-->

America

നീലച്ചിറകുള്ള മൂക്കുത്തികൾ 28 - സന റബ്സ്

Published

on

മുന്നോട്ടു വന്ന തനൂജ ദാസിനു നേരെ ആരതിയുയര്‍ത്തി. “ഹായ് തനൂജാ, സര്‍പ്രൈസ് ആണല്ലോ, തനൂജ ഇവിടെ എന്റെ വീട്ടില്‍; ഹൌ ആര്‍ യു...?” ദാസ്‌ ചിരിയോടെ തനൂജയെ നോക്കി.

“യെസ് റായ്, ഡല്‍ഹിയില്‍ വന്നപ്പോള്‍ അമ്മയെ വിളിച്ചു. നിങ്ങളെല്ലാവരും കുടുംബസമേതം ഇന്നിവിടെ കാണും എന്ന് അമ്മ പറഞ്ഞു. അപ്പോള്‍ ആ സന്തോഷത്തില്‍ പങ്കുചേരാമെന്ന് കരുതി. വെല്‍ക്കം മിസ്സ്‌ മിലാന്‍, മോളൂ വരൂ...” 
മൈത്രെയിയെ അതീവവാത്സല്യത്തോടെ നോക്കിയായിരുന്നു തനൂജയുടെ വാചകം. താരാദേവി തനൂജയുടെ കയ്യില്‍നിന്നും ആരതിത്തട്ട് വാങ്ങി. നിരസിക്കാനവാതെ തനൂജയ്ക്ക് താലം കൈമാറേണ്ടിവന്നു.

താരാദേവി മൂവരെയും ഒരുമിച്ചു നിറുത്തി ദീപമുഴിഞ്ഞു. മിലാന്റെ കണ്ണുകള്‍ തനൂജയില്‍ത്തന്നെയായിരുന്നു. രണ്ടു കണ്ണുകളും കൂട്ടിമുട്ടിയപ്പോള്‍ തനൂജ നന്നായിത്തന്നെ ഒന്ന് ചിരിച്ചു. മൈത്രേയി കൈനീട്ടി തനൂജയ്ക്ക് ഷേക്ക്‌ഹാന്‍ഡ്‌ കൊടുത്തു. ദാസിനെയും മിലാനെയും ഒരുവിരലില്‍ തൊട്ടെടുത്ത കുങ്കുമം അണിയിച്ച താരാദേവി മൈത്രെയിയെ ചേര്‍ത്തുപിടിച്ചു അകത്തേക്ക് കയറി. 

താരാദേവി മിലാനെ അവരുടെ മുറിയിലേക്ക് കൊണ്ടുപോയി. തൻറെ മുറിയിലെത്തിയ ദാസ്‌  എന്താണ് ചെയ്യേണ്ടതെന്നറിയാതെ അല്‍പനേരം ഉഴറി. തനൂജയുടെ എന്‍ട്രി ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. സ്വന്തം വീട്ടിലെ സ്വാതന്ത്ര്യത്തില്‍ ഒരു മതില്‍ ഉയര്‍ന്നു വന്നിരിക്കുന്നു. അമ്മയെ വിളിക്കാതെ നേരെ വീട്ടിലേക്കു വന്നതില്‍ അന്നാദ്യമായി അയാള്‍ കുണ്‍ഠിതപ്പെട്ടു. കുറെ കാര്യങ്ങള്‍ മിലാനുമൊത്ത് പ്ലാന്‍ ചെയ്തതായിരുന്നു. വാതിലില്‍ മുട്ട് കേട്ട അയാള്‍ തിരിഞ്ഞു.

“ഹായ് റായ്...”

“യെസ് തനൂജാ, വരൂ...”

“ഞാന്‍ ഒരുപാട് വിളിച്ചിരുന്നു. പുറത്തായിരുന്നോ?”

“അതെ, എന്തൊക്കെയായി നമ്മുടെ ഇന്റര്‍ലീഗ്? ഷെയറില്‍ എന്താണ് പ്രശനങ്ങള്‍ കേള്‍ക്കുന്നത്? വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ? കാണുന്നുണ്ടല്ലോ അല്ലേ?”

“ഉണ്ട്, എന്നാല്‍ അതിനു ഇന്‍വെസ്റ്റ്‌ ചെയ്ത ഷെയര്‍ എടുത്തു ഞാന്‍ മറ്റൊന്നിലേക്കും വക മാറ്റിയിട്ടില്ല. സുതാര്യമാണ് എല്ലാം...” തനൂജ ഇരുന്നുകൊണ്ട് പറഞ്ഞു. “വാര്‍ത്തകളില്‍ അവര്‍ക്ക് പലതും പറയാമല്ലോ, നമ്മള്‍ മീഡിയയുടെ മുന്നില്‍ എല്ലാം വിളിച്ചുപറയേണ്ട കാര്യമില്ല.”

“മൊത്തം എഴുന്നൂറ്  കോടി ഷെയര്‍ വന്നിട്ടുണ്ട്. അതിന്റെ കണക്കുകളും സുതാര്യമാവണം. അടുത്ത മാസം കഴിഞ്ഞാല്‍ കളി തുടങ്ങുകയാണ്. ഞാന്‍ നാട്ടില്‍ത്തന്നെയുണ്ടാകും. നമുക്ക് കാണാം.”

“റായ് ബെല്‍ജിയം പോയിരുന്നു അല്ലെ?”

“അതെ, പോയിരുന്നു. അര്‍ജെന്റ് ആയ ഒരു ബിസിനസ് ട്രിപ്പ്‌. തനൂജ എങ്ങനെയറിഞ്ഞു?”

തനൂജയുടെ മറുപടി അല്പം വൈകിയത് ദാസ്‌ പ്രത്യേകം ശ്രദ്ധിച്ചു. 
“അല്ല, ഞാന്‍ ചോദിച്ചത്, അതൊരു സീക്രട്ട് ബിസിനസ് ഡീല്‍ ആരുന്നു, പത്രക്കാര്‍ക്ക് വിവരമൊന്നും കൊടുത്തിരുന്നില്ല...” തനൂജയുടെ  മുഖത്തുനിന്നും  ദാസ് കണ്ണുകൾ അടർത്തിയില്ല.

“എന്റെയൊരു ഫ്രണ്ട് ബെല്‍ജിയത്തില്‍ ഉണ്ട്. അയാളാണ് പറഞ്ഞത്.  എന്നാല്‍ ഞാന്‍ എഴുന്നേല്‍ക്കട്ടെ, ഇപ്പോള്‍ വന്നല്ലെയുള്ളൂ. റായ് റെസ്റ്റ്‌ എടുക്കൂ...”

പിന്തിരിഞ്ഞ തനൂജ നോക്കിയത് മിലാന്റെ മുഖത്തേക്കായിരുന്നു. മിലാന്‍ പുഞ്ചിരിച്ചു. “ഹായ് മിലാന്‍... പുതിയ സിനിമകള്‍ ഏതൊക്കെയാണ്..?”

“പുതിയതൊന്നും ഇല്ല തനൂജാ, വിവാഹശേഷം തിരക്കുകള്‍ കഴിഞ്ഞിട്ടേ സിനിമകള്‍ കമിറ്റ് ചെയ്യുന്നുള്ളൂ...”

“ഒഹ് നൈസ്.... ഇത് രണ്ടുപേരും കൂടി എടുത്ത തീരുമാനമോ?” ദാസിനെ നോക്കിയായിരുന്നു തനൂജയുടെ അനേഷണം. ദാസ്‌ ചിരിച്ചു. “നിങ്ങള്‍ സിനിമാനടികളുടെ കരിയറില്‍ ഞാന്‍ എന്ത് തീരുമാനം പറയാനാണ്? അതെല്ലാം മിലാന്റെ തീരുമാനമാണ്.”

“എങ്കിലും മിലാന്‍ അല്പംകൂടി ആലോചിച്ചു സിനിമകള്‍ വേണ്ടെന്നു വെയ്ക്കാമായിരുന്നു. നമ്മള്‍ ആഗ്രഹിക്കുന്ന സമയത്ത് സിനിമകള്‍ കിട്ടിക്കൊള്ളണമെന്നില്ല.  അപ്പോള്‍ ഉടനെ വിവാഹമുണ്ടല്ലേ... എന്തായാലും കണ്ഗ്രാറ്റ്സ്...” മുന്നോട്ടുവന്നു മിലാന്റെ കൈകളില്‍ ഒന്ന് തഴുകി തനൂജ പുറത്തേക്കു നടന്നു. “ഞാന്‍ താഴെയുണ്ടാകും, നിങ്ങള്‍ താഴേക്ക് വരില്ലേ?”

“യെസ് യെസ് വരികയാണ്....” ദാസ്  പറഞ്ഞതുകേട്ട്‌ മിലാനും തലകുലുക്കി. തനൂജ പോയയുടനെ മിലാന്‍ ദാസിന്റെ മുഖത്തേക്ക് നോക്കി. “എപ്പോഴാണ് വിദേത് ബെല്‍ജിയം പോയത്?”

“നിനക്കറിയില്ലേ ഞാന്‍ പോയിട്ടില്ല എന്ന്? നിന്നോട് പറയാതെ പോയെന്നാണോ കരുതുന്നത്?”

“പിന്നെ ഇപ്പോള്‍ ഇവിടെ കേട്ടത്?”

“ശ്ശ്ശ്.... “അയാള്‍ ചുണ്ടില്‍ വിരല്‍ ചേര്‍ത്തു. അത് മറ്റൊരുകാര്യം അറിയാനായുള്ള എന്റെയൊരു ശ്രമത്തിന്റെ ഭാഗമാണ്. ഉറപ്പിച്ചു പറയാന്‍ ഇപ്പോള്‍ സാധിക്കില്ല.” എന്തോ ചോദിക്കാന്‍ വന്ന മിലാന്‍ അത് വേണ്ടെന്നു വെച്ചു തിരിഞ്ഞുനടന്നു.

“മിലാന്‍....” ദാസ്‌ വിളിച്ചു. മിലാന്‍ നിന്നു. തിരിഞ്ഞുനോക്കിയില്ല.

“ഇത് നമ്മുടെ ബെഡ്റൂം ആണ്. നീ ഒന്ന് നോക്കുകപോലും ചെയ്യാതെ പോകുന്നതെന്താണ്?”

ഒരു മാത്ര അങ്ങനെതന്നെ നിന്നിട്ട് മിലാന്‍ ദാസിന്റെ മുഖത്തേക്ക് നോക്കി. “ഈ മുറിയില്‍ ഞാന്‍ ചില  അറെന്ജ്മെന്റസ് നടത്തുകയാണ്. നീ നോക്ക്... ഇനിയെന്തെങ്കിലും മാറ്റങ്ങള്‍ വേണമോ എന്ന്... ഇതാണ് എന്റെ വീട്, അച്ഛന്‍ ഉണ്ടാക്കിയ വീട്. ഡല്‍ഹിയിലെ ഫ്ലാറ്റിലെ ജീവിതമല്ല ഇവിടെ വീട്ടില്‍. അമ്മയാണ് ഇവിടത്തെ സാരഥി, എന്റെ ചെറുപ്പവും യവ്വനവുമെല്ലാം ഈ വീട്ടിലായിരുന്നു.”

“ഈ മുറിയില്‍ മറ്റാരും താമസിച്ചിട്ടില്ലേ?” ചോദ്യത്തിന്റെ ധ്വനിയിലേക്ക് ദാസ്‌ ഇറങ്ങിച്ചെന്നു. “ഇല്ല, മേനകയും ഞാനും താഴെയുള്ള മുറികളാണ് ഉപയോഗിച്ചത്. ഈ മുറി എന്റെ സ്വകാര്യതയാണ്. വാ... ഞാന്‍ കാണിച്ചുതരാം...” അയാള്‍ അവളുടെ കൈകളില്‍ പിടിച്ചു. അല്പം ബലം പ്രയോഗിച്ചു മിലാന്‍ ആ പിടി വിടുവിച്ചുകളഞ്ഞു.

നിഷേധാര്‍ഥത്തില്‍ തലവെട്ടിച്ചുകൊണ്ട് ദാസ്‌ അപ്പുറത്തിരുന്നു. “നോക്ക് മിലാന്‍, നീ കണ്ടതാണ് ഇപ്പോള്‍ ഇവിടെ സംഭവിച്ച എല്ലാം, ഞാനും നിന്നെപ്പോലെ അതിനെല്ലാം സാക്ഷി മാത്രമാണ്. കൂടുതല്‍ ഒരു പാര്‍ട്ടും എനിക്കില്ല. തനൂജ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കുതിച്ചുചെല്ലുന്ന ടൈപ്പ് ആണ്. അതില്‍ വീഴാതെ നോക്കേണ്ടത് നമ്മളാണ്.”

“എന്നിട്ടെന്താണ് വിദേത് ഇങ്ങനെ വീണുകൊണ്ടിരിക്കുന്നത്? ഇതില്‍നിന്നും ഞാന്‍ മനസ്സിലാക്കേണ്ടത് വിദേതിന് ശ്രദ്ധയില്ലെന്നോ അതോ കൗതുകം കൂടിപ്പോയെന്നോ...അതോ അവളെ ഇഷ്ടം തന്നെയാണെന്നോ...?"

“മിലാന്‍, താഴെ പലരുമുണ്ട്. ഇപ്പോഴിവിടെ തര്‍ക്കിക്കണോ, എന്നിട്ട് എല്ലാവരെയും കേള്‍പ്പിക്കണോ?”

ദാസിന്റെ ചോദ്യം കേട്ട മിലാന്‍ തിരിഞ്ഞു നടന്നു. അയാള്‍ വേഗം മുന്നോട്ടു നടന്നു അവളുടെ വഴി തടഞ്ഞു. “മിലാന്‍, പ്ലീസ്, നീ ആദ്യമായാണീ വീട്ടില്‍ വരുന്നത്. നിന്റെ ഐഡിയ എന്തൊക്കെയെന്ന് ഒന്ന് നോക്കിയിട്ട് പറയൂ, ഇങ്ങോട്ടുള്ള യാത്ര അപ്രതീക്ഷിതമായിരുന്നു എങ്കിലും അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. നീയിവിടെ വരുമെന്നും എനിക്കുള്ളതെല്ലാം നീ കാണുമെന്നും എന്റെ വീട്ടിലും  എന്റെ സ്വപ്നങ്ങളിലും  ഞാന്‍ പോലും കാണാത്ത കാര്യങ്ങള്‍ നീ കണ്ടെത്തുമെന്നും ഞാന്‍ വല്ലാതെ ആഗ്രഹിച്ചു.”

“വിദേത് വളരെ മധുരമായി സംസാരിക്കുന്നു.” മിലാന്‍ പുഞ്ചിരിച്ചു. “ഈ കഴിവാണ് എല്ലാവരെയും അകറ്റുവാനും അടുപ്പിക്കാനും സമര്‍ത്ഥമായി വിദേത് ഉപയോഗിക്കുന്നത് അല്ലെ?”

“തര്‍ക്കിക്കാന്‍ ഞാനില്ല, വാ... പ്ലീസ്...” അയാള്‍ വീണ്ടും അവളുടെ കൈ പിടിച്ചു. ഇത്തവണ മിലാന്‍ കുതറിയില്ല.

രാജകീയമായ ആ മുറിയുടെ ഒരു ചുവരൊഴികെ ബാക്കിയെല്ലാം ചിത്രാര്‍ച്ചിതയംഗികളാല്‍ മറച്ചിരുന്നു. വലതുഭാഗത്തെ കര്‍ട്ടന്‍ വലിച്ചപ്പോള്‍ പുസ്തകങ്ങളുടെ ഗംഭീരമായ ഷെല്‍ഫുകളിലേക്കവ  മിഴി തുറന്നു. വളരെ അടുക്കോടെയും ചിട്ടയോടേയും ക്രമീകരിച്ച ഷെല്‍ഫുകളുടെ നടുക്കായി മറ്റൊരു തിരശ്ശീല ഉണ്ടായിരുന്നു. മിലാന്‍ അത് മാറ്റി.
 ഇരുവശത്തും ഉരുണ്ട തൂണുകളോടെ ചെറിയൊരു  ഇടനാഴി നീണ്ടു പോകുന്നു. അതിന്റെയറ്റത്തായി ഒരു വാതില്‍! തൂണുകളുടെ വലതുവശത്തായി ഒരു ചെറിയ ബെഞ്ചും ഡെസ്ക്കും  വാർത്തിട്ടിരിക്കുന്നു. അതിനപ്പുറത്തായി പുറത്തെ കാഴ്ചകള്‍ കാണാവുന്ന ഗ്ലാസ്സിട്ട ജനല്പാളികള്‍... ജനലരികില്‍ കയറിയിരിക്കാന്‍ സ്ഥലവുമുണ്ട്. പച്ചനിറത്തിലുള്ള വള്ളികള്‍ പടര്ന്നുപോകുന്ന ചായങ്ങള്‍ ആ ഗ്ലാസിന് ചാരുത കൂട്ടുന്നു.

“അമ്മയും മകനും ചിത്രങ്ങളുടെ ആരാധകരാണല്ലേ... എന്തൊരു ഭംഗിയാണ് അമ്മയുടെ മുറിയിലെ ചുവരിലുള്ള ആ ചിത്രം!” മിലാന്‍ താരദേവിയുടെ മുറിയിലെ ചിത്രം ഓര്‍ത്തുകൊണ്ട് വിന്‍ഡോഗ്ലാസില്‍  തലോടി.

“അതെ, എനിക്ക് വരയും ചിത്രവും ഒരുപാടിഷ്ടമാണ്. ചിത്രങ്ങളോട് ഭയങ്കര ക്രേസ് ആണ്. ഏറെ ചിത്രങ്ങള്‍ ഉണ്ട്, നീ വന്നിട്ടുവേണം നമുക്കതെല്ലാം നന്നായി അറേഞ്ച് ചെയ്യാൻ.  എല്ലാം വലിച്ചു വാരി  കൂട്ടിയിട്ടിരിക്കയാണ്.”

“ഈ വാതില്‍ തുറന്നാല്‍ അപ്പുറത്ത് മറ്റൊരു മുറിയുണ്ട്. വാ...” 
അയാളവളുടെ വിരലുകളില്‍ നിന്നും പിടിവിട്ടില്ല. “ഈ മുറിക്കൊരു പ്രത്യേകതയുണ്ട്. എന്തെന്ന് പറയാമോ?” ദാസ്‌ മിലാനെ നോക്കി. തുറന്ന മുറിയും അതിമനോഹരമായിരുന്നു. കിടക്കുവാനും വായിക്കുവാനുമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. ചില്ലുഭിത്തികള്‍ മാത്രമുള്ള ഡ്രസ്സ്‌ ഏരിയയും കുളിമുറിയും മിലാന്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. “എന്താ വിദേത്, ബെഡ്റൂമിനുള്ളില്‍ മറ്റൊരു ബെഡ്റൂം നല്‍കിയത്?”

“നീയറിയാതെ എനിക്കിവിടെ ജീവിതം ആഘോഷിക്കാമല്ലോ.... നീ അപ്പുറത്തുണ്ടായാലും ഞാനിവിടെയുള്ളത് നീയറിയില്ല.” കുസൃതിയോടെ ദാസ്‌ അത് പറഞ്ഞപ്പോള്‍ മിലാന്‍ അയാളെ തറപ്പിച്ചു നോക്കി.

“അപ്പോള്‍ ഓരോന്നിനും വ്യക്തമായ അജണ്ട ഉണ്ടെന്നര്‍ത്ഥം; വിദേത് എപ്പോഴും രഹസ്യങ്ങള്‍ കീപ്‌ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. റൈറ്റ്?”

“മൈ ഗേള്‍, ഒരു രഹസ്യവുമില്ല. എന്നും ഒരേ മുറിയില്‍ ഉറങ്ങണോ... ഞാന്‍ പറഞ്ഞത് വെറുതെയല്ല. ഈ മുറി സൌണ്ട് പ്രൂഫ്‌ ആണ്.  ഇതിനുള്ളിലെ ഒരു ശബ്ദവും വെളിയില്‍ കേള്‍ക്കില്ല. എന്നാല്‍ അപ്പുറത്തെ മുറിയില്‍ നടക്കുന്നത് ഇവിടെ നിന്നാല്‍ കാണുകയും ചെയ്യാം. ഇപ്പോള്‍ നമ്മള്‍ വന്ന വാതിലും നിനക്ക് കാണാന്‍ വേണ്ടിയാണ് ഞാന്‍ ഓപ്പണ്‍ ചെയ്തത്. അല്ലെങ്കില്‍ ആ ഷെല്‍ഫ് കഴിഞ്ഞാല്‍ ഭിത്തി മാത്രമേ വെളിയില്‍ കാണൂ. ഇടനാഴിയും ഈ വാതിലും മുറിയുമെല്ലാം അപ്രത്യക്ഷമായിപ്പോകും.” കൈയിലെ റിമോട്ട് ഉപയോഗിച്ച് അയാള്‍ അവയുടെ പ്രവര്‍ത്തനം വിവരിച്ചു. “റിമോട്ട് ഇല്ലാതെയും ഇവ തുറക്കാം. പുസ്തകഷെല്‍ഫിനരികിലെ പൂക്കള്‍ നിറഞ്ഞ പൂപ്പാത്രം ഉയര്‍ത്തിമാറ്റി അയാള്‍ വാതില്‍ തുറക്കാനുള്ള രഹസ്യവിദ്യ കാണിക്കുമ്പോള്‍ പിണക്കവും പരിഭവവും മാഞ്ഞുപോയി അവളൊരു കൊച്ചുകുട്ടിയായി മാറുകയായിരുന്നു.

ദാസ്‌ അവളെ ചുമരിലെ അടുത്ത കര്‍ട്ടനിലേക്ക് നയിച്ചു. മേശയുടെ അറകള്‍ വലിച്ചുമാറ്റുംപോലെ ചുമര്‍ വലിച്ചു മാറ്റുന്നതും താഴേക്ക്‌ ചവിട്ടുപടികള്‍ ഇറങ്ങിപ്പോകുന്നതും അത്ഭുതത്തോടെ മിലാന്‍ നോക്കിനിന്നു. പടവുകളില്‍ ഇറങ്ങിനിന്ന് അയാള്‍ മിലാന് നേരെ കൈകള്‍ നീട്ടി. 

“വരൂ...”

മായാജാലം കാണുന്നൊരു കുട്ടി മജീഷ്യന്റെ മാന്ത്രികച്ചെപ്പ് പിന്തുടരുമ്പോലെ മിലാന്‍ ആ കൈകളില്‍ പിടിച്ചു താഴേക്കിറങ്ങി. അവളുടെ ഹൃദയം അലിയാന്‍ തുടങ്ങിയിരുന്നു. മറ്റാരും കാണാത്ത ചിലതെല്ലാം, മറ്റാര്‍ക്കും ലഭിക്കാത്ത അപൂര്‍വതയെല്ലാം  തനിക്ക് മാത്രമായി സമ്മാനിക്കുന്ന ഈ മനുഷ്യന്റെ മനസ്സ് പലപ്പോഴും തനിക്കു പിടിതരാതിരിക്കുന്നത് എന്തുകൊണ്ടാവാം? ഓറഞ്ച് വെളിച്ചം നിറഞ്ഞ പടികള്‍ ഇറങ്ങുമ്പോള്‍ നീളമുള്ള അയാളുടെ നിഴലും ശരീരവും അവള്‍ മാറിമാറി നോക്കി.
ഇതില്‍ ഏതാണ് യഥാര്‍ത്ഥത്തിലുള്ള വിദേത്...?

അല്പം ഉയരമുള്ള ചെടികള്‍ ചെടിച്ചട്ടികളില്‍ നിരയായി വെച്ചിരുന്ന വഴിയിലൂടെ ഹാളിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു. വിശാലമായ സ്വിമ്മിംഗ്പൂളിന് മുന്നിലെത്തിയ ദാസ്‌ വിരല്‍ ചൂണ്ടി പറഞ്ഞു. “ഇതാ എന്റെ രാജകുമാരിക്ക് നീരാടാനുള്ള ചെന്താമ്മരകള്‍ നിറഞ്ഞ ജലകേളീഗൃഹം!”

അവള്‍ക്കു വിസ്മയമടക്കാന്‍ കഴിഞ്ഞില്ല. നീന്തല്‍ക്കുളത്തിന് ചുറ്റുമുള്ള തൂണുകളില്‍ ചെറിയ വിളക്കുകള്‍ ജ്വലിച്ചു നില്‍ക്കുന്നു. രാത്രിയുടെ നിഴലും  പാലൊളിയുടെ കുളിരും ചെടികളുടെ മറവും എല്ലാം കൂടി താനേതോ വനത്തിനുള്ളിലെ പൊയ്കയില്‍ ആണെന്ന് അവള്‍ക്ക് തോന്നി.
“ഇവിടെ വന്നപ്പോള്‍ രാത്രിയായതുപോലെ തോന്നുന്നു വിദേത്....” മിലാന്‍ ആ പടവുകളിലേക്ക് ഓടിയിറങ്ങി വെള്ളം കോരി മുഖത്തേക്കൊഴിച്ചു.  “സ്പ്ലെന്റിഡ വിദേത്... ഞാനിപ്പോ ജിന്നിന്‍റെ കോട്ടയില്‍ എത്തിയപോലുണ്ട്. എങ്ങും മായക്കാഴ്ചകള്‍! ഇങ്ങനെയൊക്കെ ഉണ്ടാക്കണമെന്ന് തോന്നാന്‍ കാരണമെന്തായിരുന്നു?”

വസ്ത്രം ഉയര്‍ത്തിപ്പിടിച്ച് അവള്‍ വെള്ളത്തിലേക്കിറങ്ങി.

 പകലിനെ രാത്രിയാക്കിയ ആ മാന്ത്രികന്‍ ചിരിച്ചു. “വെറുതെ ഒരു ഫാന്റസിയില്‍ തോന്നിയ കാര്യങ്ങള്‍; ചിലരെല്ലാം പണം കൂട്ടിയിടാന്‍ അന്തര്‍ഗര്‍ഭഗുഹകള്‍ ഉണ്ടാക്കുമ്പോള്‍ എനിക്കിങ്ങനെ ചെയ്യാനാണ് തോന്നിയത്. മറ്റൊന്ന്, നാം ഒരുമിച്ചുള്ള ജീവിതം വളരെ വളരെ സ്പെഷ്യല്‍ ആന്‍ഡ്‌ പ്രൈവസിയോടെ വേണമെന്ന ഒരു സ്വാര്‍ത്ഥമോഹത്തില്‍ നിന്നും ഉണ്ടായതാണീ കാണുന്നതെല്ലാം. ഇവിടെ ആദ്യമായി കണ്ടതും കാലടികള്‍ സ്പര്‍ശിച്ചതും നിന്റെയാണ്. അതെനിക്ക് നിര്‍ബന്ധമായിരുന്നു.” അയാള്‍ മുന്നോട്ടിറങ്ങി പടവിലിരുന്നു. വെള്ളത്തില്‍ തെളിഞ്ഞ അവളുടെ കാലടികളിലേക്ക് തന്റെ കൈകള്‍ ചേര്‍ത്തുവെച്ചു മുഖം കുനിച്ച് ജലോപരിതലത്തില്‍ പതിയെ ചുംബിച്ചു.

മുഖാമുഖം നോക്കി അവര്‍ കുറെനേരമിരുന്നു.

“എന്താണ് ആലോചിക്കുന്നത്?” ഇമകള്‍ തുരുതുരാ തുറന്നടയുന്ന അവളുടെ കണ്ണുകളില്‍ ദാസ്‌ കൈപ്പത്തി ചേര്‍ത്തുവെച്ചു.

“ഞാന്‍ ആലോചിച്ചത്... വിദേത് ഇങ്ങനെ മുന്‍പ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ... ഐ മീന്‍... ഇങ്ങനെ കാണിച്ചുകൂട്ടി സ്നേഹിച്ചോ എന്നല്ല ഞാന്‍ ചോദിച്ചതിനര്‍ത്ഥം. വളരെ ആഴത്തില്‍..”

“മനസ്സിലായി. പ്രേമവും ഇഷ്ടവും ഉണ്ടായിട്ടൊക്കെയുണ്ട്. ഇല്ലെന്നു പറഞ്ഞാല്‍ അത് കളവാകും. ആ സമയത്ത് അനുഭവിച്ച അടുപ്പവും ആകര്‍ഷണവും അതാത് സമയത്ത് വലുത് തന്നെയായിരുന്നു. പക്ഷേ ഇപ്പോള്‍ നിന്നോട് തോന്നുന്നത് ഈ കാലഘട്ടത്തിന്‍റെ പ്രണയമാണ്.”

എഴുന്നേറ്റ ദാസ്‌ മിലാനെ ചുറ്റിപ്പിടിച്ചു ചേര്‍ത്തുനിറുത്തി. “മനസ്സിലായോ? അതായത് എന്നെപ്പോലെയൊരാള്‍ക്ക് പണം കൊടുത്താലും സമയം കൊടുത്താലും ധാരാളം പെണ്‍കുട്ടികളെ നേരംപോക്കിനോ പ്രേമിച്ചുനടക്കാനോ കിട്ടും. അതെല്ലാം താല്‍ക്കാലികമായിരിക്കും. മടുത്തുപോവാനും ഒരുപാട് ചാന്‍സുണ്ട്. നിനക്കും എന്നേക്കാളധികം അവസരങ്ങളുണ്ട് ജീവിതം ആഘോഷമാക്കാന്‍. പ്രസന്റ് ജീവിതത്തില്‍ എന്റെ മനസ്സില്‍ തോന്നുന്ന എല്ലാതരത്തിലുള്ള  ഫാന്റസിയും സ്നേഹവും കാണിക്കാന്‍ ജീവിതം ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നു. പങ്കുവയ്ക്കുവാനും പ്രകടിപ്പിക്കാനും അതേ വേവ് ലെങ്ങ്തിലുള്ള മനസ്സാഗ്രഹിച്ച പെണ്‍കുട്ടിയെ കിട്ടുകയും അതവള്‍ക്ക്‌ മനസ്സിലാകുകയും ചെയ്യുന്നു. തിരികെ അവളെന്നെ സ്നേഹിക്കുന്നു. ഇതെല്ലാം വളരെ വളരെ അപൂര്‍വമായി ഈ ലോകത്ത് നടക്കുന്ന വിസ്മയമാണ് മിലാന്‍....”

മിലാന്‍ മുഖമുയര്‍ത്തി. “ഇപ്പോഴെനിക്ക്‌ തോന്നിയ ഈ ആഗ്രഹങ്ങള്‍ നടത്താനുള്ള ചുറ്റുപാടുകള്‍ എനിക്കുണ്ടായതിനാല്‍ ഇവിടെ ഈ ജലഗോപുരം ഉണ്ടാക്കാനും അവിടെവെച്ചു എന്റെ സ്നേഹം നിന്നോട് പ്രകടമാക്കാനും കഴിഞ്ഞു. ഒരേയൊരു ഷാജഹാന്‍ മാത്രമേ മുംതാസിന് താജ്മഹല്‍ പണിതുള്ളൂ. അയാള്‍ക്ക്  മാത്രമേ അത് മുംതാസിന് നേരിട്ട് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞുള്ളു. ശേഷവും മുന്‍പും ഈ ലോകത്തുണ്ടായ സ്നേഹങ്ങള്‍ നിസ്സരമെന്നല്ല അതിനര്‍ത്ഥം. പ്രകടിപ്പിക്കാന്‍ ഒരേ കാലഘട്ടം കിട്ടുക എന്നതാണവിടത്തെ പോയിന്റ്‌.”

 “പിന്നെ എന്റെ ഈ പ്രായത്തില്‍ നിന്റെ സ്നേഹം മുഴുവനായി കിട്ടുക എന്നതും ഈ ലോകത്തെ എട്ടാമത്തെ അത്ഭുതമല്ലേ മിലാന്‍...?” 
കാതോരം ചേര്‍ന്ന് അയാളുടെ സ്വരം വന്നപ്പോള്‍ മിലാന്‍ അയാളെ ഇറുകെ പുണര്‍ന്നു. അവളുടെ എല്ലാ ആശങ്കകളും തൂവല്‍ പൊഴിയുംപോലെ ഊര്‍ന്നുവീണുകൊണ്ടിരുന്നു. അയാളവളെ കൈകളില്‍ കോരിയെടുത്തു വെള്ളത്തിലേക്ക്‌ ചുവടുകള്‍ വെച്ചു.
 “ഏയ്‌, നോ വിദേത്..., ഇപ്പൊ വെള്ളത്തില്‍ ഇറങ്ങരുത്. നമ്മെ കാത്ത് എല്ലാവരും  അക്ഷമരായിരിക്കും. നോ, പ്ലീസ്...” മിലാന്‍ കെഞ്ചിയെങ്കിലും ദാസ്‌ ചെവിക്കൊണ്ടില്ല. “അവര്‍ കുറച്ചു വെയിറ്റ് ചെയ്യട്ടെ... തനൂജയല്ലേ, അവള്‍ ഇന്ന് മുഴുവനും നമ്മെ കാത്തിരിക്കണം. കാണാതാവുമ്പോള്‍ ഇവിടെ മുഴുവനും ഓടിനടന്നു ഭ്രാന്തെടുത്തു അലറിവിളിക്കണം. മനുഷ്യനെ സ്വൈര്യത്തോടെ വിടില്ലെന്ന് വെച്ചാല്‍....”

ദാസിന്റെ പറച്ചില്‍കേട്ട മിലാന്‍ ചിരിച്ചുപോയി. “പക്ഷെ, വേണ്ട വിദേത്, പിന്നീടാവാം, അവിടെ അമ്മയും ഉണ്ട്, വസ്ത്രം നനഞ്ഞാല്‍ അവരെല്ലാം സംശയിക്കും, വസ്ത്രം മാറി അങ്ങോട്ട്‌ ചെന്നാലും സംശയിക്കും...പ്ലീസ്...”

മിലാന്‍ അത്രയും പറഞ്ഞപ്പോള്‍ ദാസ്‌ അവളെ താഴെ നിറുത്തി. “ശരി, പോയേക്കാം... ഇവിടെ നിന്ന് താഴെ നമ്മുടെ ഹാളിലേക്ക് കയറാന്‍ ഒരെളുപ്പവഴിയുണ്ട്. കാണിക്കാം....” ദാസ്‌ മുന്നോട്ടു നടന്നു. ഒരു തൂണിനരികിലെ വിളക്കെടുത്തു മാറ്റി ബട്ടണ്‍ അമര്‍ത്തി. അവിടെ ഒരു വാതില്‍ തുറന്നുവന്നു. പ്രധാന ഹാളിലേക്കായിരുന്നു അവര്‍ എത്തിയത്. അപ്പുറത്ത് ദൂരെയായി അമ്മയും തനൂജയും മൈത്രെയിയും ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു.

ദാസ്‌ മിലാനെ പുറകിലേക്ക് വലിച്ചു. “ഈ വഴി ഇപ്പോള്‍ പോകേണ്ട, ഈ വഴിയിലൂടെ നാം വരുന്നത് അവര്‍ കാണരുത്.”

“ഇതെല്ലാം അമ്മയും കണ്ടിട്ടില്ലേ?” തിരികെ മുറിയിലേക്ക് പടികള്‍ കയറുമ്പോള്‍ മിലാന്‍ ചോദിച്ചു. “അമ്മ ഇങ്ങോട്ട് വന്നിട്ടില്ല, അറിവുണ്ടാകാം ചിലപ്പോള്‍ മകന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടിവെച്ചെന്ന്...”

മുറിയിലെത്തി യാത്ര പറയാന്‍ നേരം മിലാന്‍ റായ് വിദേതന് നേരെ തിരിഞ്ഞു. “എന്നെ ഇങ്ങനെ വ്യത്യസ്തമായി സ്നേഹിച്ചു അമ്പരപ്പിക്കുന്നുവെങ്കില്‍ മേനകയെയും റോസ്ലിനെയും എങ്ങനെയാണ് വിദേത് സ്നേഹിച്ചത്? എന്നിട്ടും എങ്ങനെയാണ് അവരെല്ലാം ഈ വഴിയില്‍നിന്നും പിരിഞ്ഞുപോയത്?”

“കുട്ടീ... പ്രണയം നമ്മുടെ ചുറ്റും കാണുന്നത്ര ചെറുതല്ല.  നാം കണ്ട പ്രണയമോ കാണുന്ന പ്രണയമോ അനുഭവിക്കുന്ന പ്രണയമോ അല്ല യഥാര്‍ത്ഥത്തിലുള്ള പ്രണയം. പ്രണയം വളരെ വലുതാണ്‌. വളരെ... വളരെ...”

അവള്‍ അയാളെത്തന്നെ നോക്കിനിന്നു. അവളുടെ തൊട്ടരികിലെത്തി ആ വയറില്‍ കൈചുറ്റി ഒന്ന് വട്ടം ചുറ്റിച്ച് ദേഹത്തോട് ചേര്‍ത്ത് അയാള്‍ പറഞ്ഞു. “നമ്മള്‍ കാണുന്ന സൂര്യനല്ലല്ലോ ശരിക്കുമുള്ള സൂര്യന്‍? അതുപോലെ ഓരോ കാലത്തെയും സ്നേഹവും പ്രണയവും വ്യത്യസ്തമായ കാര്യങ്ങള്‍ നല്‍കി. ഇപ്പോഴത്തെ പ്രണയം എനിക്കൊരു ചന്ദ്രനെ നല്‍കി. ഈ ചന്ദ്രനെ... ഈ ചന്ദ്രനില്‍ എന്തെല്ലാമുണ്ടെന്ന് എനിക്കിപ്പോഴും അറിയില്ല. അറിയാനുള്ള ശ്രമത്തിലാണ് ഓരോ നിമിഷവും....”

പോകാന്‍ നേരം ദാസ്‌ മിലാന്റെ കവിളിലേക്ക് കവിള്‍ ചേര്‍ത്തുവെച്ചു. “വിവഹനിശ്ചയം ഈ വീട്ടിലായിരിക്കും. വീട് മുഴുവനും ആളായിരിക്കും. നിനക്കും പ്രത്യേകമുറി ഉണ്ടാവുമല്ലോ, എങ്കിലും  എന്നെ കണ്ടില്ലെങ്കില്‍ ആരോടും അനേഷിക്കരുത്. ഞാന്‍ നമ്മുടെ സീക്രട്ട് മുറിയില്‍ ഉണ്ടാകും. അങ്ങോട്ട്‌ വരിക. ഇതാണ് ഈ മുറിയുടെ മറ്റൊരു താക്കോല്‍... എന്‍റെ കൈയ്യില്‍ മാത്രമേ വേറെ കീ ഉള്ളൂ...” താക്കോലെടുത്ത് മിലാന് നേരെ നീട്ടുമ്പോള്‍ ദാസിന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നു.

ആ താക്കോല്‍ വാങ്ങി ആ നെഞ്ചിലൊരു ഉമ്മകൊടുത്തു പെരുവിരലില്‍ ഉയര്‍ന്നു ദാസിന്‍റെ മുഖം കൈകളില്‍ എടുത്ത് മിലാന്‍ അയാളെ സൂക്ഷിച്ചുനോക്കി. ഹൃദയവേരുകളിലേക്ക് ചെന്ന് തട്ടുന്ന നോട്ടമായിരുന്നു അത്.

വാതില്‍തുറന്ന് പുറത്തേക്കിറങ്ങി മിലാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. വെളിച്ചമില്ലാത്ത ആ മുറിയില്‍ അവളെത്തന്നെ നോക്കി നില്‍ക്കുന്ന ദാസിനെ കണ്ടപ്പോള്‍ അത്യഗാധമായ ഏതോ ഗര്‍ത്തത്തിലേക്ക് പിടിവള്ളികളില്ലാതെ പതിക്കുന്നൊരു ഞെട്ടലുണ്ടായി മിലാന്. അയാള്‍ക്കരികിലേക്ക് അവള്‍ തിരിഞ്ഞോടി. ആകാശവും നക്ഷത്രങ്ങളും പതുപതുത്ത മേഘക്കൂട്ടങ്ങളും ഭൂമിയെ ഒരുമിച്ചു പുല്‍കിയതുപോലെയായിരുന്നു ആ  ആലിംഗനം. പിടയ്ക്കുന്ന ആ ഹൃദയത്തെ തെറിച്ചുപോവാതെ അടക്കിപ്പിടിച്ചു അവള്‍ പറയുന്നുണ്ടായിരുന്നു.

ഇഷ്ടമാണെനിക്ക് വിദേത്; വല്ലാതെ... വല്ലാതെ...
ആർക്കും ഞാനിനി വിട്ടുകൊടുക്കില്ല.

                       (തുടരും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പേരില്ലാത്തവർ ( കഥ : ശാന്തിനി ടോം )

ജി. രമണിയമ്മാൾ രചിച്ച ഗ്രഹണം - നോവൽ പ്രകാശനം ചെയ്‌തു

കറുത്ത (ജന്മ) ദിനം (കവിത - സോജി ഭാസ്‌കര്‍)

ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

View More