കവി ജനിക്കും മുമ്പേ കാവ്യം പിറന്നിരുന്നു
മൗനമായും ആംഗ്യമായും സ്പര്ശമായും
ശിലയില്‍ നിന്നും ശില്പി ശില്പം കൊത്തും പോലെ
വാക്കുകളും വരികളും വചനങ്ങളും
ഈ ലോകത്ത് നിറഞ്ഞു നിന്നിരുന്നു
ശോകമായും മൂകമായും പ്രണയമായും
പാരില്‍ വസന്തമായും ശിശിരമായും ഗ്രീഷ്മമായും
അത് ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു
ഉലകം മുഴുവന്‍ കലഹം നിറഞ്ഞപ്പോള്‍
ആര്‍ദ്രത മനം വിട്ടു പലായനം ചെയ്തപ്പോള്‍
കുലം മുടിച്ചു കുടിലത അരങ്ങു വാണപ്പോള്‍
കാവ്യം ലോകം വിട്ടു വാനം പൂകി കവികള്‍ വേട്ടയാടപ്പെട്ടു
ഇന്നിന്റെ കെട്ടുപാടുകളില്‍ പെട്ടുപോയവര്‍ക്ക് സ്വീകാര്യം
സ്വകാര്യതകളെ ഹനിക്കാത്ത സൗഹൃദം മാത്രം
എല്ലാവര്‍ക്കും മൂളാന്‍ പാകത്തില്‍ നീ നിന്റെ വരികളെ മയപ്പെടുത്തുക
കൂര്‍ത്ത സത്യങ്ങളെ മൂടി വെച്ച് മധുരം പുരട്ടിയ കള്ളങ്ങള്‍
പകര്‍ന്നു നല്‍കുക
നീ സ്വീകാര്യനായേക്കാം.
ഒറ്റപെട്ടു നടക്കുന്നവരെ കണ്ടാല്‍ നീ മുഖം തിരിക്കുക
അവര്‍ അമൂര്‍ത്തമാം കവിതയെ 'ഗര്‍ഭം' ധരിച്ചവര്‍
നൊന്തു പെറാന്‍ ഒരു ഒഴിഞ്ഞ ഇടം തേടുന്നവര്‍........