-->

America

നീലച്ചിറകുള്ള മൂക്കുത്തികൾ 37 = സന റബ്സ്

Published

on

തന്‍റെ ഫോണിലേക്കുള്ള കോളുകള്‍ മിലാന്‍ എടുക്കാതെയായി. താരാദേവിയുടെ ഫോണ്‍കോളുകളും മിലാനെ തൃപ്തിപ്പെടുത്തിയില്ല.

“ദാസിന്‍റെ അമ്മ വിളിക്കുന്നു, പലവട്ടമായി വിളിക്കുന്നു മിലൂ, നീ അവരോടോന്നു സംസാരിക്കൂ” സഞ്ജയും ശാരികയും മിലാനോട് വീണ്ടും പറഞ്ഞു.

“എന്തിനാണമ്മേ, എപ്പോഴും ആ അമ്മ മകനെ ന്യായീകരിച്ചേ സംസാരിക്കൂ, എനിക്കിപ്പോള്‍ ആരുടെയും സത്യവും ന്യായവും കേള്‍ക്കാന്‍ മനസ്സില്ല.”

“വിവാഹം  ഉറപ്പിച്ചു കഴിഞ്ഞ പെണ്‍കുട്ടിയാണ് നീ. വേണമെങ്കില്‍  ഈ വിവാഹത്തില്‍ നിന്നും നിനക്ക്  ഒഴിവാകാം, പക്ഷെ എന്തും  മാന്യതയോടെ വേണം. ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാന്‍ അവകാശമില്ല.” ശാരിക മകളെ നോക്കി തുടര്‍ന്നു.
“പക്ഷെ കേള്‍ക്കാന്‍ തയ്യാറാകാന്‍ സമയം കൊടുത്തിരുന്നെങ്കില്‍ ഏറ്റവും മനോഹരമായൊരു ജീവിതം കൈവിട്ടുപോവില്ലായിരുന്നു എന്ന പശ്ചാത്താപം ജീവിതത്തില്‍ ഉണ്ടാവരുതെന്നും കൂടി  ഓര്‍മ്മപ്പെടുത്താന്‍ ഞാനീ സന്ദര്‍ഭം ഉപയോഗിക്കുന്നു”

മിലാന്‍ അത്ഭുതത്തോടെ അമ്മയെ നോക്കി. വിദേതിന്‍റെ ബന്ധം തുടക്കം മുതലേ  നിരുല്‍സാഹപ്പെടുത്തിയിരുന്ന അമ്മ തന്നെയോ ഇത്? അമ്മയുടെ വാക്കുകളോ ഇത്?

അതേ. മനോഹരമായൊരു ജീവിതമാണ് താന്‍ വിദേതുമായി നെയ്തുകൂട്ടിയത്. പക്ഷെ ആ വല പൊളിക്കാന്‍ നീണ്ട കാലുകളുള്ള ഒരു ചിലന്തി ലാക്കുനോക്കുന്നു.
ആ വലിയ വീട്ടിലെ വിദേതിന്റെ മുറിയുടെ ഉള്ളിലേക്കിറങ്ങുന്ന രഹസ്യമുറിയും അവിടെ ഒരുമിച്ചു ചെലവഴിച്ച രാത്രിയും മിലാന്‍റെ ഉള്ളിലേക്ക് ചങ്ങലക്കൊളുത്തുകളോടെ ഇഴഞ്ഞുവന്നു. വല്ലാത്ത വേദനയോടെ അവള്‍ മിഴികള്‍ പൂട്ടി. ഒടുവില്‍ ദാസിന്റെ മുറിയില്‍നിന്നും തുറന്നിട്ട മാറിടങ്ങളോടെ  വാരിപ്പുതച്ച ഗൌണോടെ  ഇറങ്ങിപ്പോകുന്ന തനൂജയില്‍ എത്തി ആ ചങ്ങലകള്‍ വലിയ ശബ്ദത്തോടെ നിലത്തുവീണു.

ഛെ.......

ക്രിക്കറ്റ്‌മാച്ച് കഴിയുംവരെ ഒഫീഷ്യല്‍ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന രണ്ടു ഷെയര്‍ പാര്‍ട്ട്നേഴ്സ് ആയിരുന്നു ദാസും തനൂജയും. അയാളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാന്‍ തനൂജ മടിച്ചു. പലപ്പോഴും കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാന്‍ മാനേജര്‍മാരെ നിയോഗിച്ചു. തനൂജ എന്നൊരു വ്യക്തി അവിടെ ഉണ്ടായിട്ടേയില്ല എന്നൊരു ആറ്റിറ്റ്യൂഡായിരുന്നു ദാസിന്.

കൊല്‍ക്കത്തയില്‍നിന്നും തിരികെപ്പോരുന്ന രാത്രിയില്‍ കളിക്കാരും ബിസിനസ് ഹോള്‍ഡേഴ്സും മാത്രം പങ്കെടുക്കുന്ന നൈറ്റ്‌പാര്‍ട്ടി അറേഞ്ച് ചെയ്തിരുന്നു.

 അരദിവസം  നീണ്ട വിശ്രമത്തിനൊടുവിലും പോകാന്‍ തയ്യാറാകാതെ തനൂജ സ്വന്തം വീട്ടിൽ തന്റെ സെറ്റിയില്‍ ചിന്താമഗ്നയായി ഇരുന്നു. എഴുന്നേറ്റു ജനലരികിലേക്കുപോകുകയും പുറത്തേക്കു നോക്കിയിരിക്കയും ഉദാസീനതയോടെ നടക്കുകയും ചെയ്യുന്നത് തനൂജയുടെ ആയമാരും മാനജര്‍മാരും കാണുന്നുണ്ടെങ്കിലും അടുത്തേക്ക് ചെല്ലാന്‍ അവരാരും ധൈര്യപ്പെട്ടില്ല.  

“പാര്‍ട്ടിക്ക് പോകുന്നില്ലേ നീ?” അമ്മയുടെ ചോദ്യം കേട്ടെങ്കിലും തനൂജ തിരിഞ്ഞു നോക്കിയില്ല. അമേരിക്കയിൽ സെറ്റിൽ ചെയ്ത  തനൂജയുടെ മാതാപിതാക്കള്‍ കഴിഞ്ഞ കുറെ മാസങ്ങളായി മകളുടെകൂടെ ന്യൂഡല്‍ഹിയിലുണ്ട്.

“എന്താ തയ്യാറാകാതെ ഇരിക്കുന്നെ? ബിസിനസ്സില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?”

 പ്രയാഗ മകളുടെ അരികിലെത്തി ആ മുടിയിഴകളില്‍ തൊട്ടു. “പറയാവുന്ന കാര്യങ്ങളാണെങ്കില്‍ പറയ്‌ തനൂ, എന്താ നിനക്ക് മൂഡോഫ്?” 

തനൂജ തലതിരിച്ചു അവരെനോക്കി പുഞ്ചിരിച്ചു. “ഒന്നുമില്ല മമ്മീ, ചില ബിസിനസ് ഇഷ്യൂസ് ഒണ്‍ലി”

“എങ്കില്‍ എന്തുകൊണ്ടത് നിനക്ക് ഡാഡിയോട് പറഞ്ഞുകൂടാ... ബിസിനസ് നീ ശ്രദ്ധിക്കുന്നുണ്ടെങ്കിലും നിനക്ക് ഡാഡിയുണ്ടെന്നത് മറക്കേണ്ട”

“ജീവിതവും ബിസിനസും നീ ഒരുമിച്ചാണോ കാണുന്നത് തനൂജാ? എന്താണ് നിനക്ക് റായ് വിദേതന്‍റെ ജീവിതത്തില്‍ കാര്യം?” ചോദ്യം കേട്ട പ്രയാഗയും തനൂജയും ഒരുമിച്ചു തിരിഞ്ഞുനോക്കി.

നീണ്ട  കൂട്ടുപ്പുരികങ്ങള്‍ക്കിടയില്‍ അല്പവും ഇടമില്ലാത്ത നെറ്റിക്കു  കുറുകെ വെള്ളയും ചുവപ്പും കലര്‍ന്ന വലിയൊരു കുറി നീട്ടി വരച്ചതിനുതാഴെ  ആ ചുവന്ന കണ്ണുകള്‍ വല്ലാതെ തുടുത്തിരുന്നു. മാംസളമായ തന്റെ കവിളുകള്‍ വിറയ്ക്കുന്നതു നിയന്ത്രിച്ചു കൈകള്‍ കെട്ടി അര്‍ജുന്‍തിവാരി മകളെ തറപ്പിച്ചു നോക്കിനിന്നിരുന്നു.

അച്ഛനെ കണ്ട തനൂജ സെറ്റിയില്‍നിന്നെഴുന്നേറ്റു.

“നിന്‍റെ ചേട്ടന്‍ വിവാഹം കഴിക്കുന്നതിന് മുന്‍പേ നിന്റെ വിവാഹത്തെക്കുറിച്ച് ആലോചിച്ചവരാണ് ഞങ്ങള്‍. നീ അന്ന്  ഒരു അഫയറിന്റെ പുറകെ  ഉണ്ടായിരുന്നു. നീ അതിനുവേണ്ടി നിര്‍ബന്ധം പിടിച്ചു. ആവട്ടെ എന്ന് കരുതി ഞാന്‍ കണ്ണടച്ചു. എവിടെയാണ് അയാളിപ്പോള്‍?” അര്‍ജുന്‍തിവാരി മുന്നോട്ടുവന്നു തനൂജയുടെ തൊട്ടരികില്‍ നില്‍പ്പുറപ്പിച്ചു.

തനൂജ നോട്ടം മാറ്റി.

“അയാള്‍ നിന്നെ ഉപേക്ഷിച്ചതോ അതോ നിനക്കയാളെ മടുത്തതോ?”
അതും കഴിഞ്ഞു ഇംഗ്ലീഷ് ഗായകനുമായി ഒരു ബന്ധം കേട്ടല്ലോ, ലണ്ടന്‍ഗായകനെ  വേണ്ടെന്നുവെച്ചത് എന്നായിരുന്നു?”

“എന്തിനാണ് അതെല്ലാം ഇപ്പോള്‍ പറയുന്നത്?” പ്രയാഗ ഭര്‍ത്താവിനെ നോക്കി മുന്നോട്ടാഞ്ഞു.

“ഷട്ടപ്പ് യൂ.... ഷട്ടപ്പ്.... നീ മിണ്ടരുത്” മുരളുന്ന വാക്കുകള്‍ക്കും വിരലിനും അപ്പുറത്ത് പ്രയാഗ പിന്നോട്ടുനീങ്ങി.

“വിവാഹം നിന്‍റെ ചോയ്സാണ് തനൂജാ, വേണമെങ്കില്‍ മാത്രമേ നീയതിലേക്ക് താല്പര്യം കാട്ടേണ്ടു, നിനക്ക് ബിസിനസില്‍ താല്പര്യമുണ്ടെന്നു അറിഞ്ഞുതന്നെയാണ് നിനക്കുള്ള ഫ്രീഡം ഞാന്‍ നല്‍കിയത്. ഇതുവരെയുള്ള എല്ലാ ബോയ്‌ഫ്രണ്ട്സിനെയും വേണ്ടെന്നു വെച്ചു നിന്നേക്കാള്‍ കൂടുതല്‍ പ്രായമുള്ള റായ് വിദേതനെ നീ പിന്തുടരുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് സഹതാപം മാത്രമേയുള്ളൂ. എന്താണ് അയാളില്‍ നീ കാണുന്നത്?” മൂര്‍ച്ചയേറിയ നോട്ടത്തോടെയായിരുന്നു ചോദ്യങ്ങള്‍.

“ബിസിനസ്സാണ് നിന്നെ മോഹിപ്പിക്കുന്നതെങ്കില്‍ അതില്‍കൂടുതല്‍ ആസ്തി നമുക്കുണ്ട്. ടെല്‍ മി വൈ ആന്‍ഡ്‌ വാട്ട്‌ യു ആര്‍ ബിഹൈന്‍ട് ഹിം? പറയ്‌, എന്താണ് നിന്നെ മോഹിപ്പിക്കുന്നത്?”

തനൂജ അച്ഛനുനേരെ  തിരിഞ്ഞു പതുക്കെ പുഞ്ചിരിച്ചു. “നമ്മുടെയും റായുടെയും ആസ്തികള്‍ ഒരുമിച്ചാല്‍ ഇന്ത്യയെ മാത്രമല്ല ഈ ലോകത്തെ വരെ പകുതിയോളം വിലയ്ക്ക് വാങ്ങാനുള്ള ഓഹരിയായി അല്ലെ ഡാഡി”

പ്രയാഗ മകളെ മനസ്സിലാവാതെ നോക്കി. തനൂജ വീണ്ടും ചിരിച്ചു. “പക്ഷെ അതല്ല ഡാഡീ എന്നെ മോഹിപ്പിക്കുന്നത്. അയാളാണ് എന്നെ മോഹിപ്പിക്കുന്നത്. ഡാഡിക്കറിയാമോ അയാളുടെ ദൗര്‍ബല്യങ്ങള്‍? അറിയാമായിരിക്കും കുറെയൊക്കെ;എന്നാല്‍ ആ ദൌര്‍ബല്യത്തില്‍ ഞാന്‍ പെടുന്നില്ല എന്നതാണ് എന്നെ തകര്‍ത്തുക്കളയുന്നത് ഡാഡി. തമാശയ്ക്കോ  നേരമ്പോക്കിന് വേണ്ടിയോ പോലും അയാള്‍ എന്നെ നോക്കുന്നില്ല.”

അര്‍ജുന്‍ തിവാരി അവളെ ഞെട്ടലോടെ നോക്കി. അയാളുടെ വാക്കുകളുടെ കടുപ്പം കുറഞ്ഞു.  “മോളെ..... ഏതെങ്കിലുമൊരു പുരുഷന്റെ തമാശയ്ക്കോ ടൈംപാസിന്നോ വേണ്ടിയാണോ നീ ജീവിക്കുന്നത്? അതാണോ നിന്റെ ജീവിതത്തിന്റെ ഗോള്‍?”

“ഏതെങ്കിലുമൊരാള്‍.....” തനൂജ ആ പദം ഉരുവിട്ടുകൊണ്ടുരണ്ടു  ചാല്‍ നടന്നു.

“അല്ല ഡാഡി, റായ് എനിക്ക് ഏതെങ്കിലും ഒരാളല്ല. ഹി ഈസ്‌ വെരി വെരി സ്പെഷ്യല്‍.... വളരെ....വളരെ സ്പെഷ്യല്‍ ആണ്.” തനൂജയുടെ സ്വരം താഴ്ന്നു കണ്ണുകള്‍ അടഞ്ഞു.

“നിനക്കയാളോട് അത്രയും സ്നേഹമുണ്ടെങ്കില്‍ എന്തുകൊണ്ടെന്നോട് പറഞ്ഞില്ല, വിവാഹം ആലോചിക്കാമായിരുന്നു. അയാളുടെ മൂന്നാം വിവാഹമാണ് നടക്കാന്‍ പോകുന്നത്. വിവാഹം അയാള്‍ക്കൊരു നേരമ്പോക്കാണ് എന്നുവരെ തോന്നുന്നു. എന്തുകൊണ്ട് നീ അങ്ങനെ ആലോചിച്ചില്ല?”

“നോ ഡാഡി, റായ് ഇതുവരെ വിവാഹം കഴിച്ചവരൊക്കെ അയാളുമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ വിവാഹം ഉറപ്പിച്ച മിലാനേയും അയാള്‍ സ്നേഹിക്കുന്നു. സ്നേഹിക്കുന്നവരെയാണ് അയാള്‍ വിവാഹം കഴിക്കുന്നത്‌. അല്ലാതെ നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കുന്നവരെയല്ല.”

“വാട്ട്‌ ടൂ യൂ മീന്‍?”

“ഐ മീന്‍, എനിക്കയാളുടെ സ്നേഹമാണ് വേണ്ടത്. നിര്‍ബന്ധിച്ചാല്‍ കിട്ടാത്ത ആ സ്നേഹം തനിയെ എന്നിലേക്കൊഴുകിവന്നു  നിറയണം, അങ്ങനെയുള്ള റായ് ആണ് എന്നെ മോഹിപ്പിക്കുന്നത്. അയാളെ ...” 
അവളെ മുഴുവനാക്കാന്‍ അനുവദിക്കാതെ അര്‍ജുന്‍ തിവാരി കൈയെടുത്തു വിലക്കി.

“നീ കുട്ടികളെപ്പോലെ ചിന്തിക്കുന്നു തനൂജാ, യൂ ആര്‍ ചൈല്‍ഡിഷ്‌, ഇത് ജീവിതമാണ്; സ്നേഹം വെള്ളം പോലെയാണ്, ഒരിക്കലും മുകളിലോട്ടു ഒഴുകില്ല. താഴേക്കാണ് അതിന്റെ ഗതി. എങ്കിലേ ഒഴുകുന്ന വഴികളെ തലോടാനും തളിര്‍പ്പിക്കാനും ജലത്തിന് കഴിയൂ, സ്നേഹത്തിന്റെ വിത്തുകള്‍ ആഴത്തില്‍നിന്നാണ് മുള പൊട്ടേണ്ടത്. നിനക്കറിയാത്തതല്ലല്ലോ...”

“അറിയാം ഡാഡി, ഡാഡിയുടെ ഈ മകള്‍ക്ക് അതൊന്നും അറിയാത്തതല്ല, പക്ഷെ അയാളെ എനിക്കുവേണം, ഞാന്‍ പറഞ്ഞല്ലോ സ്വാഭാവികമായി സുഗന്ധം നമ്മളിലേക്ക് ഒഴുകിവരുന്നത് പോലെ അയാള്‍ ഒഴുകിയൊഴുകി എന്നിലേക്ക്‌ എത്തണം, അതിനാണ് ഞാന്‍ വെയിറ്റ് ചെയ്യുന്നത്”

“ഇത് സ്നേഹമല്ല തനൂ, ഇത് നിനക്കയളോട് തോന്നുന്ന അഭിനിവേശമാണ്, ഇതിനു അല്പായുസ്സേയുള്ളൂ, അഗ്നിയെപ്പോലെ എല്ലാം നക്കിത്തോര്‍ത്തുന്നതൊന്നും സ്നേഹമല്ല. അഗ്നി മുകളിലോട്ടാണ് പടരുക. അതൊരിക്കലും സ്നേഹമല്ല."
പ്രയാഗ വേവലാതിയോടെ മകളെ നോക്കി. തനൂജയുടെ ജീവിതത്തിലൂടെ കടന്നുപോയ ആണ്‍സുഹൃത്തുക്കള്‍ അവരുടെ ഓര്‍മ്മയിലുണ്ടായിരുന്നു.

“അല്പായുസ്സുള്ള ഒബ്സേഷന്‍സ് എനിക്കുണ്ടായിരുന്നു മമ്മീ, റായ് അങ്ങനെയല്ല, എന്‍റെ ഹൃദയത്തിലേക്ക് ഇറങ്ങിവന്നു വേരുപിടിച്ചതാണ്. അതുകൊണ്ട് അയാളെ താല്‍ക്കാലികമായല്ല എനിക്ക് വേണ്ടത്, അയാളുള്ള കാലം വരെ, അല്ലെങ്കില്‍ ഞാനുള്ള കാലം വരെ...” തീക്ഷ്ണതയുടെ അഗ്നി നിറഞ്ഞ വാക്കുകള്‍ കേട്ട് അര്‍ജുന്‍ തിവാരി മകളെ തറഞ്ഞു നോക്കിക്കൊണ്ടിരുന്നു.

എന്താണിവള്‍ ആഗ്രഹിക്കുന്നത്? അയാളുടെ പരമ്പരയോ? പണമോ? എന്താണിവള്‍ ആവശ്യപ്പെടുന്നത്?

“എനിക്ക് മനസ്സിലാകുന്നില്ല നിന്നെ  തനൂജാ, അയാള്‍ ബുദ്ധിമാനാണ്. അയാള്‍ക്ക്‌ നിന്റെ കാര്യങ്ങള്‍ പിടികിട്ടാന്‍ വലിയ സമയമൊന്നും വേണ്ട. അയാളെ ചതിക്കാനുള്ള പടികളിലേക്ക് നീ കയറരുത്. ഹി ഈസ്‌ ഡേയ്ഞ്ച്റസ് ആള്‍സോ...”

“നോ ഡാഡി.... ഞാന്‍ പറഞ്ഞല്ലോ റായ് വളരെ സ്വാഭാവികമായി എന്നിലേക്കെത്തും. ഈ വര്‍ഷങ്ങളില്‍ എങ്ങനെയാണോ അയാള്‍ മിലാനിലേക്ക് എത്തിയത് അതുപോലെ....ഞാന്‍ വര്‍ഷങ്ങളായി ഹോംവര്‍ക്ക് ചെയ്യുന്നത് ആഗ്രഹിച്ച കാര്യങ്ങള്‍ പാഴായിപോകാനല്ല; നേടാനാണ്.”

“രണ്ടു മാസം കഴിഞ്ഞാല്‍ അയാളുടെ വിവാഹമാണ് തനൂ”

“വിവാഹനിശ്ചയമല്ലേ കഴിഞ്ഞുള്ളു, സമയമുണ്ട് ഡാഡി,”

“എന്താണ് നിന്റെ മനസ്സില്‍? അയാളില്‍നിന്നു കുഞ്ഞോ? വലിയ ഹോളിവുഡ് നടികള്‍ അവര്‍ക്കിഷ്ടമുള്ള ആളുകളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചതായി ഞാന്‍ വായിച്ചിട്ടുണ്ട്. എന്താണ് നിന്റെ ഉദ്ദേശം?”

തനൂജ തലയാട്ടി. എന്താണതിന്റെ അര്‍ത്ഥമെന്നു രണ്ടുപേര്‍ക്കും മനസ്സിലായില്ല, “മോളെ, നിനക്ക് സമ്പത്തും സൌന്ദര്യവും ഉണ്ട്, കൈ നിറയെ പടങ്ങളുണ്ട്, എന്താഗ്രഹിച്ചാലും നേടാനുള്ള ശേഷിയുള്ള നീ വെറുമൊരു ഭ്രമാത്മകതയിലൂടെ പോയി ജീവിതം കളയരുത്. നിനക്കു നോവുമ്പോള്‍ ഞങ്ങള്‍ക്കു  സഹിക്കില്ല, നല്ലൊരു ജീവിതമാണ് നീ നിന്റെ മാതാപിതാക്കളുടെ  മുന്നില്‍ ജീവിച്ചു കാണിക്കേണ്ടത്.” പ്രയാഗയുടെ സ്വരം ഇടറി.

“നോ മമ്മീ, ഇതൊന്നും നോവിക്കുന്ന ചതികളല്ല, ചെറിയ ചെറിയ ഓളങ്ങളില്‍ ചെറിയ ചെറിയ ഉലച്ചിലുകള്‍, അത്രയേയുള്ളൂ, ഡാഡി വിഷമിക്കേണ്ട, ഞാന്‍ ആലോചിച്ചേ എന്തും ചെയ്യൂ, ഡാഡി ഈ കാര്യത്തിന് വേണ്ടി ഒന്നും ചെയ്യേണ്ട. ഓക്കേ?” തനൂജ ഇരുവരെയും നോക്കി ചിരിച്ചു അകത്തേക്കുപോയി.

“അവള്‍ അപകടങ്ങളെ വിളിച്ചുവരുത്തുകയാണ് പ്രയാഗാ, ആദ്യമേ അവള്‍ക്കയളോട് ഇങ്ങനെയൊരു താല്പര്യം ഉണ്ടായിരുന്നെങ്കില്‍ നേരിട്ട് പറയാമായിരുന്നല്ലോ....” തനൂജ പോയ വഴിയെ അര്‍ജുന്‍ തിവാരി ആലോചനയോടെ നോക്കി.

കണ്ണാടിക്കുമുന്നില്‍ തയ്യാറാവാന്‍ ഇരുന്ന  തനൂജ  അവിടെനിന്നും എഴുന്നേറ്റു  ബെഡ്ഡില്‍കിടന്ന  തന്റെ ഗൌണ്‍ വലിച്ചെടുത്തു. മൂന്നാലുമണിക്കൂറുകള്‍ ദാസിനരികില്‍ പറ്റിച്ചേര്‍ന്നു കിടന്ന ആ തുണിയില്‍ അയാളുടെ ഗന്ധമുണ്ടായിരുന്നു. തനൂജയുടെ മൂക്കുകള്‍ വിടര്‍ന്നു. അവള്‍ ഒച്ചയോടെ ആ മണം ആഞ്ഞുവലിച്ചെടുത്തു.

ഹാ...... ഏതു പെര്‍ഫ്യൂമിന്‍റെ സ്മെല്‍ എന്ന് എത്ര തിരഞ്ഞിട്ടും മനസ്സിലാവുന്നില്ല, റെഡ് റോസോ, ചോക്ലേറ്റോ അതോ മസ്ക്കോ....അതൊന്നുമല്ലാത്ത മറ്റെന്തൊക്കെയോ ചേര്‍ന്ന മാസ്മരികഗന്ധം...
അമേരിക്കയില്‍ ഹെലികോപ്റ്റര്‍ റൈഡില്‍ അരികില്‍ ഇരുന്നപ്പോഴാണ് അത്രയും ഡീപ്പായി ഈ മണം തനിക്ക് കിട്ടിയത്. ആ കൈകള്‍ കയ്യിലെടുത്തു ചേര്‍ന്നിരുന്നപ്പോള്‍ ആ കവിളുകളിലും ആ വിയര്‍പ്പിലും ഇതേ മണമായിരുന്നു.

തനൂജ പൊട്ടിച്ചിരിച്ചുകൊണ്ടു ഗൌണ്‍ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. അടുത്ത നിമിഷം ആ ചിരി നിന്നു. എളുപ്പമല്ല ഇനി കാര്യങ്ങള്‍, താന്‍ റായുടെ കിടക്കയില്‍ ഉണ്ടായിരുന്നതൊന്നും അയാള്‍ക്കോ മിലാനോ വിഷയമാവില്ല, അതൊക്കെ തല്‍ക്കാലത്തെ പൊട്ടിത്തെറികള്‍ മാത്രമാണ്.

തന്നോടുള്ള റായുടെ അവഗണന അവസാനിപ്പിച്ചേ പറ്റൂ.
സഹിക്കുന്നില്ല. 

ദാസിന്റെ തനൂജയോടുള്ള ഇപ്പോഴത്തെ അവഗണന ഭൂമിയുടെ വിളുമ്പില്‍നിന്നും  അവളെ താഴെക്കെടുത്തുചാടിക്കാന്‍ പ്രാപ്തിയുള്ളതായിരുന്നു.

രാത്രി പാര്‍ട്ടിയില്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. തനൂജയുമായുള്ള മുഖാമുഖം വരുന്ന എല്ലാ അവസരങ്ങളില്‍നിന്നും ദാസ്‌ മനപൂര്‍വം ഒഴിഞ്ഞുമാറി. തിരക്കുകളില്‍ സന്തോഷിക്കുന്നു എന്നുഭാവിക്കുമ്പോഴും അയാളുടെയുള്ളില്‍ തിരമാലകള്‍ ആഞ്ഞടിച്ചു.

മിലാന്‍ ഇതുവരെ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. അമ്മയുടെ ഫോണ്‍വിളികള്‍ അവള്‍ എടുക്കുന്നേയില്ല. നേരിട്ടു  ആ വീട്ടിലേക്ക് കയറിച്ചെന്ന് മിലാന്റെ മുന്നില്‍ നില്‍ക്കാനും അവളുടെ മാതാപിതാക്കളെ അഭിമുഖീകരിക്കാനും ആത്മാഭിമാനം ദാസിനെ അനുവദിച്ചില്ല.

പിറ്റേന്ന് മുംബൈയിലെ വീട്ടില്‍ മിലാന്‍ പ്രണോതിയെ കാണാന്‍ ഒരു അതിഥി എത്തി. വാതില്‍ തുറന്ന ശാരികയുടെ മുന്നിലേക്ക്‌ കരുവാളിച്ച കവിള്‍ത്തടങ്ങളോടെ കലങ്ങിയ കണ്ണുകളോടെ തനൂജ തിവാരി നീങ്ങിനിന്നു.

“പ്ലീസ് ശാരികായാന്റി, എനിക്ക് മിലാനെയൊന്നു കാണണം. പ്ലീസ്....”

                              (തുടരും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

View More