ബര്‍ലിന്‍: മൂന്നു ദിവസം നീണ്ടുനിന്ന ഇരുപത്തിയൊന്നാമത് ജര്‍മന്‍ ക്നാനായ
കുടുംബമേള വര്‍ണപ്പൊലിമയാര്‍ന്ന വിവിധ പരിപാടികളോടെ സമാപിച്ചു. ജര്‍മനിയിലെ
ഫ്ളൂഡായിലെ ക്ലോപിംഗ് ക്നാനായ നഗറില്‍ റവ.ഡോ. തമ്പി പനങ്ങാട്ട് മേള ഭദ്രദീപം
കൊളുത്തി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പതിനാറ് നൂറ്റാണ്ടുകളായുള്ള ക്നാനായ
തനിമയും പാരമ്പര്യവും വരും തലമുറ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും
ജര്‍മനിയിലെ രണ്ടാം തലമുറ ഈ കടമ നിറവേറ്റുന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നതായി
റവ.ഡോ. തമ്പി പനങ്ങാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍
ചൂണ്ടിക്കാട്ടി.
ഫിലിപ് പുത്തന്‍പുര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍
ചാക്കോച്ചന് വാഴയില്‍, ഫിലിപ് കോളങ്ങായില്‍, അബ്രഹാം തേനാകര, ബേബി വില്ലൂത്തറ,
ജോസ് കുസുമാലയം, ബേബി തച്ചേട്ട് എന്നിവര്‍ പ്രസംഗിച്ചു.
മൂന്നു ദിവസവും
മേളയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. ഫിലിപ് -
സിന്‍ഡ്രല്ലാ കണ്ടാരപ്പള്ളി ദമ്പതികളുടെ ആരോഗ്യ പഠന കളരി
ശ്രദ്ധേയമായി.
ചര്‍ച്ചകള്‍, കായിക മല്‍സരങ്ങള്‍, ക്വിസ് മല്‍സരങ്ങള്‍,
ഗ്രില്‍ പാര്‍ട്ടി, കലാപരിപാടികള്‍ എല്ലാം മേളയുടെ മാറ്റുകൂട്ടി. മേള അംഗങ്ങള്‍ക്കു
വേണ്ടി ദിവസവും റവ. ഡോ. തമ്പി പനങ്ങാട്ട് ദിവ്യബലി അര്‍പ്പിച്ചു. സമാപന സന്ദേശവും
അദ്ദേഹം നല്കി.
ഫ്രാങ്ക്ഫുര്‍ട്ട് മേഖലയുടെ നേതൃത്വത്തില്‍ 2013 ജൂണ്‍
ആദ്യവാരം 22-ാം ജര്‍മന്‍ ക്നാനായ മേള ഇവിടെ നടക്കും.