Image

കർഷകസമരത്തെ നേരിടുന്ന ഭരണകൂടം എന്ന മ്യൂസിയം പീസ് :സന റബ്‌സ്

Published on 11 December, 2020
കർഷകസമരത്തെ നേരിടുന്ന ഭരണകൂടം എന്ന  മ്യൂസിയം പീസ് :സന റബ്‌സ്
വിശപ്പു മാറ്റാൻ  നമ്മുടെ തീൻമേശയിൽ  മൈദയും റവയും അജിനോമോട്ടോയും  നിറയാൻ  തുടങ്ങിയിട്ട് കുറച്ചേറെ നാളുകൾ ആയി. 
നാവിന്റെ രസമുകുളം ഹായ് ഹായ് എന്നും പറഞ്ഞു തുള്ളിച്ചാടിക്കൊണ്ടിരുന്നു.  അരിയും കഞ്ഞിയും കാച്ചിലും പുഴുക്കും കപ്പയും കഴിച്ചു ആരോഗ്യം നേടിയവർതന്നെ പിസയും ബർഗറും ടോസ്റ്റും സ്റ്റീക്കും പാസ്തയും നൂഡിൽസും  കെഎഫ്സിയും കഴിച്ചു വിരലുംകൂടി  നക്കിത്തോർത്താൻ പഴുതുണ്ടോയെന്ന്      കള്ളക്കണ്ണോടെ അപ്പുറവും ഇപ്പുറവും നോക്കി.
നാണക്കേടോർത്ത്  ഔപചാരികതയോടെ ടിഷുപേപ്പറിൽ കൈകൾ ഒതുക്കത്തോടെ തുടച്ചു എഴുന്നേറ്റു. 
ഇന്ന് ഏതു ബേക്കറിയിൽപോയാലും  അവിടെ മൈദ ഇല്ലാത്ത ഒരു വിഭവവും കാണില്ല.  വിശന്നാൽ കട്ലറ്റും പഫ്സും മതി!

പണ്ടു കഴിച്ച അതേ ആഹാരം ഇന്നും തുടരണം എന്നല്ല പറയുന്നത്.  ഇന്ത്യൻ ജനതയുടെ മാത്രം ആഹാരമല്ല അരി. 
ഒരുപാടു രാജ്യങ്ങളിലെ അടിസ്ഥാന ആഹാരമാണ് അരിയും പച്ചക്കറികളും മത്സ്യവും. 
അതുകൊണ്ടാണ് ഇന്ത്യയിൽ നടക്കുന്ന കർഷകസമരത്തിനെ മറ്റു ലോകരാഷ്ട്രങ്ങൾ  അമ്പരപ്പോടെ നോക്കുന്നത്. 
കാരണം ഇങ്ങനെ ഒരു സമരം ഇവിടെ നടക്കാൻ പാടില്ലായിരുന്നു. 
ഒരു രാജ്യത്തെ അന്നവും രാജ്യ (രാജ? ) ഭരണകൂടവും നേർക്കുനേർനിന്നു തെരുവിൽ അടിക്കുകയാണ്. 
ഇത് ആദ്യമായല്ല മോഡി ഭരണകൂടം ജനങ്ങളുടെ വയറ്റത്തടിക്കുന്നതും. 

ഗ്യാസ് സിലിണ്ടറിനു  250 രൂപ  ഉണ്ടായിരുന്നത് ഇപ്പോൾ 600 നും മുകളിൽ ആണ്. കൃത്യം പൈസ എന്തെന്ന്  ഒരു നിശ്ചയവും ഇല്ല.  ബാങ്കിലേക്ക് ബാക്കി വരുന്നത് ഇപ്പോൾ കാണാനും ഇല്ല!
കഴിഞ്ഞ യുപി ഗവണ്മെന്റ് പെട്രോൾ വില കൂട്ടിയപ്പോൾ  അതിനെതിരെ  ടൂവീലർ ഉരുട്ടി സമരം ചെയ്തവർ എവിടെ? 

ഫ്രീ ആയിട്ട് ആരെങ്കിലും എന്തെങ്കിലും ഓഫർ നൽകിയാൽ പത്തിരട്ടി മുതലാക്കൽ   പുറകിൽ വരുന്നുണ്ട് എന്ന് ജിയോ കമ്പനി തെളിയിച്ചു. 
600 രൂപയുടെ മുകളിൽ കൊടുത്താൽ പോലും നെറ്റ് വർക്ക്‌ ഇഴയുകയാണ്. മറ്റെല്ലാ നെറ്റ് വർക്ക്‌ കമ്പനികളും ഇവരോട് മത്സരിക്കാൻ ആവാത്തരീതിയിൽ ശ്വാസം മുട്ടുന്നു. കുറച്ചുകൂടി കഴിഞ്ഞാൽ പല ഇന്റർനെറ്റ്‌ കമ്പനികളും  കുഴഞ്ഞു വീഴുന്നത് കാണാം. 

നോട്ടുനിരോധനംകൊണ്ടു നടുവൊടിഞ്ഞു വീണ ഇന്ത്യൻ കർഷകനെ വീണ്ടും തെരുവിൽ കൊല്ലുന്നു. 
എന്താണ് കർഷകബില്ല് പാസ്സാക്കാൻ കർഷകർ സമ്മതിക്കാത്തത്? 
കർഷകബില്ല് നടപ്പിലായാൽ കോർപ്പറേറ്റുകൾക്ക്  പരിധിയില്ലാതെ ധാന്യം  ശേഖരിച്ചുവെക്കാനും പൂഴ്ത്തിവെച്ചു തോന്നുന്ന വിലയിൽ വിൽക്കാനും സാധിക്കും. ഒരു കിലോ അരിക്കും  ഗോതമ്പിനും ഉരുളക്കിഴങ്ങിനും ഒരുരൂപ കൂട്ടിയാൽ പോലും  കോടിക്കണക്കിനുരൂപ മുതലാളിമാരുടെ കീശയിൽ വീഴും.
 'റിലയൻസ്  കമ്പനി  കർഷകരിൽ നിന്ന് കിലോയ്ക്ക് 7.50 രൂപയ്ക്ക് ഗോതമ്പ് വാങ്ങി 150 രൂപയ്ക്ക് വിൽക്കുന്നു.  മേലിൽ ഈ അവസ്ഥ എല്ലാ ഉൽപ്പന്നങ്ങൾക്കും  ഉണ്ടാവും. ഞങ്ങൾ ഇതിനെതിരെ പോരാടുകയാണ്"  എന്ന് സമരഭൂമിയിൽനിന്നും കർഷകർ  പറയുന്നു. 
അന്നം തിന്നുന്നവർക്കു ആ ഭാഷ മനസ്സിലാവും. 

നമ്മുടെ അന്നനാളത്തിൽ പിടിമുറുക്കിയ കൊറ്റികളാണ് ഇപ്പോൾ ഈ കോർപ്പറേറ്റുകൾ. 
നാളെ അന്നത്തിനായി അംബാനിയോടും അദാനിയോടും യാചിക്കാതിരിക്കാനാണ്,  അവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാതിരിക്കാൻ വേണ്ടിയാണ്  ഇന്ന് നമുക്കുവേണ്ടി സിഖ് ജനത സമരം നടത്തുന്നത്. അടി വാങ്ങുന്നത്.

മുതലാളിഭീമൻമാർ ജനങ്ങൾക്ക്‌ എതിരായി ഭരണകൂടത്തെ തിരിക്കുന്ന കാഴ്ചകൾ എമ്പാടും!!
ബ്രിട്ടീഷ്കമ്പനി പണ്ട് ഇന്ത്യയോട് എന്താണോ ചെയ്തത് ആ ചൂഷണമാണ് ഇപ്പോഴും  നടക്കുന്നത്. 
ഒരേ രാജ്യത്തെ മുതലാളിയും തൊഴിലാളിയും എന്നേ വ്യത്യാസമുള്ളൂ. 
മുതലാളിമാർ ആവേണ്ട കർഷകൻ സ്വന്തമായി  നട്ടുനനച്ചുണ്ടാക്കുന്ന അന്നത്തിനുവേണ്ടി സമരം ചെയ്യേണ്ടിവരുന്ന  വിരോധാഭാസം !!
ഇതെല്ലാം മനസ്സിലായിട്ടും മ്യൂസിയം പീസുപോലെ അധികാരികൾ നോക്കിനിൽക്കുന്നു. 
ഇന്ത്യ ഉണ്ടായാലേ ഭരണം ഉണ്ടാകൂ എന്ന് ഇവർ തിരിച്ചറിയാത്തതുകൊണ്ടാണോ? 
തിരിച്ചറിവില്ലായിമയല്ല അത്. 
നാളെ ഭരണം ഒഴിഞ്ഞാലും അദാനി അംബാനി പോലുള്ള കുത്തകകളുമായി ചേർന്നു ഇന്ത്യയെ തകർക്കാം കൈപ്പിടിയിൽ ഒതുക്കാം എന്ന അത്യാഗ്രഹവും ദുരാഗ്രഹവുമാണ് ഇന്ന് സൈലന്റ് പീസുകൾ ആവാൻ അധികാരികളെ നിർബന്ധിതരാക്കുന്നത്.
ഈ സമരത്തിൽ എങ്ങനെയെങ്കിലും കർഷകരെ വിലയ്‌ക്കെടുത്തു തിരികെ മടക്കി അയക്കാം എന്ന 'സിമ്പിൾ ധാർഷ്ട്യം' കർഷകരുടെ അടുത്ത് വിലപോകുകയില്ല എന്ന് പതുക്കെ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. 
അപ്പുറത്തു ജെഎൻയുവിലെ തെരുവുസമരത്തിൽ   ചോര വരണ്ടുണങ്ങിയവരും   ജീവൻ പോയവരും  പെൺകുട്ടികളുടെ മാനം അറുത്തു തീയിട്ടപ്പോൾ വെന്തുപോയവരും വെറുമൊരു മൃഗത്തിന്റെ പേരിൽ ജീവനും കുടുംബവും  നഷ്ടപ്പെട്ടവരും ആയിരം  രൂപയ്ക്കു ക്യുവിൽനിന്നു മരിച്ചു വീണവരുടെ നിശ്വാസങ്ങളും  ആയിരകണക്കിന് കിലോമീറ്ററുകൾ താണ്ടി സ്വന്തം കൂടണയാൻ നടന്നുപോയി തളർന്നു വീണവരുടെ നെഞ്ചിലേക്ക് കുതിച്ചുപാഞ്ഞുകയറിയ തീവണ്ടികളുടെ മുരൾച്ചകളും ഉണ്ട്.    കേൾക്കുന്നില്ലേ.... അവരുണ്ട് അപ്പുറത്ത് !!!

കർഷകർ തോറ്റുപോവരുത്. 
അവർക്കൊപ്പമാണ് നാട് ഉണരേണ്ടത്. 
ജയ് ഹിന്ദ് 


കർഷകസമരത്തെ നേരിടുന്ന ഭരണകൂടം എന്ന  മ്യൂസിയം പീസ് :സന റബ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക