Image

സുഭാഷിതങ്ങള്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 23 April, 2012
സുഭാഷിതങ്ങള്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
പത്തുകൊണ്ടു പെരുക്കിയെന്നെ പ്രമാണിയാക്കല്ലെ,
നൂറുകൊണ്ടു ഗുണിച്ചെന്നെ ഗുരുവാം ഗണികനുമാക്കല്ലെ!
പത്തുകൊണ്ടു ഹരിച്ചെന്നെ നിഷ്‌ക്രിയനാക്കല്ലെ,
നൂറുകൊണ്ടു വിഭജിച്ചെന്നെ ശതാംശക്കരുവുമാക്കല്ലെ!
ആയിരം നാവുകളൂറ്റി എന്റെയൂറ്റം തകര്‍ക്കല്ലെ,
ആയിരം കണ്ണു തുരന്നെന്റെ സൂര്യനെ മറയ്‌ക്കല്ലെ!
ഗുണനഹരണ പെരുക്കപ്പലക തൊട്ട്‌ കിഴിച്ചും കൂട്ടിയും
കഴിഞ്ഞ ഗുണകോഷ്‌ഠിയുരുവിട്ടു തിരുക്കോണി താണ്ടല്ലെ!
ആയിരത്തൊന്നമ്പിളി ഗ്രഹണവൃദ്ധിക്ഷയ മൂര്‍ദ്ധാവില്‍
കണ്‍കോണ്‍ കറുപ്പിച്ചെന്നെ തമസ്സിന്‍ പാമരപടുവാക്കല്ലെ!
പദവര്‍ണ്ണവിന്യാസവൈപരീത്യം ഹിംസയെ സിംഹമാക്കില്‍
ശുദ്ധമാമനുസ്വാരം പ്രക്ഷിപ്‌തമാക്കി എന്നെ ഹംസമാക്കല്ലെ!

തണ്ടിലേറ്റുന്നോരുടെ തോളു കഴച്ചാലും വിഡ്‌ഢ്യാസുരനും
തുണ്ടമായ്‌ തീരില്ല തനിക്കു സിദ്ധമാം തണ്ടുണ്ടെങ്കില്‍!
വര്‍ണ്ണവെറി, വക്രബുദ്ധി ഉള്ളിലൊളിപ്പിച്ച്‌ പ്രച്ഛന്നമായ,്‌
ഉച്ചാരണാഗ്നിശുദ്ധിചൂണ്ടി, തളയ്‌ക്കും വജ്രായുധമാക്കും!
പരുക്കനായ്‌ പറഞ്ഞോരെ പതിരാക്കി പാതാളത്തിലാഴ്‌ത്തി,
അല്‌പവിഭവരെ കുതിരകെട്ടി പെരുക്കി ധ്വനിപ്പിക്കും!
അച്ഛനാരെന്നറിയാത്തോന്‍ അച്ഛന്‍മഹിമ ഘോഷിച്ച്‌
അച്യുതനായ്‌ ജ്ഞാനപീഠഭൂമിക്കച്ചാരം കൊടുക്കുന്നു!
സത്യധര്‍മ്മാക്കള്‍ നവജാതനെ കച്ചയിലൊളിപ്പിച്ചെറിഞ്ഞ്‌
നവയുഗസംക്രമപ്പുലരിയുണരാന്‍ മോശയെ വിളിക്കുന്നു!
ദ്വാരകാപുരിയിലെ നടക്കാവു ചവിട്ടും സതീര്‍ത്ഥ്യരെയെല്ലാം
ദ്വാരപാലന്‍ വിവേചനം വെടിഞ്ഞ്‌ കുചേലനാക്കുന്നു!
സര്‍ഗഗ്രന്ഥിതന്‍ ഉറവ വറ്റിയ കൂനുള്ള കാര്യസ്ഥനമ്മാവര്‍
തോളില്‍ കയറി നിന്‍ യജമാനനാകാന്‍ നിവരും മുന്നെ
ദന്തഗോപുരത്തില്‍ വസിച്ചു ചില്ലുമേട നോക്കി കല്ലെറിയാന്‍
ചില്ലുമേടയിലിരുന്നു ദന്തഗോപുരം നോക്കി ഹസിക്കാന്‍
ആയിരം സുഭാഷിത സുകൃതമഞ്‌ജരി രചിച്ചു രുചിക്കുക!

(`അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍' എന്ന പുതിയ കവിതാസമാഹാരത്തില്‍ നിന്ന്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക