Image

കേളി രാജ്യാന്തര കലാമേള സൂറിച്ചില്‍ മേയ്‌ 18നും 19നും

Published on 12 May, 2012
കേളി രാജ്യാന്തര കലാമേള സൂറിച്ചില്‍ മേയ്‌ 18നും 19നും
സൂറിച്ച്‌: രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കേളിയുടെ രാജ്യാന്തര കലാമേള മേയ്‌ 18, 19 (വെള്ളി, ശനി) തീയതികളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ വിവിധ പരിപാടികളോടെ നടക്കും. ഈ കലാമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ മലയാളികള്‍ പങ്കുചേരും. സ്വിസ്‌ പ്രവാസി മലയാളികളുടെ വലിയ കൂട്ടായ്‌മയുടെ പ്രവര്‍ത്തനഫലമായിട്ടാണ്‌ കഴിഞ്ഞ എട്ടു വര്‍ഷമായി മുടങ്ങാതെ ഈ രാജ്യാന്തര കലാമേള ഇവിടെ നടക്കുന്നത്‌.

ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള യുവപ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന മേളയില്‍ സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ കലാപ്രതിഭകളെ കണ്ടെത്താന്‍ കടുത്ത മല്‍സരമാണ്‌ നടക്കുന്നത്‌.

പ്രസംഗ മല്‍സരം (ഭാഷ - മലയാളം, ഇംഗ്ലിഷ്‌, ജര്‍മന്‍), ഫാന്‍സിഡ്രസ്‌, സോളോ സംഗീതം, മോണോ ആക്‌ട്‌, പെന്‍സില്‍ ഡ്രോയിങ്‌ വിവിധ തരത്തിലുള്ള ഡാന്‍സുകള്‍, ഗ്രൂപ്‌ ഡാന്‍സുകള്‍, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക്‌ ഡാന്‍സ്‌ ഗ്രൂപ്‌, ക്ലാസിക്കല്‍ ഡാന്‍സ്‌ തുടങ്ങിയ ഇനങ്ങളിലാണ്‌ നൂറുകണക്കിന്‌ യുവപ്രതിഭകള്‍ മാറ്റുരയ്‌ക്കുന്നത്‌.

മല്‍സര വിജയികള്‍ക്കായി, സൂര്യ ഇന്ത്യയുടെ കലാതിലകം, കലാപ്രതിഭ ഗോള്‍ഡ്‌ മെഡല്‍, ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫി, കേളി കലാരത്‌ന ട്രോഫി തുടങ്ങി നൂറിലധികം ട്രോഫികള്‍ കേളി ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

കലാരംഗത്തെ അതുല്യ പ്രതിഭകള്‍ക്കുളള 2011ലെ കേളി പുരസ്‌കാരം ഗായകന്‍ വിധു പ്രതാപിന്‌ സമ്മേളന വേദിയില്‍ നല്‍കും. കേളി കലാമേളയുടെ സംഗീത സായാഹ്‌നം വിധു പ്രതാപിന്റെ നേതൃത്വത്തില്‍ അരങ്ങേറും.

മേള ഹാളില്‍ ബിഗ്‌ ഷെഫ്‌ നൗഷാദും സംഘവും ഒരുക്കുന്ന കേരളീയ ഭക്ഷ്യമേളയാണ്‌ പരിപാടിയുടെ ഹൈലൈറ്റ്‌. ഇവിടെ കോഴിക്കറി, ചിക്കന്‍-മട്ടന്‍ ബിരിയാണി, പത്തിരിയും ഇറച്ചിയും, മസാലദോശ തുടങ്ങി നാടന്‍ ഭക്ഷണങ്ങളുടെ ഘോഷയാത്രയാണ്‌.

ജോയി വെള്ളൂക്കുന്നേല്‍ അധ്യക്ഷനായും ജോസഫ്‌ ചേന്നംപറമ്പില്‍ ജനറല്‍ കണ്‍വീനറായും ഷാജി കൊട്ടാരത്തില്‍, ജോണ്‍ താമരശേരില്‍, ബില്‍റ്റോണ്‍ മണപ്പുറത്ത്‌, ജിനു കാളങ്ങര, ബാബു കാട്ടുപാലം, ഷാജി രാമനാലില്‍, ആതിര മ്ലാവില്‍, ജീവന്‍ അരീക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kalamela.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
കേളി രാജ്യാന്തര കലാമേള സൂറിച്ചില്‍ മേയ്‌ 18നും 19നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക