Image

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

പോള്‍ ഡി പനയ്ക്കല്‍ Published on 06 June, 2019
അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു
വ്യക്തികളുടെ മാനസീകവും ശാരീരികവുമായ അസ്വസ്ഥതകളില്‍ ആശ്വാസവും ഉത്തേജനവും നല്‍കുന്നവരാണ് നഴ്‌സുമാര്‍. സ്വന്തം അനുഭവങ്ങളേയും ചുറ്റുപാടുകളേയും, മറ്റുള്ളവര്‍ അനുഭവിക്കുന്ന രോഗങ്ങള്‍ക്കു മുന്നില്‍ മറച്ചുവെച്ച് അവരെ സാന്ത്വനിപ്പിക്കുന്നവരാണ് നഴ്‌സുമാര്‍. ഒരേസമയത്ത് അത്യാസന്ന നിലയിലുള്ളവരേയും, ആകസ്മികതയിലുള്ളവരേയും ശാന്തമായി സഹാനുഭൂതിയോടെ കൈകാര്യം ചെയ്യുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ നഴ്‌സുമാര്‍ അടിച്ചമര്‍ത്തുകയാണ് നഴ്‌സുമാര്‍ ചെയ്യുന്നത്.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഈയിടെ നടത്തിയ "നഴ്‌സസ് ഡേ' ആഘോഷം അതില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്ക് അവരുടെ സമ്മര്‍ദ്ദത്തിനുള്ള ലാഘവവും, നഴ്‌സ് എന്ന നിലയ്ക്ക് അഭിമാനം വര്‍ദ്ധിപ്പിക്കുന്നു.

മാലോയ് കോളജ് ബാര്‍ബരാ ഹേഗന്‍ സ്കൂള്‍ ഓഫ് നഴ്‌സിംഗ് ഡീന്‍ ഡോ. മാര്‍സിയാ ഗാര്‍ഡ്‌നര്‍ ആയിരുന്നു ആഘോഷത്തിലെ കീനോട്ട് സ്പീക്കര്‍. ഒരു നഴ്‌സിന്റെ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തില്‍ ലഭിക്കുന്ന പരിശീലനത്തോടും പരിജ്ഞാനത്തോടുമൊപ്പം അവര്‍ക്ക് ലഭിക്കുന്ന നേതൃത്വ പഠനത്തെ ഡോ. ഗാര്‍ഡ്‌നര്‍ എടുത്തു പറഞ്ഞു. സെര്‍വന്റ് ലീഡര്‍ഷിപ്പിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് നഴ്‌സിംഗ് വിദ്യാഭ്യാസത്തിലെ ആഴങ്ങളെക്കുറിച്ച് അവര്‍ ഊന്നിക്കാട്ടി.

ആധുനിക നഴ്‌സിംഗിന്റെ സ്ഥാപക ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നഴ്‌സസ് ഡേ ആയി ലോകം ആഘോഷിക്കുമ്പോള്‍ അമേരിക്ക മെയ് 6 മുതലുള്ള ഒരാഴ്ച നഴ്‌സുമാരെ ആദരിക്കുന്നതിനായി നീക്കിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഈ അവസരത്തെ ഒദ്യോഗിക അഭിമാനത്തിനുപകരിക്കുകയും സൗഹൃദ ബന്ധങ്ങള്‍ക്കും ഉല്ലാസത്തിനും വഴിയൊരുക്കുകയും ചെയ്തു.

ലോംഗ് ഐലന്റ് ജെറിക്കോയിലെ കൊട്ടീലിയനില്‍ നടന്ന ആഘോഷ സമ്മേളനത്തില്‍ കമ്മിറ്റി ചെയര്‍ ഡോ. സോളിമോള്‍ കുരുവിള സ്വാഗതം പറഞ്ഞു. പ്രസിഡന്റ് താരാ ഷാജന്‍ ആശംസാ പ്രസംഗം നടത്തി. ഡോ. അന്ന ജോര്‍ജ്, ഡോ. മാര്‍ഷ്യാ ഗാര്‍ഡ്‌നറെ പരിചയപ്പെടുത്തി. സോബി മാത്യു പ്രാര്‍ത്ഥനാ ഗാനവും റിയാ അലക്‌സാണ്ടര്‍ അമേരിക്കന്‍ദേശീയ ഗാനവും, ആഷ്‌ലി ആന്റണി  ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. രോദശയ്യയില്‍ സാന്ത്വനവുമായെത്തുന്ന, ഗര്‍ഭപാത്രത്തിലെ ശിശുക്കള്‍ക്ക് ലോകപ്രവേശം നല്‍കുന്ന, ഓപ്പറേഷന്‍ റൂമില്‍ അബോധാവസ്ഥയില്‍ സുരക്ഷിതത്വം തീര്‍ച്ച വരുത്തുന്ന, കോളജിലെ ക്ലാസ് മുറികളില്‍ പുതിയ തലമുറക്കാരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്ന, മാനസീക വിഭ്രാന്തിയില്‍ സ്വന്തം തനിമയും നിലയും നഷ്ടപ്പെട്ടവര്‍ക്ക് യാഥാര്‍ത്ഥ്യബോധവും ആദരണീയതയും നല്‍കുന്ന നഴ്‌സുമാര്‍ സ്വരലയത്തിനനുസരിച്ച് താളക്കൊഴുപ്പിലും പാദചലനങ്ങളിലും നടനങ്ങളിലും ചിഹ്നങ്ങളിലും വൈദഗ്ധ്യം കാണിച്ചു നൃത്തം ചെയ്തത് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ലിസി കൊച്ചുപുരയ്ക്കല്‍, ഡോ. അന്ന ജോര്‍ജ്, ലൈസി അലക്‌സ്, ഷൈലാ പോള്‍, ജസി ജയിംസ്, ജയ മാനുപറമ്പില്‍ എന്നിവരായിരുന്നു നഴ്‌സിംഗ് രംഗത്തുനിന്നും താത്കാലികമായി ഡാന്‍സ് ഫ്‌ളോറില്‍ എത്തിയത്. ടീനാ ജോര്‍ജ്, ജെസി മാത്യു, ആഷ്‌ലി ആന്റണി എന്നീ വിദ്യാര്‍ത്ഥികളുടേയും ട്രഷ്യ ജോര്‍ജ്, ടെസാ ലോസന്‍, ആഷ്‌ലി പുളിന്താനത്ത്, നിക്കോള്‍ മണലില്‍ എന്നീ കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകള്‍, സോമി - ജോയ് മാത്യു ദമ്പതികളുടെ യുഗ്മഗാനവും, ദീപക് മാനുപറമ്പിലിന്റെ ഉപകരണ സംഗീതവും ആഘോഷത്തിന്റെ ആസ്വദ്യത വര്‍ധിപ്പിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ ഉപന്യാസ മത്സര വിജയികളേയും ഡോക്ടറല്‍ ഡിഗ്രിയോടെ നഴ്‌സ് പ്രാക്ടീഷണറായ ഷൈലാ റോഷിനേയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. ഈ അവസരത്തില്‍ മുന്‍ വര്‍ഷത്തെ പ്രസിഡന്റ് മേരി ഫിലിപ്പ് ആശംസാ പ്രസംഗം നടത്തി. ജെസി കുര്യന്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചുഅയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചുഅയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചുഅയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക