Image

വംശീയ വിവാഹം: ക്നാനായ സഭാ അധ്യക്ഷനും അല്മായരും ഏറ്റുമുട്ടലിലേക്ക്

Published on 29 March, 2012
വംശീയ വിവാഹം: ക്നാനായ സഭാ അധ്യക്ഷനും അല്മായരും ഏറ്റുമുട്ടലിലേക്ക്

കോട്ടയം: വംശീയ വിവാഹ പ്രശ്നവുമായി ബന്ധപ്പെട്ട് ക്നാനായ സഭയില് സഭാതലവനും അല്മായരും പരസ്യമായ ഏറ്റുമുട്ടലില്. 

ക്നാനായക്കാരായ സ്ത്രീയോ പുരുഷനോ അന്യസഭക്കാരെ വിവാഹം ചെയ്താലും സ്വന്തം സഭയില് തുടരാമെന്ന് കോട്ടയം അതിരൂപതാ അധ്യക്ഷന് മാര് മാത്യു മൂലക്കാട്ട് ഷികാഗോയിലെ ക്നാനായ പള്ളിയില് നടത്തിയ പ്രസംഗമാണ് വിവാദമായത്.  മാര് മാത്യു മൂലക്കാട്ട് ഷികാഗോ പ്രഖ്യാപനത്തില് ഉറച്ചുനില്ക്കുകയാണ്. അതോടെ, ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ നേതൃത്വത്തില് അല്മായര് പ്രത്യക്ഷപ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു. 

കഴിഞ്ഞ ദിവസം കെ.സി.സി പ്രതിനിധികള് മൂലക്കാട്ടുമായി നടത്തിയ ചര്ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവില് ക്നാനായ സഭയുടെ മുഖപ്പത്രമായ അപ്നാ ദേശില് മാര് മാത്യു മൂലക്കാട്ട് നിലപാട് ന്യായീകരിച്ച് എഴുതിയ ലേഖനമാണ് അല്മായരെ ചൊടിപ്പിച്ചിരിക്കുന്നത്. അവര് ഓശാന ഞായര് ദിനമായ ഏപ്രില് ഒന്നിന് കോട്ടയത്ത് വിപുലമായ പൊതുയോഗസഭ ചേരാന് തീരുമാനിച്ചിരിക്കുകയാണ്.

സഭക്ക് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവര് സഭയില്നിന്ന് പുറത്താകുന്നതാണ് നിലവിലെ രീതി. ആയിരക്കണക്കിന് പേര് ഇത്തരത്തില്  പുറത്തായിട്ടുണ്ട്. ക്നായിതൊമ്മനിലൂടെ സ്ഥാപിതമായ ക്നാനായ സഭയില് സന്താന പരമ്പരകളില് കലര്പ്പില്ലാതെ ഈ പാരമ്പര്യം നിലനിര്ത്താന് ഉദ്ദേശിച്ചുള്ളതാണ് വംശീയവിവാഹനിയമം.

അമേരിക്കയിലെ ക്നാനായക്കാരന് വേറെ വിവാഹം കഴിച്ചാല് അവന്റെ  അംഗത്വം ക്നാനായ പള്ളിയില് നിലനില്ക്കുമെന്നും മറ്റ് സ്ഥലങ്ങളില് ഇത് ബാധകമല്ലെന്നുമാണ് മൂലക്കാട്ടിന്െറ വിശദീകരണം.

പ്രഖ്യാപനം വിവാദമായതിനെ തുടര്ന്ന് ഈ മാസം 20ന് ക്നാനായ വര്ക്കിങ് കമ്മിറ്റി അംഗങ്ങളുമായി മൂലക്കാട്ട് നടത്തിയ ചര്ച്ചയില് അദ്ദേഹം നിലപാട് ആവര്ത്തിച്ചിരുന്നു. വംശീയപാരമ്പര്യം നിലനിര്ത്താന് ക്നാനായ സമുദായത്തില് ജനിച്ചാല് മതിയെന്നും സമുദായം മാറി വിവാഹം ചെയ്താല് അയാള്ക്ക് പള്ളി അംഗമായി തുടരാമെന്നും ഈ നിയമം അമേരിക്കയില് മാത്രമേ ബാധകമാകൂ എന്നും മറ്റിടങ്ങളില് ബാധകമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1950 മുതലാണ് ക്നാനായക്കാര് മറ്റു സഭകളില് നിന്ന് വിവാഹം കഴിച്ചുതുടങ്ങിയതെന്നും അതൊരു പുതിയ പ്രവണതയായതിനാലാണ് ഇപ്പോള് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എന്നാല്, ക്നാനായക്കാര് ജന്മം കൊണ്ടുമാത്രമല്ല കര്മം കൊണ്ടും അതായിരിക്കണമെന്നാണ് സഭാതത്ത്വമെന്ന് എതിര്വിഭാഗക്കാര് ചൂണ്ടിക്കാട്ടുന്നു. തലമുറകളായി പഠിച്ചും പാലിച്ചും വരുന്ന ആചാരങ്ങള് അട്ടിമറിക്കുന്നത് സ്വാര്ഥതാല്പ്പര്യത്തിനാണെന്നും അവര് പറയുന്നു. അമേരിക്കയിലെ സീറോ മലബാര് സഭാമെത്രാന് മാര് ജേക്കബ് അങ്ങാടിയത്തിന്െറ താല്പ്പര്യമാണ് മിശ്രവിവാഹിതരായ ക്നാനായക്കാരും കുടുംബവും ക്നാനായപള്ളിയില് അംഗമായി തുടരണമെന്നതെന്നും അത് പെട്ടെന്ന് നടക്കില്ല എന്നതുകൊണ്ടാണ് അപ്പനെ ആദ്യം കയറ്റി അമ്മയെയും മക്കളെയും പിന്നാലെ കയറ്റാം എന്ന തന്ത്രം ഉടലെടുത്തതിന് പിന്നിലെന്നും അവര് ചൂണ്ടിക്കാട്ടുന്നു.

70 രാജ്യങ്ങളില് പെട്ടെന്ന് ഒന്നിച്ചുചേരാന് കഴിയുന്ന സമുദായം ക്നാനായര് മാത്രമാണന്നും അത് അവരുടെ വംശീയ പാരമ്പര്യം ഒന്നു കൊണ്ടു മാത്രമുള്ളതാണെന്നും ഈ തനിമയില് വെള്ളം ചേര്ക്കുന്നത് അമേരിക്കയിലെ ഒൗദ്യോഗിക സമുദായ സംഘടനയായ കെ.സി.സി.എന്.എ പോലും എതിരാണന്നും ക്നാനായ കത്തോലിക്കാ ഭാരവാഹികള് പറയുന്നു. 1600 വര്ഷമായി പാലിച്ചുവരുന്ന സ്വവംശവിവാഹ നിഷ്ഠയില് വെള്ളം ചേര്ത്താല് സമുദായത്തില് നിന്ന് പുറത്തേക്കുള്ള ഒഴുക്ക് വര്ധിക്കുമെന്നാണ് ഇവരുടെ നിലപാട്. സമുദായത്തിന്റെ ഒൗദ്യോഗിക സമിതിയായ അതിരൂപതാ പാസ്റ്റര് കൗണ്സിലിലും സംഘടനാതലങ്ങളിലും ചര്ച്ചചെയ്യും വരെ ഷികാഗോ പ്രഖ്യാപനം നടപ്പാക്കരുതെന്നും ഇവര് ആവശ്യപ്പെടുന്നു.

എന്നാല്, മൂലക്കാട്ട് അത് അംഗീകരിക്കാന് തയാറാകാത്ത സാഹചര്യത്തിലാണ് പൊതുസഭ വിളിച്ചുചേര്ക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് കോട്ടയം ചൈതന്യ പാസ്റ്ററല് സെന്ററില് ചേരുന്ന പൊതുസഭയിലേക്ക് സഭയിലെ വൈദികരെ അടക്കം കെ.സി.സി ഭാരവാഹികള് ക്ഷണിച്ചിട്ടുണ്ട്.

എം.ഷറഫുല്ലാഖാന് തയ്യാറാക്കിയ റിപ്പോര്‍ട്ട്‌

 

(മാധ്യമം ദിനപത്രത്തിന്റെ കോട്ടയം എഡിഷനില്‍ മാര്ച് ഇരുപത്തൊമ്പതാം തിയതി പ്രസധീകരിച്ചു വന്നത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക