ഇത് പതിവുള്ള പാതിരാവല്ല
വന്നു മുട്ടുമ്പോള്‍ ഇടം തീരെയില്ലെന്നു
പരിഭവിച്ചടഞ്ഞ വാതിലും
ഇന്ന് വരും
നാഥന്‍റെ കുടിലില്‍ അല്പം 'ഇടം'
തേടി
ഇത്തിരി വെട്ടം നല്‍കാന്‍ മടിച്ചണഞ്ഞ
ദീപങ്ങളും
വരും
പുല്‍ക്കുടിലിലെ മണ്‍ ദീപികയാവാന്‍ കൊതിച്ച്
ശോകധൂമത്താലിരുണ്ട
പാഴ് ഹൃദയങ്ങള്‍
മലര്‍വനിയാകും
സത്യസംഗീതം മൂളും
ശിഥില മോഹങ്ങള്‍
വാനില്‍ നക്ഷത്രങ്ങളായ്
പൂത്തു നില്‍ക്കും
ഒടുവില്‍ ആകാശവും
അമല
സ്‌നേഹത്തിന്‍ സന്ദേശവും പേറി
പൂഞ്ചിറകേന്തി പറക്കും
പതിവുള്ള
പാതിരാവല്ലിത്
വിണ്ണില്‍ നിന്നിറങ്ങി
സുകൃതനിധിയിക്ഷിതിയെ
സുരഭുവനമാക്കി തീര്‍ത്തൊരപൂര്‍വ്വ സുന്ദര യാമം!
ബിന്ദു ടിജി