളിൽ തീർന്നുപോയി. ഏതെങ്കിലും അങ്കിളുമാരുടെ വീട്ടിൽ ഊണും ബേസ്മെന്റിലെ കളികളുമായി രസം പിടിച്ചു. മമ്മിയുടെയും ഡാഡിയുടെയും കൂടെ വെക്കേഷനു പോകുന്നതവൻ സ്വപ്നം കണ്ടു. ഫ്ളോറിഡ, ഡിസ്നി വേൾഡ് , മെക്സിക്കോ, ഹവായി...
സ്കൂളുതുറന്നു ചെന്നപ്പോൾ മനു കഥകൾ പറയാൻ പഠിച്ചു.
ഞങ്ങൾ സൂവിൽ പോയി. ടൊറന്റോയിൽ പോയി.
അധികം ചോദ്യങ്ങൾ കൂട്ടുകാർ ചോദിക്കരുതേയെന്ന് അവൻ ഉള്ളിൽ പ്രാർത്ഥിച്ചു. കൂട്ടുകാർക്കിടയിൽ ചുരുങ്ങിപ്പോവാതെ രക്ഷിക്കാൻ അഡിഡാസ് എന്നെഴുതിയ ഒരു ഷർട്ടാണ് മനുവിന് അത്യാവശ്യമായി വേണ്ടത്. കെ - മാർട്ടിലെ പാന്റ് വലിച്ചുകീറിക്കളയാൻ മനുവിനു തോന്നി.
അവന്റെ തുണികളൊക്കെ കെ - മാർട്ടിലേതാണെന്ന് കുട്ടികൾ പരിഹസിക്കുവാൻ തുടങ്ങിയിട്ടു കുറച്ചുകാലമായി. ആദ്യം അതെന്താണു മോശമെന്ന് മനുവിന് മനസ്സിലായില്ല. മാർച്ച് ബ്രേക്കിന് എന്താണു ചെയ്തതെന്ന് ടീച്ചർ ചോദിച്ചപ്പോൾ സന്തോഷത്തിലായിരുന്നു മനു പറഞ്ഞത്.
- കെ- മാർട്ടിൽ പോയി. അവനിഷ്ടപ്പെട്ട ഷർട്ടു വാങ്ങി.
പ്ലേ ഗ്രൗണ്ടിൽ ചുറ്റും നിന്ന് കുട്ടികൾ ആർത്തുചിരിച്ചു.
- കെ- മാർട്ട് ... കെ - മാർട്ട് ...
അവൻ മമ്മിയോട് ബേയിലും ഈറ്റൺസിലും പോകണമെന്നു പറഞ്ഞു. അവിടെ സാധന പറഞ്ഞു.
ങ്ങൾക്കെല്ലാം തീപിടിച്ച വിലയാണെന്ന് മമ്മി മനുവിനോടു പറഞ്ഞു.
- തീ പിടിച്ച വില
- തീ പിടിച്ച വില
മനുവിന്റെ മനസ്സിൽ തീ ആളിക്കത്തിക്കൊണ്ടിരുന്നു. അതിൽ സ്നേഹം വെന്തുപോയോ? കരുണ, ചിരി എല്ലാമെല്ലാം വെന്തുരുകിപ്പോയോ.. ?
- തീപിടിപ്പിക്കും ഞാനെല്ലാത്തിനേം!
മനു ചിരിക്കാൻ മറന്നു. സായിപ്പൻകുട്ടികൾ ചുറ്റും നിന്ന് അടക്കിച്ചിരിച്ചു.
- അടി വേണോ ?
മമ്മിക്ക് അതേ ചോദിക്കാനുള്ളൂ.
ആദിത്യനും വിശാലും എല്ലാം തികഞ്ഞവരാണ്. മനു അസൂയയോടെ ഓർത്തു. അവർക്ക് വായ അടച്ചുപിടിച്ചു ചവയ്ക്കാനറിയാം. താങ്ക്യൂവും ബൈയും പറയാനറിയാം. ഉഷ അവരെ പിയാനോ പഠിക്കാൻ വിടുന്നുണ്ട്.
             തുടരും...
പാമ്പും കോണിയും - നിർമ്മല - നോവൽ - 42പാമ്പും കോണിയും - നിർമ്മല - നോവൽ - 42
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക